തലശ്ശേരി കലാപം സിപിഎം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും, പള്ളി പൊളിച്ചതിലെ പ്രതി പിണറായി വിജയന്റെ സഹോദരനായ കുമാരനാണെന്നുമുള്ള കെ. എം ഷാജിയുടെ പരാമർശം ഉപരിവിപ്ലവമായ സാഹചര്യത്തിൽ നിന്നുകൊണ്ട് രാഷ്ട്രീയ നീക്കങ്ങളെ നോക്കിക്കാണുന്നത് കൊണ്ടാണെന്ന് കെ ടി കുഞ്ഞിക്കണ്ണൻ അഴിമുഖത്തോട് പ്രതികരിച്ചു. തലശ്ശേരി കലാപം കേരളത്തിലൊട്ടാകെ വർഗീയ പ്രശ്നമായി വ്യാപിക്കാതെ ചെറുത്തു നിർത്തിയത് സിപിഎം ആണെന്നത് കേരള ചരിത്രം ശെരി വച്ചിട്ടുള്ള കാര്യമാണെന്ന് സിപിഐഎം നേതാവായ കെ ടി കുഞ്ഞിക്കണ്ണൻ വ്യക്തമാക്കി.
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം നടന്ന വർഗീയസ്വഭാവമുള്ള കലാപമാണ് തലശ്ശേരി കലാപം എന്നറിയപ്പെടുന്നത്. ഈ കലാപത്തിൽ 63 മുസ്ലിം പള്ളികളും മദ്രസകളും മൂന്ന് ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.
1941ലാണ് ആർഎസ്എസിന്റെ ശാഖ ആദ്യമായി കേരളത്തിൽ തുടങ്ങുന്നത്. ആർഎസ്എസിന് ഒരു തരത്തിലും തങ്ങളുടെ ശാഖ വ്യാപിപ്പിക്കാൻ കഴിയാതിരുന്ന ഒരു സാഹചര്യമായിരുന്നു അന്ന്.അക്കാലത്ത് തുടങ്ങുന്ന സമയത്തെ ഒൻപത് പേരല്ലാതെ ഒന്നര വർഷം ശ്രമിച്ചിട്ടും പാർട്ടിയിൽ ആളെച്ചേർക്കാൻ അവർക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഗോൾവാക്കർ എത്തിക്കൊണ്ട് വിപുലമായ ഒരു ക്യാമ്പ് നടത്തിയിരുന്നു, അന്ന് ഹിന്ദുക്കളും, തൊഴിലാളികളുമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്നു. ഹിന്ദു മുസ്ലീം ധ്രുവീകരണമുണ്ടാക്കാതെ ആർഎസ്എസിന് പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന് അവർക്ക് വ്യക്തമായി. കോഴിക്കോട് ഹൽവാ പള്ളിയിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ വലിയ സംഘർഷമുണ്ടാക്കുകയും, ബാങ്ക് വിളിക്കുകയുമൊക്കെ ചെയ്തിരുന്നു. അപലകളായ സ്ത്രീകളെ മുസ്ലീം യുവാക്കൾ പ്രേമിച്ച് മതം മാറ്റുകയാണെന്ന് പറഞ്ഞുകൊണ്ട് ഇവിടെ അപലാസംരക്ഷണ സമിതിയുണ്ടാക്കി, കോഴിക്കോട് വലിയ തരത്തിലുള്ള പ്രകടനങ്ങളൊക്കെ നടത്തിയിരുന്നു. ഇത്രയൊക്കെയായിട്ടും കേരളത്തിലെ മതനിരപേക്ഷ സാമൂഹ്യ സാഹചര്യം മൂലം ആർഎസ്എസിന് കേരളത്തിൽ ശാഖയുണ്ടാക്കിയെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. ഇതോടു കൂടി കേരളത്തിലെ മുസ്ലീം സമുദായത്തിലെ ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചു, അത് ഫലം കാണുകയും ചെയ്തു. ഈ അവസരത്തിൽ സിപിഎം ജനങ്ങൾക്കും പള്ളികൾക്കുമെല്ലാം കാവൽ നിന്നു. ആർഎസ്എസിന്റെ പല കേസുകളിലും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവർത്തകരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. കെ ടി കുഞ്ഞിക്കണ്ണൻ കൂട്ടിച്ചേർത്തു.
വർഗീയ കലാപം ചെറുക്കുന്നതിനായി പള്ളിക്ക് കാവൽ നിന്ന യുകെ കുഞ്ഞിരാമൻ എന്ന സിപിഎം നേതാവ് കള്ളുകുടിച്ച് വന്ന് അടിയുണ്ടാക്കി മരിച്ചതാണ് എന്ന് പോലും കെപിസിസി പ്രസിഡന്റ് സുധാകരൻ പറഞ്ഞിരുന്നു. തലശ്ശേരിയിലെ കലാപം അടിച്ചമർത്തുന്നതിനായി രംഗത്തെത്തിയ ഏക പാർട്ടി സിപിഐഎം ആണെന്ന് വിധേയത്ത് കമ്മീഷൻ അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരിയിൽ കലാപമുണ്ടായ എല്ലാ സ്ഥലങ്ങളും സഖാവ് ഇ.എം.എസ് സന്ദർശിച്ചിരുന്നു, ഇതിനിടയിൽ എവിടെയാണ് കെ എം ഷാജി പറയുന്ന കാര്യങ്ങൾ നടന്നത്? ആക്രമണത്തിന്റെ ഇരകളായ ഒരു ന്യൂനപക്ഷക്കാരും അന്നോ ഇന്നോ സിപിഐഎമ്മിന് പള്ളി പൊളിക്കലിൽ പങ്കുള്ളതായി പറഞ്ഞിട്ടില്ല. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ എം സി പവിത്രൻ പ്രതികരിച്ചു.
