പുസ്തക പ്രസാധന രംഗത്ത് മൂന്ന് പതിറ്റാണ്ട് കാലം മലയാള പുസ്തകങ്ങളുടെ രൂപഭാവങ്ങളൊരുക്കിയ അണിയറ ശില്‍പ്പിയായിരുന്നു എം.കെ. മാധവന്‍ നായര്‍. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പബ്ലിക്കേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് ആ സ്ഥാപനം വളര്‍ത്തുകയും സംഘത്തിന്റെ സുവര്‍ണ കാലത്ത് അതിന്റെ വിജയങ്ങളില്‍ നിസ്തുലമായ പങ്ക് വഹിക്കുകയും ചെയ്ത എം കെ മാധവന്‍ നായരുടെ ചരമ വാര്‍ഷികമാണിന്ന്.M.K Madhavan Nair, a person who dedicated his life to malayalam books
‘മാധവാ,
ച്ചാല്‍, നീയും കാരൂരിന്റെ ശിഷ്യനാ, അല്ലേ?
ശ്രീ മാങ്കോയിക്കല്‍ കൃഷ്ണപിള്ള മാധവന്‍ നായര്‍, കാര്യദര്‍ശി,
തിരുവിതാംകൂര്‍ നായര്‍ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
(ക്ലിപ്തം = കൊച്ചി, മലബാര്‍ ഔട്ട്)
പി.എസ്: ഡീസി യുടെ വേലയല്ലേ? രണ്ടക്ഷരത്തിനെതിരെ രണ്ട് ഭാഷയില്‍ ഗ്രന്ഥമെഴുതാം’ സംഘത്തില്‍ കള്ളന്‍”തീഫ് ഇന്‍ ഗോഡൗണ്‍’
(സാഹിത്യ സഹകരണ സംഘം സെക്രട്ടറി എം.കെ.മാധവന്‍ നായര്‍ക്ക് വി.കെ.എന്‍12-6-84 ല്‍ അയച്ച കത്തില്‍ നിന്ന്)
കുറച്ചുകാലം മുന്‍പ് എറണാകുളത്ത് വെച്ച് ഒരു ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് സി.ആര്‍ ഓമനക്കുട്ടന്‍ സാറുമായി കണ്ടുമുട്ടിയപ്പോള്‍ (ഓമനക്കുട്ടന്‍ സാറെന്നാല്‍ എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവ്, സര്‍വ്വോപരി കോട്ടയംകാരന്‍, പിന്നെ കോട്ടയം ചരിത്രകാരന്‍. കഴിഞ്ഞ വര്‍ഷം അന്തരിച്ചു.)
തന്റെ ചെറുപ്പകാലത്ത് താന്‍ തിരുവല്ലയില്‍ നിന്ന് സ്ഥിരമായി കോട്ടയത്ത് സ്റ്റാര്‍ തിയേറ്ററില്‍ വന്ന് ഇംഗ്ലീഷ് പടങ്ങള്‍ – ബെന്‍ഹര്‍, ടെന്‍ കമാന്റ്‌മെന്റസ് തുടങ്ങിയ സിനിമകള്‍ കണ്ട കാലം കെ.ജി. ജോര്‍ജ് ഓര്‍മ്മിച്ചു. കെ.ജി. ജോര്‍ജെന്ന സിനിമാ സംവിധായകന്റെ ചലച്ചിത്ര രംഗത്തേക്കുള്ള യാത്രയുടെ യവനിക ഉയരാന്‍ നിമിത്തമായത് അന്ന് കണ്ട ഈ സിനിമകളാണ്. അന്ന് താന്‍ കണ്ട സിനിമകളുടെ, തനിക്ക് കിട്ടിയ പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള നോട്ടീസുകള്‍ ഇപ്പോഴും നിധിപോലെ താന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മനോഹരമായ ഭാഷയില്‍ സിനിമയുടെ കഥാസാരം എഴുതിയ ആ നോട്ടീസുകളെ കുറിച്ച് ജോര്‍ജ് വാചാലനായപ്പോള്‍ ഓമനക്കുട്ടന്‍ സാര്‍ തൊട്ടുനില്‍ക്കുന്ന ദീര്‍ഘകായനായ ആളെ ചൂണ്ടിക്കാട്ടി പറഞ്ഞു.
