സ്‌കൂള്‍ കാലഘട്ടത്തില്‍ വായിച്ച, പേരോര്‍മ്മയില്ലാത്ത ഒരു പുസ്തകത്തിലെ മുഖ്യ കഥാപാത്രം കടലിന്റെ അടിത്തട്ടിലേക്ക് അന്തര്‍വാഹിനിയില്‍ യാത്ര ചെയ്യുന്ന ഭാഗം എന്റെ ഓര്‍മയില്‍ ആഴത്തില്‍ പതിഞ്ഞ ഒന്നാണ്. ഒരു കൊള്ളസംഘത്തലവന്‍ ആയിരുന്നു അയാള്‍ എന്നാണ് ഓര്‍മ. അതില്‍ പ്രതിപാദിച്ച സംഭവങ്ങളോ കഥയോ ഓര്‍മയില്ലെങ്കിലും മനസില്‍ മായാതെ കിടക്കുന്ന ചില ചിത്രങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും, ഗ്ലാസ് കൊണ്ടു നിര്‍മിതമായ ആ അന്തര്‍വാഹിനിയില്‍ ഇരുന്നു കൊണ്ടു കടലിന്റെ അടിത്തട്ടിലെ കാഴ്ചകള്‍ കാണുന്നത് – വര്‍ണശബളമായ മത്സ്യങ്ങളും കടല്‍ ജീവികളും. ആ പുസ്തകം വായിച്ചപ്പോള്‍ മുതല്‍ മനസില്‍ വേരുറച്ച ആഗ്രഹമായിരുന്നു കടലിന്റെ അടിത്തട്ടിലേക്കൊരു യാത്ര. എന്ത് കൊണ്ടോ ലക്ഷദ്വീപ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്ര സാധ്യമാക്കുന്ന ഒന്നുമായിരുന്നു. lakshadweep travelogue
നീല നിറം വിസ്മയം തീര്‍ക്കുന്ന തീരമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപില്‍ പോകണമെന്ന ആഗ്രഹത്തിനും കടലിനോടും കടല്‍തട്ടിലെ കാഴ്ചകളോടുള്ള ഭ്രമത്തിനും ഒരേ വയസാണ്. ലക്ഷദ്വീപില്‍ നിന്നും ഒരു സ്‌പോണ്‍സര്‍ ഇല്ലാതെ അവിടെ പോവുക സാധ്യമല്ല എന്നതായിരുന്നു ആദ്യത്തെ കടമ്പ. ഒറ്റയ്ക്കു ചുമ്മാ അങ്ങ് പോവാന്‍ സാധ്യമല്ല എന്ന ഒരൊറ്റ കാരണം കൊണ്ടു യാത്രയങ്ങിനെ നീണ്ടു നീണ്ടു പോയി. ഒടുവില്‍ Let’s Go For a Camp-ന്റെ സഹായത്തോടെയാണ് ലക്ഷദ്വീപ് യാത്ര സഫലമായത്. സ്‌പോണ്‍സര്‍, പെര്‍മിറ്റ് തുടങ്ങിയ നൂലാമാലകള്‍ എല്ലാം LGFC ടീം റെഡിയാക്കി തന്നു. അഗത്തി, ബംഗാരം, തിനകര, കല്പിട്ടി- ഇത്രയും ദ്വീപുകളില്‍ പോകാനുള്ള പെര്‍മിറ്റ് ആണ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത് എന്നറിയപ്പെടുന്ന മാസങ്ങളില്‍ ഒന്നായ ഫെബ്രുവരിയില്‍ ആണ് യാത്ര പ്ലാന്‍ ചെയ്തത് തന്നെ. കടല്‍മാര്‍ഗമുള്ള യാത്ര കൂടിയായാലേ ലക്ഷദ്വീപ് യാത്ര പൂര്‍ണമാവൂ എന്നുറപ്പുണ്ടായിട്ടും സമയക്കുറവ് കാരണം ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കേണ്ടി വന്നു.
ലോകത്തിലെ ഏറ്റവും മനോഹരമായ എയര്‍പോര്‍ട്ടുകളില്‍ ഒന്നാണത്രെ അഗത്തി എയര്‍പോര്‍ട്ട്. ഇരുവശത്തുമുള്ള കടലിനിടയിലായി ഒരു മണല്‍ത്തിട്ട. അതാണ് അഗത്തി എയര്‍പോര്‍ട്ട്. ഒരു കുഞ്ഞു എയര്‍പോര്‍ട്ട്. സഞ്ചാരികളെ ഊഷ്മളതയോടെ സ്വീകരിക്കുന്ന ദ്വീപു നിവാസികളെ അവിടെ മുതല്‍ നമ്മള്‍ കണ്ടു തുടങ്ങും. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങളെ കാത്തു സഹായി ജംഷിദ് ഒമ്‌നി കാറുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കഷ്ടിച്ച് മൂന്നു മിനിറ്റ് യാത്ര ചെയ്തപ്പോഴേക്കും താമസ സ്ഥലത്തു എത്തി, Sea shells Reosrt. ഓലയും ഓടും മേഞ്ഞ ഒറ്റ നില മുറികള്‍. താമസ സ്ഥലത്തിന് മുന്നിലും പിന്നിലും ബീച്ച് ഉണ്ട്. മുന്‍പില്‍ turquoise blue നിറമുള്ള കടല്‍ ആണെങ്കില്‍ പുറകില്‍ നീലക്കടല്‍. നീല നിറത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന നിറഭേദങ്ങള്‍. കുറച്ചു നേരം ഞങ്ങള്‍ അവിടെയൊക്കെ ചുറ്റി നടന്നു.
നടക്കുന്ന വഴിയില്‍ തൊട്ടടുത്ത കോമ്പൗണ്ടില്‍ കുറച്ചു സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടു. അവര്‍ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. വേലിയുടെ ഇരുവശത്തുമായി നിന്നു ഞങ്ങള്‍ കുറെ കൊച്ചു വര്‍ത്തമാനം പറഞ്ഞു. തേങ്ങ ചിരവിയിട്ട അവില്‍ തന്നു അവര്‍ ഞങ്ങളെ സല്‍ക്കരിച്ചു. ദ്വീപിന്റെ അങ്ങേയറ്റത്തു താമസിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ്. വണ്‍ ഡേ ട്രിപ്പിന് വന്നതാണ്. വെയില്‍ കനത്തു തുടങ്ങിയത് കൊണ്ടു അവരോടു യാത്ര പറഞ്ഞു ഞങ്ങള്‍ റൂമിലേക്ക് നടന്നു. നാലു മണിക്ക് പുറത്തു പോകാമെന്നാണ് ജംഷിദ് പറഞ്ഞിരുന്നത്. ഞങ്ങള്‍ മൂന്നു മണി ആയപ്പോഴേക്കും റെഡി ആയി താമസസ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന കുഞ്ഞു റെസ്റ്റോറന്റിന്റെ പരിസരത്തെത്തി. ഈ ഭാഗത്തെ ബീച്ചിന്റെ പേര് അന്താന്‍ എന്നാണ്. നിറയെ തെങ്ങുകള്‍ ആയതു കൊണ്ടു തണല്‍ ഉണ്ട്. പല തരം ഊഞ്ഞാലുകള്‍ ഉണ്ടവിടെ. ഞങ്ങള്‍ ഓരോരുത്തരും ഊഞ്ഞാലില്‍ കയറി പറ്റി. കാറ്റു കൊണ്ടു അങ്ങനെ കിടക്കാന്‍ നല്ല രസം.
