പിഎഫ്എല്‍പി(Popular Front for the Liberation of Palestine -PFLP) എന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഗ്രൂപ്പ് പലസ്തീനില്‍ രൂപം കൊള്ളുന്നത് 1967 ലാണ്. ഇസ്രയേലി അധിനിവേശക്കാരെ (Israeli settler) ആക്രമിക്കുകയും വധിക്കുകയും തുരത്തുകയും ചെയ്യുക എന്നതായിരുന്നു പിഎഫ്എല്‍പി- യുടെ സ്ഥാപിത ലക്ഷ്യം. ഫത്തയുടെ കഴിവുകെട്ട ഭരണത്തോടും, ഇസ്രയേലിനോടുള്ള വിധേയത്വവും പിഎഫ്എല്‍പിയ്ക്ക് ഒരു കാലത്തും സ്വീകാര്യമായിരുന്നില്ല.
ജോര്‍ജ് ഹബാഷ്, നയീഫ് ഹവത്മെഹ്, വാദി ഹദ്ദാദ്, അഹമ്മദ് ജിബ്രില്‍ എന്നിവര്‍ ചേര്‍ന്ന് മാര്‍കസിസ്റ്റ്-ലെനിനിസ്റ്റ്, അറബ് ദേശീയവാദ ഗ്രൂപ്പുകള്‍ക്കായുള്ള ഒരു സംഘടനയായി PFLP സ്ഥാപിക്കപ്പെട്ടു . ഇപ്പോള്‍ നിലവിലില്ലാത്ത അറബ് നാഷണല്‍ മൂവ്മെന്റില്‍ നിന്നും പലസ്തീന്‍ ലിബറേഷന്‍ ഫ്രണ്ടില്‍ നിന്നും ഇത് വളര്‍ന്നു. അടുത്ത വര്‍ഷം, ജിബ്രില്‍ ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍ – ജനറല്‍ കമാന്‍ഡ് (PFLP-GC) സ്ഥാപിച്ചു.
പലസ്തീന്‍ അതോറിറ്റിയുടെ കീഴിലുള്ള സര്‍ക്കാരുകളില്‍ സേവനമനുഷ്ഠിക്കുന്നതിനെ പിഎഫ്എല്‍പി എതിര്‍ക്കുന്നു, പ്രത്യേകിച്ച് ഇസ്രയേലുമായുള്ള സുരക്ഷാ ഏകോപനവുമായി ബന്ധപ്പെട്ട് അവരുടെ നയങ്ങളെ വിമര്‍ശിക്കുന്നു. സുരക്ഷാ ഏകോപനം പൂര്‍ണമായും ഇസ്രയേല്‍ താല്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതായിരുന്നു എന്നാണു പ്രധാനകാരണം. 2006 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, മൂന്നു സീറ്റുകള്‍ നേടി.

ദ്വിരാഷ്ട്ര പരിഹാരത്തെ പിഎഫ്എല്‍പി എതിര്‍ക്കുന്നു, പകരം സായുധ പോരാട്ടത്തിലൂടെ ചരിത്രപരമായ പലസ്തീനില്‍ ഒരു ജനാധിപത്യ – മതേതര പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് സ്റ്റേറ്റ്‌സും അതിന്റെ രാഷ്ട്രീയ, സൈനിക വിഭാഗങ്ങളെ വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേല്‍ സൈനിക, സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ പിഎഫ്എല്‍പി അംഗങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 1968 നും 1972 നും ഇടയില്‍ വാഡി ഹദ്ദാദിന്റെ നിര്‍ദ്ദേശപ്രകാരം അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്കെതിരെ നിരവധി വിമാനറാഞ്ചലുകള്‍ അവര്‍ നടത്തി. 2002 ലും 2003 ലും ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും നടന്ന നാലു ചാവേര്‍ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുത്തു.
വിപ്ലവ സോഷ്യലിസ്റ്റ് ഗ്രൂപ്പായി സംഘടിപ്പിക്കപ്പെട്ട പിഎഫ്എല്‍പി അതിന്റെ മുഖ്യ സഹകാരികളായിരുന്ന സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടപ്പെട്ടതുമുതല്‍ തകര്‍ച്ചയിലായി. ഹമാസും ഇസ്ലാമിക് ജിഹാദും പോലുള്ള പിഎല്‍ഒ ഇതര ഗ്രൂപ്പുകളുടെ ആവിര്‍ഭാവത്തോടെ അതിന്റെ നില കൂടുതല്‍ വഷളായി.
