December 13, 2024 |
Share on

ഒതുക്കലുകളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും പറയുമ്പോള്‍ മലയാളി ആദ്യമോര്‍ക്കുന്ന പേരാണ് അനന്തപത്മനാഭന്‍

പ്രതിഭയുണ്ടായിട്ടും ഭാഗ്യം തുണയ്ക്കാത്തതുകൊണ്ടോ, അതോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടോ അര്‍ഹമായ അവസരം കിട്ടാതെ പോയവരുടെ കഥകള്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പലതുണ്ട്

സഞ്ജു സാംസന്റെ 10 വര്‍ഷം മൂന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ നശിപ്പിച്ചുവെന്ന, പിതാവ് സാംസണ്‍ വിശ്വനാഥന്റെ ആരോപണം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. സഞ്ജു കേരളത്തില്‍ നിന്നുള്ള താരമായതുകൊണ്ടാണ് കഴിവുണ്ടായിട്ടും ദേശീയ ടീമില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കപ്പെടുന്നതെന്ന വിമര്‍ശനം നേരത്തെ മുതലുണ്ട്. അതിന്റെ കൂടെയാണ് പിതാവിന്റെ പരാതിയും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നും ഇത്തരം പരാതികള്‍ കേള്‍ക്കുന്നതാണ്. പ്രതിഭയുണ്ടായിട്ടും ഭാഗ്യം തുണയ്ക്കാത്തതുകൊണ്ടോ, അതോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടോ അര്‍ഹമായ അവസരം കിട്ടാതെ പോയവരുടെ കഥകള്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പലതുണ്ട്. അത്തരം നഷ്ടവേദനയില്‍ മലയാളി ആദ്യം ഓര്‍ക്കുന്ന പേര് കെ എന്‍ അനന്തപത്മനാഭന്റെതാണ്. രാജ്യത്തിന്റെ അഭിനമായി മാറേണ്ടിയിരുന്ന കേരള ലെഗ് സ്പിന്നര്‍. മികച്ചൊരു ഫസ്റ്റ് ക്ലാസ് കരിയര്‍ ഉണ്ടായിരുന്നിട്ടും, ഈ വലംകൈയ്യന്‍ ലെഗ് സ്പിന്നര്‍ക്ക് ദേശീയ ടീമില്‍ ഇടം കിട്ടിയില്ല. അനില്‍ കുംബ്ലെ ആധിപത്യം പുലര്‍ത്തുന്ന കാലഘട്ടമായതുകൊണ്ടായിരുന്നോ? അനന്തന് നഷ്ടമായ അവസരത്തെക്കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സെലക്ഷന്‍ സിസ്റ്റത്തിന്റെ സ്വഭാവത്തെക്കുറിച്ചും ക്രിക്കറ്റ് വൃത്തങ്ങളില്‍ ഇന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അനന്തപത്മനാഭന്റെ ക്രിക്കറ്റ് യാത്ര ഏറേ ശ്രദ്ധേയമാണ്. 105ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റുകള്‍ അദ്ദേഹം നേടി. കേരളത്തിനും സൗത്ത് സോണിനും വേണ്ടി കളിച്ചു, താനൊരു മാച്ച് വിന്നര്‍ പ്ലെയര്‍ ആണെന്ന് പലതവണ തെളിയിച്ചു. ബൗളര്‍ മാത്രമായിരുന്നില്ല, സമര്‍ത്ഥനായ ഒരു ഓള്‍റൗണ്ടറുമായിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ മൂന്ന് സെഞ്ചുറികള്‍ നേടി ബാറ്റിംഗിലും അനന്തന്‍ തിളങ്ങി. ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഇന്ത്യ ‘എ’ യില്‍ സ്ഥാനം നേടിക്കൊടുത്തു. തന്റെ ഫോമിന്റെ ഉന്നതയില്‍ നില്‍ക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായാണ് അനന്തപത്മനാഭന്‍ കണക്കാക്കപ്പെട്ടിരുന്നത്.

എന്നിരുന്നാലും, ഇന്ത്യയുടെ ഇതിഹാസ ലെഗ് സ്പിന്നറായ അനില്‍ കുംബ്ലെയുടെ സാന്നിദ്ധ്യം അനന്തന്റെ കരിയറിനെ ബാധിച്ചു. 1990 കളിലും 2000 ന്റെ തുടക്കത്തിലും അന്താരാഷ്ട്ര തലത്തില്‍ കളിക്കുന്നതിനുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് പൂര്‍ണമായി നിഷേധിക്കപ്പെട്ടു. മികച്ച ആഭ്യന്തര റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും, അനന്തപത്മനാഭന് ഒരിക്കലും ഒരു ടെസ്റ്റ് അല്ലെങ്കില്‍ ഏകദിനം കളിക്കാനായി ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളി വന്നില്ല.