അപ്പോഴേക്കും ജംഷിദ് എത്തി. അവിടുന്ന് ആദ്യം പോയത് മ്യൂസിയം കാണാനാണ്. ഒരു ചെറിയ മ്യൂസിയം ആണ്. അവിടെ സൂക്ഷിച്ചിരിക്കുന്നതില്‍ ഭൂരിഭാഗവും തദ്ദേശവാസികള്‍ ഒരു രണ്ടു തലമുറ മുന്‍പ് ഉപയോഗിച്ചിരുന്ന ഗൃഹോപകരണങ്ങള്‍ തന്നെയാണ്. പിന്നെ അവിടത്തുകാര്‍ വരച്ച ചിത്രങ്ങളും. പക്ഷേ എന്നെ അത്ഭുതപെടുത്തിയത് മറ്റൊന്നായിരുന്നു. ബുദ്ധപ്രതിമകളുടെ അവശിഷ്ടങ്ങള്‍. കേരളത്തിന്റെ ബുദ്ധ പാരമ്പര്യത്തെ കുറിച്ച് കുറെയേറെ വായിച്ചിട്ടുണ്ടെങ്കിലും ലക്ഷദ്വീപിന് ഒരു ബുദ്ധ പാരമ്പര്യം ഉണ്ടെന്നു അറിയില്ലായിരുന്നു. അരമണിക്കൂര്‍ കൊണ്ടു മ്യൂസിയം കണ്ടു തീര്‍ത്തു ഞങ്ങള്‍ പുറത്തിറങ്ങി. അവിടെ നിന്നും നേരെ പോയത് ഈസ്റ്റേണ്‍ ജെട്ടി കാണാനാണ്. കടപ്പുറത്തും റോഡരികിലുമായി ഒരുപാടു ആളുകളുണ്ട്. കൂട്ടം കൂടിയിരുന്നു സംസാരിക്കുന്നവര്‍. കരയെ ജെട്ടിയുമായി ബന്ധിപ്പിച്ചുള്ള പാലത്തിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. കടലിലേക്ക് നോക്കിയപ്പോള്‍ അടിത്തട്ടു വരെ കാണാം. എല്ലാവരും കടല്‍ നോക്കിയായി പിന്നീടുള്ള നടത്തം. ഇടയ്ക്ക് ഒരിടത്തു എത്തിയപ്പോള്‍ പല നിറത്തിലുള്ള മീനുകളെയും കൂടി കണ്ടപ്പോള്‍ എല്ലാവരുടെയും സന്തോഷം ഉച്ചസ്ഥായിയിലെത്തി. ജെട്ടിയില്‍ ഒരു ട്രാക്ടര്‍ നിര്‍ത്തിയിട്ടുണ്ട്. പിന്നെ ഓരോരുത്തര്‍ ആയി അതില്‍ കയറിയിരുന്നായി ഫോട്ടോ പിടുത്തം. നീല കടല്‍ ആണ് ചുറ്റും. അധികം താമസിയാതെ അസ്തമയം കാണാനായി ഞങ്ങള്‍ തൊട്ടടുത്തുള്ള ലഗൂണ്‍ ബീച്ചിലേക്ക് പുറപ്പെട്ടു.
വൈകുന്നേരങ്ങളില്‍ ദ്വീപ് നിവാസികളില്‍ വലിയൊരു വിഭാഗം ബീച്ചില്‍ എത്തുന്നുണ്ടെന്നു തോന്നി. കോഴിക്കോട് ബീച്ചിലും മറ്റുമുള്ളതു പോലെ വീശിയടിക്കുന്ന തിരമാലകള്‍ അല്ല ഇവിടത്തേത്. പവിഴപ്പുറ്റുകളുടെ നിര ഒരു മതിലുപോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ടു കരയിലേക്ക് എത്തുന്ന തിരമാലകള്‍ പൊതുവെ ശാന്തമായതാണ്. പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുനടക്കുന്ന ദ്വീപ് ആയതു കൊണ്ടു തന്നെ sandy beach അല്ല. കാല്‍ ആഴ്ന്നു പോകും. പൂഴിയില്‍ നടക്കുന്നത് സ്വതവേ ശ്രമകരമാണ്. ഇവിടത്തെ ബീച്ചിലൂടെയുള്ള നടത്തം അതിലും ശ്രമകരം. പെട്ടെന്ന് വെയില്‍ പോയി തണുത്ത കാറ്റു വീശി തുടങ്ങി. അടുത്തുള്ള ദ്വീപില്‍ പോയ പല ഷിപ്പുകളും തിരിച്ചു വരുന്നത് കാണാം. കടലില്‍ കുളിച്ചുകൊണ്ടിരിക്കുന്ന ആണ്‍കുട്ടികള്‍ ഈ ഷിപ്പുകള്‍ വരുന്നത് നോക്കി നിന്നു തഞ്ചത്തില്‍ ഷിപ്പിന്റെ പുറകുവശത്തു തൂക്കിയിട്ട കയറി പിടിച്ചു തൂങ്ങും വെള്ളത്തിലൂടെ കുതിച്ചു പായാന്‍. എന്തൊരു രസമായിക്കും അങ്ങനെ പോവാന്‍ എന്ന് കണ്ടിരിക്കെ തോന്നി. ഞങ്ങള്‍ ഈ കാഴ്ച നോക്കി നില്‍ക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു, അതുവരെ ഈ കുട്ടികള്‍ തൂങ്ങി കിടക്കുന്നത് ശ്രദ്ധിക്കാതിരുന്ന ബോട്ടുകാര്‍ വന്നു ആ കുസൃതികളെ വെള്ളത്തിലേക്കു തള്ളിയിട്ടു.
അസ്തമയം കഴിഞ്ഞെന്നു കണ്ടപ്പോള്‍ അടുത്തുള്ള ചായക്കടയിലേക്ക് ഞങ്ങള്‍ നടന്നു. ലഗൂണ്‍ ബീച് റെസ്റ്റോറന്റ്. റെസ്റ്റോറന്റിന്റെ മുന്‍പിലായി ബീച്ചില്‍ കുറെ കസേരകള്‍ ഇട്ടിട്ടുണ്ട്. ഞങ്ങള്‍ ചായയും ഫിഷ് കട്‌ലറ്റും ഓര്‍ഡര്‍ ചെയ്തു അവിടിരുന്നു. കടയില്‍ ജീവനക്കാര്‍ കുറവായത് കാരണം ഏറെ കഴിഞ്ഞാണ് ഓര്‍ഡര്‍ ചെയ്തത് കിട്ടിയത്. അപ്പോഴേക്കും ആകാശത്തു ചന്ദ്രന്‍ എത്തിക്കഴിഞ്ഞിരുന്നു. വൈകാതെ ഞങ്ങള്‍ റൂമില്‍ എത്തി. പൈപ്പിലൂടെ വരുന്നത് ഉപ്പു വെള്ളമാണ്. അതില്‍ കുളിച്ചാലുള്ള മുടിയുടെ അവസ്ഥ ആലോചിച്ചു തല കുളിക്കുന്നത് വേണ്ടെന്നു വച്ചു. ശരീരം മാത്രം കഴുകി ഞങ്ങള്‍ കുറച്ചു നേരം കിടന്നു. അപ്പോഴേക്കും രാത്രി ഭക്ഷണം റെഡിയായെന്നു അറിയിപ്പ് കിട്ടി. നന്നായി വിശക്കുന്നുണ്ടായിരുന്നു. തേങ്ങാച്ചോറ്, മീന്‍ കറി, മീന്‍ പൊരിച്ചത്, ഉപ്പേരി, പപ്പടം, പിന്നെ പായസം. നല്ല നാടന്‍ ഭക്ഷണം. ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ബീച്ച്‌ലേക്ക് നടന്നു. പൗര്‍ണമിയാണ്. രാത്രി നിലാവില്‍ കുളിച്ച ബീച്ചില്‍ പൂര്‍ണ ചന്ദ്രനെ നോക്കിയിരിക്കാന്‍ എന്ത് രസമാണെന്നോ. ലക്ഷദ്വീപിലെ ബീച്ചുകള്‍ ശാന്തമാണ്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഗോവയില്‍ പോയതിന്റെ ക്ഷീണം മാറിയത് ഈ നിലാവെളിച്ചം കണ്ടപ്പോഴാണ്. കൈയില്‍ കൊണ്ടു വന്ന ഷാള്‍ ബീച്ചില്‍ വിരിച്ചു മലര്‍ന്നു കിടന്നു പാല്‍ നിലാവില്‍ കുളിച്ചു കൊണ്ടു.സ്ത്രീകള്‍ക്ക് ഭയക്കാതെ, സുരക്ഷിതത്വബോധത്തോടെ രാത്രി ആസ്വദിക്കാവുന്ന സ്ഥലമാണ് ലക്ഷദ്വീപ് എന്ന് തോന്നി. രാത്രിയേറെ കഴിഞ്ഞാണ് ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു പോയത്. നാളെയാണ് ബംഗാരം, തിന്നകര ദ്വീപുകള്‍ കാണാന്‍ പോകുന്നത്. നന്നായി വിശ്രമിക്കേണ്ടതുണ്ട് എന്നതു കൊണ്ടു മാത്രം ഉറങ്ങാന്‍ തീരുമാനിച്ചു