‘ജോര്‍ജേ താന്‍ വായിച്ച ആ നോട്ടീസുകള്‍ എഴുതി തയ്യാറാക്കിയ ആളാണ് ഈ നില്‍ക്കുന്നത്. എം.കെ. മാധവന്‍ നായര്‍,സാഹിത്യ പ്രവര്‍ത്തക സംഘം സെക്രട്ടറി’. കെ. ജി. ജോര്‍ജ് അത്ഭുതത്തോടെ, ആദരവോടെ എം.കെയുടെ കൈ പിടിച്ചു. ഓമനക്കുട്ടന്‍ സാര്‍ പിന്നെ എഴുതി ‘ജോര്‍ജിന് അദ്ദേഹത്തെ വലിയ ബഹുമാനമായിപ്പോയി’.
കെ. ജി. ജോര്‍ജ് മാത്രമല്ല, സാഹിത്യലോകം അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. കാല്‍ നൂറ്റാണ്ടോളം സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങളുടെ പുറം കവറിലെ ബ്ലര്‍ബ് അഥവാ ഗ്രന്ഥസാരം എഴുതിയത് എം. കെ മാധവന്‍ നായരായിരുന്നു. എഴുതേണ്ടത് ചില്ലറക്കാരുടെ പുസ്തകങ്ങള്‍ക്കല്ല. തകഴി, ദേവ്, പൊന്‍കുന്നം വര്‍ക്കി, ഉറൂബ്, പൊറ്റെക്കാട്, വിലാസിനി, ജി.ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍ നായര്‍, ലളിതാംബിക അന്തര്‍ജ്ജനം, പി. വത്സല തുടങ്ങിയ മലയാള സാഹിത്യലോകത്തില പ്രശസ്തരുടെ രചനകള്‍ക്കാണ് എന്നറിയുമ്പോഴാണ് കെ.ജി ജോര്‍ജിന് തോന്നിയ ബഹുമാനം പത്തിരട്ടിയായി നമുക്ക് എം.കെ യോട് തോന്നുന്നത്.
എം. കെ. മാധവൻ നായർ
1956 മുതല്‍ സാഹിത്യ സഹകരണ സംഘവുമായി തുടങ്ങിയ ബന്ധമായിരുന്നു അദ്ദേഹത്തിന്റെത്. സംഘത്തിന്റെ കൈയ്യും കണക്കും ചലിച്ചിരുന്നത് എം.കെയുടെ നിയന്ത്രണത്തിലായിരുന്നു. കാരൂരും, ഡി.സി. കിഴക്കേമുറിയും കൊണ്ടുനടന്ന ആ പ്രസ്ഥാനമായിരുന്നു അന്ന് മലയാള സാഹിത്യത്തെ ഏറ്റെടുത്തത്. ഡി.സി. കിഴക്കേമുറി സെക്രട്ടറിയും എം. കെ. മാധവന്‍ നായര്‍ പബ്ലിക്കേഷന്‍ മാനേജറുമായിരുന്ന ആ കാലത്താണ് ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി സംഘത്തിന്റെ പുസ്തക കവറുകള്‍ വരയ്ക്കാന്‍ തുടങ്ങിയത്. മലയാള പുസ്തകനിര്‍മ്മാണം അതോടെ ഒരു കലാരൂപമായി. പുസ്തകങ്ങള്‍ പ്രവഹിച്ചു. മലയാള സാഹിത്യത്തിലെ അമൂല്യമായി കരുതപ്പെടുന്ന കൃതികളെല്ലാം അങ്ങനെ വായനക്കാരുടെ മുന്നിലെത്തി.
