യാക്കോബ് തോമസ്
ഒരു ചുരുള്‍ പുകപോലും പുറത്തു പോകരുതെന്നു കരുതി വീട്ടിലുള്ള പെണ്ണുങ്ങളെ കുഴികാച്ചി പഴം പഴുപ്പിച്ചെടുക്കുന്നതുപോലെ പഴുപ്പിക്കാന്‍ പറ്റിയ തരത്തിലുണ്ടാക്കിയ ഒരടുക്കള, അതൊന്ന് ശരിയാക്കണമെന്നു പറഞ്ഞിട്ട് സി.ജെ.യുടെ തലയില്‍ കേറുന്നില്ല… മൂപ്പര്‍ക്കൊരു ധാരണയുണ്ടായിരുന്നു, ഞാന്‍ അടുക്കളയില്‍ കയറി പുകകൊണ്ടു പരിചയിക്കാഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നതെന്ന്. ജീവിതത്തില്‍ അടുക്കള എന്നൊരു വസ്തു എന്താണെന്നറിയാത്ത ആളിനോട് ഞാന്‍ തര്‍ക്കിക്കാന്‍ പോയില്ല- (റോസി തോമസ്, ഇവനെന്റെ പ്രിയ സിജെ, )
സ്ത്രീകളുടെ കൈകളില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചികൂട്ടുന്ന ഹോര്‍മോണുകളോ കരിക്കലം തേച്ചുമിനുക്കുന്നതിനുള്ള കെമിക്കലുകളോ വിസര്‍ജിക്കുന്നില്ല. പിന്നെന്തിനവള്‍ എക്കാലവും തന്റേതെന്നും പറഞ്ഞ് ആത്മാഭിമാനം ഹനിച്ച് നിര്‍ലോഭം കുറ്റപ്പെടുത്തലുകള്‍ എറ്റുവാങ്ങാനായി അടുക്കളപ്പണികള്‍ തുടരണം? അടുക്കള ആണിന്റേതല്ലെന്ന കുത്തകയായ ആണ്‍ചിന്തക്ക് കൊടുക്കാവുന്ന ഏറ്റവും ശക്തമായ ഒരു ആഘാതം തന്നെയായിരിക്കും പെണ്ണു നടത്തുന്ന ഈ മാനസിക സമരപ്രഖ്യാപനം. ഓരോ പെണ്‍കുട്ടിയും ഇത്തരം ഒരു മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കണമെങ്കില്‍ നിലവിലിന്നുവരെ താന്‍ കണ്ടും പരിചരിച്ചും ശീലിച്ചു പാലിച്ചു വന്ന അടുക്കള സങ്കല്പ്പൃങ്ങളെല്ലാം തച്ചുടച്ചുകളയുക തന്നെ വേണം- (വിനയ, വിനയയുടെ ലോകം എന്ന ബ്ലോഗില്‍ നിന്ന്).
അടുക്കള സവിശേഷമായ ഒരു സ്ഥലമാണ്. വീടിന്റെ സുപ്രധാന ഇടമാണിത്. അടുക്കളയിലെ അടുപ്പു പുകഞ്ഞില്ലെങ്കില്‍ വീടിലെന്തോ പ്രശ്‌നമുണ്ടെന്നര്‍ഥം. അടുപ്പുപുകയുന്നതിലാണ് വീട്ടിലെ എല്ലാവരുടയും വിശപ്പവും ദാഹവും ഒക്കെ പരിഹരിക്കപ്പെടുന്നത്. എന്നാല്‍ സുപ്രധാന ഇടമാണെങ്കിലും വീടിന്റെ നിര്‍മാണഘടനയനുസരിച്ച് വീടിന്റെ പിന്നാമ്പുറത്താകുന്ന ഇതിന്റെ സ്ഥാനവും അതിലെ പണിയെടുക്കുന്നവരെക്കുറിച്ചുള്ള ധാരണകളും എല്ലാം കൂടിച്ചേര്‍ന്നു വീടിന്റെ മാനം വ്യക്തമാക്കുന്നതായിക്കാണാം. വീട്ടിലെ അടുക്കള പാചകത്തിനുള്ളതാണ്. അടുത്തകാലം വരെയും അത്ര വൃത്തിയായി സൂക്ഷിക്കാത്ത ഒരിടമായിരുന്നു അവിടം. എന്നാലിന്ന് വലിയ പ്രാധാന്യം നല്കുന്ന സ്ഥലമാണിത്. വീട്ടിലെ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവഴിക്കപ്പെടുന്ന ഈ ഇടത്തില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നു എന്നുള്ളത് അത്ര തിരിച്ചറിയപ്പെടുന്നില്ല ഇന്നും. എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം അടുക്കളയില്‍ പണിയെടുക്കുന്നുവെന്നോ പുരുഷന്മാര്‍ അവിടേക്കു പ്രവേശിക്കാത്തതെന്തുകൊണ്ടെന്നോ ഉള്ള ചോദ്യങ്ങള്‍പ്പോലും ഒഴിവാക്കപ്പെടുന്നു. സമൂഹത്തിലെ ലിംഗവ്യത്യാസം ‘പ്രകൃതിദത്ത’മാണെന്നും ലിംഗവ്യത്യാസമനുസരിച്ച് തൊഴില്‍ വിഭജനം പ്രകൃതി അനുവദിച്ചതാണെന്നും ആണും പെണ്ണും തുല്യരല്ലെന്നും അതിനാല്‍ അവരുടെ ശാരീരിക പ്രകൃതമനുസരിച്ചുള്ള തൊഴിലുകളിലാണ് അവരേര്‍പ്പെടുന്നതെന്നും ഇന്നും ‘നിഷ്‌കളങ്ക’മായി നാം ധരിച്ചുവശായിരിക്കുന്നു. അങ്ങനെ അടുക്കളയിലുള്ള സ്ത്രീയുടെ നിരന്തരമായ അധ്വാനം കുടുംബത്തിനു വേണ്ടിയുള്ളതും പ്രകൃതിദത്തമായതായും നാം സ്ഥാപിച്ചിരിക്കുന്നു. അതിന് കൂലി കൊടുക്കുന്നതുപോയിട്ട് മൂല്യം കണക്കുകൂട്ടുന്നതുപോലും നാം തെറ്റായി കണക്കാക്കുന്നു. അമ്മ/ഭാര്യയെന്നാല്‍ അണമുറിയാതെ പണിയെടുക്കുന്ന യന്ത്രമാണെന്നും നാം നിര്‍വചിച്ചിട്ടുണ്ടെന്നു പറയാം.
ചരിത്രപരമായി എല്ലാക്കാലത്തും ലിംഗഭേദം ഇതായിരുന്നുവെന്നും കാണാം. വീടെന്ന ഇടത്തിന് പരിണാമവും ഘടനാപരമായ വ്യത്യാസങ്ങളും ഉള്ളപ്പോഴും അതില്‍ പണിയെടുക്കുന്ന ആളിന് മാറ്റം വന്നിരുന്നില്ല. വീടിന്റെ പരിപാലനവും ശുചീകരണവും പാചകവും അതിലെ സ്ത്രീകളുടെ പണിമാത്രമായിരുന്നു. പുരുഷന്മാരുടെ ജോലി പുറത്തുപോയി പണിയെടുത്ത് പണം സമ്പാദിച്ച് വീടിനുവേണ്ട ആഹാരവും മറ്റും കണ്ടെത്തുകയെന്നതുമായിരുന്നു. അകത്തെ പണികള്‍ സ്ത്രീകള്‍ക്കും പുറത്തെ പണികള്‍ പുരുഷനും എന്ന വിഭജനമായിരുന്നു നിലനിന്നിരുന്നത്. ഇത് എല്ലാ സമൂഹത്തിലും ഏതാണ്ട് ഒന്നുപോലെയായിരുന്നു. പൊതുസ്ഥലം സ്വകാര്യയിടം (Public-Private Sphere) എന്ന വിഭജനത്തിന്റെ സൂക്ഷ്മമായ ആവിഷ്‌കാരമാണ് ഇവിടെ കാണുന്നത്. സ്ത്രീയെ സ്വകാര്യയിടമായ വീടിന്റെ ആളായി മാത്രം നിര്‍വചിക്കുന്നു. കേരളത്തിലെ ആധുനിക/ നവോത്ഥാനകാലത്ത് ഈ പ്രശ്‌നം സവിശേഷമായി ഉന്നയിക്കപ്പെടുന്നുണ്ട്. അടുക്കളയില്‍ നിന്ന്‍ അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ നാമം ഉന്നയിക്കുന്നത് ഇതാണ്. അടുക്കളയിലാണ് സ്ത്രീകളുടെ പ്രഖ്യാപിത ലോകമെന്നും അവര്‍ അവിടെനിന്ന് പുതിയ ലോകത്തേക്ക് വന്നുവെന്നുമാണ് ഈ നാമം പറയുന്നത്.
പക്ഷേ അതിനായുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്ന കാലത്തുതന്നെയാണ് സ്ത്രീയെ വീടിന്റെ അകത്തും പുരുഷനെ പുറത്തുമാക്കുന്ന പുതിയ സാമുഹ്യ പ്രത്യയശാസ്ത്രങ്ങള്‍ ശക്തമായി പ്രവര്‍ത്തിച്ചത്. അടുക്കളയില്‍ നിന്ന് പുറത്തേക്കു വരാന്‍ പറഞ്ഞപ്പോള്‍ തന്നെ അടുക്കളയാണ് സ്ത്രീയുടെ ശരിയായ ലോകമെന്നും പറഞ്ഞുറപ്പിച്ചു. ചട്ടമ്പിസ്വാമികളുടെ ‘ഗൃഹചക്രവര്‍ത്തിനി’ എന്ന പ്രയോഗം അക്കാലത്തെ പല നവോത്ഥാന നായകരുടെയും പ്രയോഗമായിരുന്നു. സ്ത്രീ ശാരീരികമായി ദുര്‍ബലയാണെന്നും അവര്‍ക്ക് കായികമായുള്ള ജോലികളൊന്നും ചെയ്യാന്‍ ശേഷിയും ശ്രദ്ധയുമില്ലെന്നും കായികമായി വലിയ കരുത്താവശ്യമില്ലാത്ത വീട്ടിലെ ജോലികളും കുട്ടികളുടെ പരിചരണംപോലയുള്ള ജോലികളുമാണ് അവരുടെ സ്ഥിതിക്കു നല്ലതെന്നുമാണ് അക്കാലത്തെ ഇത്തരം വ്യവഹാരങ്ങള്‍ പറഞ്ഞത്. അങ്ങനെ സ്ത്രീയെ പുറത്തേക്കു പോകാനനുവദിക്കാതെ വീടിനകത്തിരുത്തി. പുരുഷനെ പുറത്തും.
