June 04, 2026 |

മൂന്ന് വര്‍ഷത്തിനിടെ മലയാളിക്ക് നഷ്ടമായത് 70 കോടിയും 7 ജീവനും; മരണക്കെണിയായി ലോണ്‍ ആപ്പുകള്‍

കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശക്തമായ ഇടപെടല്‍ ഉണ്ടാകണം

നിസ്സാരമായ ആവശ്യങ്ങള്‍ക്കായി മൊബൈലില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍, അത് സ്വന്തം ജീവന്‍ തന്നെ ഇല്ലാതാക്കുന്ന ചതിക്കുഴിയായി മാറുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ വിയോഗത്തിന് പിന്നാലെ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിന്റെ തിരോധാനവും ലോണ്‍ ആപ്പുകളുടെ ഭയാനകതയിലേക്കാണ് വിരല്‍ചൂണ്ടുന്നതാണ്.

ഏപ്രില്‍ 13 മുതലാണ് കോഴിക്കോട് വടകര സ്വദേശിയായ വിഷ്ണു പ്രകാശിനെ കാണാതായത്. 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയെന്നും ഇതേത്തുടര്‍ന്ന് ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിഷ്ണുവിന്റെ കുടുംബം ആരോപിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വിഷ്ണുവിനെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി.

കാണാതായി എട്ടാം ദിവസമാണ് വിഷ്ണുവിനെ കണ്ടെത്തിയത്. ലോണ്‍ ആപ്പ് ഭീഷണി ഉണ്ടായതായി വിഷ്ണു ബന്ധുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ തന്റെ ഫോട്ടോകള്‍ പലര്‍ക്കും അയച്ച് കൊടുക്കുകയാണെന്നും അതില്‍ തനിക്ക് ഏറെ ഭയമുണ്ടെന്നുമായിരുന്നു വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ ആഘാതം കാരണമാണ് ജോലിക്ക് പോകാന്‍ കഴിയാത്തതെന്നും, മടി കാരണമല്ലെന്നും വിഷ്ണു സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ അമ്മ ആശങ്കപ്പെടേണ്ടതില്ലന്നും താന്‍ ഇപ്പോള്‍ സുഖത്തിലല്ലെന്നും, കാര്യങ്ങള്‍ ശരിയായി വന്നാല്‍ വീട്ടിലേക്ക് മടങ്ങിവരുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ബാങ്കിലേക്കെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണു പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കാസര്‍ഗോഡ് ബേക്കലില്‍ വച്ചാണ് വിഷ്ണുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്.

കടബാധ്യത എന്നതിലുപരി, വ്യക്തിയുടെ സ്വകാര്യതയും അഭിമാനവും പണയവസ്തുവാക്കി മാറ്റുന്ന ക്രൂരമായ സൈബര്‍ ആക്രമണമായി ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ മാറിയിരിക്കുന്നു.

വഞ്ചിതരാകുന്നവരില്‍ ഏറെയും സ്ത്രീകള്‍

കേരള പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 70 കോടി രൂപയാണ് മലയാളിക്ക് ഇത്തരം ആപ്പുകള്‍ വഴി നഷ്ടമായത്. ഇതില്‍ വെറും 40% അതായത് 28 കോടി രൂപ മാത്രമേ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇരയാകുന്നവരില്‍ ഭൂരിഭാഗവും നിശ്ചിത വരുമാനമില്ലാത്തവരാണ്. മലപ്പുറം ജി്ല്ലയില്‍ നിന്നാണ് ഇത്തരം തട്ടിപ്പുകളെ കുറിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭ്യമാകുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഏഴ് ആത്മഹത്യകളാണ് ലോണ്‍ ആപ്പ് മാഫിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോലീസ് സ്ഥിരീകരിച്ചത്.

വീട്ടമ്മാരാണ് ഈ തട്ടിപ്പിന് ഏറ്റവും അധികം ഇരയായിരിക്കുന്നത്. 20.18 ശതമാനം സ്ത്രീകളാണ് ലോണ്‍ ആപ്പില്‍ കുടുങ്ങിപ്പോയത്. വിദ്യാര്‍ത്ഥികളും ഈ തട്ടിപ്പില്‍ ഇരയായിട്ടുള്ളതാണ് പോലീസിന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

വായ്പ എടുക്കാതെ ലോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ പോലും ഈ തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍ പെട്ടിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന നിമിഷം തന്നെ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തുന്നു. അതിനാല്‍ ആപ്പ് ഡിലീറ്റ് ചെയ്താലും ഇവരുടെ ഭീഷണി കോളുകളില്‍ നിന്ന് രക്ഷപ്പെടുക പ്രയാസമാണെന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നാഷണല്‍ സൈബര്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 15,000 ത്തോളം പരാതികള്‍ ലഭ്യമായെങ്കിലും നാണക്കേട് ഭയന്ന് പലരും കേസ് നല്‍കാതെ പിന്‍മാറി. 284 പേര്‍ മാത്രമാണ് ഔദ്യോഗികമായി കേസ് ഫയല്‍ ചെയ്യാന്‍ തയ്യാറായത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

യാതൊരു രേഖകളുമില്ലാതെ ഉടന്‍ പണം എന്ന വാഗ്ദാനവുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഈ ലോണ്‍ ആപ്പുകള്‍, വാങ്ങിയ തുകയുടെ പത്തിരട്ടിയും പതിനഞ്ചിരട്ടിയും വരെ തിരിച്ചടയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടക്കുന്നത്. പലിശവിഹിതം ഒരു തവണ മുടങ്ങിയാല്‍ പോലും വിദേശ നമ്പറുകളില്‍ നിന്നും വെര്‍ച്വല്‍ നമ്പറുകളില്‍ നിന്നും ഇരയാക്കപ്പെടുന്നവരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയുമാണ് ലോണ്‍ ആപ്പിന്റെ തട്ടിപ്പ് സംഘത്തിന്റെ രീതി.

