ന്യൂയോർക് മേയർ തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയമുറപ്പിച്ച് ഇന്ത്യൻ വംശജനായ സൊഹ്രാൻ മംദാനി

ചലച്ചിത്ര സംവിധായിക മീര നായരുടെ മകനാണ് 33 കാരനായ സൊഹ്രാൻ മംദാനി

യു.എസിലെ ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രൈമറിയിൽ  വിജയമുറപ്പിച്ച്  സൊഹ്രാൻ മംദാനി. എതി‍ർ സ്ഥാനാ‍ർത്ഥിയായ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോയെ ഞെട്ടിച്ച് കൊണ്ടായിരുന്നു സൊഹ്രാൻ മംദാനിയുടെ അട്ടിമറി വിജയം. ലോകശ്രദ്ധ ആകർഷിച്ച തെരഞ്ഞെടുപ്പിലെ സൊഹ്‌റാൻ മംദാനിയുടെ ഇന്ത്യൻ വേരുകളും ഏറെ ചർച്ചയായിരുന്നു.

പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ചലച്ചിത്ര പ്രവർത്തക മീര നായരുടെയും ഇന്ത്യൻ വംശജയായ ഉഗാണ്ടൻ മാർക്സിസ്റ്റ് പണ്ഡിതനായ മഹ്മൂദ് മംദാനിയുടെയും മകനാണ് 33 കാരനായ സൊഹ്രാൻ മംദാനി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മംദാനി ഹിന്ദി ഭാഷ തിരഞ്ഞെടുത്തതും വലിയ വാർത്തയായിരുന്നു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ കെർട്ടിസ്‌ സ്ലിവ വിജയിച്ചു. നവംബറിലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ വിജയിച്ചാൽ യുഎസിൽ ഇന്ത്യൻ വംശജനായ ആദ്യത്തെ മുസ്ലിം മേയർ ആയിരിക്കും സൊഹ്രാൻ മംദാനി.

2021 ലൈംഗിക പീഡന വിവാദത്തിൽ മേയർ പദവി രാജി വെച്ച ആൻഡ്രൂ ക്യൂമോ ഈ വർഷം രാഷ്ട്രീയ തിരിച്ചുവരവ് നടത്താൻ ഒരുങ്ങിയിരുന്നതാണ്. എന്നാൽ 95 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം തോൽവി സമ്മതിക്കുകയും വിജയിച്ച സൊഹ്‌റാൻ മംദാനിയെ അഭിനന്ദിക്കുകയും ചെയ്തു. ‘ഇന്നത്തെ രാത്രി അദ്ദേഹത്തിനുള്ളതാണ്. ഈ വിജയം അദ്ദേഹം അർഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം വിജയിച്ചു’ എന്ന് തന്റെ അനുയായികളോട് പറഞ്ഞു. ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചു എന്നും ക്യൂമോ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ നേടിയ അത്ഭുതകരമായ വിജയത്തിന് തന്റെ പിന്തുണക്കാർക്ക് സൊഹ്രാൻ മംദാനി നന്ദി പറഞ്ഞു.”നെൽസൺ മണ്ടേലയുടെ വാക്കുകൾ: പൂർത്തിയാകുന്നതുവരെ എല്ലാം അസാധ്യമാണെന്ന് തോന്നും. എന്റെ സുഹൃത്തുക്കളേ, അത് പൂർത്തിയായി. നിങ്ങളാണ് അത് ചെയ്തത്. ന്യൂയോർക്ക് സിറ്റി മേയർക്കുള്ള നിങ്ങളുടെ ഡെമോക്രാറ്റിക് നോമിനിയാകാൻ കഴിഞ്ഞതിൽ ഞാൻ ബഹുമാനിക്കപ്പെടുന്നു,” വിജയത്തിന് പിന്നാലെ അദ്ദേഹം എക്‌സിൽ കുറിച്ചു. സൗജന്യവും വേഗത്തിലുള്ളതുമായ ബസ് സർവീസ്, വാടക മരവിപ്പിക്കൽ, സമ്പന്നർക്ക് നികുതി ഏർപ്പെടുത്തൽ തുടങ്ങിയ ജനപക്ഷ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടതുപക്ഷ ചായ്‌വുള്ള യുവ വോട്ടർമാരുടെ പിന്തുണ നേടാൻ മംദാനിക്ക് സാധിച്ചിരുന്നു.

content summary: Indian origin democrat Zohran Mamdani wins New York mayoral primary

This post was last modified on June 25, 2025 3:31 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment