June 08, 2026 |

വയനാട് ലീഗിനെതിരായ ഭൂമി തട്ടിപ്പ് പരാതി: ‘വിവാദമുണ്ടാക്കുന്നവര്‍ പുല്ല് കൂട്ടില്‍ കയറിയ നായയെ പോലെ’

പകുതി വിലയ്ക്ക് ഭൂമി തന്നാല്‍ വാങ്ങാന്‍ തയ്യാറെന്ന് ലീഗ്

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് ഭൂമി വാങ്ങാന്‍ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക നല്‍കിയെന്ന ആക്ഷേപത്തില്‍, പ്രതികരിച്ച് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. ”വിവാദങ്ങള്‍ സംബന്ധിച്ച് വിശദമായ രേഖകള്‍ തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് ഉടന്‍ കൈമാറുമെന്നും ലീഗിന്റെ പ്രവര്‍ത്തനത്തെയല്ല, പാവപ്പെട്ട ദുരിതബാധിതരായ ജനങ്ങള്‍ക്ക് കിട്ടുന്ന സഹായത്തെയാണ് വിവാദം ഉണ്ടാക്കുന്നവര്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പിഎംഎ സലാം അഴിമുഖത്തോട് പറഞ്ഞു.

”പുല്ല് കൂട്ടില്‍ കയറിയ നായയെ പോലെയാണ് വിവാദമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം. പട്ടി പുല്ല് കൂട്ടില്‍ കയറിയാല്‍ പശുക്കള്‍ക്ക് തിന്നാനും കഴിയില്ല, പട്ടി പുല്ല് തിന്നുകയുമില്ല. ഇതുപോലെയാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ സഹായിക്കുന്നുമില്ല, സഹായിക്കുന്നവരെ അതിനൊട്ട് സമ്മതിക്കുന്നുമില്ല അതാണ് സംഭവിക്കുന്നത്” പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

വയനാട് ദുരിതബാധിതര്‍ക്കായി ലീഗ് വാങ്ങിയ 11 ഏക്കര്‍ ഭൂമി അധികം വില നല്‍കിയെന്ന ആരോപണമാണ് ലീഗിനെതിരെ ഉയര്‍ന്നിരിക്കുന്നത്. തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള സ്ഥലത്തിന്, സെന്റിന് 65,000 രൂപ വരെയാണ് വിലയെന്നും, എന്നാല്‍, മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് 1,20,000 ലധികം രൂപ നല്‍കിയാണ് എന്നുമാണ് ആക്ഷേപം.

”പകുതി വിലയ്ക്ക് ഭൂമി വാങ്ങാന്‍ കിട്ടുമെന്ന് പറയുന്നവര്‍, ഭൂമി തന്നാല്‍ നിലവില്‍ വാങ്ങിയ ഭൂമി തിരികെ കൊടുത്തിട്ട് ആ ഭൂമി വാങ്ങാന്‍ ലീഗ് തയ്യാറാണെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അഴിമുഖത്തോട് പറഞ്ഞു.”ഞങ്ങള്‍ ഭൂമി വാങ്ങാന്‍ അന്വേഷിച്ച സമയത്ത് വാങ്ങിയതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് പറഞ്ഞിരുന്നത്. പല ആളുകളുടെ ഉടമസ്ഥതയില്‍ നിന്നായാണ് ഞങ്ങള്‍ ഭൂമി വാങ്ങിയത്. കോണ്‍ഗ്രസ് ഭൂമി അന്വേഷിക്കുന്ന സാഹചര്യത്തില്‍, അങ്ങനെ കുറഞ്ഞ വിലയ്ക്ക് ഭൂമി കിട്ടുമെങ്കില്‍ അവര്‍ക്കാണെങ്കിലും വാങ്ങാമല്ലോ? ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് അടിസ്ഥാനം ഉണ്ടാകണം” ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പാണക്കാട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിലൂടെ രണ്ട് കോടി രൂപയുടെ പാഴ്ചെലവുണ്ടായെന്ന വിമര്‍ശനവും ലീഗിനെതിരെ ഉയരുന്നുണ്ട്. നിലവില്‍ പാണക്കാട് സാദിഖലി തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഭൂമി വീട് നിര്‍മാണം പൂര്‍ത്തിയായ ശേഷം എട്ട് സെന്റ് വീതം ഗുണഭോക്താക്കള്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്ത് നല്‍കും. രണ്ട് തവണ രജിസ്ട്രേഷന്‍ നടത്തുന്നതിലൂടെ രണ്ട് കോടിയോളം രൂപയുടെ പാഴ്ചെലവുണ്ടാകുമെന്നുമാണ് വിമര്‍ശനം. 11 ഏക്കര്‍ ഭൂമിയുടെ യഥാര്‍ത്ഥ വിലയേക്കാള മുസ്ലിം ലീഗിന് ആറ് കോടിയോളം രൂപ ചെലവായി എന്നാണ് ആരോപണം.