അടുത്ത ദിവസം, രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. സൂര്യോദയം കാണണമല്ലോ. പുറത്തു നല്ല വെളിച്ചമുണ്ട്. നേരെ ബീച്ചിലേക്ക് നടന്നു. കുറച്ചു വെള്ളത്തിലൂടെ നടന്നു പാറക്കെട്ടുകളില്‍ കയറി. ചില സ്ഥലങ്ങളില്‍ പായലുകള്‍ ഉള്ളതു കൊണ്ടു വഴുക്കലുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ തെന്നിവീഴും. 6.55 നു ആയിരുന്നു സൂര്യോദയം. മേഘം കാരണം അത്ര വ്യക്തമായില്ല. എന്നാലും സൂര്യരശ്മികള്‍ മേഘങ്ങളെ ഭേദിച്ചു പുറത്തേക്കു കുതിയ്ക്കുന്നത് കാണാനായി. ഉദയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നു നടന്നു വരാമെന്നു കരുതി എയര്‍പോര്‍ട്ടിന്റെ ദിശയില്‍ നടന്നു. റോഡിലൊന്നും ആരുമില്ല. ഇടയ്ക്കു ഏതെങ്കിലും ഇരുചക്രവാഹനങ്ങള്‍ പോയാലായി. ഇവിടത്തുകാരുടെ പ്രധാന ഗതാഗത മാര്‍ഗം ഇരുചക്രവാഹനങ്ങള്‍ ആണ്. പെട്രോള്‍ അങ്ങ് നാട്ടില്‍ നിന്നും വരണമല്ലോ. ഒരാള്‍ക്ക് ലഭ്യമായ പെട്രോളിന് കണക്കുണ്ടത്രെ. അതില്‍ കൂടുതല്‍ കിട്ടില്ല. ഇവിടെ വേലികെട്ടിയിരിക്കുന്നത് തെങ്ങിന്‍ മടലുകള്‍ കൊണ്ടാണ്. കുറച്ചു നടന്ന ശേഷം ഞങ്ങള്‍ തിരിച്ചു റൂമിലേക്ക് വന്നു ഭക്ഷണം കഴിക്കാന്‍ പോയി. 9.30 യ്ക്കു എത്താമെന്നാണ് ജംഷിദ് പറഞ്ഞിരുന്നത്.
ഇന്നാണ് ബംഗാരം, തിന്നകര ദ്വീപുകളിലേക്ക് പോകുന്നത്. സ്നോര്‍ക്കലിംഗ് ചെയ്യാന്‍ കൂടി ഉദ്ദേശിക്കുന്നവര്‍ അതിനു സൗകര്യപ്രദമായ വസ്ത്രങ്ങള്‍ കൊണ്ടുവരാണമെന്ന് പറഞ്ഞതനുസരിച്ചു എക്‌സ്ട്രാ ഡ്രസ്സ് കൂടി ഞങ്ങള്‍ കരുതിയിരുന്നു. കൃത്യം 9.30 നു തന്നെ ജംഷിദ് എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ഓടി പോയി വണ്ടിയില്‍ കയറി. ഈസ്റ്റണ്‍ ജെട്ടിയില്‍ നിന്നാണ് ബംഗാരത്തേക്കുള്ള ഷിപ്പില്‍ കയറുന്നത്. അഗത്തിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്താണ് ബംഗാരം ദ്വീപില്‍ എത്തിയത്. നീല സ്വര്‍ഗത്തിലൂടെയുള്ള യാത്രയായിരുന്നു അത്. കടല്‍തട്ടിലൂടെ ഭീമാകാരന്‍ കടലാമകള്‍ നീന്തി പോകുന്നത് ഇടയ്ക്കിടെ കാണാം. ബംഗാരം എന്നത് ബന്നകര എന്നത് ലോപിച്ചതാണത്രേ. ലക്ഷദ്വീപ് അറക്കല്‍ രാജവംശം ഭരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ അറക്കല്‍ രാജാവ് ദ്വീപിലേക്ക് വരികയുണ്ടായെന്നും അദ്ദേഹം വന്നിറങ്ങിയ കര ബന്നകര എന്നും ഭക്ഷണം കഴിച്ച കര തിന്നകര എന്നും അറിയപ്പെട്ടു എന്നുമാണ് ഒരു ഐതിഹ്യം. മറ്റൊന്നില്‍ പറയുന്നത് ആദ്യമായി ദ്വീപില്‍ എത്തിയ മനുഷ്യര്‍ വന്നിറങ്ങിയ സ്ഥലമാണ് ബന്ന കര എന്ന ബംഗാരം എന്നും അവര്‍ ഭക്ഷണം ഉണ്ടാക്കി കഴിച്ച സ്ഥലമാണ് തിന്ന കരയെന്നും.
അടിയില്‍ പവിഴപുറ്റുകള്‍ ഉള്ള സ്ഥലങ്ങള്‍, ആഴമേറിയ സ്ഥലങ്ങള്‍ ഇവിടങ്ങളിലൊക്കെ കടലിന്റെ നിറം മാറുന്നത് കാണാം. നീലനിറത്തിന്റെ വകഭേദങ്ങള്‍ തന്നെ. നേരെ പോയത് ബംഗാരത്തേക്കാണ്. ആള്‍താമസം ഇല്ലാത്ത ദ്വീപ് ആണ് ബംഗാരവും തിന്നകരയും. ബംഗാരത്ത് ഒരു റിസോര്‍ട്ട് ഉണ്ട്. ഇവിടെയാണത്രെ നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ താമസിച്ചത്. ഞങ്ങള്‍ അവിടെ ചെന്നിറങ്ങി റിസോര്‍ട്ടിന്റെ അടുത്തോട്ടു നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ഓടി വന്നു പറഞ്ഞു ഒരു വി ഐ പി സന്ദര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെ നില്‍ക്കാന്‍ പാടില്ല എന്ന്. സുരക്ഷാ പ്രോട്ടോകോള്‍ നോക്കേണ്ടത് കൊണ്ടാണ്. ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍, സമ്മതിച്ചു. ടോയ്‌ലറ്റില്‍ പോയി കഴിഞ്ഞു ഞങ്ങള്‍ റിസോര്‍ട്ട് പരിസരം വിട്ടു മുന്നോട്ട് പോയി. അധികം ഉയരം ഇല്ലാത്ത കുറ്റിക്കാടും തെങ്ങുകളും മാത്രമാണ് ചുറ്റുമുള്ളത്. അതിനിടയിലൂടെ ഏകദേശം 20 മിനിറ്റ് നടന്നു ഞങ്ങള്‍ ദ്വീപിന്റെ മറുകരയിലെത്തി. ഇവിടെയാണ് സ്നോര്‍ക്കലിംഗ് നടത്തുന്നതിന് മുന്‍പായുള്ള ട്രെയിനിങ് നടത്തുന്നത്. അടുത്തുള്ള ഓല മേഞ്ഞ കുഞ്ഞു റൂമില്‍ കയറി ഞങ്ങള്‍ നീന്തല്‍ വസ്ത്രങ്ങളിലേക്ക് മാറി. നേരെ വെള്ളത്തിലേക്കു പോയിറങ്ങി. പഞ്ചാര മണല്‍ അരികുവച്ച നീല വിസ്മയം.
