തമിഴ് ഇതിഹാസ സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്ന് ഗ്രാമീണ ഭംഗിയിലേക്കും ജനകീയ കഥാപരിസരങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്ന വിപ്ലവകാരിയായ ചലച്ചിത്രകാരന്‍

Bharathiraja passed away

തമിഴ് ചലച്ചിത്ര ചരിത്രത്തെ മാറ്റിമറിച്ച ഇതിഹാസ സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബുധനാഴ്ച ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്ന് ഗ്രാമീണതയുടെ യഥാര്‍ത്ഥ ഭംഗിയിലേക്കും ജനകീയമായ കഥാപരിസരങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്ന വിപ്ലവകാരിയായ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. ഭാര്യ ചന്ദ്രലീലയും മകള്‍ ജനനിയുമുണ്ട്. ചലച്ചിത്ര നടനായിരുന്ന മകന്‍ മനോജ് ഭാരതിരാജ 2025-ല്‍ അന്തരിച്ചിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട ചലച്ചിത്രജീവിതത്തില്‍ തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനശക്തിയുള്ള സംവിധായകനായാണ് ഭാരതിരാജ വിലയിരുത്തപ്പെടുന്നത്. 1977-ല്‍ പുറത്തിറങ്ങിയ ’16 വയതിനിലേ’ എന്ന ലാന്‍ഡ്മാര്‍ക്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് ‘കിഴക്കേ പോകും റെയില്‍’ (1978), ‘സിഗപ്പ് റോജാക്കള്‍’ (1978), ‘നിഴലുകള്‍’ (1980), ‘അലൈകള്‍ ഓയ്‌വതില്ലൈ’ (1981), ‘ടിക് ടിക് ടിക്’ (1981), ‘ഒരു കൈതിയിന്‍ ഡയറി’ (1985), ‘മുതല്‍ മര്യാതൈ’ (1985), ‘കിഴക്കു ചീമയിലെ’ (1993) തുടങ്ങി തമിഴകത്തെ എക്കാലത്തെയും മികച്ച നിരവധി ക്ലാസിക് ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍, രജനീകാന്ത് തുടങ്ങിയ തമിഴ് സിനിമയിലെ വന്‍താരനിരയെ അണിനിരത്തി നിരവധി ഹിറ്റുകള്‍ അദ്ദേഹം സൃഷ്ടിച്ചു. 2020-ല്‍ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാതൈ’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.

സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവായും സമീപകാലത്ത് ഭാരതിരാജ ചലച്ചിത്രലോകത്ത് സജീവമായിരുന്നു. മണിരത്‌നത്തിന്റെ ‘ആയുധ എഴുത്ത്’, ‘പാണ്ഡ്യനാട്’, ‘ഈശ്വരന്‍’, ‘ കുരങ്ങുബൊമമൈ’ ‘തിരുച്ചിത്രമ്പലം’, ‘മഹാരാജ’ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ (2025) ആണ് ഭാരതിരാജ അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം. ഭാരതിരാജയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ ഒരു സുവര്‍ണ്ണ അധ്യായത്തിനാണ് അന്ത്യമാകുന്നത്.

Content Summary; Legendary Tamil filmmaker and actor Bharathiraja passed away in Chennai at 84. Tamil cinema. Bharathiraja death

This post was last modified on June 10, 2026 8:37 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment