July 10, 2026 |

കലങ്ങിത്തെളിയാത്ത ആശങ്ക; പട്ടിണിയിലാകുന്ന മത്സ്യത്തൊഴിലാളികള്‍

അവ്യക്തത ദൂരവ്യാപകമായ പ്രത്യാഘാതമാണ് മത്സ്യമേഖലയെ കാത്തിരിക്കുന്നത്

കാലവര്‍ഷം തോരാക്കെടുതികള്‍ തീര്‍ക്കുന്നതിനിടെ പുറംകടലില്‍ മുങ്ങിയ കപ്പലും അതിലെ കണ്ടെയ്നറുകളും മത്സ്യത്തൊഴിലാളികളില്‍ ആശങ്ക വ്യാപിപ്പിച്ചിരിക്കുകയാണ്. കണ്ടെയ്നറുകളില്‍ നിന്നുള്ള രാസവസ്തുക്കള്‍ മത്സ്യസമ്പത്തുകള്‍ക്ക് അപകടകരമാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് മത്സ്യമേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്.

വിഷാംശമുള്ള മാലിന്യങ്ങളാണ് കടലില്‍ അടിഞ്ഞതെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിക്കപ്പെട്ടത്. കാലവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍. അതിനിടയിലാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍.

“പുറംകടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയതോടെ ഞങ്ങളൊക്കെ വലിയ വിഷമത്തിലാണ്. ഒന്നാമത് കാറ്റും കോളും കാരണം മീന്‍പിടുത്തത്തിന് പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് തന്നിരിക്കുകയാ. അപ്പോഴാണ് കപ്പല്‍ മുങ്ങിയ വാര്‍ത്ത അറിയുന്നത്. കപ്പലില്‍ എന്തൊക്കെയായിരുന്നുവെന്ന് കൃത്യമായി അറിയാന്‍ മേല. എന്നാലും വെള്ളത്തില്‍ എണ്ണപോലെ പൊങ്ങിക്കിടക്കുന്ന വസ്തുക്കള്‍ കണ്ടാല്‍ അവിടെ ചവിട്ടരുതെന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. വലിയ വിഷമുള്ള വസ്തുക്കള്‍ ആയതുകൊണ്ടാകാം ഉദ്യോഗസ്ഥര്‍ അങ്ങനെ പറയുന്നത്” കണ്ണമാലി സ്വദേശിയായ മത്സ്യത്തൊഴിലാളി ജോയി അഴിമുഖത്തോട് പ്രതികരിച്ചു.

കപ്പല്‍ മുങ്ങി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിയതോടെ വലിയ ആശങ്കയായിരുന്നു അധികൃതര്‍ ഉയര്‍ത്തിയത്. ചില കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളാണെന്നും ഇവ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നുമൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ തീരവാസികളോട് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

“സര്‍ക്കാരില്‍ നിന്നും മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്നവരില്‍ നിന്നും വ്യക്തമായ ഉത്തരം ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഫ്രഷ് ടു ഹോം കോ-ഫൗണ്ടര്‍ മാത്യു ജോസഫ് അഴിമുഖത്തോട് പറഞ്ഞു. ‘സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉത്തരം നല്‍കാതെ മത്സ്യത്തൊഴിലാളികളെയും ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സീ ഫുഡ് എക്സ്പോട്ടിങിനെ നിലവിലെ സാഹചര്യം സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ എത്രയും വേഗം ശാസ്ത്രീയ പഠനങ്ങള്‍ നടത്തി വ്യക്തത വരുത്തേണ്ടതാണ്. തീരമേഖല ഇപ്പോള്‍ നേരിടുന്ന ആശയക്കുഴപ്പം ദൂരവ്യാപകമായ പ്രത്യാഘാതമാണ് മത്സ്യമേഖലയെ കാത്തിരിക്കുന്നത്. ഇത് വലിയ അപകടത്തിന് കൂടി കാരണമാകും”.

“മത്സ്യത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്താല്‍ വിദേശരാജ്യങ്ങളിലേക്കുള്ള മത്സ്യക്കയറ്റുമതി അവതാളത്തിലാകും. ഇത് പ്രതിസന്ധിയിലാക്കുന്നത് തീരങ്ങളിലെ സാധാരക്കാരായ മത്സ്യത്തൊഴിലാളികളെയാണ്. അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചതൊക്കെ എക്സ്പോര്‍ട്ടിങ് മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതിനിടയ്ക്കാണ് ഇത്തരത്തിലുള്ള ആരോപണങ്ങളും. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ ഔദ്യോഗികമായി കാര്യങ്ങള്‍ വ്യക്തമാക്കണം” മാത്യു ജോസഫ് പറഞ്ഞു.

“ഒന്നുകില്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും പറയണം ഒരു മാസത്തേക്ക് കടല്‍ മത്സ്യങ്ങളെ പിടികൂടരുതെന്ന്. അല്ലെങ്കില്‍ പരിശോധനാ ഫലം വരട്ടെയെന്ന്. കാര്യങ്ങളില്‍ വ്യക്തതയില്ലാതെ വരുമ്പോഴാണ് മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകുന്നത്. പൊതുജനങ്ങളാകട്ടെ എവിടുന്നേലുമൊക്കെ കിട്ടുന്ന വാര്‍ത്തകള്‍ വച്ച് വലിയ പ്രചാരവും വിവാദവും ഉണ്ടാക്കുകയാണെന്നും” മാത്യു ജോസഫ് കൂട്ടിച്ചേര്‍ത്തു.

ആഴക്കടലില്‍ കപ്പല്‍ മുങ്ങി ദിവസങ്ങള്‍ കഴിഞ്ഞ്, ഫിഷറീസ് മന്ത്രി മത്സ്യം കഴിക്കാം എന്നൊരു പ്രസ്താവന നടത്തിയിരുന്നു. ഇതുസംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ക്കായി നല്‍കിയിട്ടേയുള്ളൂവെന്നായിരുന്നു മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. പഠനം നടത്താതെ പിന്നെ എന്തടിസ്ഥാനത്തിലാണ് മന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നും മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നു.

കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24 നായിരുന്നു ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലായ എം.എസ്.സി എല്‍സ 3 മുങ്ങിയത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ ഇത് മത്സ്യങ്ങളുടെ പ്രജനനകാലം കൂടിയാണ്. kochi container ship accident; the fishing sector remains concerned

Content Summary: kochi container ship accident; the fishing sector remains concerned

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×