പോലീസ് നടപടിയും വെല്ലുവിളികളും

സംസ്ഥാനത്ത് പിടിമുറുക്കുന്ന വ്യാജ ലോണ്‍ ആപ്പ് സംഘത്തിനെതിരെ ശക്തമായ നടപടികളാണ് കേരള പോലീസ് സ്വീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1,836 ലോണ്‍ ആപ്പുകള്‍ പോലീസ് നിരോധിച്ചു. കൂടാതെ, കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ 5,317 വെബ്‌സൈറ്റുകള്‍ സൈബര്‍ വിഭാഗം നീക്കം ചെയ്തു.

വ്യാജ ലോണ്‍ ആപ്പുകളെ തടയുന്നതില്‍ പോലീസിനേക്കാള്‍ ഉപരിയായി കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശക്തമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടതെന്ന് സൈബര്‍ സെല്‍ കൊച്ചി സിറ്റി എസ്‌ഐ പ്രമോദ് അഴിമുഖത്തോട് വ്യക്തമാക്കുന്നു.

”ലോണ്‍ ആപ്പുകളെ നിയന്ത്രിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ആപ്പുകള്‍ തിരിച്ചറിയുക എന്നത് പ്രധാനമാണ്. നിലവില്‍ വ്യാജ ആപ്പുകള്‍ നിരോധിക്കുന്നത് വലിയ ഫലം കാണുന്നില്ല. ഇവയില്‍ പലതും ചൈനീസ് കേന്ദ്രീകൃതമായതിനാല്‍, ഒരു പേരിലുള്ള ആപ്പ് നിരോധിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു പേരില്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നു.

ഇത്തരം തട്ടിപ്പുകളില്‍ പോലീസിന് നേരിട്ട് നടപടിയെടുക്കുന്നതിന് പരിമിതികളുണ്ട്. തട്ടിപ്പിനിരയാകാതിരിക്കാന്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണ് പോലീസിന് ചെയ്യാന്‍ കഴിയുന്ന പ്രധാന കാര്യം. മുന്നറിയിപ്പുകള്‍ അവഗണിക്കുന്നവരാണ് പലപ്പോഴും തട്ടിപ്പിനിരയാകുന്നത്. തട്ടിപ്പ് നടന്ന ശേഷം സര്‍ക്കാരിനെയോ പോലീസിനെയോ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. സോഷ്യല്‍ മീഡിയയിലും വാട്സ്ആപ്പിലും സമയം ചെലവഴിക്കുമ്പോഴും ഗൗരവകരമായ വാര്‍ത്തകളോ ബോധവല്‍ക്കരണ സന്ദേശങ്ങളോ ശ്രദ്ധിക്കാത്തവരാണ് ചതിക്കുഴിയില്‍ വീഴുന്നത്. എങ്കിലും, പോലീസിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ ഫലം കാണുന്നുമുണ്ട്. വാര്‍ത്തകള്‍ ശ്രദ്ധിച്ചതുകൊണ്ട് മാത്രം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് പറഞ്ഞ് ഏകദേശം 30 ശതമാനം ആളുകള്‍ സൈബര്‍ സെല്ലിനെ ബന്ധപ്പെടാറുണ്ട് എന്നത് ആശ്വാസകരമാണ്” പ്രമോദ് കൂട്ടിച്ചേര്‍ത്തു.

എങ്ങനെ സുരക്ഷിതരാകാം?

ലോണ്‍ ആപ്പുകളുടെ മോഹനവാഗ്ദാനങ്ങളില്‍ വീഴരുതെന്നാണ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഗൂഗില്‍ പ്ലേ സ്‌റ്റോറിലോ, ആപ്പിള്‍ ആപ്പ് സ്‌റ്റോറിലോ ഇല്ലാത്ത APK ഫയലുകള്‍ വഴി ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ആര്‍ബിഐ അംഗീകാരമുള്ള ബാങ്കുളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രം വായ്പകള്‍ സ്വീകരിക്കുക. കൂടാതെ, വായ്പാ ആപ്പുകള്‍ക്ക് ഉപഭോക്താവിന്റെ ഗാലറിയിലേക്കോ, കോണ്‍ടാക്ടുകളിലേക്കോ പ്രവേശനം നല്‍കരുത് തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ലോണ്‍ ആപ്പുകളുടെ ഭീഷണി നേരിടുന്ന ഉപഭോക്താക്കള്‍ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ വിവരമറിയിക്കേണ്ടതാണ്.

Content Summary: Loan app trap in Kerala: 7 deaths and ₹70 crore lost in 3 years; how the scams work

Leave a Reply

Your email address will not be published. Required fields are marked *

×