ബിജെപി എ ക്ലാസ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന, സിപിഐ അവരുടെ ഉറച്ച കോട്ടയായി കരുതുന്ന, കോണ്‍ഗ്രസ് തിരിച്ചു പിടിക്കാന്‍ പൊരുതുന്ന മണ്ഡലമാണ് കൊടുങ്ങല്ലൂര്‍. ഈ തിരഞ്ഞെടുപ്പിലെ പ്രധാന ബാറ്റില്‍ ഗ്രൗണ്ട് ആയി കരുതിയ മണ്ഡലം.
ബി ഗോപാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥി മോഹത്തോടെ പ്രവര്‍ത്തിച്ചു വന്നിരുന്ന മണ്ഡലത്തില്‍ ഇത്തവണ ബിജെപി മത്സരത്തിനില്ല, സീറ്റ് കൊടുത്തത് സഖ്യകക്ഷിയായ ട്വന്റി-ട്വന്റിക്ക്. സ്വന്തം സീറ്റ് ബിജെപി കുരുതി കൊടുത്തത് എന്ത് ലക്ഷ്യത്തിലായിരിക്കും? മറ്റാര്‍ക്കെങ്കിലുമാകുമോ ഫലം കിട്ടുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കാം.
ഇ. ഗോപാലകൃഷ്ണനിലൂടെ തുടങ്ങിയ വിജയം ഒമ്പത് തവണ മണ്ഡലത്തില്‍ ആവര്‍ത്തിച്ചവരാണ് സിപിഐ. 1960-ലും(പി കെ അബ്ദുള്‍ ഖാദിര്‍) 2011 ലും(ടി എന്‍ പ്രതാപന്‍) മാത്രമാണ് കോണ്‍ഗ്രസിന് മണ്ഡലം കിട്ടിയത്. 2001-ല്‍ എസ്എന്‍ഡിപി നേതാവ് കൂടിയായ ഉമേഷ് ചള്ളിയില്‍ ഗൗരിയമ്മയുടെ ജനാധിപത്യ സംരക്ഷണ സമിതിയുടെ (ജെഎസ്എസ്) സ്ഥാനാര്‍ത്ഥിയായി അട്ടിമറി നടത്തിയിരുന്നു. ഈ കണക്കുകള്‍ മാറ്റിവച്ചാല്‍ കേരളത്തില്‍ സിപിഐയ്ക്ക് ഇത്രയും ഉറപ്പുള്ളൊരു മണ്ഡലം വേറെയില്ല.
ആ ഉറപ്പില്‍ വിള്ളല്‍ വീഴുമെന്ന ഭയമായിരുന്നു 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിറഞ്ഞു നിന്നത്. കോണ്‍ഗ്രസല്ല, ബിജെപിയായിരുന്നു എതിരാളി. ബിജെപി ലക്ഷ്യമിട്ടിരുന്ന നഗരസഭകളില്‍ ഒന്നായിരുന്നു കൊടുങ്ങല്ലൂര്‍. ഫലം വന്നപ്പോള്‍ ഇടതുപക്ഷം ആ ഭയം ഭേദിച്ചു. അവര്‍ ബിജെപിയെ നിരാശരാക്കി. എങ്കിലും നഗരസഭയിലെ ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നു. 46 വാര്‍ഡുകളില്‍ 25 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ എന്‍ഡിഎ 18 സീറ്റുകളുമായി രണ്ടാമതെത്തി. വെറും മൂന്ന് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.
നഗരസഭ പരിധിയിലെ മുന്നേറ്റവും പഞ്ചായത്തുകളില്‍ ഉണ്ടാക്കുന്ന സ്വാധീനവും, മണ്ഡലത്തിലെ ഹിന്ദു വോട്ടുകളില്‍, പ്രധാനമായി ഈഴവ വോട്ടുകളില്‍ നിന്നു കിട്ടുന്ന പിന്തുണയുമായിരിക്കണം ബിജെപിക്ക് മണ്ഡലത്തില്‍ നല്‍കിയ പ്രതീക്ഷ. കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രവും വോട്ട് സമാഹരണത്തിനുള്ള ഉപാധിയായി പാര്‍ട്ടി കാണുന്നു.