മലയാള സാഹിത്യ മേഖലയില്‍ എഴുതി പ്രതിഫലം കിട്ടി ജീവിക്കാമെന്ന് ഒരു സംവിധാനമെന്ന നിലയില്‍ രൂപപ്പെടുത്തിയ, ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഒരു കടമയായിരുന്നു സംഘവും അതിന്റെ ശില്‍പ്പികളായ ഡി.സി – കാരൂര്‍ – എം.കെ. ത്രിമൂര്‍ത്തികള്‍ ചെയ്തത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഏകോപനം – സാഹിത്യകാരന്മാരെ, കൈകാര്യം ചെയ്യുക, കൃത്യസമയത്ത് അച്ചടിച്ച് പുസ്തകം ഇറക്കുക, ഗ്രന്ഥകാരന് റോയല്‍റ്റി പണം കൊടുക്കുക എന്നത് കൃത്യമായും, നിശബ്ദമായും നിര്‍വ്വഹിച്ചത് എം.കെ. യായിരുന്നു.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലിരുന്നുകൊണ്ട് നിശബ്ദനായി മലയാള സാഹിത്യത്തിന്റെ ഗതി അങ്ങനെ നിയന്ത്രിച്ച ആളായിരുന്നു എം.കെ.മാധവന്‍ നായര്‍. ആ ചരിത്രം കുറച്ചെങ്കിലും, വി.കെ എന്‍ എം.കെ മാധവന്‍ നായര്‍ക്കയച്ച കത്തുകള്‍ ഉള്ളടക്കമായുള്ള ‘സംഘ സാഹിത്യം’ എന്ന കൃതിയിലുണ്ട്. എഴുതി മാത്രം, ജീവിച്ചിരുന്ന വി.കെ.എന്‍ എന്ന വലിയ എഴുത്തുകാരന്‍ തന്റെ പ്രസാധകനായ എം.കെ. മാധവന്‍ നായരുമായി നടത്തിയ ആ കത്തിടപാടുകള്‍ വായിക്കേണ്ട ഒരു കൃതിയാണ്.
വി.കെ.എന്നിന് ലോകം മുഴുവന്‍ ആരാധകരാണ്. വി.കെ.എന്‍ കഥ തലയ്ക്ക് പിടിച്ചവര്‍ ഇപ്പോഴും അനേകമുണ്ട്. പയ്യന്‍ കഥകള്‍ എഴുതിയ വി.കെ എന്റെ നൂറായിരം കഥകള്‍ എം. കെ. മാധവന്‍ നായര്‍ക്ക് അറിയാമായിരുന്നു. കഥകളല്ല, യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെ. എം.കെ യെ പല പേരുകളില്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന വി.കെ.എന്‍ ഒരിക്കല്‍ എം.കെ യെ അഭിസംബോധന ചെയ്ത് ഇങ്ങനെ
‘യം. കെ. മാധവന്‍ നായര്‍ എന്ന ചിരിക്കും നീചന്,
ചിരിച്ച് കൊല്ലും ശിങ്കത്തിന്’.
വി കെ.എൻ എം. കെ. മാധവൻ നായർക്ക് അയച്ച കത്തുകൾ പുസ്തകമായപ്പോൾ
” സംഘ സാഹിത്യം’
എം.കെ. പറഞ്ഞ ഒരു വി.കെ.എന്‍ സംഭവകഥ: ഒരിക്കല്‍ വി.കെ.എന്‍ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഓഫീസില്‍ രാവിലെ 11 മണിക്ക് എം.കെ മാധവന്‍ നായരെ കാണാനെത്തി. സംഘം ഓഫീസിലേക്കുള്ള വി. കെ. എന്നിന്റെ ആദ്യത്തെ വരവാണ്. രാവിലെ തന്നെ സാമാന്യം സേവിച്ചിട്ടുണ്ട്. നല്ല ഫിറ്റാണ്. കൂടെ രണ്ട് പേരുമുണ്ട്. കോട്ടയത്തുകാരാണ്. എം.കെ. നോക്കിയപ്പോള്‍ വി. കെ.എന്നുമായി അടുപ്പം കാണാന്‍ ഒരു സാധ്യതയുമില്ലാത്തവരാണ്. ഒരാള്‍ വമ്പന്‍ എസ്റ്റേറ്റ് മുതലാളി. മറ്റെയാള്‍ വ്യവസായി. അന്വേഷിച്ചപ്പോള്‍ ബാറില്‍ നിന്ന് കിട്ടിയ കൂട്ടാണ്. എം.കെ.യെ കാണാനാണ് വി.കെ.എന്‍ വന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ സ്വന്തം കാറില്‍ കൂട്ടിക്കൊണ്ടു വന്നതാണ്.