പിഎഫ്എല്‍പിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന അബു അലി മുസ്തഫ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ ഹെലികോപ്റ്ററില്‍ വന്ന ഇസ്രയേല്‍ പട്ടാളം ജനലിലൂടെ റോക്കറ്റ് അയച്ച് കൊലപ്പെടുത്തിയത് 2001 ലാണ് . നാലാമത് ജനീവ കണ്‍വന്‍ഷന്റെയും അമേരിക്കയുടെ The Arms Export Control Act പ്രകാരവും അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കല്ലാതെ അക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഇസ്രയേല്‍ പട്ടാളം ഉപയോഗിച്ചത് അമേരിക്കന്‍ ആയുധമാണെന്ന് തെളിഞ്ഞെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല.
പ്രതികാരമായി രണ്ടുമാസം കഴിഞ്ഞു ഇസ്രയേല്‍ ടൂറിസം മന്ത്രിയായിരുന്ന റിഹാവം സിയ്വി(Rehavam Ze’evi) യെ പിഎഫ്എല്‍പി വധിച്ചു. പുഴ മുതല്‍ കടല്‍വരെ ഗ്രെറ്റര്‍ ഇസ്രയേല്‍ എന്ന ആശയം പരസ്യമായി പ്രചരിപ്പിച്ചിരുന്ന ജൂതനാണ് സിയ്വി.
അംഗബലം കൊണ്ടും പ്രവര്‍ത്തന രീതികള്‍ കൊണ്ടും പ്രതീക്ഷിച്ച മുന്നേറ്റം നടത്തുവാന്‍ പിഎല്‍എഫ്പി-യ്ക്ക് കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ പിഎല്‍എഫ്പിയുടെ ഏറ്റവും മികച്ച സംഘാടകയാണ് ഖലീദ ജെറാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ഖാലിദ പലവട്ടം ഇസ്രയേല്‍ തടവറയില്‍ അടക്കപ്പെട്ടു. 2015 ല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോര്‍ട്ടിന്റെ അംഗീകാരം പലസ്തീനു നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കു വാഹിച്ചത് നെബുലസ്‌കാരിയായ ഖലീദ ആയിരുന്നു.
1948 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത ബൈസാന്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്ന ഖാലിദയുടെ മാതാപിതാക്കള്‍ ഇപ്പോഴത്തെ ഇസ്രയേലില്‍ നിന്നും പുറത്താക്കപ്പെട്ട ഏഴര ലക്ഷം പലസ്തീനി കുടുംബങ്ങളില്‍ ഒന്നായി അഭയാര്‍തഥി ക്യാമ്പിലേയ്ക്ക് പറിച്ച് നടപ്പെട്ടു. 1963 ല്‍ അഭയാര്‍ഥി ക്യാമ്പിലാണ് ഖാലിദ ജനിച്ചത്. ബിരുദ വിദ്യാഭ്യാസത്തിനു ശേഷം യുണൈറ്റഡ് നേഷന്‍സിന്റെ പലസ്തീന്‍ അഭയാര്‍ഥികളുടെ സംരക്ഷണത്തിനുവണ്ടി പ്രവര്‍ത്തിക്കുന്ന UNRWA-യില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അഭയാര്‍ഥികളായ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട് ആരംഭിച്ച ഔദ്യോഗിക ജീവിതത്തിന് ഒരു ദിശാബോധം വന്നത് 1989 ലെ ഇസ്രയേല്‍ പട്ടാളത്തിന്റെ ആദ്യ അറസ്റ്റോടു കൂടിയായിരുന്നു. അന്താരാഷ്ട്രവനിതാ ദിനത്തിന് ഖാലിദയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രകടനമായിരുന്നു ഇസ്രയേലിലിനെ ചൊടിപ്പിച്ചത്.
1993 ല്‍ പലസ്തീന്‍ രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക് വേണ്ടി പ്രവര്‍ത്തിക്കുന്ന addameer-ന്റെ വൈസ് ചെയര്‍പേഴ്സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. തടവുകാര്‍ക്കു സൗജന്യ നിയമസഹായം നല്‍കുക മാത്രമല്ല, വിചാരണകൂടാതെ ഇസ്രയേല്‍ തടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാര്‍ക്കെതിരെ നടത്തപ്പെടുന മനുഷ്യാവാകാശ ലംഘനങ്ങള്‍ അന്തര്‍ദേശീയ തലങ്ങളില്‍ എത്തിക്കുവാനും ഖാലിദയ്ക്ക് കഴിഞ്ഞു.
