June 04, 2026 |
Share on

വാളുമായി നടുറോഡില്‍ ‘ഗട്ക’ പ്രകടനം; സിഖ് യുവാവിനെ ലോസ് ഏഞ്ചല്‍സ് പൊലീസ് വെടിവച്ചു കൊന്നു

ജൂലൈ 13 ന് നടന്ന സംഭവത്തിന്റെ ബോഡിക്യാം ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്‌

ലോസ് ഏഞ്ചല്‍സിലെ തിരക്കേറിയ റോഡിന് നടുവില്‍ പരമ്പരാഗത സിഖ് ആയോധന കലയായ ഗട്ക അനുകരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിഖ് യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. കഴിഞ്ഞ ജൂലൈ 13 ന് ആയിരുന്നു സംഭവം. തിരക്കേറിയ ഒരു ജംഗ്ഷന്റെ മധ്യത്തില്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ചാണ് 35 കാരനായ ഗുര്‍പ്രീത് സിംഗ് എന്ന സിഖ് യുവാവ് ഗട്ക പ്രകടനം നടത്തിയത്. ഇയാളെ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്ന സംഭവത്തിന്റെ ബോഡിക്യാം ദൃശ്യങ്ങള്‍ ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (എല്‍എപിഡി) ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്. ഏറെ വിവാദമായ സംഭവമായിരുന്നു ഇത്. പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെയും, വംശീയ വേര്‍തിരിവിന്റെയും ഉദ്ദാഹരണങ്ങളായാണ് ഈ സംഭവം വിലയിരുത്തപ്പെട്ടത്.

ക്രിപ്റ്റോ.കോം അരീനയ്ക്ക് സമീപം ഫിഗുറോവ സ്ട്രീറ്റും ഒളിമ്പിക് ബൊളിവാര്‍ഡും സംഗമിക്കുന്ന ജംഗ്ഷനില്‍ രാവിലെ 9 മണി കഴിഞ്ഞാണ് സംംഭവം നടക്കുന്നത്. സിംഗ് റോഡില്‍ തന്റെ കാര്‍ നിര്‍ത്തി, പുറത്തിറങ്ങി, രണ്ടടി നീളമുള്ള വാള്‍ എടുത്ത് പരസ്യമായി വീശാന്‍ തുടങ്ങി. ലോസ് ഏഞ്ചല്‍സ് പോലീസ് പറയുന്നത് അതൊരു വടിവാളായിരുന്നുവെന്നാണ്. എന്നാല്‍ സിഖ് ആചാരത്തിന്റെ ഭാഗമായ ഗട്കയില്‍ ഉപയോഗിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു അതെന്ന് പിന്നീട് കണ്ടെത്തി.

പൊലീസിന്റെ ബോഡിക്യാം ഫൂട്ടേജ് പ്രകാരം, വെസ്റ്റും ഷോര്‍ട്ട്‌സും നീല തലപ്പാവും ധരിച്ച ഗുര്‍പ്രീത് സിംഗ് നടുറോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് സ്വന്തം മുഖത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് അയാള്‍ വഴിയാത്രക്കാരെ ഭീഷണിപ്പെടുത്താനും തുടങ്ങിയതായി ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

പൊലീസ് ഓഫീസര്‍മാരായ മൈക്കല്‍ ഒറോസ്‌കോയും നെസ്റ്റര്‍ എസ്പിനോസ ബോജോര്‍ക്വസും സ്ഥലത്തെത്തി സിംഗിനോട് ആയുധം താഴെയിടാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരു വാട്ടര്‍ ബോട്ടില്‍ എറിഞ്ഞശേഷം തന്റെ വാഹനത്തില്‍ കയറി, കാറിന്റെ വിന്‍ഡോയിലൂടെ വാള്‍ വീശി കാണിച്ചുകൊണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ചു.

പൊലീസ് ഇയാളെ പിന്തുടര്‍ന്നു. അപകടകരമായി വണ്ടിയോടിച്ച സിംഗ് ഒരു പൊലീസ് വാഹനത്തില്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളില്‍ തന്റെ കാര്‍ ഇടിപ്പിച്ചു. ഒടുവില്‍ ഫിഗുറോവയ്ക്കും 12-ാം സ്ട്രീറ്റിനും സമീപം അയാള്‍ കാര്‍ നിര്‍ത്തി. പുറത്തിറങ്ങിയ സിംഗ് വാളുമായി പൊലീസുകാരുടെ നേര്‍ക്ക് പാഞ്ഞടുത്തു. അതോടെ രണ്ട് ഉദ്യോഗസ്ഥരും സിംഗിന് നേരെ വെടിയുതിര്‍ത്തു. ഒന്നില്‍ കൂടുതല്‍ ബുള്ളറ്റുകള്‍ അയാളുടെ ശരീരത്തില്‍ തറച്ചു. സിംഗിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസുകാര്‍ക്കോ സമീപത്തുണ്ടായിരുന്നവര്‍ക്കോ സംഭവത്തില്‍ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.

മതപരവും സാംസ്‌കാരികവുമായ വേദികളില്‍ അവതരിപ്പിക്കുന്ന സിഖ് ആയോധന പാരമ്പര്യങ്ങളില്‍ വേരൂന്നിയ ഒന്നാണ് ഗട്ക. ഇതില്‍ വാളുകള്‍, വടികള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാറുണ്ട്. സിംഗ് ആദ്യമൊക്കെ സമാധാനപരമായാണ് ഗട്ക ചുവടുകള്‍ വച്ചിരുന്നതെങ്കിലും പിന്നീട് അയാളുടെ സ്വഭാവം മാറുന്നതായാണ് സോാഷ്യല്‍ മീഡിയ ക്ലിപ്പുകളുടെയും ബോഡിക്യാം ഫൂട്ടേജുകളുടെയും വീഡിയോ വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത്. പൊലീസിന്റെ നിര്‍ദേശം അനുസരിക്കാതിരിക്കുകയും അപകടകാരിയായി പൊതുജനത്തിനും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയായി മാറിയതുകൊണ്ടുമാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നാണ് ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിശദീകരണം.

സംഭവത്തില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. സിംഗിനെ എന്തുകൊണ്ട് ടേസറുകള്‍, ഗ്രീന്‍ബാഗ് റൗണ്ടുകള്‍ പോലുള്ള മറ്റ് മാര്‍ഗങ്ങളിലൂടെ കീഴടക്കാന്‍ ശ്രമിക്കാതെ വെടിവച്ചു എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. സിംഗിന്റെ മാനസിക നില എങ്ങനെയുള്ളതായിരുന്നുവെന്നതില്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. സംഭവത്തില്‍ എല്‍എപിഡിയുടെ ഫോഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്നാണ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.  Los Angeles police killed Sikh man performing Gatka with sword on street

Content Summary; Los Angeles police killed Sikh man performing Gatka with sword on street

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×