കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് കോടതിയും പൊലീസും അന്വേഷണം നടത്തി കണ്ടെത്തിയ കാര്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അത് പാര്‍ലമെന്റിലും പറഞ്ഞു. സംഘ്പരിവാറും കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുമാണ് കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കണക്കുകളോ വിവരങ്ങളോ നല്‍കാനും ഇരുവിഭാഗത്തിനും കഴിഞ്ഞിട്ടുമില്ല. കേരളത്തില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശത്തെ പിന്തുണച്ചിരിക്കുകയാണ് കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെസിബിസി). പിസി ജോര്‍ജിന്റെ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശം ഇല്ലെന്നാണ് കെസിബിസിയുടെ വാദം.love jihad; love jihad; is the sangh parivar or the catholic sabha behind communalism?
ബിജെപിയുടെ ചുവടുപിടിച്ച് പിസി ജോര്‍ജ് നടത്തുന്ന വര്‍ഗീയ പരാമര്‍ശത്തെ ഏറ്റെടുത്തിരിക്കുകയാണ് ഗുജറാത്ത് മാധ്യമമായ ഗുജറാത്ത് സമാചാറും. പിസി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ഗുജറാത്ത് സമാചാര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നത് ഊട്ടിയുറപ്പിക്കുകയാണ് ഗുജറാത്ത് സമാചാറും അതിനെ അനുകൂലിക്കുന്ന ബിജെപി-സംഘ്പരിവാര്‍ നേതൃത്വങ്ങളും. ഇതിലൂടെ വര്‍ഗീയ ലഹളയ്ക്കായുള്ള കോപ്പുകൂട്ടല്‍ കൂടിയാണ് നടക്കുന്നത്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ദേശീയതലത്തില്‍ പ്രചരണം നടത്തുകയെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. ജോര്‍ജിന്റെ പരാമര്‍ശത്തെ കേവലമൊരു വിടുവായത്തമായി കാണേണ്ട ഒന്നല്ല. ലൗ ജിഹാദ് എന്ന ആശയത്തെ വസ്തുതാപരമായി വിലയിരുത്തുകയാണെങ്കില്‍ സെക്കുലര്‍ സമൂഹത്തില്‍ അസ്വാരസ്യങ്ങളും ഭിന്നിപ്പിന്റെ വര്‍ഗീത വിത്തും പാകുകയാണ് ലക്ഷ്യമെന്നതും വ്യക്തമാണ്.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് തെളിയിക്കേണ്ടത് സംഘ്പരിവാറിന്റെയും ബിജെപിയുടെയും അജണ്ടയായി മാറിയിരിക്കുകയാണ്. ഇതിനെ പിന്താങ്ങുന്ന നിലപാടാണ് കേരളത്തിലെ കത്തോലിക്കാ സഭകളും കൈക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ മതം മാറ്റം നടത്തുന്നുണ്ടെന്ന വാദത്തെ ഇതിന് മുമ്പും കത്തോലിക്ക സഭ പിന്താങ്ങിയ ചരിത്രമാണ് ഉള്ളത്. എന്നാല്‍ അത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്.
കേരളത്തില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്നായിരുന്നു പിസി ജോര്‍ജ് കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നും’ പി.സി ജോര്‍ജ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
കേരളത്തില്‍ 2017 ലാണ് ലൗ ജിഹാദ് ഉണ്ടെന്ന പ്രചരണം ഉയര്‍ന്നത്. അതേസമയം, 2009 ല്‍ രണ്ട് സ്ത്രീകളുടെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആ അന്വേഷണത്തിനൊടുവില്‍ 2012 ല്‍ കേരളാ പൊലീസ് കണ്ടെത്തിയത് കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നായിരുന്നു്.
1990 കളുടെ അവസാനത്തില്‍ കര്‍ണാടകയില്‍ നിന്നാണ് ലൗ ജിഹാദ് എന്ന വിദ്വേഷ പ്രചരണം ഉയര്‍ന്ന് കേട്ടത്. പ്രണയം നടിച്ച് മുസ്ലീം യുവാക്കള്‍ ഹിന്ദു യുവതികളെ മതം മാറ്റി വിവാഹം കഴിക്കുക എന്നതാണ് ലൗ ജിഹാദ്. മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്ന ഹിന്ദുത്വ ശക്തികളുടെയും ഇതിനെ പിന്താങ്ങുന്ന ക്രൈസ്തവ സംഘടനകളുമാണ് കേരളത്തില്‍ ലൗ ജിഹാദിനെ രൂപപ്പെടുത്തിയത്. 2010 ല്‍ ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാരാണ് കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ല്‍ ജേക്കബ് പുന്നൂസിന്റെ അന്വേഷണത്തിന് ശേഷം 2017 ല്‍ ഡിജിപി ലോക്നാഥ് ബെഹ്റയും ലൗ ജിഹാദ് ഇല്ലെന്ന റിപ്പോര്‍ട്ടായിരുന്നു നല്‍കിയിരുന്നത്.