നീന്താന്‍ അറിയില്ലെങ്കിലും മുങ്ങി പോയാല്‍ രക്ഷപെടുത്താന്‍ ആളുണ്ടെന്ന ധൈര്യത്തില്‍ ആയിരുന്നു വെള്ളത്തില്‍ കിടന്നുള്ള ആഘോഷം. ഇടയ്ക്കു മാസ്‌ക് വച്ചു വായിലൂടെ ശ്വസിക്കാനും, വെള്ളത്തില്‍ ഫ്‌ലോട്ട് ചെയ്തു കിടക്കാനും, ബേസിക് കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന സിഗ്‌നല്‍സും അവര്‍ പഠിപ്പിച്ചു. ജംഷി, അഭി, വഹാബ്, ബീപി മോന്‍ ഇത്രയും ആളുകള്‍ ആണ് ഞങ്ങളോടൊപ്പം ഉള്ളവര്‍. വെള്ളത്തില്‍ ഫ്‌ലോട്ട് ചെയ്തു കുറെ ദൂരത്തേക്കൊക്കെ ചിലപ്പോള്‍ പോയിപോകും. ഒരാഴ്ച ദ്വീപില്‍ താമസിച്ചാല്‍ നീന്തലൊക്കെ പഠിച്ചു നാട്ടിലേക്കു പോരാമായിരുന്നു എന്ന് തോന്നി. എല്ലാവരുടെയും ട്രെയ്‌നിംഗ് ഒക്കെ കഴിഞ്ഞപ്പോഴേക്കും ഉച്ച തിരിഞ്ഞിരുന്നു. നല്ല വിശപ്പും. വൈകാതെ ഞങ്ങള്‍ ബോട്ടില്‍ കയറി തിന്നകരയ്ക്ക് പുറപ്പെട്ടു. ഉച്ച ഭക്ഷണം ഇവിടെയാണ് റെഡി ആക്കിയിട്ടുള്ളത്. തിന്നകരയും ആള്‍താമസം ഇല്ലാത്ത ദ്വീപ് ആണ്. പക്ഷേ ഒന്നു രണ്ടു കുടുംബക്കാര്‍ അവിടെ വര്‍ഷത്തില്‍ ആറു മാസം എന്ന രീതിയില്‍ താമസിക്കുന്നുണ്ട്. അവരാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ദ്വീപില്‍ എത്തി കുറച്ചു ദൂരം നടന്നു ഞങ്ങള്‍ ആ വീട്ടില്‍ എത്തി. ഓല കൊണ്ടു മറച്ച ചെറിയൊരു കൂടാരം. അവിടെ ഉണ്ടായിരുന്ന ബെഞ്ച് കണ്ടപ്പോള്‍ കൗതുകം തോന്നി. ചൂരലാണോ എന്ന് സംശയിച്ചു പിടിച്ചു നോക്കിയ എന്നോട് അഭി ചിരിച്ചു കൊണ്ടു പറഞ്ഞു തെങ്ങില്‍ മടല്‍ ആണതെന്നു. സത്യം പറഞ്ഞാല്‍ അത്ഭുതപെട്ട് പോയി. മടല്‍ ആണെന്നു തോന്നുകയേയില്ല . പച്ചയോലകളില്‍ നിന്നും വെട്ടിയെടുത്ത മടലുകള്‍ ഉണക്കിയാണ് ഇങ്ങനെയാക്കുന്നത്. പച്ച മടല്‍ ഉണക്കിയെടുത്താല്‍ ചുരുണ്ടു വരും. അത് കണ്ടാല്‍ ചൂരല്‍ പോലെ തോന്നും. ഇങ്ങനെ ഉണങ്ങിയ മടലുകള്‍ കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങള്‍ ആണ്. കൈകാലുകള്‍ കഴുകി ഭക്ഷണം കഴിക്കാനിരുന്നു. തേങ്ങാചോറും മീന്‍ മുളകിട്ടതും, കൂടെ കഴിക്കാന്‍ മീന്‍ പൊരിച്ചത്, ഉപ്പേരി, അച്ചാര്‍. നന്നായി വിശന്നത് കൊണ്ടാണോ അറിയില്ല, നല്ല രുചി തോന്നി. ഭക്ഷണം കഴിച്ചു അവിടെ തന്നെ ഉള്ള ഒരാളുടെ കയ്യില്‍ നിന്നും കുറച്ചു തെങ്ങിന്‍ ചക്കര വാങ്ങി. ജാം പോലെയാണ് ഈ ചക്കര. ജാമിന് പകരം ചപ്പാത്തിയുടെ കൂടെയോ പത്തിരിയുടെ കൂടെയോ കഴിക്കാം.
ഭക്ഷണം കഴിച്ചു ഞങ്ങള്‍ സ്നോര്‍ക്കലിംഗ് ചെയ്യാന്‍ പുറപ്പെട്ടു. മുന്‍പെങ്ങോ പൊളിഞ്ഞു പോയ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് സ്നോര്‍ക്കലിംഗ് നടത്തുന്നത്. ഷിപ്പില്‍ ഏകദേശം 15 മിനിറ്റ് സഞ്ചരിച്ചു ഞങ്ങള്‍ അവിടെത്തി. മുഖത്തു ഡൈവിംഗ് മാസ്‌ക് ധരിച്ചു, മുഖം വെള്ളത്തിലോട്ടു താഴ്ത്തി, ഒരു ്‌സ്‌നോര്‍ക്കലിന്റെ സഹായത്തോടെ ശ്വസിച്ചു കൊണ്ടു കടലിന്റെ അടിത്തട്ടു കാണുന്ന വാട്ടര്‍ സ്പോര്‍ട് ആണ് സ്നോര്‍ക്കലിംഗ്. കഷ്ടിച്ച് ഒരാള്‍ ഉയരം ഉള്ള സ്ഥലത്താണ് സ്നോര്‍ക്കലിംഗ് നടത്തുന്നത്. ക്രിസ്റ്റല്‍ ക്ലിയര്‍ വെള്ളമായതു കൊണ്ടു കടല്‍തട്ട് വരെ സുഖമായി കാണാം. കടല്‍ വെള്ളരി, സീ അനിമോണ്‍, മഴവില്‍ നിറങ്ങളില്‍ ഉള്ള മീനുകള്‍… ഒരു മായിക ലോകത്ത് എത്തിയ പോലെയാണെനിക്ക് തോന്നിയത്. മീനുകളെ ആകര്‍ഷിക്കുന്നതിനായി കൂടെ വന്ന അഭി എന്തോ ഭക്ഷണം ഇട്ടു കൊടുക്കുന്നുണ്ടായിരുന്നു. ബിസ്‌ക്കറ്റ് പൊടിച്ചത് ആണോ എന്ന് സംശയം തോന്നി. സത്യം പറഞ്ഞാല്‍ മുന്നിലെ കാഴ്ച്ചയില്‍ മതി മറന്നത് കൊണ്ടു പിന്നീടത് ചോദിക്കാന്‍ മറന്നു പോയി. തകര്‍ന്നു പോയ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെയാണ് സ്നോര്‍ക്കലിംഗ് ചെയ്തു കൊണ്ടു പോയത്. മഞ്ഞ, പച്ച, നീല, പിങ്ക് എന്നിങ്ങനെ പേരറിയാത്തത്ര നിറങ്ങളുടെ ലോകമാണ് കടലിന്റെ അടിത്തട്ട്.
ഒരു തവണ സ്നോര്‍ക്കലിംഗ് ചെയ്തു തിരിച്ചു വന്നിട്ട് കൊതി തീരാതെ ഞാന്‍ രണ്ടാം വട്ടം വഹാബിനോടൊത്തു ഒരിക്കല്‍ കൂടെ പോയി. പണ്ടു വായിച്ച നോവലിലെ മായാജാല ലോകത്തേക്ക് കൂപ്പുകുത്തുകയായിരുന്നു ഞാന്‍. പക്ഷേ സ്നോര്‍ക്കലിംഗ് ഒരു ടീസര്‍ മാത്രം ആയിരുന്നെന്നു ഞാന്‍ അറിഞ്ഞത് അടുത്ത ദിവസം മാത്രമാണ്.
