January 18, 2025 |
Share on

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം; ‘അവര്‍ ഞങ്ങളുടെ മകളുടെ മുഖം പോലും കാണാന്‍ അനുവദിച്ചില്ല’

ആശുപത്രിയിലുള്ളവര്‍ക്കും പങ്കുണ്ടെന്ന് കുടുംബം, മുഖ്യമന്ത്രിക്കെതിരേയും പരാതി

കൊല്‍ക്കത്ത ആര്‍ജി കെ കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആരോപണവുമായി ഡോക്ടറുടെ അമ്മ. പ്രതിഷേധ സമരങ്ങള്‍ അടിച്ചൊതുക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും കൊല്‍ക്കത്ത പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നുമാണ് അമ്മയുടെ പരാതി.

‘ അവര്‍ പറഞ്ഞത് കുറ്റവാളികള്‍ എത്രയും വേഗം അറസ്റ്റിലാകുമെന്നാണ്, പക്ഷേ ഇതുവരെ ഒരാളെയാണ് പിടികൂടിയിരിക്കുന്നത്. ആശുപത്രിയിലുള്ള കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു തോന്നുന്നു. അതുകൊണ്ടാണ് പൊലീസ് നിരോധനാജ്ഞകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്’ ഡോക്ടറുടെ അമ്മ അവരെ കാണാനായി വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറയുന്ന പരാതികളാണിത്.

പൊലീസ് അന്വേഷണം കഴിവതും വേഗം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നതാണ് അമ്മയുടെ ആരോപണം. പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. ഉദ്യോഗസ്ഥര്‍ ഞങ്ങളോട് ഒട്ടും സഹകരിക്കുന്നില്ല. അവര്‍ നോക്കുന്നത് ഇതെത്രയും പെട്ടെന്ന് തീര്‍ക്കാനാണ്. കഴിയുന്നത്ര വേഗത്തില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തി മൃതദേഹം ദഹിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചുകൊണ്ടിരുന്നത്’ ഡോക്ടറുടെ അമ്മയുടെ വാക്കുകള്‍.

കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയായ സോദ്പൂരാണ് കൊല്ലപ്പെട്ട ഡോക്ടറുടെ നാട്. ഇവരുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബത്തെ സന്ദര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പരാതികളും സംശങ്ങളും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. ആര്‍ജി കര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് മകള്‍ക്ക് സംഭവിച്ച അത്യാഹിതത്തില്‍ പങ്കുണ്ടെന്നാണ് ദ വയറിന്റെ പ്രതിനിധിയോട് ഡോക്ടറുടെ പിതാവും, പിതൃസഹോദരന്റെ ഭാര്യയും പരാതിപ്പെടുന്നത്. വനിത ഡോക്ടര്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ ജി കര്‍ ആശുപത്രിയിലെ ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒരാളല്ല, പലര്‍ ഈ ക്രൂരതയില്‍ പങ്കാളികളായുണ്ടെന്നാണ് അച്ഛന്‍ ആരോപിക്കുന്നത്. തന്റെ മകള്‍ പ്രവര്‍ത്തിച്ചിരുന്ന വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലും ഇതുവരെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അച്ഛന്‍ പറയുന്നു.

‘ ഇപ്പോള്‍ എട്ടോ ഒമ്പതോ ദിവസമായി, ഇതിനടയില്‍ ഒരു ദിവസം പോലും ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരാള്‍ പോലും ഞങ്ങളോട് സംസാരിച്ചിട്ടില്ല. ആരുടെ സംരക്ഷണയിലാണ് ഞാനവളെ അങ്ങോട്ടേക്ക് അയച്ചത്? മകള്‍ കൊല്ലപ്പെട്ട ദിവസം പ്രിന്‍സിപ്പാള്‍ എന്നോട് വിളിച്ചു പറഞ്ഞത് അദ്ദേഹത്തിന്റെ മുറിയില്‍ ചെന്ന് കാണാനായിരുന്നു.

മകള്‍ക്ക് സംഭവിച്ച ദുരന്തമറിഞ്ഞ് എത്തിയ തങ്ങളെ മൃതദേഹം കാണിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ ആദ്യം സമ്മതിച്ചില്ലെന്ന പരാതിയും ഈ അച്ഛന്‍ ഉയര്‍ത്തുന്നുണ്ട്. പലതവണ അപേക്ഷിച്ചെങ്കിലും മൂന്നു മണിക്കൂറോളം തങ്ങളെ മൃതദേഹം കാണുന്നതില്‍ നിന്നും തടഞ്ഞു വച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി.

‘ ഞങ്ങളുടെ ഒരേയൊരു മകളുടെ മൃതശരീരം കാണാന്‍ വേണ്ടി കാത്തിരിക്കേണ്ടി വന്നത് മൂന്നു മണിക്കൂറാണ്. ഞാനവരോട് യാചിച്ചുകൊണ്ടേയിരുന്നു. എന്റെ കുഞ്ഞിന്റെ മുഖമൊന്ന് കാണാന്‍ വേണ്ടി അവരോട് മുട്ട് കുത്തി യാചിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അന്വേഷണം നടക്കട്ടെ, ഞാനതിലൊന്നും ഇടപെടില്ല, എനിക്കെന്റെ മകളുടെ മുഖം ഒരു വട്ടമൊന്നു കണ്ടാല്‍ മതിയെന്ന് അവരോട് ആപേക്ഷിച്ചപ്പോള്‍, അകത്തേക്ക് പോകാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് തന്നത്’ ഡോക്ടറുടെ അമ്മ ദ വയറിനോട് പറയുന്നു.

Post Thumbnail
കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം ; പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതിവായിക്കുക

മകള്‍ പ്രവര്‍ത്തിച്ചിരുന്ന ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ തങ്ങളോട് ബന്ധപ്പെടാതിരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്തുകൊണ്ടാണ് ഒരാള്‍ പോലും ഞങ്ങളോട് സംസാരിക്കാത്തത്, ആരാണ് അവരെ തടയുന്നത്? എന്റെ മകള്‍ ആ മുറിയില്‍ ഉണ്ടെന്ന് പുറത്തു നിന്നുള്ളവര്‍ക്ക് എങ്ങനെയാണ് അറിയാന്‍ കഴിയുക? ഇന്നീ ദിവസം വരെ അവര്‍ക്കൊരാള്‍ക്ക് പോലും ഞങ്ങളോട് അവരുടെ ഐകദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോലും തോന്നിയിട്ടില്ല” പിതാവ് നിരാശയോടെ പറയുന്നു.

കൊല്‍ക്കത്ത പൊലീസില്‍ നിന്നും അന്വേഷണ ചുമതല സിബിഐയെ ഏല്‍പ്പിച്ചതില്‍ കുടുംബം സംതൃപ്തരാണ്. ഓഗസ്റ്റ് 13 നാണ് കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. അന്വേഷണം മുന്നോട്ടു പോകുന്നത് സാവധാനമാണെങ്കിലും സ്ഥിരതയോടെയാണ്, നീതി കിട്ടുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്; ഡോക്ടറുടെ അച്ഛന്‍ പറയുന്നു.

രാജ്യ വ്യാപകമായി തന്റെ മകള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് വാക്കുകളില്ലെന്നും പിതാവ് പറയുന്നു. എന്റെ മകള്‍ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടര്‍മാരും മറ്റുള്ളവരും എല്ലാവരും എന്റെ മക്കള്‍ തന്നെയാണ്. എനിക്ക് ഒരു മകളെ നഷ്ടപ്പെട്ടു, പക്ഷേ ഇപ്പോള്‍ ലക്ഷക്കണക്കിന് മക്കള്‍ എനിക്കൊപ്പമുണ്ട്. അവരോട് നന്ദി പറഞ്ഞ് അവരുടെ പ്രയത്‌നങ്ങളെ കുറച്ചു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരെല്ലാവരും തന്നെ എന്റെ സ്വന്തം മക്കളാണ്’ പിതാവ് പറയുന്നു.