സംഘം ഓഫീസ് സെക്രട്ടറിയായ എം.കെ. മാധവന്‍ നായരുടെ മുറിയില്‍ സംസാരിച്ചിരിക്കെ വി. കെ. എന്‍ പെട്ടെന്ന് അക്രമാസക്തനായി. യാതൊരു പ്രകോപനവും കൂടാതെ വി.കെ.എന്‍ തന്റെ കൂടെ വന്ന സഹൃദയനായ സുഹൃത്തിന്റെ വിലയേറിയ കണ്ണട എം. കെ. യുടെ നേര്‍ക്ക് ഒറ്റയേറ്. തുടര്‍ന്ന് അയാളുടെ സില്‍ക്കിന്റെ ജുബ്ബ വലിച്ച് കീറി. അന്തംവിട്ട അയാള്‍ എന്താണ് വി. കെ. എന്‍ ? എന്തായിത് എന്നൊക്കെ ചോദിക്കുന്നുണ്ട്. വി.കെ. എന്‍ സ്വയം മറന്ന് ഉന്മാദത്തിലാണ്. എന്നാല്‍ സഹൃദയനല്ലാത്ത മറ്റേ സുഹൃത്ത് ആകെ ക്ഷോഭിച്ച് ചാടിയെഴുന്നേറ്റ് വി.കെ. എന്റെ കുത്തിന് പിടിച്ച് തെറി വിളിയാരംഭിച്ചു. ഇവിടെ പ്രശ്‌നമുണ്ടാക്കരുത് എന്ന് പറഞ്ഞു രണ്ട് സുഹൃത്തുക്കളേയും എം. കെ. ഓഫീസിന് വെളിയിലാക്കി. പക്ഷേ, അവര്‍ വിടാന്‍ ഭാവമില്ലായിരുന്നു.’ അവന്‍ ഇറങ്ങി വരുമ്പോള്‍ രണ്ടെണ്ണം കൊടുത്തിട്ടേ പോകൂ എന്ന് അവര്‍ ഭീഷണി മുഴക്കി.
വി.കെ. എന്‍
കുറച്ചു കഴിഞ്ഞപ്പോള്‍ വി.കെ. എന്‍ ന് അന്ന് മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റായ ഉറൂബിനെ കാണണമെന്നായി. സംഘം ഓഫീസിന്റെ നേരെ എതിരെയുള്ള മനോരമ ഓഫീസിലേക്ക് പോകാനൊരുങ്ങിയ വി.കെ.എന്‍ നെ എം.കെ. തടഞ്ഞു. പുറത്ത് വി കെ എന്നിനെ അടിക്കാന്‍ നില്‍ക്കുന്നവരെ കുറിച്ചായിരുന്നു എം.കെയുടെ ആശങ്ക. അവര്‍ പോയി എന്ന് ഉറപ്പു വരുത്തിയാണ് എം.കെ, വി.കെ. എന്നിനെ വിട്ടയച്ചത്. മനോരമയിലേക്ക് പോകാന്‍ ഒപ്പം ഒരു സഹായിയേയും കൂട്ടിയാണ് വി.കെ. എന്നിനെ വിട്ടത്.