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായി കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തെ ഉത്തരേന്ത്യന്‍ സംഘപരിവാര്‍ ലോബികള്‍ ഏറ്റെടുക്കുക മാത്രമല്ല, മുസ്ലീംങ്ങള്‍ക്കെതിരെയുള്ള ശക്തമായ കച്ചിത്തുരുമ്പാക്കി ഇതിനെ മാറ്റുകയും ചെയ്തു. ഇപ്പോഴിതാ ബിജെപി നേതാവായ പിസി ജോര്‍ജ് ഇത് ആവര്‍ത്തിക്കുകയാണ്.
ലൗ ജിഹാദും കത്തോലിക്ക സഭയും
കേരളത്തില്‍ ലൗ ജിഹാദിരലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്ന ഗുരുതര ആരോപണമായിരുന്നു 2020 ലെ സിനഡില്‍ സീറോ മലബാര്‍ സഭ ഉന്നയിച്ചത്. കേരളത്തില ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്നുമായിരുന്നു സിനഡ് വിലയിരുത്തിയത്.
സിനഡ് പരാമര്‍ശത്തിന് പിന്നാലെ 2021 ല്‍ പാല ബിഷപ്പ് പ്രതികരിച്ചത് കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്നായിരുന്നു. നാര്‍ക്കോട്ടിക്, ലൗ ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചത്.
പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണച്ച് താമരശേരി രൂപതയും രംഗത്ത് വന്നിരുന്നു. ലൗ ജിഹാദിന്റെ വിവിധ ഘട്ടങ്ങളെ വിശദീകരിക്കുന്ന 130 പേജുകളുള്ള കൈപ്പുസ്തകമാണ് താമരശേരി രൂപത പുറത്തിറക്കിയത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നതിനായി ഇസ്ലാം മത പുരോഹിതന്മാര്‍ വഴി ആഭിചാരക്രിയകള്‍ നടക്കുന്നുണ്ടെന്നും കൈപ്പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു.
ഹിന്ദുത്വ പ്രൊപ്പഗാണ്ടയായ കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ഇടുക്കി രൂപത 2024 ല്‍ വിശ്വോത്സവത്തിന്റെ ഭാഗമായി 10 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ഒരു കൈപ്പുസ്തകം നല്‍കിയിരുന്നു. കേരള സ്റ്റോറി എന്ന സിനിമയേക്കാള്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു കൈപ്പുസ്തകത്തിലെ വിവരങ്ങള്‍.
‘ചില തീവ്രവാദ ഗ്രൂപ്പുകളുടെ പ്രത്യേക ശൃംഖലയാണ് ലവ് ജിഹാദ്. പണവും, സ്‌നേഹവും സമ്മാനങ്ങളും നല്‍കി പ്രലോഭിപ്പിച്ച് ഇതര മതസ്ഥരായ പെണ്‍കുട്ടികളെ വശീകരിച്ച് തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ഇവിടെത്തെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ വി എസ് മുഖ്യധാരയിലെത്തിച്ച വിഷയം ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചിരുന്നു”. ഇതായിരുന്നു ഇടുക്കി രൂപത കുട്ടികള്‍ക്ക് നല്‍കിയ കൈപുസ്തകത്തിലെ ലവ് ജിഹാദ് എന്ന അധ്യായത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍.
ലൗ ജിഹാദ് ഒരു സാമൂഹിക പ്രശ്നമാണെന്നും കേവലം ഇസ്ലാം-ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ലെന്നുമായിരുന്നു മുന്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുമ്പ് പ്രതികരിച്ചത്.
ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ കേരളത്തിലെ മുഖമാകാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജിന്റെ പുതിയ പ്രസ്താവനയിലൂടെ വിഷയം വീണ്ടും കത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും പ്രശ്‌നത്തില്‍ രാഷ്ട്രീയ നിലപാട് എടുക്കാന്‍ നിര്‍ബന്ധിതരാകും. ജോര്‍ജിന്റെ അറസ്റ്റിന് ശക്തമായ ആവശ്യം ഉയരുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല.love jihad; love jihad; is the sangh parivar or the catholic sabha behind communalism?
Content Summary: love jihad; is the sangh parivar or the catholic sabha behind communalism?