കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തേക്ക് അടുക്കുകയാണ്. അതേസമയം, മുങ്ങിയ കപ്പലുകൾക്കുള്ളിലെയിരുന്നുവെന്ന് വ്യക്തതയില്ലാത്തതിനാൽ ജനങ്ങളെല്ലാവരും തന്നെ ആശങ്കയിലാണ്. രാസവസ്തുക്കൾ കടലിൽ കലർന്നിട്ടുണ്ടോയെന്ന് വ്യക്തമല്ലാത്തത് മത്സ്യമേഖലയിൽ ആശങ്ക പടർത്തുന്നുവെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് അഴിമുഖത്തോട് പറഞ്ഞു. കണ്ടെയ്നറുകൾക്കുള്ളിലെന്താണെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ചാൾസ് ജോർജ് കൂട്ടിച്ചേർത്തു.
‘കടലിൽ മുങ്ങിയ കപ്പലിൽ 13 എണ്ണം രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകളാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. അതിൽ കാൽഷ്യം കാർബൈഡ് പോലുള്ളവയും ഉൾപ്പെട്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. 70 ഓളം കാലി കണ്ടെയ്നറുകളാണെന്നാണ് പറയുന്നത്. അതിലെ ചിലതാണ് ഇപ്പോൾ തീരത്തടിഞ്ഞിരിക്കുന്നത്. ആരും അതിന്റെ അടുത്തേക്ക് പോകരുത്, തൊടരുത് എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്.
ഒരു കണ്ടെയ്നർ കപ്പലിലേക്ക് കയറ്റിക്കഴിഞ്ഞാൽ അപ്പോൾ തന്നെ ബിൽ ഓഫ് ലേഡിങ്ങ് എന്നൊരു ഡോക്യുമെന്റ് കൊടുക്കും. അതിലുണ്ടായിരിക്കുന്ന വസ്തുക്കളുടെ വിവരങ്ങളും അതിൽ എഴുതിയിട്ടുണ്ടാകും. എന്നാൽ കേരള സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും എന്താണ് അതിലുള്ളതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. തൂത്തുക്കുടി, അദാനി പോർട്ട്, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് കപ്പൽ പോകുന്നത്. എന്താണ് ഇതിൽ ഉണ്ടാവുക എന്ന് അറിയാനുള്ള മാർഗമില്ലെങ്കിൽ അത് സർക്കാരിന്റെ പരാജയമല്ലേ? ഒരുപാട് ചേദ്യങ്ങൾ ഇതിൽ നിലനിൽക്കുന്നുണ്ട്. ഒരു ദ്വാരം കൊണ്ടൊന്നും കപ്പൽ മുങ്ങില്ല. കാരണം കപ്പലിൽ ഒരുപാട് കംപാർട്ട്മെന്റുകളുണ്ട്. 26 ഡിഗ്രി കഴിഞ്ഞ് ഒരു കപ്പൽ മറിയുന്നു എന്നത് അവിശ്വസനീയമായ കാര്യമായാണ് എനിക്ക് തോന്നുന്നത്.
കണ്ടെയ്നറുകളിൽ രാസവസ്തുക്കളുണ്ടായിരുന്നെങ്കിൽ അത് കടലിൽ കലർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കാർബൈഡുകൾ കടലിൽ കലർന്നാൽ അസറ്റിലീൻ വാതകമായി മാറും. ഇത് ആ പ്രദേശത്തുള്ള മത്സ്യ മേഖലയ്ക്ക് ദോഷകരമായി ബാധിക്കും. മാത്രമല്ല, രാസവസ്തുക്കൾ കലർന്ന വെള്ളത്തിലുള്ള മത്സ്യം കഴിക്കുമ്പോൾ അത് ശരീരത്തിൽ ഇരട്ടിയായി ആകും ബാധിക്കുക. മാഗ്നിഫൈ എന്നാണ് അതിന് പറയുന്നത്. വർക്കല മുതൽ അമ്പലപ്പുഴ വരെയുള്ള തീരത്താണ് കൂടുതലും കണ്ടെയ്നറുകൾ മറിഞ്ഞിരിക്കുന്നത്. ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണത്. മറ്റൊന്ന് തോട്ടപ്പള്ളിയിലാണ്. ചാകര രൂപപ്പെടുന്ന പ്രദേശമാണത്. വളരെ സങ്കീർണമായ പ്രക്രിയയിലൂടെയാണ് ചാകര രൂപപ്പെടുന്നത്. രാസവസ്തുക്കൾ കലർന്നിട്ടുണ്ടെങ്കിൽ അത് ചാകരയെയും ബാധിക്കും.
മാത്രമല്ല, ഇങ്ങനെയൊരു പ്രശ്നം വന്നാൽ വിപണിയിലും ജനങ്ങൾ മീൻ വാങ്ങാനെത്തില്ല. നമ്മുടെ പല തീരങ്ങളിലും ഏറ്റവും കൂടുതൽ ലഭിക്കുന്നത് മത്തിയാണ്. വർഷങ്ങൾ പിന്നിടുമ്പോൾ മത്തിയുടെ ഉത്പാദനം കുറയുകയാണ്. ചൂട് കൂടിയതോടെ പല മീനുകളും ആഴക്കടലിലേക്ക് പോയതാണ്. മഴ ലഭിച്ച് തുടങ്ങിയതോടെയാണ് വീണ്ടും തിരിച്ചെത്തി തുടങ്ങിയത്. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മത്സ്യങ്ങളുടെ ലഭ്യതയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മത്സ്യ മേഖലയിലുള്ളവർ. ഇനി ട്രോളിങ്ങ് വരാൻ പോവുകയാണ്. സർക്കാർ ഇതിൽ ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തണം’, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് അഴിമുഖത്തോട് പറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഇതിന് പിന്നാലെ കൊല്ലം നീണ്ടകര പരിമണ് തീരത്ത് മൂന്ന് കണ്ടെയ്‌നറുകള്‍ കൂടി അടിഞ്ഞു. ശക്തികുളങ്ങര മദാമ്മ തോപ്പില്‍ 3 കണ്ടെയ്‌നറുകളുമാണ് അടിഞ്ഞത്.
Content Summary: kochi container ship accident; Fish sector is in concern
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.