കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്ങിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാർത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവിൽ ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൈയ്യും കാലും കെട്ടിയിട്ടായിരുന്നു മർദനം.
ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എൻപി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരെയും സസ്പെൻറ് ചെയ്തിട്ടുണ്ട്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്.
അതേസമയം, കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിവേഗത്തിൽ റിപ്പോർട്ട് സർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
ഒന്നാംവർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതി. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
20 വർഷങ്ങൾക്ക് മുന്നേയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച എസ്.എം.ഇ റാഗിങ് നടന്നത്. 2005 ഒക്ടോബർ 21നായിരുന്നു കോട്ടയം ഗാന്ധി നഗറിലെ എസ്എംഇ സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ സംഭവം നടന്നത്. ഒന്നാം വർഷക്കാരിയായ ബി.എസ്.സി. നേഴ്‌സിങ്ങ് വിദ്യാർഥിനി തന്റെ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ഏകദേശം നാലുമണിയോടുകൂടി രണ്ടാം നിലയിൽ നിന്നും കോണിപ്പടി ഇറങ്ങി വരുമ്പോൾ മൂന്നാം വർഷ വിദ്യാർഥികളായ പ്രതികൾ വഴിയിൽ തടയുകയും അവളോട് മോശമായി പെരുമാറുകയും പരിഹസിക്കുകയും അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരിയെ റാഗിങ്ങിന് എന്ന വ്യാജേന ഒന്നാം നിലയിലുള്ള മുറിയിലെ ഹിസ്‌റ്റോപാത്തോളജി ലാബിലേക്ക് കൊണ്ടുപോയ ശേഷം വാതിൽ അകത്തു നിന്ന് കുറ്റിയിടുകയും തുടർന്ന് മയക്കുമരുന്ന് കലർന്ന ലഡ്ഡു ബലമായി കഴിപ്പിക്കുകയും ചെയ്തു. പിന്നീട് ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ ലാബിലെ ബെഞ്ചിൽ കിടത്തി പ്രായപൂർത്തിയാകാത്ത ആ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. ആ സമയത്ത് നാല് മുതൽ ആറ് വരെയുള്ള പ്രതികൾ പാത്തോളജി ലാബിനു മുന്നിലും, കോണിപ്പടിയിലും മറ്റാരും ലാബിന്റെ ഉള്ളിലേക്ക് കടക്കാതിരിക്കാനായി കാവൽ നിൽക്കുകയും ചെയ്തു. ഈ കേസിൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പലും ഡയറക്ടറും സംഭവമറിഞ്ഞെങ്കിലും അതിൽ അന്വേഷണം നടത്തുന്നതിലും പോലീസിനെയോ മജിസ്‌ട്രേറ്റിനെയും അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു. അതിനാലാണ് ഇവർ ഈ കേസിൽ യഥാക്രമം ഏഴും എട്ടും പ്രതികളായി ചേർക്കപ്പെട്ടത്.
ഇത് റാഗിങ് എന്നതിനപ്പുറം റാഗിങിന്റെ മറവിൽ നടന്ന ക്രൂര ബലാത്സംഗമായിരുന്നു എന്നത് മലയാളികളുടെ മനസ് മരവിപ്പിച്ചിരുന്നു.
സംഭവം നടന്ന് 20 വർഷങ്ങൾ പിന്നിട്ടിട്ടും ശക്തമായ നിയമങ്ങൾ നിലവിലുണ്ടായിട്ടും റാഗിങ് ഇപ്പോഴും ക്യാമ്പസുകളിൽ ഒരു കുറവുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്.
പഠിക്കുക, ഉയരങ്ങൾ കീഴടക്കുക എന്ന ലക്ഷ്യത്തോടെ കേരളം വിട്ട് പുറത്ത് പോകുന്ന വിദ്യാർഥികൾ ധാരാളമാണ്. എന്നാൽ അന്യസംസ്ഥാനങ്ങളിലെ പല ക്യാമ്പസുകളിലും റാഗിങിനിരയായി മരണപ്പെട്ട നിരവധി മലയാളി വിദ്യാർഥികളുണ്ട്. ഒരു കാലത്ത് കേരളത്തിന് പുറത്ത് പോയി പഠിക്കുന്നതിനെ റാഗിങ് ഭയപ്പെട്ട് മാത്രം തടഞ്ഞിരുന്ന മാതാപിതാക്കളുമുണ്ട്.