എല്ലാവരുടെയും സ്നോര്‍ക്കലിംഗ് സെഷന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടു. പുതുതായി രൂപം കൊണ്ട ഒരു മണല്‍തിട്ട കാണാനാണ് പോകുന്നത്. വേലിയിറക്കം ഉള്ളപ്പോള്‍ മാത്രമേ ഇത് കാണൂ. വൈകാതെ ഞങ്ങള്‍ സാന്‍ഡ് ബാങ്കില്‍ എത്തി. നാട്ടുകാരും സന്ദര്‍ശകരുമായി കുറച്ചു ആളുകള്‍ ഉണ്ട്. നീല കടലിനാല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്ന നീണ്ടു പരന്നു കിടക്കുന്ന ഒരു പഞ്ചാര മണല്‍ത്തിട്ട. കുറച്ചു അവിടെയും ഇവിടെയും നടന്ന ശേഷം മുട്ടിനൊപ്പം കിടക്കുന്ന വെള്ളത്തില്‍ പോയി കിടന്നു. സൂര്യ പ്രകാശത്തില്‍ സ്വര്‍ണരാശി പരത്തുന്ന വെള്ളം. കരയില്‍ നടന്നു കൊണ്ടു കയ്യിലുള്ള വടി മണ്ണില്‍ കുത്തിയിറക്കി എന്തോ പിടിച്ചു കൊണ്ടിരിക്കുന്ന ആളുകളെ കണ്ടു കൗതുകം തോന്നി ഞാന്‍ അങ്ങോട്ട് ചെന്നു. മീന്‍ പിടിക്കാന്‍ ഇരയെ പിടിക്കയാണത്രേ. മണ്ണില്‍ ചെറിയൊരു കുഴിപോലെ തോന്നിക്കുന്ന സ്ഥലത്തു കുഴിച്ചു ഒരു പാമ്പിനെ പോലെ തോന്നിക്കുന്ന ഒരു ജീവിയെ വലിച്ചെടുക്കുകയാണവര്‍. നാട്ടില്‍ മണ്ണിരയെ ഉപയോഗിച്ച് മീന്‍ പിടിക്കുന്നത് പോലെ ഇവിടെ ഇതിനെ വച്ചാണ് മീന്‍ പിടിക്കുന്നത്. കുറച്ചു നേരം ഇതൊക്കെ നോക്കി നടന്ന ശേഷം ഞാന്‍ വീണ്ടും വെള്ളത്തില്‍ കളിക്കാനിറങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ബീപി മോന്‍ വന്നു ഇവിടെ നില്‍ക്കാണോ പോവുകയൊന്നും വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ആണ് സമയം വൈകിയെന്നു മനസ്സിലാക്കുന്നത്.
തിരിച്ചു നടക്കുമ്പോള്‍ മണല്‍ത്തിട്ടയുടെ ഒരു ഭാഗത്തു കുറച്ചാളുകള്‍ കസേരയും ടീ ടേബിളും കൊണ്ടു വന്നു വയ്ക്കുന്നത് കണ്ടു. നേരത്തെ ബംഗാരത്തു ഉണ്ടെന്നു പറഞ്ഞ വി ഐ പി ഇങ്ങോട്ടു ചായ കുടിക്കാന്‍ വരുന്നുണ്ടത്രേ. ഞങ്ങള്‍ എന്തായാലും തിരിച്ചു ബോട്ടില്‍ കയറി. ബോട്ടിനു പുറകില്‍ എന്‍ജിന്റെ അടുത്തു പുറത്തേക്കു കാലു നീട്ടിയിരുന്നു. വെയില്‍ മങ്ങിയിരുന്നു. കാലില്‍ വെള്ളം ശക്തമായി അടിക്കുമ്പോള്‍ ഒരു സുഖം. തൊട്ടടുത്തു ഞങ്ങളുടെ പരിശീലകര്‍ ഇരിക്കുന്നുണ്ടെന്ന ധൈര്യത്തിലാണ് ഇരിപ്പ്. നല്ല കട്ടന്‍ ചായയൊക്കെ ഇടയ്ക്കു ഉണ്ടാക്കി തരുന്നുണ്ട്. അതൊക്കെ കുടിച്ചു പരിശീലക ടീമിന്റെ സാഹസിക കഥകളൊക്കെ കേട്ടിരുന്നു തിരിച്ചെത്തും വരെ. ഇടയ്ക്ക് ചൂണ്ടയില്‍ ഒരു മീന്‍ കുടുങ്ങിയെന്നു മനസ്സിലായപ്പോള്‍ ബോട്ട് നിര്‍ത്തി, മീനിനെ വലിച്ചിട്ടു. നീലരാശിയുള്ളൊരു വെള്ളി മീന്‍. കരയെത്താന്‍ ആയപ്പോള്‍ കഴിഞ്ഞ ദിവസം കണ്ട കുസൃതിക്കൂട്ടം ഞങ്ങളുടെ ബോട്ടിനു പിന്നില്‍ കൂടി. ബോട്ടിന്റെ പിറകില്‍ തൂക്കിയിട്ട കയറില്‍ പിടിച്ചു വെള്ളത്തിലൂടെ കുതിക്കയാണവര്‍. ഒന്ന് രണ്ടു പേര് ബോട്ടിലും കയറിക്കൂടി. തിരിച്ചു അഗത്തിയില്‍ എത്തിയപോഴേക്കും ആകാശത്തു ചുവപ്പു രാശി പടര്‍ന്നിരുന്നു. ആകാശത്തു ചന്ദ്രന്‍ ഉദിക്കാന്‍ വെമ്പി നില്‍ക്കുന്ന പോലെ തോന്നി. കാറ്റില്‍ നനഞ്ഞ വസ്ത്രങ്ങള്‍ എല്ലാം ഉണങ്ങിയിട്ടുണ്ട്. ഞങ്ങള്‍ റൂമിലേക്ക് നടന്നു. ഉപ്പുവെള്ളം ഉണങ്ങി വസ്ത്രത്തില്‍ ഇടുക്കുകളിലും മറ്റും ഒരു വെള്ളപൊടിയായി കിടക്കുന്നു. ഉപ്പാണോ എന്തോ. ഒട്ടികിടക്കുന്ന മുടി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിച്ചത് ഉപയോഗിച്ച് കഴുകി. ആകെ ഒട്ടിപിടിച്ചിരിക്കയാണ്. ഷാംപൂ ഇട്ടു കഴുകി ചെറുതായി വെളിച്ചെണ്ണ പുരട്ടിയപ്പോള്‍ ആ ഒട്ടിപിടിക്കല്‍ പോയത് പോലെ തോന്നി. കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും റിസോര്‍ട്ടും പരിസരവും നിലാവെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നുണ്ട്. ഭക്ഷണം കഴിച്ചു ഞങ്ങള്‍ ബീച്ചിലേക്ക് നടന്നു. നിലാവെളിച്ചത്തിലെ ദ്വീപ് സുന്ദരമാണെങ്കിലും bioluminescence കാണാന്‍ ആവില്ലല്ലോ എന്നത് മനസില്‍ ഒരു വിഷമമായങ്ങനെ തങ്ങി നിന്നു. അമാവാസിയിലാണ് bioluminescence കാണാന്‍ സാധിക്കുകയത്രെ. അത് കാണാന്‍ ഇനിയൊരിക്കല്‍ വരാം എന്നോര്‍ത്ത് കൊണ്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു.