കേരളത്തില്‍ മരുമക്കത്തായത്തെ റദ്ദാക്കി മക്കത്തായം വന്നപ്പോള്‍ ഇത് കൃത്യമായി നടപ്പാക്കാനുമായി. അച്ഛനും അമ്മയും മക്കളും ഉള്‍പ്പെടുന്ന കുടുംബം വന്നപ്പോള്‍ (കാരണവരും അനന്തരവന്മാരും ഉള്ള തറവാടിനു പകരം) അച്ഛന് കുടുംബത്തെ സാമ്പത്തികമായി പരിപാലിക്കുന്ന ജോലിയും അമ്മയ്ക്ക് ശുശ്രൂഷയിലൂടെ സേവനത്തിലൂടെ ഊട്ടി പരിപാലിക്കുന്ന ജോലിയും അടിച്ചേല്‍പ്പിച്ചു. ഇനി അഥവാ അമ്മ പുറത്ത് ജോലിക്കുപോയാലും അടുക്കളക്കാര്യം അമ്മയുടെ മാത്രം ഉത്തരവാദിത്തമായി നിജപ്പെടുത്തി. നവോത്ഥാനകാലത്തെ വനിതാ മാസികകളിലെ പ്രധാന ചര്‍ച്ചാവിഷയം സ്ത്രീകളുടെ പണിസ്ഥലമായി എങ്ങനെ അടുക്കളയെ നിര്‍വചിക്കാമെന്നതായിരുന്നു. ജോലിക്കാരെ വച്ച് പണിയെടുപ്പിക്കുന്നത് അത്തരം വ്യവഹാരങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അങ്ങനെ സ്ത്രീയുടെ ശാരീരികവും മാനസികവുമയ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള വിഭജനമാണ് അടുക്കള കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഇക്കാലത്തെ സാമൂഹിക ക്രമീകരണങ്ങള്‍ പഠിപ്പിച്ചത് ഇന്നും പഠിപ്പിക്കുന്നു.
സ്ത്രീ പുരുഷ ശരീരത്തിന്റെ മേല്‍ കെട്ടപ്പെട്ടിരിക്കുന്ന സാമുഹിക – കുടുംബ സംവിധാനമാണ് ഇന്നും ‘പ്രകൃതിദത്ത’മായി നാം കൊണ്ടാടുന്നത്. അടുക്കള കാര്യങ്ങളെല്ലാം കൃത്യമായി സ്ത്രീയുടെ തലയില്‍ കെട്ടപ്പെട്ടിരിക്കുന്നു. ബാക്കി കാര്യങ്ങളിലൊക്കെ ചെറിയ വിട്ടുവീഴ്ചകള്‍ അനുവദിക്കുമ്പോഴും ഇതിന്നും മാറാതെ നിലനില്ക്കുന്നു. എന്നാല്‍ പാചകം പുരുഷനു ചെയ്യാമെന്ന് നാം അംഗീകരിക്കുന്നുണ്ട്. പക്ഷേ അത് ഒരു തൊഴിലെന്ന നിലയിലാണ്. അങ്ങനെ നമ്മുടെ ഹോട്ടലുകളിലെ കൂലികിട്ടുന്ന പാചകപ്പണിയും കേറ്ററിംഗ് രംഗത്തെ പാചകവും എല്ലാം പുരുഷന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ വീട്ടിലെ പാചകത്തിലേക്കു പുരുഷനിന്നും വരുന്നില്ല. രാജരവിവര്‍മ്മയുടെ ദാ അച്ഛന്‍ വരുന്നു എന്ന ചിത്രത്തിലേതുപോലെ അദൃശ്യനായിരിക്കുകയാണ് പുരുഷനിവിടെ. വീട്ടിലെ സ്ത്രീയുടെ പാചകത്തിന് കൂലിയില്ല. പക്ഷേ പുറത്ത് പുരുഷന്‍ ചെയ്യുന്ന പാചകത്തിന് കൂലി വാങ്ങുന്നു. സമ്പത്തുമായി ബന്ധപ്പെട്ടതെല്ലാം പുരുഷനും പണവും മൂല്യവുമില്ലാത്തതെല്ലാം സ്ത്രീക്കുമെന്ന യുക്തിയാണിവിടെ തെളിയുന്നത്. ചുരുക്കത്തില്‍ സ്ത്രീയുടെ ജോലിക്കും അധ്വാനത്തിനും തദ്വാര ജീവിതത്തിനും മൂല്യമില്ലന്നോ പുരുഷനേക്കാള്‍ വളരെ താഴ്ന്നതാണെന്നോ ഉള്ള പ്രഖ്യാപനമാണിത്.