ബിജെപിയുടെ സാന്നിധ്യം
2016-ലാണ് എന്‍ഡിഎ മണ്ഡലത്തില്‍ കാര്യമായ പ്രകടനം നടത്തുന്നത്. ഈഴവ വോട്ടുകള്‍ ഫലം നിശ്ചയിക്കുന്ന മണ്ഡലത്തില്‍, ബിഡിജെഎസ്സിനായിരുന്നു അവര്‍ സീറ്റ് കൊടുത്തത്. എസ്എന്‍ഡിപി യോഗം നേതാവ് കൂടിയായ അഡ്വ. സംഗീത വിശ്വനാഥ് ആ തിരഞ്ഞെടുപ്പില്‍ നേടിയത് 32,793 വോട്ടുകളാണ്(22.07 ശതമാനം). അതുവരെ 10 ശതമാനത്തില്‍ താഴെ മാത്രം വോട്ട് നേടിയിരുന്നിടത്താണ് ബിജെപി സഖ്യകക്ഷിയിലൂടെ മുന്നേറ്റം നടത്തിയത്. എന്നാല്‍ ഈ നേട്ടത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് പോകേണ്ടതാണോ?
2001-ല്‍ സംസ്ഥാനത്ത് ആകെ പടര്‍ന്നടിച്ച യുഡിഎഫ് തരംഗം കൊടുങ്ങല്ലൂരിലും അട്ടിമറി നടത്തി. സിപിഐയുടെ പ്രധാനിയും സിറ്റിംഗ് എംഎല്‍എയുമായ പ്രൊഫ. മീനാക്ഷി തമ്പാനെ പന്ത്രണ്ടായിരത്തിന് അടുത്ത് വോട്ടുകള്‍ക്കാണ് ജെഎസ്എസ് സ്ഥാനാര്‍ത്ഥി ഉമേഷ് ചള്ളിയില്‍ പരാജയപ്പെടുത്തിയത്(സത്യപ്രതിജ്ഞ ഗുരുദേവ നാമത്തില്‍ ചൊല്ലി വിവാദത്തില്‍ പെടുകയും ചെയ്തു ഉമേഷ്). എന്നാല്‍ ജെഎസ്എസ്സിന്റെ വോട്ടിനെക്കാള്‍ ഉമേഷിനെ തുണച്ചത് അദ്ദേഹത്തിന്റെ എസ്എന്‍ഡിപി ബന്ധമാണ്. ആ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചത് സാക്ഷാല്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ ആയിരുന്നു. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ വെറും 533 വോട്ടുകള്‍ നേടാനെ മാടമ്പിന്റെ ഖ്യാതി സഹായിച്ചുള്ളൂ. വോട്ട് കൂടിയെങ്കിലും വോട്ട് ശതമാനം 6.87 ആയി കുറയുകയും ചെയ്തു.
2006-ല്‍ ബിജെപിക്ക് കിട്ടുന്നത് 9,125 വോട്ടുകളാണ്. സിപിഐ സീറ്റ് തിരിച്ചു പിടിച്ചെങ്കിലും മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു ഉമേഷ് ചള്ളിയിലിന്റെ പരാജയം. യുഡിഎഫ് ഭരണം പിടിച്ച 2011-ല്‍ കൊടുങ്ങലൂരും കൂടെ നിന്നു. ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് വെറും 6732 വോട്ടുകളാണ്. അവിടെ നിന്നാണ് 2016-ല്‍ 26,061 വോട്ടുകള്‍ വര്‍ദ്ധിപ്പിച്ചത്. പക്ഷേ സ്ഥാനാര്‍ത്ഥി എസ്എന്‍ഡിപി പ്രതിനിധിയായിരുന്നുവെന്നത് കാണാണം.
2021-ല്‍ മണ്ഡലത്തില്‍ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥി വന്നു. എന്നാല്‍ നില മെച്ചപ്പെടുത്താനോ മുന്‍ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനോ അവര്‍ക്കായില്ല. സന്തോഷ് ചെറുകുളം നേടിയത് 28,204 വോട്ടാണ്, സംഗീതയ്ക്ക് കിട്ടിയ 22.07 ശതമാനം വോട്ട് വിഹിതം സന്തോഷിന്റെ കാര്യത്തില്‍ 18.94 ആയി കുറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ മാത്രമാണ് ബിജെപിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചത്. പഞ്ചായത്ത് തലത്തില്‍ സ്വാധീനം അറിയിക്കാന്‍ പറ്റുന്നുണ്ടെങ്കിലും അവകാശപ്പെടാന്‍ മാത്രം വലിപ്പമില്ലതിന്.
എന്തുകൊണ്ട് ട്വന്റി-ട്വന്റി?
മണ്ഡലത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ചിട്ടുള്ള ബിഡിജെഎസിന് എന്തുകൊണ്ട് വീണ്ടും അവസരം നല്‍കാതെ പുതിയ സഖ്യകക്ഷിയായ ട്വന്റി-ട്വന്റിക്ക് കൊടുങ്ങല്ലൂര്‍ കൊടുത്തു എന്നതാണ് പല ചോദ്യങ്ങള്‍ക്കും കാരണം. ഡീല്‍ ആരോപണങ്ങളില്‍ ഈ മണ്ഡലവും ഉള്‍പ്പെടുന്നു. ഗോപാലകൃഷ്ണനെ പോലെ ഒരു സീനിയര്‍ നേതാവ് കണ്ടുവച്ചിരുന്ന സീറ്റ് ആയിരുന്നിട്ടു പോലും മണ്ഡലം കൈവിടുകയാണ് ബിജെപി ചെയ്തത്.