അന്ന് നല്ല തിരക്കിലായ എം.കെ. രാത്രി വൈകി വരെ സംഘം ഓഫീസിലായിപ്പോയി. അന്ന് രാത്രി പത്ത് മണിയായപ്പോള്‍ തൊട്ടടുത്ത അംബാസിഡര്‍ ബാര്‍ ഹോട്ടലിലെ മാനേജറുടെ ഫോണ്‍ വിളി എം.കെ യെ തേടിയെത്തി. അയാള്‍ പറഞ്ഞു ‘നിങ്ങളെ കാണാന്‍ വന്ന വി.കെ.എന്‍. എന്ന ആള്‍ വീണ്ടും ഇവിടെയെത്തി അലമ്പുണ്ടാക്കുന്നു. ബാര്‍ അടയ്ക്കാന്‍ സമയമായി താങ്കള്‍ ഇവിടെ വരെ വരണം’
സംഭവം പിടികിട്ടിയ എം. കെ. മാനേജറോട് കാര്യം പറഞ്ഞു. ഞാന്‍ വന്നിട്ട് ഒരു പ്രയോജനവുമില്ലെന്നും, അദ്ദേഹത്തെ ഒരു മുറിയില്‍ കിടത്താനും ബില്ലിന്റെ കാര്യമെല്ലാം നാളെ ഞാന്‍ നേരിട്ട് വന്ന് ശരിയാക്കാമെന്നും പറഞ്ഞു. കൂട്ടത്തില്‍ എം.കെ ചോദിച്ചു. ‘ വി.കെ.എന്‍ ന്റെ കൂടെ ആരെങ്കിലുമുണ്ടോ?
മാനേജര്‍ പറഞ്ഞു. ഉവ്വ് കാലത്ത് വന്ന ആ രണ്ട് പേര്‍’
വി.കെ.എന്‍ ന് രണ്ട് തല്ല് കൊടുത്തേ പോകൂ എന്ന് പറഞ്ഞവര്‍ അദ്ദേഹവുമായി ആഘോഷിച്ച് നടക്കുന്നതോര്‍ത്ത് ഒരു പുതിയ പയ്യന്‍ കഥ വായിച്ച പോലെ എം.കെ. മാധവന്‍ നായര്‍ ചിരിച്ചു പോയി.
‘വി.കെ.എന്‍ നെ മനസിലാക്കാനോ പൂര്‍ണമായി പഠിക്കാനോ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? അത് സാധ്യമാണോ? അദ്ദേഹത്തെ വിലയിരുത്താന്‍ ശ്രമിച്ചവര്‍ ആനയെ കണ്ട കുരുടന്മാരാണ്. ആ വിശ്വരൂപം ഇന്നും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല’ അരനൂറ്റാണ്ട് കാലം വി.കെ.എന്‍ നുമായി അടുത്ത ബന്ധമുള്ള എം.കെ. എഴുതി.
എം.കെ. മാധവന്‍ നായര്‍
വര്‍ത്തമാനത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരു വി. കെ. എന്‍. സ്‌റ്റൈല്‍, നിയന്ത്രണമില്ലായ്ക പ്രകടമായിരുന്നു. ചില പ്രത്യേക അവസരങ്ങളില്‍ തന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് ബോധ്യപ്പെട്ടിട്ട്, ക്ഷമ ചോദിക്കാനുള്ള ആര്‍ജ്ജവം അദ്ദേഹം കാട്ടിയിരുന്നു. ഒരിക്കലും ആര്‍ക്കും അദ്ദേഹത്തെ വെറുക്കാനാവുമായിരുന്നില്ല. നമ്മുടെ സാഹിത്യകാരന്മാരില്‍ എത്ര പേരുണ്ട് ഇങ്ങനെ? എം.കെ. എഴുതി.
സാഹിത്യം ആളുകള്‍ ഗൗരവമായി എടുത്തിരുന്ന ആ കാലത്ത് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ പടികേറാത്ത കേരളത്തിലെ സാഹിത്യകാരന്മാര്‍ അപൂര്‍വ്വമായിരുന്നു’.
പുസ്തകങ്ങളുടെ രചയിതാവിന് 32% റോയല്‍റ്റി നല്‍കിയ ലോകത്തിലെ തന്നെ സാഹിത്യകാരന്മാരുടെ ആദ്യത്തെ സഹകരണ പ്രസ്ഥാനമായിരുന്നു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം. സാഹിത്യകാരന്മാരെ ടാക്‌സ് കൊടുക്കുന്നവരാക്കി മാറ്റിയ പ്രസ്ഥാനമായി സംഘം. മലയാളത്തിലെ ക്ലാസ്സിക്കുകളെല്ലാം പുറത്ത് വന്നത് സംഘം വഴി തന്നെ. നിഘണ്ടു, ശബ്ദതാരാവലി തുടങ്ങിയവ വേറെയും.