ലക്ഷദ്വീപില്‍ എത്തിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം ആണ്. പതിവ് പോലെ രാവിലെ എഴുന്നേറ്റു ബീച്ചിലേക്ക് നടന്നു. ബീച്ചില്‍ ഒരു പ്രത്യേകതരം പുല്ലുണ്ട് അതിന്റെ മുകളില്‍ കൊറോണ ഭീമാകാരരൂപം പൂണ്ടത് പോലെ ഒരു ഭാഗം ഉണ്ട്. അറിയാതെയെങ്ങാനും ചവിട്ടിപോയാല്‍ കാലു മുറിയും വിധം മൂര്‍ച്ചയുള്ളതാണവ. പുല്ലില്‍ ചവിട്ടാതെ ശ്രദ്ധിച്ചു കടലില്‍ ഇറങ്ങി. സൂര്യോദയം ആവുന്നതേയുള്ളു. വെള്ളത്തിനു നല്ല തണുപ്പുണ്ട്. കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം റൂമില്‍ പോയി ഡ്രസ്സ് മാറി ഭക്ഷണം കഴിക്കാന്‍ പോയി. ഇന്നാണ് സ്‌ക്യൂബ ഡൈവിങ്ങിന് പോകുന്നത്. റിസോര്‍ട്ടിനു പുറകു വശത്തുള്ള ബീച്ചില്‍ നിന്നാണ് ബോട്ടില്‍ കയറേണ്ടത്. 9.30 ആയപ്പോഴേക്കും ഡൈവിങ് ഇന്‍സ്ട്രക്റ്റര്‍മാര്‍ എത്തി. എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് ഇത്തരം പരിപാടികള്‍ക്ക് ഇറങ്ങി തിരിക്കുന്നതെന്നു എഴുതി വാങ്ങിയതിനു ശേഷം മാത്രം ബോട്ടില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. നനയാന്‍ തയ്യാറായി ആദ്യമേ ഡ്രസ്സ് ഇട്ടിരുന്നത് കൊണ്ട് നേരെ ചെന്നു ബോട്ടില്‍ കയറി. ഏകദേശം അരമണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചു ഡൈവ് ചെയ്യേണ്ട സ്ഥലത്തു എത്തി. ആദ്യം ഞങ്ങളെ സിഗ്‌നല്‍സ് പഠിപ്പിച്ചു. കടലിനു അടിയില്‍ ചെന്നാല്‍ ചെവിയില്‍ പ്രഷര്‍ വ്യത്യാസം അനുഭവപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നും ശ്വാസം തടസ്സം അനുഭവപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നുമൊക്കെ പഠിപ്പിച്ചു. ഇറങ്ങാന്‍ സമയം ആയപ്പോള്‍ കൂട്ടത്തില്‍ ചിലര്‍ക്കൊക്കെ ചെറിയൊരു ഭയം. ആവേശം കുറച്ചു കൂടുതല്‍ ആയതു കൊണ്ടു ഞാന്‍ നേരെ ചാടിയിറങ്ങി.
സ്നോര്‍ക്കലിംഗ് ചെയ്യുമ്പോള്‍ കമിഴ്ന്നു കിടന്നു കടല്‍ത്തട്ടു കാണുകയാണെങ്കില്‍ ആഴമേറിയ സ്ഥലത്തു ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ പോയി കടലിനടിയിലെ ജീവിതം കാണുകയാണ് സ്‌ക്യൂബ ഡൈവിങ്ങില്‍ ചെയ്യുന്നത്. ആദ്യം കുറച്ചൊന്നു വെള്ളത്തില്‍ മുങ്ങി എല്ലാം ഒകെ ആണെന്ന് ഉറപ്പു വരുത്തി. പിന്നെ ഞങ്ങള്‍ മുന്നോട്ടു പോയി. ആദ്യമേ എന്നെ സ്പര്‍ശിച്ച കാര്യം അവിടത്തെ നിശബ്ദതയാണ്. ശബ്ദത്തിനു തുളച്ചു കയറാന്‍ ഇടം കൊടുക്കാത്തവിധം ശക്തമായ നിശബ്ദതയെന്നു തോന്നി. ഭ്രമിപ്പിക്കുന്ന ലോകമാണ് കടലിന്റെ അടിത്തട്ട്. എന്തെല്ലാം നിറങ്ങള്‍, എന്തെല്ലാം കാഴ്ചകള്‍. സീ അനിമോണുകളുടെ ഒരു കൂട്ടം തന്നെയുണ്ട് കടുംനിറങ്ങളില്‍. ആഗ്രഹം സഹിക്കാന്‍ ആവാത്തത് കൊണ്ടു ഞാന്‍ പതിയെ ഒന്ന് തൊട്ടു. പലതരം പവിഴപുറ്റുകളുടെ, ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ ഉള്ള കൂട്ടം കാണാം. അതിനുള്ളില്‍ പുളയ്ക്കുന്ന വിവിധ നിറത്തിലുള്ള മത്സ്യങ്ങളുടെ കൂട്ടങ്ങളും. ഇടയ്ക്കു ആഴത്തിലേക്കു പോയപ്പോള്‍ ചെവിയ്ക്കുള്ളില്‍ നിന്നും ശക്തമായ വേദന അനുഭവപ്പെട്ടു. പ്രഷറിലുള്ള വ്യത്യാസം ആണ്. മൂക്ക് പിടിച്ചു ചെവിയിലൂടെ വായു റിലീസ് ചെയ്യാനുള്ള ട്രിക്ക് അവര്‍ പഠിപ്പിച്ചത് ഉപയോഗിച്ചപ്പോള്‍ വേദന പോയി. ഇത്തിരി വേദന സഹിച്ചാലും ഈ കാഴ്ച നഷ്ടപ്പെടുത്തരുത് എന്ന തോന്നലാണ് എന്നെ മുന്നോട്ടു നയിച്ചത് എന്നിപ്പോള്‍ തോന്നുന്നു. ഡൈവിങ് ടീമിന്റെ ഫോട്ടോഗ്രാഫര്‍ ഇടയ്ക്കിടെ നമ്മുടെ അടുത്തേക്ക് വരികയും ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്യുന്നുണ്ട്. ഒരു ഗ്രൂപ്പ് വന്നു എല്ലാവരുടെയും സെഷന്‍ കഴിയുന്നത് വരെ ആ മഹാന്‍ വെള്ളത്തില്‍ നിന്നും പുറത്തു വന്നു കാണുന്നില്ല. കടലാഴങ്ങളുടെ നിശബ്ദത ആവാഹിച്ചെടുത്തത് പോലെയൊരു മനുഷ്യന്‍. എനിക്ക് അനുവദനീയമായ സമയം കഴിഞ്ഞപ്പോള്‍ തിരിച്ചു പോരേണ്ടി വന്നു. ടൈറ്റാനിക് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ 33 തവണ ടൈറ്റാനിക് കപ്പല്‍ അവശിഷ്ടങ്ങള്‍ കാണാന്‍ പോയിട്ടുണ്ടെങ്കില്‍ അതിനു കാരണമുണ്ട്. ഈ മാസ്മരിക ലോകം കുറച്ചു നേരത്തേക്കെങ്കിലും അനുഭവിക്കാന്‍ ഒരു കടല്‍ പ്രേമി കൊതിക്കുന്നതില്‍ അത്ഭുതപെടാനില്ല. ഞങ്ങള്‍ തിരിച്ചു പോരുകയായിരുന്നു. തിരിച്ചു റിസോര്‍ട്ടില്‍ എത്തി നേരെ ഭക്ഷണം കഴിക്കാന്‍ പോയി.
ഇനി കയാക്കിങ് ചെയ്യാന്‍ പോവേണ്ടതിനാല്‍ അതിനിടയില്‍ ഒരു കുളി ആവശ്യമില്ലാത്തതാണ്. ഭക്ഷണം കഴിച്ചു കുറച്ചു നേരം ഇരുന്ന ശേഷം ഞങ്ങള്‍ കയാക്കിങ്ങിനു പുറപ്പെട്ടു. എനിക്കത്ര ഇഷ്ടമുള്ള ഒരു വാട്ടര്‍ സ്‌പോര്‍ട്‌സ് അല്ല കയാക്കിങ്. സത്യത്തില്‍ സ്‌ക്യൂബ ഡൈവിംഗിനു ശേഷം എന്ത് കയാക്കിങ് എന്നൊരു മനോഭാവം ആയിരുന്നു എനിക്ക്. എന്നാലും ഒരു അവസരവും പാഴാക്കരുത് എന്ന് ഉറപ്പുള്ളത് കൊണ്ടു അമ്മയെയും കൂട്ടി ഞാന്‍ കയാക്കിങ്ങിനു ഇറങ്ങി. തുഴഞ്ഞു വലിയ ശീലം ഇല്ലാതിരുന്നത് കൊണ്ടു അത്ര കണ്ട്രോള്‍ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. എന്റെ കണ്‍ട്രോളില്‍ നില്‍ക്കാതെ കുഞ്ഞു ബോട്ട് കുതിക്കുമ്പോള്‍ ചിരിയടക്കാന്‍ പറ്റുന്നില്ലായിരുന്നു. റീഫിന് വെളിയില്‍ പോകാതെ സഹായികള്‍ രക്ഷപെടുത്തും എന്ന അറിവ് അബോധത്തില്‍ ഉണ്ടായിരുന്നു. ഇത്രയൊക്കെ ആയപ്പോഴേക്കും വെയില്‍ കൊണ്ടു ഒരു അവസ്ഥയില്‍ ആയിരുന്നു. ഇനിയും അവിടെ നിന്നാല്‍ തലവേദന കാരണം ഉറങ്ങാനിടയില്ല എന്ന് തോന്നിയത് കൊണ്ടു തിരിച്ചു റൂമിലേക്ക് പോന്നു. മാത്രവുമല്ല ഇന്ന് വൈകുന്നേരം കല്പിട്ടി ദ്വീപ് കാണാനായി പോകേണ്ടതുമുണ്ട്.