മകള്‍ വീട്ടില്‍ നിന്നായിരുന്നു ആശുപത്രിയില്‍ പോയി വന്നിരുന്നതെന്നാണ് അമ്മ ദ വയറിനോട് പറയുന്നത്. അവള്‍ ഒരിക്കല്‍ പോലും അവിടെ പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ല. ഒരുപക്ഷേ ഞങ്ങള്‍ വിഷമിക്കേണ്ടെന്നു കരുതി പറയാതിരുന്നതുമാകാം, അമ്മ പറയുന്നു.

‘ അവള്‍ പുതിയൊരു കാര്‍ വാങ്ങിയിട്ട് കഷ്ടിച്ച് നാല് മാസമെ ആയിട്ടുള്ളൂ. ആ കാറിലായിരുന്നു ആശുപത്രിയില്‍ പോയി വന്നുകൊണ്ടിരുന്നത്. സ്വര്‍ണ മെഡലോടു കൂടി എംഡി പാസാകണം എന്നായിരുന്നു അവളുടെ ആഗ്രഹം. പഠനത്തില്‍ സമര്‍ത്ഥയായ കുട്ടിയായിരുന്നു’ ഡോക്ടറുടെ പിതൃസഹോദരന്റെ ഭാര്യ പറയുന്ന കാര്യങ്ങളാണിവ.

ഓഗസ്റ്റ് എട്ടാം തീയതി രാത്രി 11.15 നാണ് ഡോക്ടര്‍ അവസാനമായി അമ്മയെ വിളിക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും, അമ്മ കിടക്കാന്‍ പോകുന്നതിന് മുമ്പ് മറക്കാതെ മരുന്നുകള്‍ കഴിക്കണമെന്നും അവള്‍ ഓര്‍മിപ്പിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ 10.53 ന് അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ച് അവളുടെ അമ്മയോട് പറഞ്ഞത്, മോള്‍ക്ക് സുഖമില്ലെന്നും ആശുപത്രി വരെ വരണമെന്നുമായിരുന്നു. അത്രമാത്രം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ചേച്ചി(ഡോക്ടറുടെ അമ്മ) വീണ്ടും ആ നമ്പരിലേക്ക് വിളിച്ചു. മോള്‍ക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തിരിച്ചു ചോദിച്ചത്, ഞാന്‍ ഡോക്ടറാണോ എന്നായിരുന്നു. അവളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോവുകയാണെന്നും ഡോക്ടര്‍ കാര്യങ്ങള്‍ പറയുമെന്നായിരുന്നു. ചേച്ചി വീണ്ടും വിളിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത്, മോള്‍ ആത്മഹത്യ ചെയ്‌തെന്നാണ്’ പിതൃസഹോദര ഭാര്യ പറയുന്നു.

Post Thumbnail
മാത്യു പെറിയുടെ മരണം; ഹോളിവുഡിലെ കെറ്റാമൈൻ ക്വീൻ ജസ്വീൻ സംഗവായിക്കുക

ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ളൊരാളായിരുന്നു ഡോക്ടര്‍ എന്നാണ് ഇവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ ദ വയറിനോട് പറഞ്ഞത്. പല രോഗികളെയും അവള്‍ സൗജന്യമായി പരിശോധിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന സമരം അവള്‍ക്ക് വേണ്ടി മാത്രമല്ല, ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി വേണ്ടിയാണ്, ഞങ്ങള്‍ക്ക് നീതി വേണം’ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ പറയുന്നു.  kolkata rape and murder case junior doctor parents allegations against hospital and chief minister mamata banerjee

Content Summary; kolkata rape and murder case junior doctor parents allegations against hospital and chief minister mamata banerjee

×