മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനൽ കമ്ര. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് കുനൽ കമ്ര മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയത്. സ്റ്റാൻഡപ്പ് കോമഡിയ്ക്കും ആക്ഷേപ ഹാസ്യത്തിനും പേരുകേട്ട കുനാൽ കമ്രയുടെ ഷിൻഡെയ്ക്കെതിരെയുള്ള അപകീർത്തപരമായ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന തമിഴ്നാട്ടിലെ വില്ലുപുരം പട്ടണത്തിലെ സ്ഥിര താമസക്കാരനായതിനാലാണ് കുനാൽ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുന്ദർ മോഹൻ മുമ്പാകെ കേസിന്റെ അടിയന്തര പരാമർശം നടന്നതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
ബിഎൻഎസ് സെക്ഷൻ 353(1)(ബി), 353(2) പൊതുസ്ഥലത്തെ മോശമായ പെരുമാറ്റം 356(2) അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം കമ്രയ്‌ക്കെതിരെ ശിവസേന എംഎൽഎ മുറാജി പട്ടേൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ പിന്നീട് മുംബൈയിലെ ഖാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഏക്നാഥ് ഷിൻഡെ രാജ്യദ്രോഹി എന്ന് പരാമർശിച്ചു കൊണ്ടുള്ള കുനാലിന്റെ പാരഡി ഗാനം ശിവ്സേന അംഗങ്ങളെ പ്രകോപിതരാക്കിയിരുന്നു. തുടർന്ന് ശിവ്സേന പ്രവർത്തകർ കുനാൽ കമ്ര സ്റ്റാൻഡപ്പ് കോമഡി അവതരിപ്പിച്ച മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചു തകർക്കുകയും അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് കേസ് നൽകുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പൊലീസ് രണ്ടു വട്ടം സമൻസ് അയച്ചിട്ടും കമ്ര ഹാജരായിട്ടില്ല. പാർട്ടി അംഗങ്ങൾ തനിക്കെതിരെ വധഭീഷണി നടത്തിയതായി ആരോപിച്ചാണ് കമ്ര ഹാജരാവാൻ വിസമ്മതിച്ചത്. പുതുച്ചേരിയിലാണ് നിലവിൽ കുമ്ര ഉള്ളതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനം. കമ്രയ്ക്കെതിരെയുള്ള അക്രമങ്ങൾക്ക് താൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഷിൻഡെ വ്യക്തമാക്കി. എന്നാൽ, കമ്രയുടെ പരാമർശം അത്ര നല്ലതായി തോന്നിയില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
നയ ഭാരത് എന്ന പരിപാടിയിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കവെയാണ് കമ്ര ഷിൻഡെയ്ക്കെതിരെ വിവാദ പരാമർശം നടത്തുന്നത്. ഷിൻഡെയുടെ രൂപത്തെയും മുഖ്യമന്ത്രി ഫഡ്നാവിസുമായുള്ള ബന്ധത്തെയും പരിഹസിച്ചു കൊണ്ടായിരുന്നു കമ്രയുടെ പാട്ടിന്റെ വരികൾ. മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണ് കമ്രയുടെ പരാമർശമെന്ന് ശിവ്സേന നേതാവ് രാഹുൽ കനാൽ ആരോപിച്ചിരുന്നു. കമ്രയുടെ പരാമർശം മോശമാണെന്നും അപകീർത്തിപ്പെടുത്തിയ നടപടിയ്ക്കെതിരെ മാപ്പു പറയണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു എന്നാൽ മാപ്പ് പറയാൻ താൻ തയ്യാറല്ലെന്നാണ് കമ്ര ഇതിന് മറുപടി നൽകിയത്. ആവിഷ്കാര സ്വാതന്ത്ര്യം ആണ് വിനിയോഗിച്ചത് അതിന്റെ പേരിൽ മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് കമ്ര വ്യക്തമാക്കി. കേസിൽ പൊലീസിനോടും കോടതിയോടും സഹകരിക്കാൻ താൻ തയ്യാറാണെന്നും കമ്ര വ്യക്തമാക്കിയിരുന്നു. എന്നാൽ മുംബൈയിലെ സ്റ്റുഡിയോ അടിച്ച് തകർത്തവർക്കെതിരെ കേസെടുക്കണമെന്നും കമ്ര ആവശ്യപ്പെട്ടു.
Content Summary: Kunal Kamra files anticipatory bail plea for controversial remarks against Shinde
Kunal Kamra eknath shinde