ലോകമൊട്ടാകെ നാലു കോടി ജനങ്ങൾക്ക് എച്ച്‌ഐവി വൈറസ് ബാധ ഉള്ളതായി ഐക്യരാഷ്ട്രസഭ ഈ അടുത്താണ് കണക്കുക്കൾ പുറത്ത് വിട്ടത്. ഇതിൽ 90 ലക്ഷത്തിലധികം പേർക്കും ഒരു തരത്തിലുമുള്ള ചികിത്സയും ലഭിക്കുന്നില്ലെന്നും ഇതുമൂലം ഓരോ മിനിറ്റിലും ഒരാൾ വീതം എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ എയ്ഡ്സ് മഹാമാരിയെ തടഞ്ഞ് നിർത്താനുള്ള പുതിയ എച്ച്ഐവി പ്രതിരോധ മരുന്നു മായെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പ്രൊഫ ലിൻഡ-ഗെയ്ൽ ബെക്കറാണ് പുതിയ എച്ച്ഐവി പ്രതിരോധ മരുന്നിൻ്റെ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. lenacapavir drugfor aids
‘ എനിക്ക് 62 വയസ്സുണ്ട്, ഈ പകർച്ചവ്യാധി മൂലം എന്റെ വേണ്ടപെട്ടവരിൽ പലരെയും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്, പക്ഷെ ഞാൻ ഒറ്റക്കല്ല എന്നെ പോലെ അനേകം ആളുകൾ ഈ ലോകത്തുണ്ട്’ എന്നും, മരുന്നിന്റെ ഫലങ്ങൾ വന്നപ്പോൾ താൻ പൊട്ടിക്കരഞ്ഞതായും ലിൻഡ പറഞ്ഞു.
എച്ച്ഐവി തടയുന്നതിനുള്ള ഒരു മാർഗം കണ്ടെത്തുന്നത് യാഥാർത്ഥത്തിൽ ശ്രമകരമാണെന്ന് പ്രൊഫ. ലിൻഡ ഗെയ്ൽ ബെക്കർ വ്യക്തമാക്കി. എന്നാൽ ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലും 16 മുതൽ 25 വരെ പ്രായമുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് ലെനകാപവിർ ( എച്ച്ഐവി/എയ്ഡ്‌സ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആൻ്റി റിട്രോവൈറൽ മരുന്ന് ) പൂർണ സംരക്ഷണം നൽകിയിട്ടുണ്ട് എന്നും ഡോക്ടർ വ്യക്തമാക്കി. കൂടാതെ മരുന്ന് യുവതികൾക്ക് അവരുടെ ജീവിതത്തിലും ലൈംഗികതയിലും കൂടുതൽ നിയന്ത്രണം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർ കൂട്ടിച്ചേർത്തു. ലെനകപവിർ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് വൈറസ് പകരുന്നത് തടയുകയും ചെയ്യും.
പർപ്പസ് 1 ട്രയലിൻ്റെ ഫലങ്ങൾ ഈ ആഴ്ച മ്യൂണിച്ചിൽ നടന്ന എയ്ഡ്സ് 2024 കോൺഫറൻസിൽ ഡെസ്മണ്ട് ടുട്ടു ഹെൽത്ത് ഫൗണ്ടേഷൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ പ്രൊഫ ലിൻഡ ബെക്കർ പങ്കുവെച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 1981-ലാണ് എയ്ഡ്‌സ് ആദ്യമായി ഒരു ഭയാനകമായ നിഗൂഢ രോഗമായി ഉയർന്നുവന്നത്. എയ്ഡ്സ് എന്ന രോഗം ഫലത്തിൽ ഒരു മരണശിക്ഷയായിരുന്നു. എച്ച്ഐവി വൈറസാണ് എയ്ഡ്‌സിന് പിന്നിലെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിയുന്നതിന് തന്നെ രണ്ട് വർഷമെടുത്തുവെന്നും ഡോ ലിൻഡ പറഞ്ഞു.
അടുത്തിടെയായി ഗവേഷണങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്, എച്ച് ഐ വി ബാധിതരെ ആരോഗ്യകരമായ ജീവിതം നയിക്കാൻ ആൻ്റി റിട്രോവൈറൽ മരുന്നുകൾ സഹായിക്കുകയും ചെയ്യും. എച്ച്ഐവി പ്രതിരോധത്തിനായുള്ള പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്സിസ് (PREP) മരുന്നുകൾക്ക് അണുബാധ തടയാനും കഴിയും.
എന്നിരുന്നാലും, ഇത്തരം ഫലപ്രദമായ ചികിത്സകൾ ആവശ്യമുള്ള എല്ലാവരിലും എത്തുന്നില്ല. ഭൂരിഭാഗം പുതിയ അണുബാധകളും ഇപ്പോൾ ആഫ്രിക്കയ്ക്ക് പുറത്താണ് സംഭവിക്കുന്നതെങ്കിലും, കൗമാരപ്രായക്കാരുടെയും യുവതികളുടെയും ഇടയിൽ എച്ച്ഐവി നിരക്ക് ഇപ്പോഴും ചില ഭാഗങ്ങളിൽ വളരെ ഉയർന്നതാണെന്ന് യുഎൻ പറയുന്നുണ്ട്. 2023 ൽ മാത്രം 150,000 പുതിയ കേസുകൾ ഉണ്ടായിരുന്നു.
ലിൻഡ ബെക്കറുടെ ഗവേഷണത്തിൽ ഈ മരുന്നിന്റെ ഷോട്ടുകൾ കൃത്യമായി എടുത്തവരിൽ രോഗപ്പകർച്ച തീരെ ഇല്ലാതായതായും, ദൈനംദിനം കഴിക്കേണ്ട പ്രതിരോധ ഗുളികകൾ (പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്സിസ്) കൊടുത്ത യുവതികളിൽ രോഗപ്പകർച്ച രണ്ട് ശതമാനത്തോളം ഉണ്ടായതായും പഠനം കണ്ടെത്തി. എന്നാൽ വർഷത്തിൽ മരുന്നിന്റെ രണ്ട് ഷോട്ട് എടുക്കുന്നത് 100% ഫലപ്രദമാണെന്നാണ് ലിൻഡ ബെക്കറുടെ പുതിയ പഠനം പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ മരുന്നു പരീക്ഷണങ്ങളിൽ ഈ മരുന്ന് സ്ത്രീകളിലും കുട്ടികളിലും ഫലപ്രാപ്തി നൂറു ശതമാനം കാണിച്ചുവെന്നാണ് വാദം. വിദഗ്ധർ ഈ മരുന്നിനെ അത്ഭുതം എന്ന് വിളിക്കുകയും വലിയ നേട്ടം ആയിരിക്കുമെന്നും വ്യക്തമാക്കി.
ദിനം പ്രതി നിങ്ങൾ എടുക്കേണ്ട തീരുമാനമാണിത്. ഈ ഗുളിക കഴിക്കുന്നതിലൂടെ ഞാൻ എന്നെ തന്നെയാണ് സംരക്ഷിക്കാൻ പോകുന്നതെന്ന തീരുമാനം ഓരോരുത്തരും സ്വയം എടുക്കേണ്ടതാണ്. അതേസമയം, നിങ്ങൾ ആറുമാസത്തെ കുത്തിവയ്പ്പ് എടുക്കുകയാണെങ്കിൽ, വർഷത്തിൽ രണ്ടുതവണ മാത്രം എടുത്താൽ മതി. പെൺകുട്ടികൾക്കും യുവതികൾക്കും എച്ച്ഐവി അണുബാധയിൽ നിന്ന് സുരക്ഷിതത്വം നൽകാൻ ലെനകാപവിർ മരുന്നുകൾക്ക് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർ പറഞ്ഞു.
