June 18, 2025 |
Share on

വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയവര്‍ക്ക് ‘ലൗ ജിഹാദ്’ ആരോപിച്ച് കോടതിക്കുള്ളില്‍ മര്‍ദ്ദനം

ഹിന്ദുത്വ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയാണെന്നതിന് ഭോപ്പാല്‍ കോടതിയില്‍ നിന്നുള്ള തെളിവ്

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഭോപ്പാല്‍ ജില്ല കോടതിയിലെത്തിയ ഇതര മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേ ഹിന്ദുത്വ മതമൗലിക വാദികളുടെ ആക്രമണം. കോടതി കെട്ടിടത്തിനുള്ളില്‍ വച്ചായിരുന്നു ആക്രമണം.  മുസ്ലിം സമുദായത്തില്‍പ്പെട്ട യുവാവും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള യുവതിയുമാണ് വിവാഹിതരായത്. തിരക്കേറിയ കോടതിക്കുള്ളില്‍ ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിക്കുന്നത് സുരക്ഷ കാമറകളില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘ലൗ ജിഹാദ്’ ആരോപിച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവാവിനെ ഒരു കൂട്ടം മതവാദികള്‍ ആക്രമിച്ചത്. നിര്‍ബന്ധിത മതം മാറ്റത്തിന് ശ്രമിച്ചു എന്ന ആരോപണത്തില്‍ ആക്രമിക്കപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അക്രമികളായ മതമൗലിക വാദികള്‍ക്കെതിരേ ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അക്രമത്തിന്റെയും അതില്‍ പങ്കാളികളായവരുടെയും ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടും പരാതിയില്ലെന്ന വാദത്തിലാണ് അവര്‍ക്കെതിരേ യാതൊരു നടപടിയും പൊലീസ് എടുക്കാത്തത്.

ഇതരമതത്തില്‍പ്പെട്ട രണ്ടു പേര്‍ ഇന്നേ ദിവസം കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയില്‍ എത്തുമെന്ന വിവരം ഹിന്ദുത്വ സംഘടനകള്‍ക്കും ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും നേരത്തെ അറിഞ്ഞിരുന്നു. നോട്ടറി ഓഫിസില്‍ നിന്നാണ് വിവരം ചോര്‍ന്നത്. ഇവരെ പിടികൂടാന്‍ വേണ്ടി കോടതി പരിസരത്ത് ആളുകള്‍ കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കുന്നതെന്നുള്ള സത്യവാങ്മൂലം നല്‍കുന്നതിനായാണ് ദമ്പതിമാര്‍ നോട്ടറി ഓഫിസില്‍ എത്തിയത്. ഈ വിവരങ്ങള്‍ തങ്ങള്‍ക്ക് മുന്‍കൂട്ടി ലഭിച്ചിരുന്നുവെന്നു ഭോപ്പാല്‍ ജില്ല കോടതി ബാര്‍ ആസോസിയഷനിലെ അംഗങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്.

മറ്റൊരു ജില്ലയില്‍ നിന്നുള്ളവരായിരുന്നു ദമ്പതിമാര്‍. വിവാഹത്തിനുള്ള സത്യവാങ്മൂലം നല്‍കാനാണ് അവര്‍ ഭോപ്പാല്‍ ജില്ല കോടതിയില്‍ എത്തിയത്. ദമ്പതികളെ പലരും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അവരെ കാന്റീനിനടുത്ത് കണ്ടെത്തി, ബാര്‍ അസോസിയേഷനിലെ ഒരു അഭിഭാഷകന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു. അവരുടെ സത്യവാങ്മൂലം തയ്യാറാക്കുന്നത് ഏത് അഭിഭാഷകനാണ് എന്നു പോലും ഞങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും, പ്രതികരിച്ച വ്യക്തി പത്രത്തോട് പറയുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സത്യവാങ്മൂലം തയ്യാറാക്കാനായിരുന്നു ഇരുവരും കോടതിയിലെത്തിയതെന്നും ബാര്‍ അസോസിയേഷനിലെ അംഗങ്ങള്‍ പറയുന്നുണ്ട്. പക്ഷേ, പൊലീസ് യുവാവിനെതിരേ കേസ് എടുത്തിരിക്കുന്നത്, യുവതിയെ ബലം പ്രയോഗിച്ച് മതം മാറ്റാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ്.

ഭോപ്പാല്‍ ജില്ല കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ദേവേന്ദര്‍ രാഘവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ബജ്‌റംഗദള്‍ പ്രവര്‍ത്തകനായിരുന്ന ദേവേന്ദര്‍ വിശ്വഹിന്ദു പരിഷത്ത് മധ്യപ്രദേശ് യൂണിറ്റിന്റെ പ്രധാന നിയമോപദേഷ്ടാവ് കൂടിയാണ്. അയാള്‍ പരിഹാസത്തോടെ പറയുന്നത്, ആ അക്രമത്തിന് ഞങ്ങളെല്ലാവരും സാക്ഷികളായിരുന്നു. അവനെ നല്ലപോലെ കൈകാര്യം ചെയ്തിട്ട് പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ്.

ആര് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വന്നാലും, എനിക്ക് ആ വിവരം കിട്ടും, അവരുടെ മതം ഞങ്ങള്‍ അന്വേഷിക്കും. ഇതര മതവിഭാഗത്തില്‍ നിന്നുള്ളവരാണെങ്കില്‍ ഉടന്‍ തന്നെ ഞങ്ങളുടെ നെറ്റ്‌വര്‍ക്ക് ആക്ടീവാക്കും. പെണ്‍കുട്ടി ഹിന്ദുവാണെങ്കില്‍ അവളെ തിരിച്ച് സ്വന്തം കുടുംബത്തിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്യും’; ദേവേന്ദര്‍ രാഘവിന്റെ ഭീഷണിയാണ്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ യുവാവിന്റെ ഫോണില്‍ ഒന്നലധികം ഹിന്ദു സ്ത്രീകളുടെ ഫോട്ടോകളും കോണ്‍ടാക്റ്റ് നമ്പരുകളും ഉണ്ടായിരുന്നുവെന്നും, ഒപ്പം ഉണ്ടായിരുന്ന സ്ത്രീയെ വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് ചന്ദ്രശേഖര്‍ തിവാരി എന്നയാളുടെ ആരോപണം. സംസ്‌കൃതി ബച്ചാവോ മഞ്ച് എന്ന ഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റാണ് തിവാരി. ഈ സംഘടനയിലെ ആളുകളാണ് കോടതിയില്‍ കയറി അക്രമം നടത്തിയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2021 ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. യുവാവിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാലാണ് അക്രമിക്കള്‍ക്കെതിരേ കേസ് എടുക്കാത്തതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. അക്രമിക്കപ്പെട്ട യുവാവ്, അക്രമികള്‍ക്കെതിരേ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.  Interfaith couple attacked by right wing outfits inside of Bhopal court 

Content Summary; Interfaith couple attacked by right wing outfits inside of Bhopal court

Leave a Reply

Your email address will not be published. Required fields are marked *

×