1972ൽ സിപിഐ ഇറക്കിയ ഒരു ലഘുലേഖ പരാമർശിച്ചായിരുന്നു ഷാജി സിപിഎമ്മിനെതിരെ വാദങ്ങൾ നടത്തിയത്. പിണറായി പാറപ്പുറത്ത് ഒരു പള്ളിയുണ്ടായിരുന്നു. ഈ പള്ളി പൊളിക്കുന്നത് ഡിസംബർ 30നാണ്. രാത്രിയായപ്പോൾ പള്ളി പൊളിക്കുന്നത് നിർത്തി. പിന്നീട് 31ന് പള്ളി പൂർണമായും പൊളിച്ചെന്ന് പറഞ്ഞത് വിതയത്തിൽ കമിഷനാണ്. ആ പള്ളി പൊളിച്ചതിൽ ഒരാളുടെ പേര് സഖാവ് കുമാരൻ എന്നാണ്. ഈ കുമാരൻ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയായ സഖാവ് പിണറായി വിജയൻറെ മുത്ത സഹോദരനാണ്. ഞാനിത് പരസ്യമായി പറഞ്ഞിട്ട് 72 മണിക്കുറ് കഴിഞ്ഞു. ഞാനെന്തെങ്കിലും പറയുമ്പോൾ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാർട്ടി സെക്രട്ടറി വരുമല്ലോ. എന്താണ് മിണ്ടാത്തത്. എത്ര വൃത്തികെട്ട രൂപത്തിലാണ് നുണക്കഥകൾ മെനയുന്നത്. എന്നിട്ട് പറയുന്നത് യു.കെ കുമാരൻ ശഹീദായെന്നാണ്. കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആറിൽ എവിടെയെങ്കിലും കുമാരൻ്റെ പേര് കാണിച്ചു തരാൻ നിങ്ങൾക്ക് കഴിയുമോ. 31 ന് അവസാനിച്ച കലാപത്തിൽ മൂന്നാം തിയതി കള്ളുഷാപ്പിൽ മരിച്ചുകിടക്കുന്നവനെ ശഹീദാക്കാമെന്നാണോ നിങ്ങൾ കരുതുന്നത്- കെ.എം ഷാജി ചോദിച്ചു.
തലശ്ശേരി കലാപത്തിന്റെ വേരുകൾ തപ്പി പോകുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത് സിപിഎം ആ കലാപത്തെ എത്തരത്തിൽ കേരളമൊട്ടാകെ വ്യാപിക്കാതെ ചെറുത്തു നിർത്തി എന്നതാണ്. “അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സർക്കാരിന്റെ കണിശമായ ഇടപെടൽ കാരണം കലാപം പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിച്ചു.” തലശ്ശേരിയിലുണ്ടായ വർഗീയലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ കലാപത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
ആർ.എസ്.എസ്. ഉൾപ്പെടെയുള്ള സംഘടനകളിൽ പെട്ടവർ അക്രമങ്ങളിൽ പങ്കാളികളായിട്ടുണ്ട് എന്ന് തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷന്റെ റിപ്പോർട് ചൂണ്ടിക്കാട്ടുന്നുണ്ട്. ലീഗ് വിരുദ്ധ പ്രചരണം മുസ്ലീം വിദ്വേഷം ജനിപ്പിച്ചു എന്ന് കമ്മീഷൻ പറയുന്നുണ്ട്. ജനസംഘം പാർട്ടിയിലെ പല ഉന്നത നേതാക്കളും, അണികളും കലാപത്തിൽ പങ്കെടുത്തതായി വിതയത്തിൽ കമ്മീഷൻ പറയുന്നു. ആർ.എസ്.എസ്. സ്വാധീനപ്രദേശങ്ങളിൽ രേഖപ്പെടുത്തപ്പെട്ട നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് 569 കേസുകളാണ് അന്ന് ചാർജ് ചെയ്യപ്പെട്ടത്. തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ് 51, പാനൂർ 62, എടക്കാട് 12, കണ്ണൂർ 1, മട്ടന്നൂർ 3, ധർമ്മടം 59. എന്നിങ്ങനെയായിരുന്നു അത്. ആർ.എസ്.എസ്. സ്വാധീനകേന്ദ്രങ്ങളിലും കലാപം നടന്നിരുന്നെന്ന് ആർ. എസ്. എസ്സും സമ്മതിക്കുന്നുണ്ട്.
content summary; Thalassery riot: History shows that the CPM was protested against the riot.