പി.കുഞ്ഞിരാമൻ നായരുടെ ആത്മകഥ ‘ കവിയുടെ കാൽപ്പാടുകൾ ക്ക് എം.കെ. എഴുതിയ പിൻ കവറിലെ ബ്ലർബ്
സംഘം പുറത്തിറക്കുന്ന പുസ്തകത്തിന്റെ നിലവാരവും നിര്‍മ്മാണവും അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും എം.കെയുടെ മേല്‍നോട്ടത്തിലായിരുന്നു. കാല്‍ നൂറ്റാണ്ടോളം പുസ്തകങ്ങളുടെ പിന്‍കവറില്‍ ബ്ലര്‍ബ് എഴുതിയതും എം.കെ മാധവന്‍ നായര്‍ തന്നെ. തകഴി, കേശവദേവ്, ബഷീര്‍ തുടങ്ങിയവരുടെ കൃതികള്‍ക്ക്, പിന്‍ കവറില്‍ കുറിപ്പെഴുതുക ചെറിയ കാര്യമല്ല. ആയിരത്തിലധികം വരും കവറുകളില്‍ എഴുതിയ ആ ബ്ലര്‍ബുകള്‍. കൂടാതെ, ചില പ്രത്യേക പതിപ്പുകള്‍ക്കുള്ള പ്രസാധകക്കുറിപ്പുകള്‍, എന്‍.ബി.എസ് ബുള്ളറ്റിന്‍, കാറ്റലോഗ് തുടങ്ങിയവ എഡിറ്റ് ചെയ്തത് വായനക്കാരെ സംഘവുമായി ബന്ധിപ്പിച്ചതും അത് നിലനിറുത്തിയതും എം.കെയായിരുന്നു.
ഡി.സി. കിഴക്കേ മുറിയെ ഉപജാപസംഘം സാഹിത്യ സഹകരണ സംഘത്തില്‍ നിന്ന് ആരോപണമുന്നയിച്ച് പുറത്താക്കി കഴിഞ്ഞിട്ടും ആ ഉപജാപസംഘത്തിന്റെ കാലത്തും സംഘത്തെ നേര്‍വരയില്‍ നയിക്കാന്‍ എം.കെ. ക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ ‘പ്രവര്‍ത്തനം കൊണ്ടു മാത്രമായിരുന്നു. എഴുത്തുകാരുമായി നല്ല ബന്ധം പുലര്‍ത്തി സംഘത്തെ നയിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മികവ്. ആ ബന്ധങ്ങളെയൊന്നും പേരിനോ പ്രശസ്തിക്കോ നേട്ടത്തിനോ ഉപയോഗിച്ചില്ല എന്നത് അദ്ദേഹത്തിന്റെ നന്മയും.
പന്തളത്ത് ജനിച്ച എം.കെ. മാധവന്‍ നായര്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ബിരുദം കഴിഞ്ഞാണ് പുസ്തകപ്രസാധന രംഗത്ത് എത്തിയത്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ സി.ബി. പണ്ടാരത്തില്‍ നടത്തുന്ന ‘അരുണോദയം’ പ്രസ്സില്‍ എത്തി. തകഴിയുടെ ‘ തോട്ടിയുടെ മകന്‍ ‘ ആദ്യമായി പ്രസിദ്ധീകരിച്ചത് എം കെ യുടെ മേല്‍ നോട്ടത്തിലായിരുന്നു. പിന്നീട് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സെക്രട്ടറിയായി നെടുംതുണായി.
സംഘത്തിന്റെ ഈ ചരിത്രമെല്ലാം രേഖപ്പെടുത്തി ഒരു പുസ്തകമാക്കണമെന്ന് അദ്ദേഹത്തിനോട് കാണുമ്പോഴൊക്കെ പറയുമായിരുന്നു. സാഹിത്യ സഹകരണ സംഘം പോലെയൊരു പ്രസ്ഥാനത്തിന്റെ ചരിത്രം മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. അത് എഴുതാന്‍ എം.കെ ക്കേ കഴിയൂ. എന്നാല്‍ അലസത മൂലം അത് നടന്നില്ല. ഒടുവില്‍ ഏറെ വൈകി, അതിന്റെ ഒരു ചെറിയ അംശം മാത്രം ഉള്‍പ്പെടുത്തി മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ ഒരു അഭിമുഖം വന്നു.