”മറ്റൊരാളുടെ കൈയില്‍ നിന്ന് ഭൂമി വാങ്ങുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണമല്ലോ. ഭൂമിയുടെ മുഴുവന്‍ വിലയും നല്‍കുകയും രേഖയില്‍ കുറഞ്ഞവില കാണിക്കുകയുമാണ് പൊതുവെയുള്ള രീതി. അതുകൊണ്ടുതന്നെ സ്റ്റാമ്പ് പേപ്പറിന് കുറഞ്ഞ കാശ് മുടക്കിയാല്‍ മതിയാകും. പക്ഷേ, ഞങ്ങള്‍ അത്തരത്തില്‍ കള്ളത്തരം കാണിക്കാതെ സുതാര്യമായി കാര്യങ്ങള്‍ ചെയ്തതിനെയാണ് പാഴ്‌ചെലവായി വ്യാഖ്യാനിച്ചിരിക്കുന്നത്. പണം മുടക്കുന്നത് ലീഗായത് കൊണ്ട് തന്നെ ലീഗല്ലേ ഭൂമി വാങ്ങേണ്ടത്” പികെ ഫിറോസ് ചോദിക്കുന്നു.

എന്നാല്‍, തിടുക്കപ്പെട്ട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത് എന്തിനെന്ന ചോദ്യമാണ് ലീഗിനുള്ളില്‍ ഉയരുന്നത്.

”സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ മാത്രം വേറെ സ്ഥലത്ത് വീടുകള്‍ നിര്‍മിക്കേണ്ടെന്ന് കരുതി ഫെബ്രുവരി വരെ കാത്തിരുന്നു. എന്നാല്‍ അവിടെ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും യാതൊരു തീരുമാനവും ഉണ്ടായില്ല. ഇതോടെ ഫെബ്രുവരിയില്‍ ലീഗ് സ്വന്തം നിലയില്‍ ഭൂമി ഏറ്റെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ചില്‍ ഭൂമി വാങ്ങുന്നത് സംബന്ധിച്ച് നിയമപരമായ എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷമാണ് നിലവിലെ ഭൂമി ഏറ്റെടുത്തത്. ഏപ്രിലില്‍ ഒമ്പതിന് തറക്കല്ലിടുകയും പിന്നീട് പ്രശ്‌നമുന്നയിച്ച് ആളുകള്‍ വരരുതെന്ന് കരുതി നിര്‍മാണം സംബന്ധിച്ച് ബോര്‍ഡ് വയ്ക്കുകയും ചെയ്തു. രണ്ട് മാസത്തിന് ശേഷം ജൂണിലായിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്. അതിനിടയ്ക്ക് പല പരാതികളും വില്ലേജ് ഓഫീസര്‍ക്കും രജിസ്ട്രാര്‍ക്കും കിട്ടിയിരുന്നു. ആ പരാതികളൊക്കെ പരിശോധിക്കപ്പെട്ട ശേഷം ഭൂമി വങ്ങുന്നതില്‍ കുഴപ്പമില്ലെന്ന് കണ്ടശേഷമാണ് ജൂണില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ജൂലൈയില്‍ നിര്‍മാണം തുടങ്ങാനിരിക്കെയാണ് വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കൊണ്ട് ലീഗിന്റെ പ്രൊജക്ട് നേരത്തെ പൂര്‍ത്തിയാകണ്ടെന്ന് കരുതുന്നവരാണ് ഇത്തരം വിവാദത്തിന് പിന്നില്‍” ഫിറോസ് കൂട്ടിച്ചേര്‍ത്തു.

തൃക്കൈപ്പറ്റ വില്ലേജില്‍ ലീഗ് വാങ്ങിയ ഭൂമിയില്‍ ഒരു ഭാഗം നിര്‍മ്മാണങ്ങള്‍ക്ക് വിലക്കുള്ള പ്ലാന്റേഷന്‍ ഭൂമിയുടെ സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ടതാണെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂ ഉടമകളില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. എന്നാല്‍ നിയമ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഉടന്‍തന്നെ നിര്‍മ്മാണത്തിലേക്ക് കടക്കുമെന്നുമാണ് ലീഗിന്റെ വിശദീകരണം.

വയനാട് ദുരന്തബാധിതര്‍ക്കായി 105 വീടുകളാണ് ലീഗ് നിര്‍മിച്ച് നല്‍കുക. എട്ട് മാസം കൊണ്ട് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലീഗിന്റെ അവകാശവാദം. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും അപേക്ഷ ക്ഷണിച്ചാണ് അര്‍ഹരെ കണ്ടെത്തുക. Leage land deal controversy in wayanad; who is ready to buy land at half price

Content Summary: Leage land deal controversy in wayanad; who is ready to buy land at half price

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×