ഇന്ത്യക്ക് വേണ്ടി കളിക്കുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിനെക്കുറിച്ച് അനന്തപത്മനാഭന്‍ സ്വയം വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘ഇതിഹാസ താരമായ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സമയമായതുകൊണ്ട് രാജ്യത്തിന് വേണ്ടി കളിക്കാനുള്ള അവസരം എനിക്ക് നഷ്ടമായി. ഞങ്ങള്‍ ഏകദേശം ഒരേ സമയത്താണ് കളിച്ചത്, അതിനാല്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു’. ഇന്ത്യന്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുംബ്ലെയുടെ ആധിപത്യം തന്റെ സമകാലികര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്നു. അതേ കാലത്ത് തന്നെ കളിച്ചു എന്നത് അനന്തന്റെ കാര്യത്തില്‍ ദൗര്‍ഭാഗ്യമായി. കുംബ്ലെ ഇല്ലായിരുന്നുവെങ്കില്‍ അനന്തപത്മനാഭന്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. 1990കളില്‍ ഇന്ത്യയ്ക്ക് ഒരു സ്ഥിരം പ്ലെയിംഗ് ഇലവന്‍ ഉണ്ടായിരുന്നു. ആ കാലത്ത് ടീമില്‍ സ്ഥാനം നേടാന്‍ വേണ്ടി കടുത്ത മത്സരമായിരുന്നു നടന്നത്. ഒരു ലെഗ് സ്പിന്നര്‍ എന്ന നിലയിലുള്ള അനന്തപത്മനാഭന്റെ കഴിവിന്, കുംബ്ലെയുടെ ടീമിലെ സ്വാധീനത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. ശക്തമായ ആഭ്യന്തര റെക്കോര്‍ഡ് ഉണ്ടായിട്ടുപോലും.

കളിയില്‍ നിന്ന് വിരമിച്ച ശേഷം, അനന്തപത്മനാഭന്‍ അമ്പയറിംഗിലേക്ക് മാറി, പല മുന്‍ ക്രിക്കറ്റ് താരങ്ങളെയും പോലെ. കളിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ, വര്‍ഷങ്ങളുടെ അനുഭവ പരിചയം, എന്നിവ അനന്തനെ ഒരു മികച്ച അമ്പയര്‍ ആക്കി മാറ്റി. 2020ല്‍, ഐസിസി അമ്പയര്‍മാരുടെ അന്താരാഷ്ട്ര പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അത് അനന്തപത്മനാഭന്റെ ക്രിക്കറ്റ് കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഐസിസി പാനലില്‍ ഉള്‍പ്പെടുന്ന ആദ്യത്തെ കേരള അമ്പയര്‍ ആയിരുന്നു അനന്തന്‍. ബംഗാളും സൗരാഷ്ട്രയും തമ്മില്‍ നടന്ന ഫൈനല്‍ ഉള്‍പ്പെടെ രഞ്ജി ട്രോഫി മത്സരങ്ങളും, ഐപിഎല്ലും തുടങ്ങി പ്രധാന ടൂര്‍ണമെന്റുകളില്‍ അനന്തന്‍ കളി നിയന്ത്രിച്ചു. അമ്പയറിംഗിലേക്ക് മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായി തന്നെ തുടരാനുള്ള അദ്ദേഹത്തിന്റെ മികവും വൈദഗ്ധ്യവും കാണിക്കുന്നതാണ്. പല മുന്‍ കളിക്കാരും ഇക്കാര്യത്തില്‍ അത്രകണ്ട് വിജയിച്ചിട്ടുള്ളവരല്ല.

കേരളത്തിന്റെ ക്രിക്കറ്റ് പാരമ്പര്യം
ജോസ് കുരിശിങ്കല്‍, ഡോ. കെ.എന്‍. രാഘവന്‍, എസ്. ദണ്ഡപാണി എന്നിവരുടെ നിരയിലേക്ക് കേരളത്തില്‍ നിന്ന് അമ്പയറിംഗിലേക്ക് എത്തിയ നാലാമനാണ് അനന്തപത്മനാഭന്‍. 100ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഏക കളിക്കാരന്‍ എന്ന നിലയില്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവ് കൂടിയാണ് ഇന്ന് അനന്തപത്മനാഭന്‍. അമ്പയര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ കേരള ക്രിക്കറ്റ് ചരിത്രത്തിലെ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ കൂടുതല്‍ ഉറപ്പിക്കുന്നതാണ്.

ഇപ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യം പിന്നെയും ബാക്കി നില്‍ക്കുകയാണ്. കെ.എന്‍. അനന്തപത്മനാഭനെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒതുക്കുകയായിരുന്നോ? കൃത്യമായൊരു ഉത്തരം പറയാന്‍ കഴിയില്ലെങ്കിലും, അദ്ദേഹത്തിന്റെ കരിയറിന്റെ സമയവും ദേശീയ ടീമിലെ അനില്‍ കുംബ്ലെയുടെ അതിശക്തമായ സാന്നിധ്യവും അദ്ദേഹത്തിന്റെ സാധ്യതകളെ തടസ്സപ്പെടുത്തിയെന്ന് ഉറപ്പാണ്. അനന്തപത്മനാഭന്റെ കഥ തിളക്കമാര്‍ന്നതും അതേസമയം അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെതുമാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായ ഫലം ഉണ്ടായേക്കാവുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ പറയാത്ത കഥ. എന്നിരുന്നാലും, അമ്പയര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയവും കേരള ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളും കായികരംഗത്തെ അദ്ദേഹത്തിന്റെ പാരമ്പര്യം വിസ്മരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.  legendary kerala leg spinner k n ananthapadmanabhan why failure to break into the national team

Content Summary; legendary kerala leg spinner k n ananthapadmanabhan why failure to break into the national team

×