”ലൈംഗിക ജീവിതത്തിൽ, കൂടുതൽ ആത്മവിശ്വാസം പകരാൻ മരുന്നിന് കഴിഞ്ഞെന്ന് നിരവധി സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. സ്വന്തം ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ആ വ്യക്തിക്ക് യഥേഷ്ട്ടം തീരുമാനിക്കാനുള്ള അവസരം കൂടിയാണ് ലെനകാപവിർ നൽകിയിരിക്കുന്നത്. സാധാരണ ഗതിയിൽ ഇത്തരം പരീക്ഷണങ്ങളിൽ ഗർഭിണികളായ സ്ത്രീകളെ മാറ്റി നിർത്തുന്ന പ്രവണതയാണുള്ളത്, എന്നാൽ ഇവിടെ അത്തരം വിലക്കുകൾ ഒന്നുമില്ല. ലെനകാപവിർ ഗുളികൾ കഴിച്ചുകൊണ്ടിരുന്ന 193 സ്ത്രീകൾ ഗർഭം ധരിച്ചിട്ടുണ്ട്, എന്നും ലിൻഡ പറയുന്നു.
ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി പകരുന്നത് തടയാൻ മരുന്നിന് കഴിയുമെന്ന് ഉറപ്പാക്കാൻ ബെക്കറും സംഘവും അമ്മമാരെയും കുഞ്ഞുങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എച്ച്ഐവി അണുബാധകളിൽ ഏകദേശം 10% ഈ രീതിയിലാണ് പകരുന്നത്. നവജാതശിശുവുമായി ആശുപത്രി വിടുമ്പോൾ സ്ത്രീകൾ കുത്തിവയ്പ്പ് എടുക്കുന്നത് അവർ ദിവസേനയുള്ള ഗുളിക കഴിക്കുന്നതിനേക്കാൾ ഫലപ്രദമാകുമെന്ന് ലിൻഡ ബെക്കർ പറയുന്നു. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി പകരുന്നത് തടയാൻ ഇതൊരു മികച്ച മാർഗമാണ്. എന്നിരുന്നാലും, മരുന്ന് എത്ര വേഗത്തിലും വിലക്കുറവിലും ലഭ്യമാക്കാൻ കഴിയുമെന്നത് ഇപ്പോഴും ചോദ്യചിന്ഹമാണ്. മരുന്ന് കമ്പനിയായ ഗിലീഡ്, മരുന്ന് വില്പനക്കായുള്ള അനുമതി നേടുന്നതിന് മുമ്പ് കൂടുതൽ പരീക്ഷണ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.
മ്യൂണിച്ചിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ ബ്രീഫിംഗിൽ, ഗിലീഡ് സയൻസിലെ ക്ലിനിക്കൽ ഡെവലപ്‌മെൻ്റിൻ്റെ വൈസ് പ്രസിഡൻ്റ് ജാരെഡ് ബെയ്‌റ്റൻ, ജനറിക് പതിപ്പുകൾക്ക് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനി നിർമ്മാതാക്കളുമായി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ബ്രസീൽ പോലുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് വിലകുറഞ്ഞതും ജനറിക് രൂപത്തിലുള്ളതുമായ മരുന്ന് എത്രമാത്രം ലഭ്യമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തത നൽകിയില്ല. മരുന്ന് ആഗോളതലത്തിൽ എത്തിക്കാനായി യുഎൻ പിന്തുണയുള്ള മെഡിസിൻസ് പേറ്റൻ്റ് പൂളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നിർദേശങ്ങളെയും ഗിലീഡ്എതിർത്തു. ട്രയലിൽ പങ്കെടുക്കുന്നവർക്ക് ലെനകാപവിർ ലഭിക്കുന്നത് തുടരും, നിലവിൽ ഗുളികകൾ കഴിക്കുന്നവർക്ക് വേണമെങ്കിൽ കുത്തിവയ്പ്പിലേക്ക് മാറാൻ സാധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
content summary; HIV prevention drug breakthrough moment