പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി മുന്‍ എഐസിസി അംഗം സിമി റോസ്‌ബെല്‍ ജോണ്‍. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വിഡി സതീശന്റെ ഇടപെടലുകള്‍ സംബന്ധിച്ച് സിമി റോസ്‌ബെല്‍ ജോണ്‍ അഴിമുഖത്തോട് പ്രതികരിച്ചു.
യാതൊരു വിശദീകരണവും ചോദിക്കാതെയാണ് എന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. കെപിസിസി പ്രസിഡന്റിനോടും രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളോടും നിരന്തരം സംസാരിക്കുന്ന ആളായിരുന്നു ഞാന്‍. എന്നോട് എറണാകുളത്തെ ഡിസിസി ജനറല്‍ സെക്രട്ടറിയായ വനിതയടക്കമുള്ള ആളുകള്‍ പാര്‍ട്ടിക്കകത്തെ പലവിധ പരാതികള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും സങ്കടത്തോടെയും വേദനയോടും കൂടി പറഞ്ഞ മൂന്ന് പരാതികള്‍ ഉണ്ടായിരുന്നു. അതിനെ കുറിച്ച് യാതൊരു നടപടി ഉണ്ടാകാതിരുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന് പോലും പ്രതിപക്ഷ നേതാവ് വിഡി സതീശനെ പേടിയായിരുന്നു.
എന്നെ എന്ത് കാരണത്താലാണ് പുറത്താക്കിയത്? ഏതെങ്കിലുമൊരു സ്ത്രീയെ കുറിച്ച് ഞാന്‍ മോശം പറഞ്ഞിരുന്നോ? തലയില്‍ പൂടയുണ്ടോ എന്ന് ഇവരൊക്കെ തപ്പിനോക്കിയത് എന്റെ കുറ്റമല്ലല്ലോ. പുറത്താക്കിയ സമയം എനിക്കൊരു വിശദീകരണ നോട്ടീസ് പോലും തന്നില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ എന്നെ സ്‌നേഹിച്ച നിരവധി നേതാക്കളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ ഇവരൊക്കെ എന്നെ കൈപിടിച്ച് ഉയര്‍ത്തിയ ആളുകളാണ്. വിഡി സതീശന് ഇഷ്ടമല്ല എന്നൊരു ഒറ്റക്കാരണത്താലാണ് എന്നെ ചവിട്ടി പുറത്താക്കിയത്. രമേശ് ചെന്നിത്തലയോട് പോലും ഞാന്‍ ചോദിച്ചിരുന്നു, കെപിസിസി എക്‌സിക്യൂട്ടീവില്‍ പോലും പ്രവര്‍ത്തിക്കാന്‍ എന്തുകൊണ്ടാണ് എന്നെ അനുവദിക്കാത്തതെന്ന്. അദ്ദേഹവും പറഞ്ഞത് വിഡി സതീശന്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ട്ടി വേദിയില്‍ പോലും വരാന്‍ എന്നെ സമ്മതിക്കുന്നില്ല. അപമാനിച്ച് പുറത്ത് വിടുകയാണ് ചെയ്യുന്നത്.
ചെക്ക് തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത വനിതയെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാം. പാര്‍ട്ടിയില്‍ റിബലായി മത്സരിച്ച് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തെത്തി കൊച്ചി കോര്‍പ്പറേഷന്റെ ഭരണം നഷ്ടപ്പെടുത്തിയ ദീപ്തി മരി വര്‍ഗീസിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാം. എന്താണ് എന്റെ അയോഗ്യത എന്ന് ഞാന്‍ കെപിസിസി പ്രസിഡന്റിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വിഡി സതീശന്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു. ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇവരുടെയൊക്കെ സമ്മതം വേണമെന്ന അവസ്ഥയിലാണ് മീഡിയയ്ക്ക് അഭിമുഖം ഞാന്‍ കൊടുത്തത്.
വിഡി സതീശന്‍ എന്നോട് പറഞ്ഞത് വീട്ടിലിരിക്കാനായിരുന്നു. പകരം പുതിയ ചെറുപ്പക്കാര്‍ വരട്ടെയെന്നായിരുന്നു. 30 വര്‍ഷമായി മത്സരിക്കുന്ന ആള്‍ തന്നെ അത് പറയുന്നതിന് പകരം ചെറുപ്പക്കാര്‍ക്ക് വഴിമാറി കൊടുക്കുകയായിരുന്നു അദ്ദേഹവും ചെയ്യേണ്ടിയിരുന്നത്. പകരം മറ്റുള്ളവരെ ചവിട്ടിപ്പുറത്താക്കുകയാണ് ചെയ്തത്. ഇത് തന്നെയാണ് പദ്മജ വേണുഗോപാലിനും, ലതിക സുഭാഷിനും, ഷാഹിദ കമാല്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടിക്കും, പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയ ഡാളി ഇവര്‍ക്കൊക്കെ സംഭവിച്ചത്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് കിട്ടിയ രാജ്യസഭാ മെമ്പര്‍ അടുത്തിടെ രാഹുല്‍ ഗാന്ധിയെ വിളിച്ച് 35 വനിതകളെ സ്‌റ്റേജില്‍ കയറ്റി. എന്നോടും പദ്മജ വേണുഗോപാലിനോടും സ്‌റ്റേജില്‍ കയറണ്ട എന്നും നിങ്ങള്‍ ഇപ്പോള്‍ കെപിസിസി ഭാരവാഹികള്‍ അല്ലല്ലോ എന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു. ഇതെല്ലാം സഹിച്ചും ഇവരെയൊക്കെ പേടിച്ചും ഞങ്ങള്‍ ഈ പാര്‍ട്ടിയില്‍ നില്‍ക്കണമെന്നാണ് ഇവരുടെ നിലപാട്. ഭരണഘടനാ പദവിയിലിരുന്ന എന്റെ അനുഭവം ഇങ്ങനെയാണെങ്കില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന സാധാരണ വനിതകളുടെ സ്ഥിതി എന്താകും. Leaders fear Satheesan, Why was I expelled? Simi Rosbel John
Content Summary: Leaders fear Satheesan, Why was I expelled? Simi Rosbel John
This post was last modified on August 21, 2025 1:44 pm
Leave a Comment