March 25, 2025 |

കാല്‍പന്തിനോട് വിട പറയുന്നു? വമ്പന്‍ പ്രഖ്യാപനവുമായി മെസ്സി

അത് തന്നെ ഭയപ്പെടുത്തുന്നുവെന്നും താരം

ലയോണല്‍ മെസ്സിഫുട്‌ബോള്‍ ലോകത്തോട് വിട പറയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍ മിയാമി ആയിരിക്കും തന്റെ അവസാന ക്ലബെന്നാണ് താരം പറഞ്ഞിരിക്കുന്നത്. മിയാമിയുടെ ജേഴ്‌സിയില്‍ തന്നെയായിരിക്കും കാല്‍ പന്ത് ലോകത്തോട് വിട പറയുക. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലേക്ക് തയ്യാറായിട്ടില്ല, പക്ഷെ അങ്ങനെയൊരു കാലം വരാനുണ്ടെന്ന് അറിയാം. അത് തന്നെ ഭയപ്പെടുത്തുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ കാണുന്ന മത്സരങ്ങളും പരിശീലനവും എല്ലാം അവസാനിക്കാറായോ എന്ന് ഭയം തോന്നുന്നു. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി മനസ്സുതുറന്നത്. Lionel Messi retirement.

2026 ലോകകപ്പില്‍ മെസി കളിക്കുമോയെന്ന ചോദ്യം ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളേറയായി. അതിനിടെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
മുന്‍പ് ആരോഗ്യം സമ്മതിക്കുമെങ്കില്‍ കളിക്കുമെന്നാണ് മെസി പറഞ്ഞിരുന്നത്. സഹതാരങ്ങളെ സഹായിക്കാനുള്ള മികവ് ഉണ്ടോയെന്നത് പ്രധാനമാന്നെും കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫേവറിറ്റുകളെന്നും ഇതിഹാസതാരം പറഞ്ഞു. തനിക്കിപ്പോഴും നല്ല രീതിയില്‍ കളിക്കാന്‍ കഴിയുന്നുണ്ട്. സ്വയം വിമര്‍ശനം നടത്തുന്ന ആളാണ് ഞാന്‍. ഞാനെപ്പോള്‍ മോശമായി കളിക്കുന്നുവെന്നും നന്നായി കളിക്കുന്നുവെന്നും തിരിച്ചറിയാന്‍ എനിക്ക് കഴിയും. മികച്ച പ്രകടനം നടത്താന്‍ കഴിയില്ലെന്നും ടീമിന് തന്നെക്കൊണ്ട് പ്രയോജനമില്ലെന്നും ബോധ്യപ്പെടുന്ന ആ നിമിഷം പ്രായം നോക്കാതെ കളി നിര്‍ത്തുമെന്നുമാണ് അദ്ദേഹം നേരത്തെ മുതല്‍ പറഞ്ഞിരുന്നത്.

2004 മുതല്‍ 2021 വരെയുള്ള ബാഴ്‌സലോണയിലെ ഇതിഹാസ കരിയറിന് പിന്നാലെ 2021ലാണ് മെസ്സി ഫ്രഞ്ച് ഭീമന്‍മാരായ പി.എസ്.ജിക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ രണ്ട് സീസണുശേഷം പാരിസ് വിട്ട മെസ്സി 2023ല്‍ ഇന്റര്‍ മിയാമിക്കൊപ്പം ചേര്‍ന്നു. ലൂയിസ് സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് അടക്കമുള്ള ബാഴ്‌സയിലെ മെസ്സിയുടെ സഹതാരങ്ങള്‍ അവിടെയുണ്ട്.

 

English summary; Lionel Messi: ‘Inter Miami is going to be my last club’ Lionel Messi retirement.

×