എന്നാലിന്ന് പുറത്തുപോയി ജോലിചെയ്യുന്ന അവസ്ഥ വളരെ ശക്തമായിട്ടുണ്ട്. ഇതിനെ തള്ളിക്കളയാതെ ജോലിക്കൊപ്പം വീട്ടിലെ ജോലിയും കൃത്യമായി ചെയ്തു തീര്‍ക്കുന്ന ‘സൂപ്പര്‍വുമണ്‍’ എന്നാശയത്തെ ശക്തിപ്പെടുത്തുന്ന നിലയിലാണ് പുതു അടുക്കള പ്രത്യയശാസ്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ അടുക്കളകളില്‍ വാഴുന്നത് ലിംഗത്തിന്റെ പാകപ്പെടുത്തലാണെന്നതാണ് വസ്തുത. ഏതാണ്ട് മാറ്റാന്‍ പറ്റാത്ത വ്യവസ്ഥപോലെ ഉറച്ചിരിക്കുന്ന, വീട്ടിലെ പാചകം പെണ്ണിനേ വഴങ്ങൂ എന്ന ന്യായപ്രമാണത്തിന്റെ വെള്ളംപോലുള്ള പ്രവാഹമാണ് ചാനലുകളിലെ പാചക പരിപാടികള്‍.
2
സ്ത്രീകളും പുരുഷന്മാരും ഒക്കെ പെരുമാറുന്ന ചാനല്‍ പാചക പരിപാടികള്‍ പാചകത്തിന്റെ പുതിയ സാധ്യതകള്‍ കാഴ്ചക്കാര്‍ക്ക് നല്കക മാത്രമല്ല, മറിച്ച് ലിംഗഭേദത്തിന്റെ പുരുഷാധിപത്യപരമായ പ്രത്യയശാസ്ത്രത്തെക്കൂടി ഉല്പാദിപ്പിക്കുകയാണ്.
ടേസ്റ്റ് ടൈം- ഏഷ്യാനെറ്റ്
സ്ത്രീയാണ് ഇതിന്റെ അവതാരക; റീന ബഷീര്‍. അവരുതന്നെയാണ് പാചകം നടത്തുന്നതും. ഒരു വീടാണ് ഇതിന്റെ സ്ഥലം. ആദ്യം വിടിന്റെ പൂമുഖത്തിരുന്നാണ് സംസാരം. അതിനുശേഷം അടുക്കളയില്‍ പാചകം. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച വീടിന്റെ അടുക്കളയിലാണ് പാചകം നടക്കുന്നത്. സാരിയോ ചുരുദാറോ ആയിരിക്കും വേഷം. പാചകം ചെയ്യലും വിവരണവും കൃത്യമായി നടത്തുന്നു. ഒരു വീട്ടമ്മ പാചകം ചെയ്യുന്ന ‘സഹജത’ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നുണ്ട് ഇതിലെ ദൃശ്യങ്ങള്‍.
മാജിക് ഓവന്‍- കൈരളി
ലക്ഷ്മി നായരുടെ പരിപാടി. അവര്‍ തന്നെയാണ് വിവരണം നടത്തുന്നതും പാചകം ചെയ്യുന്നതും. ഒരു വീടിന്റെ അടുക്കള എന്നു തോന്നിപ്പിക്കുന്ന സ്ഥലമാണ് അവരുടെ പരിപാടിയില്‍ കാണുന്നത്. സാരിയോ ചുരുദാറോ മാത്രം ധരിച്ചാണ് പാചകം ചെയ്യുന്നത്. പാചകത്തിലെ സ്ത്രൈണത വ്യക്തമാകുന്നു.
ഈസി കുക്ക്- കൈരളി
പുരുഷന്‍ നടത്തുന്ന പാചക പരിപാടിയാണിത്; നൗഷാദ്. ഇതിന്റെ സ്ഥലം വീടിന്റെ അടുക്കളയല്ല. പരിപാടിക്കായി നിര്‍മിച്ച സൗന്ദര്യവും സൗകര്യവും തോന്നിപ്പിക്കുന്ന ഒരിടമാണിത്. ഹോട്ടലിന്റെ പാചക ഇടം എന്നു തോന്നിപ്പിക്കുകയും ചെയ്യും. അടുക്കള എന്ന തോന്നലില്ല. വിവരണവും പാചകവും നൗഷാദ് ചെയ്യുന്നു. കാര്യമാത്ര പ്രസക്തമായ വിവരണമേ നൗഷാദ് നല്കുുന്നുള്ളു. പാചകത്തില്‍ പ്രൊഫഷണല്‍ സമീപനം നിലനിര്‍ത്തുന്നുണ്ട്.