നാലു മണിക്ക് തന്നെ ഞങ്ങള്‍ കല്പിട്ടിയിലേക്ക് പുറപ്പെട്ടു. അഗത്തിയില്‍ നിന്നും ഏകദേശം 15 മിനിറ്റ് സഞ്ചരിച്ചാല്‍ ആള്‍താമസമില്ലാത്ത കല്പിട്ടി ദ്വീപില്‍ എത്തും. കടലില്‍ രൂപപെടുന്ന ഒരു മണല്‍തിട്ട ആവാസയോഗ്യമാക്കുന്നതിനു മുന്‍പുള്ള ഒരു സ്റ്റേജിലാണ് കല്പിട്ടി ഇപ്പോള്‍ ഉള്ളത്. കുറ്റിച്ചെടികളും ചെറിയ മരങ്ങളും കൊണ്ടു സമൃദ്ധമായ ഒരു ആവാസവ്യവസ്ഥ അവിടെ രൂപപ്പെട്ടു വരുന്നുണ്ട്. വെള്ള മണലില്‍ പവിഴപുറ്റുകള്‍ വന്നടിഞ്ഞിരിക്കുന്നത് കാണാം. മനുഷ്യവാസം കുറവായതു കൊണ്ടു മണളിലൂടെ ആരെയും കൂസാതെ ഓടികളിക്കുന്ന പലവിധം ഞണ്ടുകളുടെ ഒരു നിര തന്നെയുണ്ട്. മനോഹരമായ ഒരു ദ്വീപ് ആണിത്. കുറെ നടന്നപ്പോള്‍ ഒരു പാറ കണ്ടു. ബീക്കുഞ്ഞിപാറ എന്നാണത്രെ ആ സ്ഥലത്തിന്റെ പേര്. അറക്കല്‍ രാജവംശം അധികമായി നികുതി ചുമത്തിയതിനെ തുടര്‍ന്നു ഉണ്ടായ ലഹളയില്‍ നിന്നും രക്ഷപെടാന്‍ ബീക്കുഞ്ഞി എന്ന സ്ത്രീ ഒളിച്ചിരുന്ന ഗുഹയാണ് എന്നാണ് പറയപ്പെടുന്നത്. ആ സ്ത്രീയെ പിന്നെ ആരും കണ്ടിട്ടില്ലത്രേ. സൂര്യസ്തമയം കൂടി അവിടുന്ന് കണ്ടശേഷമാണ് ഞങ്ങള്‍ മടങ്ങിയത്.
വൈകീട്ട് ഭക്ഷണം കഴിക്കാന്‍ പോയ സമയത്തു സ്‌ക്യൂബ ഡൈവിങ് ടീം ലീഡര്‍ വന്നു. അയാള്‍ക്കുള്ള പേയ്മെന്റ് കൊടുത്തിരുന്നില്ല. അത് വാങ്ങിക്കാനും ഞങ്ങളുടെ ഫോട്ടോസ് തരാനുമായാണ് അയാള്‍ വന്നിരിക്കുന്നത്. സംസാരിക്കുന്നതിനിടെ സ്‌ക്യൂബ ഡൈവിങ് ട്രെയിനിങ്ങും അവര്‍ കൊടുക്കുന്നുണ്ടെന്നു പറഞ്ഞു. ഒരാഴ്ച അവിടെ പോയി നിന്നാല്‍ ഇന്റര്‍നാഷണലി സര്‍ട്ടിഫൈഡ് സ്‌ക്യൂബ ഡൈവര്‍ ആകാമെന്ന് സാരം. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ റിസോര്‍ട്ടിന്റെ പുറകിലെ ബീച്ചിലോട്ടു പോയി അവിടെ കുറച്ചു recliners ഉണ്ടായിരുന്നതില്‍ അല്പനേരം കിടന്നു. നല്ല കാറ്റു വീശുന്നുണ്ടായിരുന്നു. അടുത്ത ദിവസം അമ്മയും മേമമാരും വീട്ടിലേക്കു തിരിച്ചു പോകും. ഞാനും ദര്‍ശനയും ഒരു ദിവസം കൂടി കഴിഞ്ഞേ തിരിച്ചു പോകൂ. നാളെ ഞങ്ങള്‍ താമസിക്കുന്നത് മറ്റൊരു സ്ഥലത്ത് ആണെന്നതു കൊണ്ടു ഞങ്ങള്‍ക്കും പാക്കിംഗ് ചെയ്യേണ്ടതുണ്ട്. കുറച്ചു നേരം കൂടി അവിടിരുന്നതിനു ശേഷം ഞങ്ങള്‍ പതിയെ റൂമിലേക്ക് നടന്നു.
രാവിലെ എഴുന്നേറ്റു പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞു റെഡി ആയി. അമ്മയും മേമമാരും ഇന്ന് രാവിലത്തെ ഫ്‌ളൈറ്റില്‍ തിരിച്ചു പോവുകയാണ്. ഞങ്ങള്‍ ഇരുവരും വെസ്റ്റേണ്‍ ജെട്ടിയിലെ ഒരു ഹോം സ്റ്റേയിലേക്കും. 9.30 ആയപ്പോഴേക്കും അമ്മയെയും മേമമാരെയും കൂട്ടാന്‍ ജംഷി എത്തി. അവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ചു തിരിച്ചു വരുമ്പോഴേക്കും ഞങ്ങളോട് റെഡി ആയി നില്‍ക്കാന്‍ പറഞ്ഞത് പ്രകാരം ഞങ്ങളും റെഡി ആയി നിന്നു. ഇന്നത്തെ പ്രോഗ്രാം ഒന്നും തന്നെ ഇതുവരെ പ്ലാന്‍ ചെയ്തിരുന്നില്ല. അധികം താമസിയാതെ ജംഷി എത്തി ഞങ്ങളെ ഹോം സ്റ്റേയിലേക്ക് കൊണ്ടു പോയി. കടലിനെ നോക്കിനില്‍ക്കുന്നൊരു വീട്. മുകളിലെ നിലയില്‍ ആണ് ഞങ്ങള്‍ താമസിക്കുന്നത്.