1984 ല്‍ എം. കെ. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി. അതിന് ശേഷം വീണ്ടും കോട്ടയത്ത് എസ്. പി.എസിലെത്തി. പിന്നിട് അവിടെ നിന്ന് വിരമിച്ചപ്പോള്‍. 1992 ല്‍ മലയാള മനോരമയുടെ ഭാഷാ പോഷിണിയുടെ പത്രാധിപ സമിതിയംഗമായി. 2015 ല്‍ മനോരമയില്‍ നിന്ന് വിരമിച്ചു.
എം.കെ. വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ കഥ’ എന്ന ഒരു കൃതിയുണ്ട്. ഒരു പുസ്തകം എങ്ങനെ തയ്യാറാക്കി, അച്ചടിച്ചിറക്കുന്നു എന്ന് ലളിതമായി പ്രതിപാദിക്കുന്ന കൃതിയാണ് കാക്ക കാലേക്കറുടെ ‘പുസ്തകത്തിന്റെ കഥ’.
തകഴിയുടെ ആത്മകഥക്ക് എം.കെ. എഴുതിയ പ്രസാധക കുറിപ്പ്
എത്രയോ പുസ്തകങ്ങള്‍ അണിയിച്ചൊരുക്കി സാഹിത്യ സഹകരണ സംഘത്തിലൂടെ പുറത്തിറക്കിയ എം.കെ യാണ് ഈ പുസ്തകം മലയാളത്തിലാക്കിയത് എന്നത് ചരിത്രത്തിന്റെ നിയോഗം തന്നെയായിരുന്നു. അതിന് സര്‍വഥാ യോഗ്യനായ എം.കെയല്ലാതെ മറ്റാരുണ്ട് ? പൗരനും ഭരണഘടനയും, റൈറ്റ് സഹോദരന്മാര്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കുമയോണിലെ കടുവകള്‍, ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍, പുതിയ ചൈന, അമേരിക്കയിലെ വിദ്യാഭ്യാസം, ജാക്ക് ലണ്ടന്‍ കഥകള്‍, തുടങ്ങിയ ഒരു പിടി പുസ്തകങ്ങള്‍ അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
മലയാള സാഹിത്യ പ്രസാധന രംഗത്ത് അദ്ദേഹം എത്താത്ത വഴികളില്ലായിരുന്നു. എഴുത്തുകാരും പുസ്തകങ്ങളും നിറഞ്ഞ ലോകത്ത് നിശബ്ദമായി അദ്ദേഹം സഞ്ചരിച്ചു. മലയാള സാഹിത്യലോകത്ത് അദ്ദേഹത്തിനറിയാത്ത സംഭവങ്ങളോ, കഥകളോ, സാഹിതൃകാരന്മാരോ ഇല്ലായിരുന്നു. ഏറെ സൗഹൃദങ്ങള്‍ക്കുടമയായി അദ്ദേഹം തന്റെ പ്രവൃത്തി മണ്ഡലത്തില്‍ എന്നും തലയുയര്‍ത്തി നിന്നു
ഏറെക്കാലം പ്രസാധകനും സംഘാടകനുമായി, നിശബ്ദ സാന്നിധ്യമായിരുന്ന എം.കെ മാധവന്‍ നായര്‍ വിടവാങ്ങിയപ്പോള്‍ സാഹിത്യകാരന്മാരുടെയും, സാഹിത്യ സംഭവങ്ങളുടെയും അറിയപ്പെടാത്ത ചരിത്രം കൂടിയാണ് അവസാനിച്ചത്.M.K Madhavan Nair, a person who dedicated his life to malayalam books
Content Summary: M.K Madhavan Nair, a person who dedicated his life to malayalam books