June 04, 2026 |

പ്രണയിച്ച് വിവാഹം കഴിച്ചവളോട് ആഭിചാരത്തിന്റെ പേരില്‍ കൊടുംക്രൂരത

‘ഇതിന് മുമ്പ് ഇങ്ങനെയൊരു സംഭവം ആ കുടുംബത്തിൽ ഉണ്ടായതായി പോലും ആരും പറഞ്ഞ് കേട്ടിട്ടില്ല’

കോട്ടയത്ത് ദുർമന്ത്രവാദത്തിൻ്റെ പേരിൽ യുവതിയുടെ വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പെള്ളിക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടൽ മാറാതെ മണർകാട് സ്വദേശികൾ. കുടുംബത്തെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നുവെന്നും ആഭിചാരക്രിയകൾ പോലുള്ള അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തിയിരുന്ന കുടുംബമാണെന്ന് അറിയില്ലായിരുന്നുവെന്നും മണർകാട് വാർഡ് മെമ്പർ അഴിമുഖത്തോട് പറഞ്ഞു.

‘എനിക്ക് വളരെ അടുത്തറിയാവുന്ന കുടുംബമായിരുന്നു. പെൺകുട്ടിയുടെ ഭർത്താവായ അഖിൽദാസ് കോട്ടയത്തെ ഒരു ഓട്ടോമൊബൈൽ വർക് ഷോപ്പിലാണ് ജോലി ചെയ്യുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. കുടുംബം ഇത്തരം അന്ധവിശ്വാസങ്ങൾ കൊണ്ട് നടക്കുന്നവരാണെന്ന തരത്തിൽ ഒരു സംശയവും ഇതുവരെയും തോന്നിയിട്ടില്ല. അത് തന്നെയാണ് ഇവിടെത്തെ പ്രദേശവാസികളിൽ ഞെട്ടലുണ്ടാക്കിയതും. അയൽവാസികൾക്കൊന്നും തന്നെ അവരെക്കുറിച്ച് പ്രശ്നമായി ഒന്നും ചൂണ്ടിക്കാണിക്കാനില്ല. ഇതിന് മുമ്പ് ഇങ്ങനെയൊരു സംഭവം ആ കുടുംബത്തിൽ ഉണ്ടായതായി പോലും ആരും പറഞ്ഞ് കേട്ടിട്ടുമില്ല. ഓരോ ആവശ്യങ്ങൾക്കായി പല തവണ അഖിൽദാസിൻ്റെ അമ്മ എന്നെ വിളിക്കുമായിരുന്നു. അപ്പോഴെല്ലാം വളരെ സ്നേഹത്തോടെയും പക്വതയോടെയുമാണ് കാര്യങ്ങൾ സംസാരിച്ചിരുന്നത്. ആക്രമണം നേരിട്ട പെൺകുട്ടിയും അവരുടെ ഭർത്താവും അമ്മയും അച്ഛനും അനിയനും ഒരു അനിയത്തിയുമാണ് വീട്ടിൽ താമസിക്കുന്നത്.

എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പൊലീസ് പറഞ്ഞ അറിവ് മാത്രമാണ് എനിക്കുമുള്ളത്. പെൺകുട്ടിയെ ആഭിചാരക്രിയ്ക്ക് കുടുംബം നിർബന്ധിച്ചുവെന്നും അനുസരിക്കാതിരുന്നപ്പോൾ വടി ഉപയോ​ഗിച്ച് മർദിച്ചുവെന്നുമാണ് പൊലീസ് അറിയിച്ചത്. പെൺകുട്ടിക്ക് മദ്യം നൽകിയെന്നും വായിൽ ഭസ്മം കുത്തിനിറച്ചുവെന്നും അറിയാൻ കഴിഞ്ഞു. ഞങ്ങൾ എല്ലാവരും ഷോക്കിലാണ്. ഇങ്ങനെയൊരു നീചമായ സംഭവം നമ്മുടെ നാട്ടിൽ തന്നെ ആദ്യമായിട്ടാണ് സംഭവിക്കുന്നത്. ആ പെൺകുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾക്കെല്ലാവർക്കും ദുഖമുണ്ട്.

പെൺകുട്ടിയെ ഇപ്പോൾ പിതാവ് അവരുടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കോട്ടയം പോലൊരു ജില്ലയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത് ഇവിടത്തെ ജനങ്ങൾ എന്ന നിലയിൽ വലിയ നാണക്കേടും വിഷമവും ഉണ്ടാക്കുന്ന കാര്യമാണ്. നാട്ടുകാരെല്ലാം തന്നെ ഞെട്ടലിൽ തന്നെയാണ്’, മണർകാട് വാർഡ് മെമ്പർ അഴിമുഖത്തോട് പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് മണർകാട്ടിലെ മറ്റ് പ്രദേശവാസികളോട് വിവരങ്ങൾ തിരക്കിയെങ്കിലും ആരും പറയാൻ തയ്യാറായിരുന്നില്ല. സംഭവം നടന്ന വീടിനടുത്ത് താമസിക്കുന്നവർ പോലും കുടുംബത്തെക്കുറിച്ച് തങ്ങൾക്കറിയില്ലെന്നും ഇതിനെക്കുറിച്ച് ഒന്നും പറയാൻ താൽപര്യമില്ലെന്നുമാണ് അഴിമുഖത്തോട് പറഞ്ഞത്.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണം നേരിട്ട യുവതിക്ക് മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ ബാധിച്ചിട്ടുണ്ട് എന്ന് ഭർത്താവിന്റെ അമ്മയുടെ വാക്കുകളിൽ വിശ്വസിച്ചാണ് ആഭിചാരക്രിയ നടത്തിയത്. യുവതിയെ ചികിത്സിക്കാനെന്ന പേരിൽ ആഭിചാരക്രിയ നടത്തുന്നതിനായി ഭർത്താവിന്റെ അമ്മ തന്നെ ആളെ വിളിച്ചു വരുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടാം തീയതി രാവിലെ 11 മണി മുതൽ തുടങ്ങിയ പീഡനം രാത്രി ഒമ്പത് മണിവരെ നീണ്ടുനിന്നു. ആഭിചാരക്രിയയുടെ ഭാഗമായി യുവതിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ചെയ്തു. ഇതിന് പുറമെ, യുവതിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കേസിൽ ഭർത്താവും ഭർതൃപിതാവുമടക്കം മൂന്ന് പേരെ മണർകാട് പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി ശിവദാസ് (ആഭിചാരക്രിയ നടത്തിയയാൾ), യുവതിയുടെ ഭർത്താവായ മണർകാട് സ്വദേശി അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരാണ് പിടിയിലായത്.

Content Summary: kottayam witchcraft case; Manarcad residents remain in shock

Leave a Reply

Your email address will not be published. Required fields are marked *

×