പച്ചമുളക്- മീഡിയ വണ്‍
പുരുഷന്‍ അവതാരകനാകുന്ന, (പ്രവീണ്‍ പ്രേം) സ്ത്രീകളെക്കൊണ്ട് പാചകം ചെയ്യിക്കുന്ന പരിപാടിയാണിത്. കാഴ്ചയില്‍ മനോഹരമായ, കഴിക്കാനിടമുള്ള, ഒരു പരിധിവരെ വീടിന്റെ അടുക്കളയെന്നു തോന്നിപ്പിക്കുന്ന ഒരിടമാണ് ഇവിടുത്ത പാചക സ്ഥലം. പാചകം ചെയ്യുന്ന ജോലിമാത്രമേ സ്ത്രീകള്‍ക്കുളളൂ. വിവരണവും വിശദീകരണവും പുരുഷനായ അവതാരകന്റെ ജോലിയാണ്. പാചകം ചെയ്യുന്ന സ്ത്രീകള്‍ ചുരിദാറോ സാരിയോ ധരിക്കുന്നു. ഈ പരിപാടിയും ഇടയ്ക്ക് പുറത്തേക്കു പോകുന്നുണ്ട്.
ഓപ്പണ്‍ കിച്ചണ്‍- ഇന്ത്യാവിഷന്‍
പേര് സൂചിപ്പിക്കുന്നുണ്ട് വീടിന്റെ അകത്തുള്ള പാചകമല്ല ഇതെന്ന്‍. തുറന്നതോ പുറത്തോ എന്ന സൂചന കാണുന്നു. കേരളത്തിലെ വിവിധ ഹോട്ടലുകളിലെ പാചകക്കാരായ പുരുഷന്മാരുടെ പാചകരീതിയാണിവിടെ പരിചയപ്പെടുന്നത്. മറ്റ് പരിപാടികളില്‍ നിന്നെല്ലാമുള്ള വ്യത്യസ്തത ഇവിടെ കാണാം. ഇതില്‍ പാചകം ചെയ്യുന്ന പുരുഷന്മാരെല്ലാം അവരുടെ തൊഴിലിന്റെ ഭാഗമായി ഹോട്ടല്‍ കിച്ചണില്‍ ഷെഫ് യൂണിഫോം അണിഞ്ഞാണ് പങ്കെടുക്കുന്നത്. വിവരണവും വിശദീകരണവും പുരുഷനായ അവതാരകന്‍ ജോണ്‍ ഫിലിപ്പാണ് നല്‍കുന്നത്. അദ്ദേഹവും മിക്കപ്പോഴും അവരുടെ യൂണിഫോം അണിയാറുമുണ്ട്. മാത്രവുമല്ല അവതാരകന്റെ ഹോട്ടലിലേക്കുള്ള ബൈക്ക് യാത്രയും മറ്റും വിശദമായി കാണിക്കുന്നുമുണ്ട്.
3
ചാനലുകളിലെ പരിപാടികള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും; ഇന്ന് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ ഇത്തരം പരിപാടികളിലേക്കു വരുന്നു എന്നതാണ്. എന്നാല്‍ ഈ പരിപാടികളിലൂടെ നടക്കുന്നത് സമൂഹത്തിലെ ലിംഗഭേദത്തിന്റെ പുരുഷാധിപത്യപരമായ അതിരുകളെ സവിശേഷമായി പുനരുല്പാദിപ്പിക്കുക എന്നതുമാണ്. ചിലര്‍ക്കേ ഇത്തരം അടുക്കള ജോലികള്‍ പറ്റൂ എന്ന പ്രഖ്യാപനമാണ് ഇവ നടത്തുന്നത്.
• പ്രത്യക്ഷത്തില്‍ തന്നെ നിലവിലുള്ള അടുക്കളയില്‍ സ്ത്രീയുടെ ഇടം, പുറത്തെ ഹോട്ടലിലെ പാചകപ്പണി പുരുഷന്റെ തൊഴില്‍ എന്നതില്‍ ഊന്നിയാണ് ഈ പാചകപരിപാടികള്‍ വികസിക്കുന്നത്. സ്ത്രീകള്‍ അവതരിപ്പിക്കുന്ന പരിപാടികളെല്ലാം വീടോ വീടിന്റെ അടുക്കളയോ ആവും സ്ഥലം. അതായത് പുരുഷന്‍ നിര്‍മിചച്ച ‘സഹജമായ/ പ്രകൃതിദത്ത’മായ സ്ത്രീയുടെ ഇടം അതാണെന്നുറപ്പിക്കലാണ്. വീട്ടിലെ അടുക്കളയുമായി ‘ജൈവബന്ധം’ സ്ത്രീക്കുണ്ട് എന്നിത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ആ ‘സഹജ’തയിലും ‘ജൈവികത’യിലും ഊന്നിയാണ് ഇത്തരം പരിപാടികളിലെ സ്ത്രീയുടെ ദൃശ്യത അവതരിപ്പിക്കുന്നത്. സ്വാഭാവികമായിട്ടാണ് അടുക്കളയില്‍ സ്ത്രീ പെരുമാറുക എന്നമട്ടിലാണ് ദൃശ്യാഖ്യാനം പ്രവര്‍ത്തിക്കുന്നത്. പാചകത്തിനായുള്ള നില്‍പ്പിലും പാത്രങ്ങളോടുള്ള പെരുമാറ്റത്തിലും പാചകത്തിനിടയിലെ ഇളക്കല്‍, വാരല്‍ പോലുള്ളതിലും ഈ അടുപ്പം ദൃശ്യമാകുന്നു.
