2024-ലെ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, തെരഞ്ഞെടുത്ത വിവരം ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിങ്കളാഴ്ച്ച ഔദ്യോഗികമായി അറിയിച്ചതിനെ തുടര്‍ന്ന് ചൂടുപിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ലോകപ്രശസ്തമായ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ കരസ്ഥമാക്കിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’നെ പോലും പിന്തള്ളി ലാപതാ ലേഡീസ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതെങ്ങനെ എന്ന ചോദ്യം പരക്കെ ഉയരുന്നുണ്ട്. എല്ലാ മേഖലകളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു സിനിമയാണ് ജൂറി നോക്കിയത് എന്നും ഇന്ത്യയെ ആഴത്തില്‍ രേഖപ്പെടുത്തുന്ന ‘ഇന്ത്യന്‍നസ്സ്’ ഉള്ള സിനിമ എന്ന രീതിയിലാണ് ലാപതാ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് എന്നും ഓസ്‌കാറിലേക്കുള്ള ഇന്ത്യന്‍ സിനിമ നിശ്ചയിക്കുന്ന ജൂറിയുടെ ചെയര്‍മാന്‍ ജാനു ബറുവ അഭിപ്രായപ്പെട്ടിരുന്നു.
2001 ലെ ഗ്രാമീണ ഇന്ത്യയിലെ പശ്ചാത്തലത്തില്‍, നിര്‍മല്‍ പ്രദേശ് എന്ന സാങ്കല്പിക പ്രദേശത്തിലൂടെ കടന്നുപോകുന്ന ഒരു ട്രെയിനില്‍ വിവാഹം കഴിഞ്ഞു ആദ്യമായി ഭര്‍തൃവീടുകളിലേക്ക് പോകുകയായിരുന്ന നവവധുമാരായ രണ്ടു സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം മാറിപ്പോകുന്നതാണ് ലാപതാ ലേഡീസ് സിനിമയുടെ കഥാതന്തു.
സ്വത്വം, ലിംഗഭേദം, സാമൂഹിക മാനദണ്ഡങ്ങള്‍ തുടങ്ങിയ ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന മനുഷ്യനും ഒരുപോലെ മനസിലാകുന്ന മാനുഷികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ലളിതമായ കഥപറച്ചില്‍ രീതിയിലൂടെയാണെങ്കിലും പല അടരുകളുള്ള, ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നുണ്ട്. നര്‍മം കലര്‍ത്തിയ ഭാഷയില്‍ അതിവൈകാരികമായ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അവതരണ ശൈലി വ്യത്യസ്തമാണ്. ചില സന്ദര്‍ഭങ്ങളില്‍ ചിരിപ്പിക്കുമ്പോഴും തൊട്ടടുത്ത നിമിഷത്തില്‍ സാമൂഹിക വ്യവസ്ഥയിലെ നീതികേടിനെക്കുറിച്ചും അത്തരമൊരു വ്യവസ്ഥക്ക് കീഴില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വത്വ
മില്ലായ്മപോലുള്ള ഗുരുതര സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിപ്പിക്കുവാന്‍ സാധിക്കുന്നുണ്ട് എന്നത് ഒരു കലാസൃഷ്ടി എന്ന നിലയില്‍ ഈ ചിത്രത്തിനെ ഉയര്‍ത്തുന്നുണ്ട്.
പ്രേക്ഷകരെ വൈകാരികമായി ഇടപെടുത്തിക്കൊണ്ട് സാമൂഹിക പ്രസക്തിയുള്ള കഥകള്‍ പറയുന്ന സിനിമകള്‍ക്കാണ് അക്കാദമി ഈയിടെയായി മുന്‍ഗണന നല്‍കുന്നത് എന്നാണ് ഈ അടുത്ത കാലങ്ങളില്‍ ഓസ്‌കാര്‍ നേടിയ വിദേശ സിനിമകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്. പാരസൈറ്റ് (ദക്ഷിണ കൊറിയ), റോമ (മെക്സിക്കോ) തുടങ്ങിയ സിനിമകള്‍ ഒരുപോലെ ആഗോള പ്രേക്ഷകരുടെയും അക്കാദമിയുടെയും ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ പുരുഷ കേന്ദ്രീകൃത സാമൂഹിക നീതിയിലും സമ്പ്രദായങ്ങളിലും ഇവിടുത്തെ ഗ്രാമീണ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ, നര്‍മം കലര്‍ത്തി ആക്ഷേപഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ലാപതാ ലേഡീസ് അക്കാദമിയുടെ താല്പര്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു സിനിമയായി കണക്കാക്കാം.
ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാമൂഹിക രീതികളോട് ഏറ്റവും ചേര്‍ന്ന് നിന്നുകൊണ്ട് കഥപറയുമ്പോഴും ലിംഗ അസമത്വം എന്ന ഒരു ആഗോള പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നു എന്നതും ഈ ചിത്രത്തിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നതായി തോന്നുന്നു.
ഒരു പുരുഷാധിപത്യ സമൂഹത്തില്‍ വഴിയില്‍വെച്ച് പരസ്പരം വെച്ചുമാറിപോകാന്‍ മാത്രം സ്വത്വം നഷ്ടപെട്ട, മറ്റേതൊരു ഭൗതിക വസ്തുവിനെപ്പോലെയും സമൂഹം നോക്കിക്കാണുന്ന, മുഖമില്ലാത്ത സ്ത്രീകളെ അവതരിപ്പിക്കുന്ന ഒരു ചലച്ചിത്രം, അത് കഥാപരിസരമായി ഏതൊരു സാംസ്‌കാരിക പശ്ചാത്തലത്തെ തന്നെ സ്വീകരിച്ചാലും അങ്ങനെയൊരു ചിത്രം മുന്നോട്ട് വെക്കുന്ന ആശയം തികച്ചും സാര്‍വത്രികമാണ് എന്നതും ഈ ചിത്രത്തെ ആഗോള പ്രേക്ഷകരിലേക്ക് എളുപ്പത്തില്‍ കടന്നു ചെല്ലാന്‍ സഹായിക്കുന്നു.
2024 ഇന്ത്യയെ സംബന്ധിച്ചൊരു സിനിമാവര്‍ഷം കൂടെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍സില്‍ ഒരു ഇന്ത്യന്‍ സിനിമ വിജയം കണ്ട വര്‍ഷമാണ്. അതും ഒരു സ്ത്രീ സംവിധായികയുടെ സിനിമ. അതെ വര്‍ഷം തന്നെ മറ്റൊരു സ്ത്രീ സംവിധായികയുടെ ചിത്രം ഇന്ത്യ ഓസ്‌കാറിന് അയക്കുന്നു. സ്വത്വം നഷ്ടപെട്ട് ജീവിച്ചു മരിച്ച ഒട്ടനവധി സ്ത്രീകളുടെ നാട്ടില്‍ നിന്നും സ്ത്രീകള്‍ നേടിയെടുക്കുന്ന ഇത്തരം മികച്ച വിജയങ്ങളേക്കാള്‍ മനോഹരമായ മറ്റെന്തുണ്ട്. laapataa ladies india’s official oscar entry
Content Summary; Laapataa ladies india’s official oscar entry