ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് കലാശപ്പോര്. ഇന്ന് വൈകുന്നേരം 7.30 നടക്കുന്ന അവസാന കളിയില്‍ കിരീടത്തിനായി ഏറ്റുമുട്ടുക സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. ഈ ഫൈനലിലെ ശ്രദ്ധേയമായ ഘടകം ടി 20 ലോകകപ്പ് സ്വകാഡിലെ ഒറ്റ താരം പോലും ഇന്നത്തെ കലാശപ്പോരില്‍ ഇല്ലെന്നതാണ്. ഐപിഎല്‍ കൂടി അടിസ്ഥാനമാക്കി തിരഞ്ഞെടുത്തതാണ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ. പേരിനെങ്കിലും പറയാനാവുക റിങ്കു സിങിനെയാണ്. എന്നാല്‍ അദ്ദേഹം ലോകകപ്പിന്റെ റിസര്‍വ് ടീമിലെ നാലുപേരില്‍ ഒരാള്‍ മാത്രമാണ്. ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍ എന്നിവരാണ് റിസര്‍വ് ബെഞ്ചിലുള്ളത്. ചുരുക്കത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി-20 ടീമിലെ ഒരാള്‍ പോലും ഇല്ലാത്ത കലാശപ്പോരിനാണ് ചെപ്പോക്ക് സ്റ്റേഡിയം ഇന്ന് വേദിയാവുക.
മറ്റുരാജ്യങ്ങളുടെ ലോകകപ്പ് ടീം അംഗങ്ങള്‍ ഐപിഎല്‍ ഫൈനലില്‍ കളിക്കാനുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ട്രാവിസ് ഹെഡും കളത്തിലെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടി20 ലോകകപ്പ് താരങ്ങളായ ഹെന്റിച് ക്ലാസ്സെന്‍, എയ്ഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സന്‍ എന്നിവരും ഫൈനല്‍ കളിക്കാനുണ്ട്. വെസ്റ്റിന്ത്യന്‍ ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസ്സലും ഫൈനലിനുണ്ടെങ്കിലും നാഷണല്‍ ഡ്യൂട്ടിയില്‍ നിന്ന് നേരത്തെ തന്നെ വിട്ടുനില്‍ക്കുന്ന സുനില്‍ നരേന് കളി നഷ്ടമാകും. ഫൈനലില്‍ കൊല്‍ക്കത്തയുടെ വിക്കറ്റ് കാക്കാന്‍ എത്തുന്നവരില്‍ അഫ്ഗാന്‍ വിക്കെറ്റ് കീപ്പേര്‍ റഹ്മാന്നുള്ള ഗുര്‍ബാസുമുണ്ട്.
ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നുള്ള അവസാന പ്രതീക്ഷ അവസാനിപ്പിച്ചത് രാജസ്ഥാന്‍ റോയല്‍സ് ആയിരുന്നു. ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ് പുറമേ യശസ്വി ജയ്‌സ്വാള്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരായിരുന്നു ടീമിലെ ലോകകപ്പ് സ്വകാഡ്് അംഗങ്ങള്‍. പ്ലേഓഫില്‍ പുറത്തായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിലെ രണ്ടു താരങ്ങളാണ് ലോകകപ്പ് സ്‌ക്വാഡിലുള്ളത്. സൂപ്പര്‍ താരം വിരാട് കോഹ്ലിയും പേസര്‍ മുഹമ്മദ് സിറാജും ടീമിന്റെ ഭാഗമാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിന്റെ നാല് താരങ്ങളാണ് ലോകകപ്പ് ടീമില്‍ ഇടം നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് കാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നീ മുംബൈ താരങ്ങളാണ് ടീമിലുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മൂന്നു താരങ്ങളും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ രണ്ടു താരങ്ങളും ലോകകപ്പിനുള്ള ടീമിലുണ്ട്.
ഐപിഎല്‍ സീസണിലെ ഏറ്റവും മോശം പ്രകടനം നടത്തിയ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 4 പേര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നതാണ് മറ്റൊരു വിരോധാഭാസം. 14 കളികളില്‍ പത്തിലും പരാജയം കണ്ട മുംബൈ ടീമില്‍ നിന്നാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ട്യയും. ടീമിലെ ഏറ്റവും മികച്ച താരം എന്ന് വിശേഷിപ്പിക്കാവുന്ന പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ എന്ന വിശേഷണമുള്ള സൂര്യകുമാര്‍ യാദവും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്.അതേസമയം ഐപിഎല്‍ ഫൈനലിലെത്തിയ കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകളില്‍ നിന്ന് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരുപിടി താരങ്ങള്‍ ടീം ഇന്ത്യയുടെ നീല ജേഴ്സിക്ക് അവകാശവാദം ഉയര്‍ത്തിയിരുന്നു. ഹൈദരാബാദ് വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് യാദവ്, ഓള്‍ റൗണ്ടര്‍ നിതിഷ് റെഡ്ഡി, ഉജ്വല ഫോമിലുള്ള പേസര്‍ ടി നടരാജന്‍ എന്നിവരും കൊല്‍ക്കത്തയുടെ പേസര്‍ ഹര്‍ഷിത് റാണ, നിതിഷ് റാണയും ഇത്തവണ പ്രകടനം കൊണ്ട് ബ്ലൂ ജേഴ്സി മോഹിച്ചിരുന്നു
English summary; Lowest-ranked MI has four India’s T20 World Cup starters, top two teams, KKR and SRH have no representatives