ലോകത്ത് പലയിടങ്ങളിലും റാഗിങ്ങിൻ്റെ പല രൂപങ്ങൾ ഉണ്ട്. യുഎസിലെ ഹേസിങ് ഇതിന് ഉദാഹരണമാണ്. സ്പോർട്സ് അക്കാദമികളിലും ചില ക്ലബ്ബുകളിലും ഗ്രൂപ്പുകളിലും ഫ്രറ്റേണിറ്റി, സൊറോറിറ്റി ഹൗസുകളിലുമെല്ലാം ഇത്തരം പ്രവർത്തനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യ, പാക്കിസ്ഥ്‌ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവരടങ്ങിയ ദക്ഷിണേഷ്യയിൽ റാഗിങ് വ്യാപകമായുണ്ട്. അതിശക്തമായ വിദ്യാഭ്യാസരംഗമുള്ള ഇന്ത്യയിൽ റാഗിങ്ങിനെതിരെ ശക്തമായ നിയമനിർമാണങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളായ ഐഐടികളിലും മെഡിക്കൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലുമൊക്കെ റാഗിങ് റിപ്പോർട്ട് ചെയ്‌തത് പ്രശ്‌നത്തിന്റെ ഗൗരവം കാട്ടുന്ന വിഷയമാണ്.
2009ൽ ഡോ. രാജേന്ദ്രപ്രസാദ് സർക്കാർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു പത്തൊൻപതുകാരൻ അമൻ സത്യ കച്ചാരോ സീനിയേഴ്‌സിന്റെ ക്രൂരമർദനത്തിനിരയായി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങി. പഠനത്തിൽ മിടുക്കനും വീട്ടുകാരുടെ ഏക പ്രതീക്ഷയുമായിരുന്നു അമൻ.
ഒരുപക്ഷേ പ്രഗത്ഭനായ ഡോക്ടറാകേണ്ടിയിരുന്ന യുവാവിനെ മാത്രമല്ല ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമാണ് അമന്റെ മരണത്തോടെ ഇല്ലാതായത്. ശക്തമായ പ്രതിഷേധങ്ങളാണ് ഈ സംഭവം മൂലം അന്ന് രാജ്യത്തുണ്ടായത്. നിയമനടപടികളുമായി ഒരംശം പോലും തളരാതെ ശക്തമായി മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു അമന്റെ പിതാവ്, രാജേന്ദ്ര കച്ചാരോ. പ്രതിഷേധങ്ങൾ ഫലം കണ്ടു. സർക്കാരിന് വലിയ സമ്മർദ്ദമുണ്ടായി. കേസിൽ പ്രതികളായ നാല് വിദ്യാർഥികൾക്ക് നാല് വർഷം ജയിൽ ശിക്ഷയും പിഴയും കോടതി വിധിച്ചു. മകന്റെ ഓർമയ്ക്കായി രാജ്യത്തുടനീളം റാഗിങ്ങിഗിന് ഇരയാകുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ‘അമൻ മൂവ്മെന്റ്’ എന്ന റാഗിങ് വിരുദ്ധ സന്നദ്ധ സംഘടനയ്ക്കും രാജേന്ദ്ര കച്ചാരോ രൂപം നൽകി.
2009ൽ റാഗിങ്ങിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് കേരള ഡി.ജി പി. ഒരു സർക്കുലർ ഇറക്കുകയുണ്ടായി (സർക്കുലർ നമ്പർ 26/2009). ഇത് പ്രകാരം ഓരോ വിദ്യാഭ്യാസ സ്ഥാപനവും ചെയ്‌തിരിക്കേണ്ട സൗകര്യങ്ങളെ പറ്റി വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ സർക്കുലർ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ആന്റി റാഗിങ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണ്. ഇതിൽ സിവിൽ പോലീസ് അഡ്‌മിനിസ്ട്രേഷൻസ്, ലോക്കൽ മീഡിയ, എൻ.ജി.ഒ എന്നിവയും കൂടാതെ പ്രസ്തുത ഇൻസ്റ്റിറ്റ്യൂഷനിലെ അദ്ധ്യാപക പ്രതിനിധികൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ, വിദ്യാർഥികളുടെ പ്രതിനിധികൾ എന്നിവയും ഉണ്ടായിരിക്കണം എന്ന് പറയുന്നു. സ്ഥലം സർക്കിൾ ഇൻപെക്‌ടറും ഈ കമ്മിറ്റിയിൽ എക്‌സ് ഒഫീഷ്യോ മെമ്പറാണ്.