ഇന്നത്തെ ലക്ഷദ്വീപ് കറങ്ങല്‍ ഒരു സ്‌കൂട്ടറില്‍ ആയാലോ എന്ന് ആലോചിച്ചപ്പോള്‍ വണ്ടി വാടകയ്ക്കു എടുത്തു തരാമെന്നു ജംഷി പറഞ്ഞു. പക്ഷേ അവിടെ വരെ പോയി നോക്കിയെങ്കിലും വണ്ടിയൊന്നും കിട്ടിയില്ല. ഒടുവില്‍ ജംഷിയുടെയും അഭിയുടെയും വണ്ടി എടുത്തു പോയിക്കൊള്ളാന്‍ പറഞ്ഞു. പിന്നെ ആ ദിവസം മുഴുവന്‍ ആ വണ്ടിയില്‍ ആയിരുന്നു. ആദ്യം ഞങ്ങള്‍ കാണാന്‍ പോയത് സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്സ്സ് ആന്‍ഡ് ഇക്കോളജിയുടെ ഫിഷ് ഹാച്ചെറി യൂണിറ്റ് കാണാനാണ്. മറൈന്‍ ജീവികളെക്കുറിച്ചൊക്കെ റിസര്‍ച്ച് നടക്കുന്ന സ്ഥലമാണ്. അവിടെ ചെന്നപ്പോള്‍ കുസാറ്റില്‍ പഠിക്കുന്ന ഒരു കുട്ടിയെ കണ്ടു. അവളാണ് ഞങ്ങള്‍ക്ക് എല്ലാം വിശദീകരിച്ചു തന്നത്. അവിടം കണ്ടിറങ്ങിയ ഞങ്ങള്‍ ആദ്യം ചായ കുടിക്കാമെന്നു കരുതി. ചായയൊക്കെ കുടിച്ചു വെറുതെ വണ്ടിയോടിച്ചു ദ്വീപില്‍ അങ്ങോളം ഇങ്ങോളം പോയി. അപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഞങ്ങള്‍ തിരിച്ചു റൂമിലേക്ക് പോയി. ഭക്ഷണം കഴിച്ചു ഒന്ന് വിശ്രമിച്ചപ്പോഴേക്കും വൈകുന്നേരം ആയിരുന്നു. അപ്പോഴാണ് ഒന്ന് കൂടി സ്നോര്‍ക്കലിംഗ് ചെയ്താലോ എന്ന് തോന്നിയത്. വേഗം ജംഷിയെ വിളിച്ചു. ജംഷി വരാമെന്നും പറഞ്ഞു.പക്ഷേ ഇത്തവണത്തെ സ്നോര്‍ക്കലിംഗ് ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നി. എയര്‍പോര്‍ട്ടിനു സമീപത്തൊരിടത്താണ് സ്നോര്‍ക്കലിംഗ് ചെയ്യാന്‍ പോയത്. ഫിംഗര്‍ കോറല്‍സിന്റെ ഒരു പാടം എന്ന് വേണം ആ സ്ഥലത്തെ പറയാന്‍. പക്ഷേ കരയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ്. അത് കൊണ്ടു തന്നെ പല സ്ഥലങ്ങളില്‍ നിന്നായി അടിഞ്ഞു ചേര്‍ന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ആ പവിഴപുറ്റുകളില്‍ പലയിടത്തും കുരുങ്ങി കിടക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം, ബോധമില്ലാതെ നമ്മള്‍ മാലിന്യം ഉണ്ടാക്കി കൊണ്ടേയിരുന്നാല്‍ pristine waters എന്ന് പേരുകേട്ട ലക്ഷദ്വീപിന്റെ അവസ്ഥ ഇതാവുമെന്ന് തോന്നി. കുറച്ചു നേരം കൂടി അവിടെ ബീച്ചിലൊക്കെ നടന്നു ഞങ്ങള്‍ തിരിച്ചു പോയി. സന്ധ്യ ആയിരുന്നു. കുറച്ചു തട്ടുകടകള്‍ ഒക്കെ തുറന്നിട്ടുണ്ട്. ഞങ്ങള്‍ അങ്ങനെയൊന്നില്‍ കയറി. കറന്റ് ഇല്ലായിരുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുക്കാന്‍ നോക്കുന്നതിനിടെ ഇലക്ട്രിസിറ്റി കണക്ഷന് എന്തോ ഡാമേജ് പറ്റിയതാണത്രേ. അടുത്തു നിര്‍ത്തിയിട്ട ബോട്ടിനരികെ കുറച്ചു ചെറുപ്പക്കാര്‍ മീന്‍ ചുടുന്നുണ്ടായിരുന്നു. മുളകോ മസാലയോ ഒന്നും പുരട്ടാതെ വെറുതെ ചുടുകയാണ് ചെയ്യുന്നത്. ഒരു ചായയൊക്കെ കുടിച്ചു വൈകാതെ ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു. കുളിച്ചു വന്നപ്പോഴേക്കും ഭക്ഷണം റെഡി ആയിരുന്നു. പവര്‍ സപ്ലൈ ഇടയ്ക്കിടെ വരുകയും പോവുകയും ചെയ്യുന്നത് കൊണ്ടു തന്നെ ദ്വീപ് നിവാസികളില്‍ വലിയൊരു ശതമാനം ആളുകളും ബീച്ചില്‍ തന്നെയാണ്. രാത്രി കുറെ കഴിഞ്ഞപ്പോള്‍ ഞാനും ദര്‍ശനയും ബൈക്ക് എടുത്തു അപ്പുറത്തുള്ളൊരു ബീച്ചിലേക്ക് പോയി. പകല്‍ ഉള്ളതിനേക്കാള്‍ അധികം ആളുകള്‍ ഉണ്ട് അവിടെയും. കുറെ നേരം കാറ്റുകൊണ്ടു ഞങ്ങളും അവിടെയിരുന്നു. ലക്ഷദ്വീപിലെ ഞങ്ങളുടെ താമസം ഈ രാത്രിയോടെ തീരുകയാണ്. തിരിച്ചു റൂമില്‍ എത്തി അത്യാവശ്യം പാക്കിംഗ് ഒക്കെ ചെയ്തു കിടന്നു.
രാവിലെ എഴുന്നേറ്റു അവസാനമായി ഞാന്‍ ബീച്ചില്‍ കുളിക്കാന്‍ പോയി. കുറച്ചു സ്ത്രീകള്‍ ബീച്ച് അടിച്ചു വൃത്തിയാക്കുന്നത് കാണാമായിരുന്നു. സൂര്യന്‍ ഉദിച്ചുയരുന്നത് വരെ അവിടെ വെള്ളത്തില്‍ കിടന്നു. തുറിച്ചു നോട്ടങ്ങള്‍ ഇല്ലാതെ എല്ലായ്പോഴും സാധിക്കുന്ന ഒന്നല്ലല്ലോ ഇത്. തിരിച്ചു റൂമില്‍ ചെന്നു കുളിച്ചു പുറത്തു വന്നപ്പോഴേക്കും ഭക്ഷണം റെഡി ആയിരുന്നു. ലക്ഷദ്വീപ് സ്‌പെഷ്യല്‍ കിലാഞ്ചിയും ഫാലും ആണ്. നമ്മുടെ നാട്ടിലെ എലാഞ്ചിയുമായി സാദൃശ്യം ഉണ്ടിതിനു. പച്ചരി അരച്ച് അതില്‍ മുട്ടയും പൊട്ടിച്ചു ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് കിലാഞ്ചി. നേര്‍ത്തു ഒരു പാട പോലിരിക്കും. വായില്‍ അലിഞ്ഞു പോകും. ഇത് മുക്കി കഴിക്കാനാണ് ഫാല്‍. തേങ്ങാപാല്‍, ചെറുപഴം അരിഞ്ഞിട്ടത്, മധുരത്തിനു ശര്‍ക്കര. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സന്തോഷം മനസ്സിലും വയറിലും നിറഞ്ഞു. ദ്വീപ് സന്ദര്‍ശനം ഏറ്റവും സന്തോഷത്തോടെ അവസാനിക്കുന്നത് പോലെ. ആ സന്തോഷത്തോടെയാണ് ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്കു തിരിച്ചത്. ജംഷിയോടും കൂട്ടരോടും യാത്ര പറഞ്ഞു ഞങ്ങള്‍ എയര്‍പോര്‍ട്ടിനുള്ളിലേക്ക് നടന്നു ഇനിയും വരാമെന്ന പ്രതീക്ഷയോടെ. ലക്ഷദ്വീപിന്റെ സൗന്ദര്യം നാടകീയതയോ അതിഭാവുകത്വമോ ഇല്ലാത്തതാണ്. പ്രശാന്ത സുന്ദരമായ ദ്വീപിലേക്കുള്ള യാത്ര മറവിലേക്കു ആഴ്ന്നു പോകുന്ന ഒന്നാണെന്നു തോന്നിയില്ല.
Content Summary; Lakshadweep travelogue by dr. indu p