• പാചകം മാത്രമല്ല, പാചകത്തിനു മുമ്പുള്ള യാത്രകളിലും ലിംഗപദവി പ്രവര്‍ത്തിക്കുന്നുണ്ട്. ഓപ്പണ്‍ കിച്ചണിലെ അവതാരകന്റെ ഹോട്ടലിലേക്കുള്ള ബൈക്ക്, കാര്‍ യാത്രകളെ ദൃശ്യവല്കരിക്കുന്നത് ആണത്തപരമായ യാത്രകളായാണ്. അതേസമയം ലക്ഷ്മി നായര്‍ പുറത്തുപോയി പാചകം നടത്തുന്നത് ഇങ്ങനെയല്ല ദൃശ്യവല്കരിക്കുന്നത്. വീടുകളിലാണ് ലക്ഷ്മിനായര്‍ പോകുന്നത്. അത് നടന്നു വീട്ടിലേക്കു കയറുന്ന ദൃശ്യങ്ങളോടെയാണ് കാണിക്കുക. പെണ്ണിന്റെ സ്ത്രൈണതയും ആണിന്റെ ആണത്തവും വിരുദ്ധമാണെന്നു പറയുകയാണ് ചാനലിലെ പാചക തയാറെടുപ്പുകള്‍.
• സ്ത്രീയുടെ വേഷം സ്ത്രൈണയുക്തിക്കിണങ്ങുന്ന വിധത്തിലാണ്. സാരിയോ അധികം പരിഷ്‌കാരമില്ലാത്ത ചുരിദാറോ ആണ് കാണുന്ന വേഷം. സ്ത്രീയുടെ സൗന്ദര്യവല്കരണത്തിനെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള ആഭരണങ്ങള്‍ ധരിച്ചിരിക്കും. സൗന്ദര്യവതിയായ സ്ത്രീക്ക് ഏതുനിലയിലും പറ്റുന്ന ഒന്നാണ് വളരെ അനായാസമായി പാചകമെന്നാണ് സൂചന. സ്ത്രീ പാചകം ചെയ്യുമ്പോള്‍ ഹോട്ടലുകളിലെ പുരുഷന്മാരെപ്പോലെ പ്രത്യേക യൂണിഫോമോ മറ്റോ ധരിക്കുന്നില്ല. വീട്ടില്‍ ഇത്തരം വേഷങ്ങള്‍ ഇല്ലെന്നും അതിനാല്‍ സ്ത്രീകളുടെ അവതരണം വീടിന്റെ തനിമയിലാണെന്നുമാണ് ഇത് പറയുന്നത്. വേഷംപോലെതന്നെയാണ് ഇവിടെ ഉപയോഗിക്കുന്ന ഭാഷയും. പാചകത്തോടും അതിലെ വസ്തുക്കളോടും വളരെ വൈകാരിക അടുപ്പമുള്ളതുപോലെയുള്ള ഭാഷയാണ് സ്ത്രീ ഇവിടെ ഉപയോഗിക്കുന്നത്. വളരെയേറെ ആത്മനിഷ്ഠമായുള്ള വിശദീകരണം അവരും അടുക്കളയും പാചകവും തമ്മിലുള്ള ശക്തമായ ബന്ധത്തെ ആവിഷ്‌കരിക്കുന്നു. ഭക്ഷ്യവസ്തുക്കളെ വിശദീകരിക്കുന്നതിലും പാചകത്തിലെ മറ്റ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നതിലും സ്ത്രീക്കു സഹജമായി ഉണ്ടെന്നു പറയുന്ന ‘വൈകാരികത’ വ്യക്തമായിക്കാണാം. ഉപ്പിന്റെ കാര്യം പറയുന്നതില്‍ പോലും അല്പം വിശദീകരണം ഉണ്ടാകും. ഒരു അമ്മയുടെ സാന്നിധ്യം കാഴ്ചക്കാര്‍ക്കിവിടെ അനുഭവപ്പെടും മട്ടിലാണ് സ്ത്രീകളുടെ പ്രകടനം.