കൂടാതെ പ്രധാന അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ ഒരു ആന്റി റാഗിങ് സ്ക്വാഡ് രൂപീകരിക്കണമെന്നും പറയുന്നു. ഈ കമ്മിറ്റിയോട് സമയാ സമയങ്ങളിൽ ഹോസ്റ്റലിലും മറ്റു സ്ഥലങ്ങളിലും റാഗിങ് തടയാനായി കർശന പരിശോധനകൾ നടത്തുവാനായും സർക്കുലറിൽ പറയുന്നുണ്ട്. കൂടാതെ റാഗിങ് ഒഴിവാക്കാനായുള്ള സുപ്രധാനമായ പല നിർദ്ദേശങ്ങളും സർക്കുലറിൽ കാണാവുന്നതാണ്.
ഒരു വ്യക്തിയോ, വ്യക്തികളോ മറ്റൊരാളെ ദ്രാഹിക്കുന്ന ബുള്ളിയിങ്ങിൽ പെട്ടതാണ് റാഗിങ്. എന്നാൽ, റാഗിങ് വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അവരുടെ കംഫർട്ട് സോൺ പൊളിച്ച് അവരെ കൂടുതൽ കരുത്തുള്ളവരാക്കുമെന്നൊക്കെയാണ് ഒരു വിഭാഗം ആളുകളുടെ ചിന്താഗതി. വിദ്യാർഥികളിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവരെ മാനസികമായി ശക്തിപ്പെടുത്തുന്നതിനും മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്.
കേരള റാഗിങ് നിരോധന നിയമം 1998
സാമൂഹിക വിപത്തായ റാഗിങ്ങിന് എതിരെ കേരള നിയമസഭ 1998 കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ് നിരോധന നിയമം 1998. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. 1998 ലാണ് പാസാക്കിയതെങ്കിലും മുൻകാല പ്രാബല്യം നൽകിയത് വഴി 1997 ഒക്ടോബർ 23 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുക എന്നതാണ് ഈ നിയമത്തിന്റെ ഉദ്ദേശം.
ആകെ 9 വകുപ്പുകൾ മാത്രമേ ഈ നിയമത്തിൽ പറയുന്നുള്ളൂ എങ്കിലും അതിൽ വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളും അടങ്ങിയിരിക്കുന്നു.
പരാതി നൽകാം
റാഗിങ്ങിനെക്കുറിച്ചുള്ള ഒരു പരാതി ലഭിച്ചുകഴിഞ്ഞാൽ അതിൽ ഏഴു ദിവസത്തിനകം അന്വേഷണം നടത്തേണ്ടതാണ്. പരാതി ശരിയാണെന്ന് ബോധ്യമായാൽ ആരോപണവിധേയനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും പരാതി പോലീസിന് കൈമാറുകയും വേണം എന്ന് ഈ നിയമത്തിൻ്റെ വകുപ്പ് 6 (1) ൽ പറയുന്നു. പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യമായാൽ ഈ വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കണം എന്നും വകുപ്പ് 6 (2) പറയുന്നു.
ശിക്ഷാവിധികൾ
റാഗിങ് നടത്തിയ വിദ്യാർഥിക്ക് അത് തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴ ശിക്ഷയായും വരെ ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർന്ന് പഠിക്കുവാൻ സാധിക്കുന്നതല്ലെന്ന് വകുപ്പ് 4, വകുപ്പ് 5 എന്നിവയിൽ പറയുന്നു.
content summary; Ragging is a serious offense, and Kerala has witnessed a disturbing rise in such cases. Despite strict prohibitions and severe penalties, ragging continues to plague the state.