June 04, 2026 |
Share on

യുക്രെയ്ന് വീണ്ടും ആയുധം നൽകാൻ യുഎസ്: ഉപരോധ ഭീഷണി തള്ളി റഷ്യ

ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുക്രെയ്ൻ

കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന യുഎസ് സൈനിക ഉപകരണങ്ങൾ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന ഡോണാൾഡ്‌ ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുക്രെയ്ൻ ഭരണകൂടം. അതേസമയം, രാജ്യത്തിനെതിരായ ഉപരോധ ഭീഷണിയെ റഷ്യൻ ഉദ്യോഗസ്ഥർ തള്ളി. വൈറ്റ് ഹൗസിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, പാട്രിയറ്റ് വിമാനവിരുദ്ധ ബാറ്ററികളും ഇന്റർസെപ്റ്റർ മിസൈലുകളും അയക്കാനുള്ള തീരുമാനം ട്രംപ് അറിയിച്ചത്. ജർമ്മനിയുടെയും മറ്റ് നാറ്റോ പങ്കാളികളുടെയും ധനസഹായത്തോടെ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ പാട്രിയറ്റ് സംവിധാനങ്ങൾ എത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യുക്രെയ്‌ന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള സുപ്രധാന സഹായമാണ് ഇത്. യുക്രെയ്നിൽ നിലവിൽ ആറ് പാട്രിയറ്റ് ബാറ്ററികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ് വിവരം. സൈനിക ഉപകരണങ്ങൾ നൽകാനുള്ള തീരുമാനത്തിൽ ഡോണാൾഡ്‌ ട്രംപിന് നന്ദി അറിയിച്ച് യുക്രെയ്ൻ നേതാവ് വ്ലാഡിമിർ സെലൻസ്കി രംഗത്തെത്തിയിരുന്നു.

“നമ്മുടെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് പിന്തുണ നൽകാനുള്ള സന്നദ്ധതയ്ക്ക് പ്രസിഡന്റ് ട്രംപിനോട് ഞാൻ നന്ദിയുള്ളവനാണ്,” സെലെൻസ്‌കി തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. യുഎസിന്റെ യുക്രെയ്നിലെ പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗുമായി നടത്തിയ ചർച്ചയെക്കുറിച്ചും സെലെൻസ്‌കി പരാമർശിച്ചു. യുക്രെയ്‌നിന്റെ ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിൽ അംഗമായ ആൻഡ്രി കൊവാലെങ്കോയും തീരുമാനത്തെ സ്വാഗതം ചെയ്തു.

ഫെബ്രുവരിയിൽ ട്രംപുമായി ഓവൽ ഓഫീസിൽ വെച്ച് സെലെൻസ്‌കി നടത്തിയ കൂടിക്കാഴ്ച വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നാടകീയമായ സംഭവങ്ങളായിരുന്നു അന്ന് ചർച്ചയിൽ അരങ്ങേറിയത്. കൂടിക്കാഴ്‌ചയിൽ ഇരുവരും തമ്മിൽ വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായതായും, സെലെൻസ്‌കി അമേരിക്കയെ അനാദരിച്ചു എന്നതടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു.

50 ദിവസത്തിനുള്ളിൽ റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയോടൊപ്പം യുക്രെയ്‌നുള്ള പുതിയ പാക്കേജ് റഷ്യയെ യുദ്ധം നിർത്താൻ പ്രേരിപ്പിക്കുമോ എന്ന സംശയത്തിന് ഇട നൽകുന്നുണ്ട്. എന്നാൽ അത്തരം സാധ്യതകളെ തള്ളുകയാണ് ഒരു മുൻ യുക്രേനിയൻ സൈനിക ഉദ്യോഗസ്ഥൻ. സെലെൻസ്‌കിയുടെയും അദ്ദേഹത്തിന്റെ ഉന്നത സൈനിക സംഘത്തിന്റെയും പ്രമുഖ വിമർശകയായ സ്വതന്ത്ര എംപി മരിയാന ബെസുഹ്‌ല ട്രംപിന്റെ പ്രഖ്യാപനത്തെ വിമർശിച്ചു.

“യുക്രെയ്ൻ പിടിച്ചെടുക്കാൻ ട്രംപ് പുടിന് 50 ദിവസം കൂടി സമയം നൽകി,” എന്നാണ് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. റഷ്യൻ ഉദ്യോഗസ്ഥരും യുദ്ധ അനുകൂല ബ്ലോഗർമാരും ട്രംപിന്റെ ഉപരോധ ഭീഷണികളെ നിസ്സാരവത്കരിച്ചു.

“യുഎസ് പ്രസിഡന്റിന്റെ അന്ത്യശാസനം “ചൂടുള്ള വായു” പോലെയായാണ്, അദ്ദേഹത്തിന് അത് എളുപ്പത്തിൽ തിരിച്ചെടുക്കാൻ കഴിയും. 50 ദിവസത്തിനുള്ളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാം – യുദ്ധക്കളത്തിലും യുഎസിലും നാറ്റോയിലും അധികാരത്തിലിരിക്കുന്നവരുടെ മാനസികാവസ്ഥയിലും,” മുതിർന്ന റഷ്യൻ നിയമസഭാംഗമായ കോൺസ്റ്റാന്റിൻ കൊസാചേവ് ടെലിഗ്രാമിൽ എഴുതി.

ട്രംപിന് “അടുത്ത 50 ദിവസത്തിനുള്ളിൽ തന്റെ ‘അഭിപ്രായം’ പലതവണ മാറ്റാൻ കഴിയും” എന്നാണ് ക്രെംലിൻ അനുകൂല സൈനിക ബ്ലോഗറായ യൂറി പൊഡോല്യാക്ക ടെലിഗ്രാമിൽ പങ്കുവെച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷം 2.5% ത്തിലധികം നേട്ടമുണ്ടാക്കിയ റഷ്യയുടെ സ്റ്റോക്ക് സൂചികയും നിരൂപകർ ചൂണ്ടി കാട്ടി.

റഷ്യൻ തലസ്ഥാനത്ത് എത്താൻ കഴിയുന്ന ദീർഘദൂര മിസൈലുകൾ വിതരണം ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചേക്കുമെന്നാണ് റഷ്യൻ സ്റ്റേറ്റ് മാധ്യമങ്ങൾ അനുമാനിച്ചിരുന്നെങ്കിലും, നേരത്തെ റഷ്യയിൽ ഉണ്ടായ ആശങ്കയ്ക്ക് വിരുദ്ധമായിരുന്നു തീരുമാനത്തിലെ മാറ്റം. യുക്രെയ്‌നിലെ നഗരങ്ങളിൽ റഷ്യ കനത്ത ആക്രമണം നടത്തിയ സമയത്ത് സൈനിക പിന്തുണ അയയ്ക്കാൻ ട്രംപ് ഭരണകൂടം വൈകിയതിൽ യുക്രെയ്ൻ വലിയ നിരാശ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഏഴ് മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ യുക്രെയ്നിലുടനീളം 741 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് റഷ്യ വിന്യസിച്ചത്.

content summary: ukraine hails US weapons deal as russia dismisses Trump’s sanctions threat

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×