ദക്ഷിണേഷ്യയെ ദീര്‍ഘകാലം വേട്ടയാടിയ വിഷയങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് അറിയുന്നത്
ഇന്ത്യയും പാകിസ്ഥാനും ശത്രുക്കളായതിനാല്‍ ഇരുരാജ്യങ്ങളുടെയും പ്രതിരോധ ഉദ്യോഗസ്ഥരും ഇതേ ശത്രുത സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മുന്‍ ചാരത്തലവന്മാര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു പുസ്തകം എഴുതാനൊരുങ്ങുകയാണ്.
ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളാണ് പുസ്തമാകാന്‍ പോകുന്നത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ(റോ) മുന്‍ സെക്രട്ടറി അമര്‍ജിത് സിംഗ് ദുലത്(1999-2000) പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) മുന്‍ ഡയറക്ടര്‍ ജനറല്‍ അസദ് ഡുറാനി(1990-91) എന്നിവര്‍ പലപ്പോഴായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തക രൂപത്തിലാകുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയാണ് പുസ്തകം എഡിറ്റ് ചെയ്യുന്നത്.
ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണങ്ങളില്‍ 1.7 ലക്ഷം വാക്കുകളാണുള്ളത്. പുസ്തകത്തിന്റെ പാതി ഭാഗം ‘ചാരചരിത്രം’ എന്ന പേരില്‍ നാളെ പുറത്തിറങ്ങും. ഇരുവരും അവരവരുടെ മാതൃരാജ്യങ്ങളില്‍ വച്ച് പരസ്പരം കണ്ടുമുട്ടിയിട്ടില്ലെന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത. ഇസ്താംബുള്‍, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. ‘എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിട്ടില്ല’ എന്ന വാചകമാണ് പുസ്തകം പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.
ദക്ഷിണേഷ്യയെ ദീര്‍ഘകാലം വേട്ടയാടി വിഷയങ്ങളാണ് ഈ സംഭാഷണങ്ങളിലുള്ളതെന്ന് സിന്‍ഹ വെളിപ്പെടുത്തി. ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയവും ഇതില്‍ ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പാകിസ്ഥാനോടുള്ള സമീപനത്തെക്കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് അറിയുന്നത്. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.