• പുരുഷന്‍ അവതരണം നടത്തുന്ന ഈസികുക്ക് ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. സ്ത്രീയെപ്പോലെ പ്രത്യേക വേഷങ്ങള്‍ ധരിക്കാതെ പാചകം ചെയ്യുകയാണ് ഇവിടെ. എന്നാല്‍ ദൃശ്യവല്കരണം സ്ഥലത്തെ അവതരിപ്പിക്കുന്നത് വീടിന്റെ അടുക്കളയായിട്ടല്ല എന്നതാണ് ശ്രദ്ധേയം. ഒരു ഹോട്ടലിന്റെ അടുക്കളപോലെയുള്ള പ്രൊഫഷണല്‍ ഇടമായാണ് ആ സ്ഥലം കാണിക്കുന്നത്. ആ സ്ഥലത്ത് അവതാരകന്റെ പെരുമാറ്റവും അവതരണ രീതിയുമാണ് അടുത്തത്. സ്ത്രീകളെപ്പോലെ അടുക്കളയുമായുള്ള ‘സഹജബന്ധം’ പ്രദര്‍ശിപ്പിക്കുന്ന നിലയിലല്ല അദ്ദേഹത്തിന്റെ അവതരണവും ആ സ്ഥലത്തുള്ള നില്പ്പും എന്നതാണ്. കാര്യമാത്ര പ്രസക്തമായിട്ടുള്ള, ചുരുക്കിയ സംസാരം, പാചകവസ്തുക്കളോട് അധികം മമത പ്രകടിപ്പിക്കാത്ത, അകലം പാലിച്ചുള്ള ഇതൊരു തൊഴിലെന്ന മട്ടിലുള്ള ബന്ധം നിലനിര്‍ത്തുന്ന രീതി. ആത്മനിഷ്ഠതയെ ഒഴിവാക്കുകയും വസ്തുനിഷ്ഠതയ്ക്ക് ഊന്നല്‍ കൊടുക്കുകയും ചെയ്തുകൊണ്ടാണ് ആണിന്റെ പാചകത്തെ സ്ത്രീയുടെ പാചകക്കാഴ്ചയില്‍ നിന്ന് വേറിട്ടതാക്കുന്നത്. പാചകത്തിനിടിയിലെ ഇളക്കല്‍, കുഴയ്ക്കല്‍ പോലുള്ളവ അത്ര സൂക്ഷ്മമായോ ദീര്‍ഘമായോ പുരുഷന്‍ ചെയ്യില്ല, ചെയ്യുന്നതായി കാണിക്കില്ല. അവ ഒന്നോടിച്ചു കാണിക്കും. അതിലൂടെ ഇത് ആണിനൊരു തൊഴില്‍ മാത്രമാണെന്നും സ്ത്രീക്ക് സഹജമായ ജീവിതചര്യയാണെന്നുമാണ് പറയുന്നത്. ഭക്ഷ്യവസ്തുക്കളെ കുറിച്ചോ രുചിയെ കുറിച്ചോ അധികം വിശദീകരണങ്ങളൊന്നുമില്ല. യാന്ത്രികമായ സമീപനമാണ് ഇവിടെ. ആധുനിക കാലത്ത് വികസിച്ചുവന്ന സ്ത്രീ-പുരുഷ ദ്വന്ദ്വത്തിലൂന്നിയ, പെണ്ണിനെയും ആണിനെയും വേറിട്ട സ്വത്വങ്ങളാക്കുന്ന സ്വഭാവ പ്രത്യേകതകളുടെ സൂക്ഷ്മമായ ആവിഷ്‌കാരമാണ് ഇവിടെ കാണുന്നത്. സ്ത്രീയെ വൈകാരികതയുടെയും ആത്മനിഷ്ഠതയുടെയും ആളായി മാത്രം നിര്‍വചിക്കുന്നു. പുരുഷനെ അതിന്റെ വിപരീതമായും; കരുത്തിന്റെയും യുക്തിയുടെയും ആളായും.
• പാചകത്തിലെ സ്ത്രീ, പുരുഷ വ്യത്യസം സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവിയുടെ പുനരുല്പാദനമായി മാറുന്നുവെന്നത് കൃത്യമാക്കുന്നത് സ്ത്രീകള്‍ പാചകം ചെയ്യുകയും ആണുങ്ങള്‍ അവതാരകരാവുകയും ചെയ്യുന്ന പരിപാടികളിലാണ്. സഹായിക്കാനും വിവരണം നാല്‍കാനും നില്‍ക്കുന്ന ആണുങ്ങള്‍, പാചകം സംബന്ധിച്ച് അബദ്ധങ്ങളായിരിക്കും മിക്കപ്പോഴും എഴുന്നള്ളിക്കുക. പാചകകാര്യങ്ങളോ ആഹാരവസ്തുക്കളെ കുറിച്ചോ യാതൊരു ധാരണയും പുരുഷന്മാരായ തങ്ങള്‍ക്കില്ലെന്നും അതിന്റെ ആവശ്യമൊന്നുമില്ലെന്നുമുള്ള അഹന്തതയുടെ പ്രകടനമാണിവിടെ കാണുന്നത്. അതായത് പാചകം ചെയ്യുക പുരുഷന് ആവശ്യമൊന്നുമല്ലെന്നും ഭക്ഷിക്കുകയെന്ന ധര്‍മമാണ് തങ്ങള്‍ക്കുള്ളതെന്നുമാണ് ഇത് പറയുന്നത്.