1998 ല്‍ ഖാലിദ അധിനിവേശ പലസ്തീനില്‍ നിന്നും പുറത്ത് യാത്ര ചെയ്യുന്നത് ഇസ്രയേല്‍ വിലക്കി. 1998 ല്‍ പാരീസില്‍ നടക്കുന്ന മനുഷ്യാവകാശ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു, ഈ വിലക്ക്. 2010 വരെ തുടര്‍ന്ന ഈ വിലക്ക് ഖാലിദയുടെ പ്രവര്‍ത്തനങ്ങളും യാത്രകളും അസാധ്യമാക്കി തീര്‍ത്തു. ഇത് ഖാലിദയുടെ പ്രശസ്തി അന്തര്‍ദേശീയ തലത്തില്‍ വര്‍ദ്ധിക്കുന്നതിനും കാരണമാക്കി. 2006 നടന്ന തിരഞ്ഞെടുപ്പില്‍ പലസ്തീനിയന്‍ ലെജിസ്ലെറ്റിവ് കൗണ്‍സില്‍ (PLC )-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടില്‍ (ICC ) എത്തിക്കുന്നതിന് ചുമതലപ്പെട്ട കമ്മറ്റിയിലെ അംഗമായി. ഐസിസിയുടെ 123 ആം അംഗരാജ്യമായി പലസ്തീന്‍ മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് ഖാലിദ ആയിരുന്നു.

ഖാലിജ ജെറാര്‍, ഇസ്രയേല്‍ തടവറയില്‍ നിന്ന് മോചിതയായശേഷം
ഇതില്‍ അമര്‍ഷം പൂണ്ട ഇസ്രയേല്‍ വിചാരണ നടത്തുകയോ, കുറ്റപത്രം സമര്‍പ്പിക്കുകയോചെയ്യാതെ പാര്‍ലമെന്റ് അംഗമായിരുന്ന ഖാലിദയെ 15 മാസം തടവില്‍ പാര്‍പ്പിച്ചു. 2016 പുറത്ത് വിട്ട ഖാലിദയെ 2017 വീണ്ടും തടവിലാക്കി. ഇത്തവണയും വിചാരണയോ, കൃത്യമായ കുറ്റാരോപണം നടത്താതെയോ ഇസ്രയേല്‍ 20 മാസം തടങ്കലില്‍ വച്ചു. പിഎഫ്എല്‍പിയുടെ മുന്‍ നിര നേതാക്കളില്‍ ഒരാള്‍ എന്ന കാരണത്താല്‍ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച് ഖാലിദയെ ഇസ്രയേല്‍ വീണ്ടും തടവിലാക്കി.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഖാലിദയെ പലസ്തീന്‍ തടവുകാര്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് നടത്തിയ പഠനങ്ങളും പ്രസിദ്ധീരിച്ച ഗവേഷണ പ്രബന്ധവും ഇസ്രയേല്‍ താല്പര്യത്തിനെതിരേ ആണെന്ന് ആരോപിച്ച് വീണ്ടും അറസ്റ്റു ചെയ്തു. അയലോന്‍ ജയിലില്‍ ഏകാന്ത തടവിനാണ് ഇത്തവണ കോടതി വിധിച്ചത്.
പലസ്തീനികളുടെ മോചനത്തിനു വേണ്ടിയും, അധിനിവേശത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറുന്നതിനും ഈ വിപ്ലവ വനിത ഒരു കാലത്തും തയ്യാറല്ലായിരുന്നു.
2025 ജനുവരി 20 ഇസ്രയേലുമായി ഉണ്ടാക്കിയ സമാധാന കരാറിന്റെ അടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട പലസ്തീന്‍ തടവുകാരില്‍ ഖാലിദയുമുണ്ടായിരുന്നു.
ഒരു അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ചു, നിരന്തരമായ പോരാട്ടത്തിലൂടെ പലസ്തീന്‍ ദേശീയതയുടെ പ്രതീകമായി ഖാലിദ ജെറാര്‍ മാറിയിരിക്കുന്നു. Khalida Jarrar, Palestinian politician, PFLP member
Content Summary; Khalida Jarrar, Palestinian politician, PFLP member