ബിജെപി ചിന്തിച്ചിരിക്കുക ഈ വഴികളായിരിക്കാം; പാര്‍ട്ടിയുടെതായ വോട്ട്, ബിഡിജെഎസ് പിടിക്കുന്ന ഈഴവ വോട്ടുകള്‍, ട്വന്റി-ട്വന്റിക്ക് കിട്ടുന്ന വോട്ടുകള്‍. ഈ കണക്കുകള്‍ കൂട്ടി നോക്കിയാല്‍ തങ്ങള്‍ക്ക് അവിടെ ശക്തിയാകാമെന്ന് അവര്‍ കരുതുന്നുണ്ടാകാം.
2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥി അഡ്വ. ചാര്‍ളി പോള്‍ 14,208 വോട്ടുകള്‍ പിടിച്ചു. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി സ്വാധീനം ഉറപ്പിച്ച ഒരു കോര്‍പ്പറേറ്റ് രാഷ്ട്രീയ പാര്‍ട്ടിയാണ് ട്വന്റി-ട്വന്റി. കുന്നത്തുനാട് ഉള്‍പ്പെടെ അവര്‍ ഭരിക്കുന്ന ചില പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ചാലക്കുടിയില്‍ സാബു എം ജേക്കബിന്റെ പാര്‍ട്ടിക്ക് വിജയത്തെ നിര്‍ണയിക്കാന്‍ തക്ക ശക്തിയില്ലെങ്കിലും നിര്‍ണായകമാണവര്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍ നിന്നും ബിജെപിക്കു കിട്ടിയ ഇരുപത്തി രണ്ടായിരത്തിന് മുകളില്‍ വോട്ടുകളും ട്വന്റി-ട്വന്റി പിടിച്ച പതിനാലായിരത്തോളം വോട്ടുകളും കൂട്ടി 36000 തൊട്ട് 40000 വരെ വോട്ടുകള്‍ ഒരുപക്ഷേ എന്‍ഡിഎ സഖ്യം കണക്ക്കൂട്ടുന്നുണ്ടാകാം.
മാള, അന്നമനട, കുഴൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി-ട്വന്റിക്ക് സ്വാധീനമുണ്ട്. പുത്തന്‍ചിറയിലും പൊയ്യയിലും അവരുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളാങ്ങല്ലൂരിലും അവര്‍ക്ക് വോട്ട് പിടിക്കാന്‍ സാധിക്കും. ബിജെപിയും ഈ പഞ്ചായത്തുകളില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞതാണ്.
എന്‍ഡിഎ ആര്‍ക്ക് ഭീഷണി?
മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വിജയ സാധ്യതകളെ ബാധിക്കുമോ എന്ന് പരിശോധിക്കാം. കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ത്ഥി വിആര്‍ സുനില്‍ കുമാര്‍ 23,893 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണയും സുനില്‍ കുമാര്‍ തന്നെയാണ് പ്രവചനങ്ങളില്‍ മുമ്പില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും യുവ നേതാവുമായ ഒ ജെ ജനീഷ് ആണ് കോണ്‍ഗ്രസ് പ്രതിനിധി.
കൊടുങ്ങല്ലൂര്‍ പഞ്ചായത്തും, പൊയ്യ, അന്നമനട, കുഴൂര്‍, മാള, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ എന്നീ ആറ് പഞ്ചായത്തുകളും ചേരുന്ന, തീരദേശ-ഗ്രാമീണ മേഖലയാണ് കൊടുങ്ങല്ലൂര്‍. ഭൂരിപക്ഷം ഹിന്ദു വോട്ടുകളുള്ള മണ്ഡലം, അതില്‍ തന്നെ ഈഴവ വോട്ടുകളാണ് നിര്‍ണായകം. നഗരസഭ പരിധിയിലും തീരദേശത്തമുള്ള മുസ്ലിം വോട്ടുകളാണ് രണ്ടാമത്. മാള, അന്നമനട, പൊയ്യ പഞ്ചായത്തുകളില്‍ നായര്‍, ക്രിസ്ത്യന്‍ വോട്ട് നിര്‍ണായകമാകുന്നു.
മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ കൊടുങ്ങല്ലൂരിനോട് ചേര്‍ക്കപ്പെട്ടവയില്‍ പഴയ മാള മണ്ഡലത്തിലെ മാള, അന്നമനട, കുഴൂര്‍ മേഖലകള്‍ യുഡിഎഫിന്റെ സാധ്യതയും വര്‍ദ്ധിപ്പിച്ചു. വെള്ളാങ്ങല്ലൂര്‍, പുത്തന്‍ചിറ പഞ്ചായത്തുകളും നഗരസഭ പ്രദേശങ്ങളും എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണ്. മാള, അന്നമനട, പൊയ്യ, കുഴൂര്‍ പഞ്ചായത്തുകളിലെ വോട്ടുകളില്‍ തങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്താമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.
മണ്ഡലത്തില്‍ ത്രികോണ മത്സരത്തിനുള്ള സാധ്യത നിലവില്‍ ഇല്ല. നഗരസഭ പരിധിയില്‍ എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലും പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുമാണ് മത്സരം നടക്കുക.
ജെനീഷിന് എസ്എന്‍ഡിപി പിന്തുണയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതുകൊണ്ട് മാത്രം വിജയം കിട്ടില്ല. ഈഴവ വോട്ടുകളില്‍ ഇപ്പോഴും ശക്തമായ സ്വാധീനം ഇടതുപക്ഷത്തിന് തന്നെയാണ്. ബിഡിജെഎസ് വഴിയും ബിജെപിയിലേക്ക് നേരിട്ടും ഈഴവ വോട്ടുകള്‍ പോകുന്നുണ്ട്. അതുകൊണ്ട് പൂര്‍ണ പിന്തുണ ജനീഷിന് ലഭിക്കില്ല. അതുപോലെ മാള, അന്നമനട, കുഴൂര്‍ പഞ്ചായത്തുകളിലെ ക്രിസ്ത്യന്‍ വോട്ടുകളും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളും പെട്ടിയിലാക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമാണ്. ഇവിടെ നിന്ന് പതിനായിരം വോട്ടുകളെങ്കിലും പിടിക്കേണ്ടി വരും. നഗരസഭയിലെയും വെള്ളാങ്ങല്ലൂരിലെയും മുസ്ലിം വോട്ടുകള്‍ ഏകീകരിച്ച് സ്വന്തമാക്കാനും യുഡിഎഫ് പ്രയത്‌നിക്കേണ്ടി വരും. അതിനൊപ്പം തീരദേശമേഖലയില്‍ ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുന്ന വോട്ടുകള്‍ കൂടി നേടിയാലേ പ്രതീക്ഷയുള്ളൂ.
എന്നാല്‍ വെള്ളാങ്ങല്ലൂരിലും പുത്തന്‍ചിറയിലും വോട്ട് കുറയാതെ നോക്കിയാല്‍, നഗരസഭ പരിധിയില്‍ നിന്നു കിട്ടിന്ന വോട്ടുകള്‍ കൂടി ചേര്‍ത്ത് എല്‍ഡിഎഫിന് വിജയത്തുടര്‍ച്ച ഉണ്ടാക്കാം. നഗരസഭയില്‍ ബിജെപി വോട്ട് കൂട്ടുന്നത് കോണ്‍ഗ്രസില്‍ നിന്നും പിടിക്കുന്നതില്‍ നിന്നാണ്. എല്‍ഡിഎഫ് ഇവിടെ ശ്രദ്ധിക്കേണ്ടത് സ്വന്തം വോട്ടുകള്‍ എന്‍ഡിഎയിലേക്ക് പോകാതിരിക്കാനാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് വിശ്വാസം നല്‍കുന്നുണ്ട്. എന്തായാലും നഗരസഭ പരിധിയില്‍ നിന്നും എന്‍ഡിഎ പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ട് വിഹിതത്തില്‍ മാറ്റം വരുത്തുമെന്നതിന് അപ്പുറം ബിജെപിയോ അവരുടെ സഖ്യമോ കൊടുങ്ങല്ലൂരിലെ വിജയത്തെ നിര്‍ണയിക്കുമെന്നതില്‍ സംശയമാണ്. ബിജെപി മണ്ഡലത്തില്‍ മത്സരിക്കാതിരിക്കുന്നതും, ട്വന്റി-ട്വന്റിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കിലും ബിഡിജെഎസിനെ പരിഗണിക്കാതെ അവര്‍ക്ക് സീറ്റ് കൊടുത്തതും ഒരു എ ക്ലാസ് മണ്ഡലത്തില്‍ കാണിച്ച രാഷ്ട്രീയ വീഴ്ച്ചയായാണ് സ്വന്തം പാര്‍ട്ടിക്കാരില്‍ തന്നെയുള്ള നിരാശ.
Content Summary: Kodungallur Assembly Constituency: Will the BJP’s decision to not field its own candidate benefit the LDF or the UDF? Kerala Election 2026
This post was last modified on April 4, 2026 3:53 pm
Leave a Comment