വീടിന്റെ അടിസ്ഥാനമായ, ഊര്‍ജകേന്ദ്രമായ, ധാരാളം അധ്വാനവും മറ്റും ആവശ്യമുള്ള അടുക്കളയെ പ്രശ്‌നവല്കരിക്കാനോ പെണ്‍-ആണ്‍ കൂട്ടായ്മയുടെ ഇടമായി നിര്‍വചിക്കാനോ അല്ല ഇന്നത്തെ മാധ്യമക്കാഴ്ചകളുടെ ശ്രമം. മറിച്ച് അത് പെണ്ണിന്റെ ‘സഹജമായ’ ഇടമാണെന്നുറപ്പിക്കാനാണ്. സ്ത്രീക്കാണ് ഇവിടെ സ്വാഭാവികമായി പെരുമാറാന്‍ കഴിയുക എന്ന ആണ്‌കോയ്മയുടെ നൂറ്റാണ്ടുകളായുള്ള പ്രഖ്യാപനത്തെ ഊട്ടിയുറപ്പിക്കുകയാണ് മാധ്യമങ്ങളിലെ അടുക്കളകള്‍. ഈ അടുക്കളക്കാഴ്ചയുടെ രാഷ്ട്രീയത്തെ തൂത്തെറിയുവാന്‍ നമുക്കാകുമോ?
4
വീടിന്റെ അടുക്കളയെ ഏതെങ്കിലും നിലയില്‍ ചോദ്യം ചെയ്യുന്ന ഇടപെടലുകള്‍ കാര്യമായി ഉണ്ടായിട്ടില്ലെന്നു ചരിത്രം പരിശോധിച്ചാല്‍ കാണാം. അടുക്കളയില്‍ നിന്ന്‍ അരങ്ങത്തേക്കെന്ന മുദ്രാവാക്യം അടുക്കളയെ പ്രശ്‌നവല്കരിക്കുന്നതിനു പകരം അടുക്കളയിലും അരങ്ങത്തും ഒരേപോലെ ശ്രദ്ധിക്കാനാണ്, ആടിത്തീര്‍ക്കാനാണ് സ്ത്രീയോടാവശ്യപ്പെട്ടത്. ക്രമേണ അത് അരങ്ങത്തുനിന്ന് ഒഴിയാനുള്ളതുമായി മാറി. കേരളത്തില്‍ നിരവധി സമരങ്ങള്‍ രൂപപ്പെട്ടെങ്കിലും അടുക്കളയെ മാറ്റിത്തീര്‍ക്കുന്നതോ അടുക്കളയിലെ അധ്വാനത്തെ ഗൗരവമായി കാണുന്നതോ അതിനെ ലഘൂകരിക്കാനായി പങ്കിടലിന്റെ അനുഭവം രൂപീകരിക്കുന്നതോ ആയതൊന്നും രൂപപ്പെട്ടില്ല. അതിനര്‍ഥം അടുക്കളയെ തീര്‍ത്തും വേറിട്ട, സ്ത്രീയുടെ ഇടമായിമാത്രം കാണുന്ന സമീപനമായിരുന്നു നമ്മുടെ സാമൂഹ്യശരീരത്തിന്റെയും ചിന്തകളുടെയും ആകെത്തുക എന്നതാണ്.
അങ്ങനെയിന്ന് സ്ത്രീകളുടെ അമ്മ/ വീട്ടമ്മവല്കരണം വളരെ ശക്തമായിക്കൊണ്ടിരിക്കുന്നു. തൊഴില്‍ മേഖലയിലേക്കുള്ള സ്ത്രീയുടെ പങ്കാളിത്തം കുറയുകയും വീട്ടമ്മയായി ഒതുങ്ങുന്ന പ്രവണത സ്വാഭാവികമായി തീരുകയും ചെയ്യുന്നു. അടുക്കളയില്‍ വച്ചതും വിളമ്പിയതുമായ വിഭവങ്ങളിലൂടെ ആര്‍ജിച്ച ഊര്‍ജത്തിലാണ് നമ്മുടെ ആണുങ്ങള്‍ അരങ്ങത്തുവന്ന് തകര്‍ത്താടിയത്. എന്നിട്ടും അവരാരും ആ ഇടത്തെ ഓര്‍ത്തില്ല എന്നതാണ് നമ്മുടെ സാമൂഹ്യാനുഭവത്തിലെ ദുരന്തങ്ങളിലൊന്ന്. അതിനാല്‍ അരങ്ങത്തുനിന്ന് നിന്ന് പിന്തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു. അകം / പുറം എന്ന വിഭജനത്തെ റദ്ദാക്കിക്കൊണ്ട് അകത്തേക്കും പുറത്തേക്കും ഒരുപോലെ ഒരേ വേഗത്തില്‍ സഞ്ചരിക്കുവാന്‍ കഴിയുന്ന പാലങ്ങള്‍ നിര്‍മിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ‘ആണത്ത’മുള്ള ആണുങ്ങള്‍ അതിനു സജ്ജരായവരാണോ? നമ്മുടെ ‘സ്ത്രീത്വം’ അടുക്കളയെ അതിന്റെ ‘പ്രകൃതിദത്തത’യില്‍ നിന്നും കൈയൊഴിയാന്‍ പ്രാപ്തരാണോ?