ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമാകുന്ന തിരഞ്ഞെടുപ്പിനാണ് മഹാരാഷ്ട്ര പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. 288 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിലുള്ള കടുത്ത പോരാട്ടത്തിനായിരിക്കും സാക്ഷ്യം വഹിക്കുക. മാറിമാറി വരുന്ന സഖ്യങ്ങളും, പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകളും, ജാതിപരമായ കണക്കുകൂട്ടലുകളും, വികാരഭരിതമായ വാചാടോപങ്ങളും എല്ലാം നിറഞ്ഞതായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. പ്രാദേശിക പ്രശ്നങ്ങള്‍ക്കൊപ്പം ദേശീയ രാഷ്ട്രീയവും പ്രധാന വിഷയങ്ങളായി.
ഇരു സഖ്യങ്ങളുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്നമാണ് ഈ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും ബിജെപിയും അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) ഉള്‍പ്പെടുന്ന ഭരണകക്ഷിയായ മഹായുതി, വികസന വാഗ്ദാനങ്ങളും ‘ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍(കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ സഖ്യത്തിന്റെ സര്‍ക്കാര്‍) എന്ന ഉറപ്പും നല്‍കി അധികാരം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിനു വിപരീതമായി, കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും (യുബിടി) എന്‍സിപിയിലെ ശരദ് പവാര്‍ വിഭാഗവും ഉള്‍പ്പെടുന്ന എംവിഎ, ബിജെപിയുടെ, ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച് മാറ്റം കൊണ്ടുവരുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. എന്തായാലും ഈ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ രാഷ്ട്രീയ സംഘം ചേരലുകളുടെ പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. 2019ല്‍ മഹാരാഷ്ട്രയുടെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരുന്നത് ബിജെപി-ശിവസേന സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ആയിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് പ്രത്യയശാസ്ത്ര എതിരാളികള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണ്. ശിവസേന ബിജെപിയുമായി പിരിഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. 2022-ല്‍ ശിവസേന രണ്ടായി പിരിഞ്ഞു. ബി.ജെ.പിയുടെയും അജിത് പവാറിന്റെ എന്‍.സി.പിയുടെയും പിന്തുണയോടെ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. പാര്‍ട്ടികളും കക്ഷികളും തമ്മിലുള്ള അസ്ഥിരമായ ബന്ധം തന്നെയാണ് തീര്‍ത്തും പ്രവചനാതീതമായ തിരഞ്ഞെടുപ്പിലേക്ക് മഹാരാഷ്ട്രയെ എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ രണ്ട് പ്രധാന സഖ്യങ്ങള്‍ക്കുള്ളിലെ കളം മറിയലുകളാണ് പരമ്പരാഗത രാഷ്ട്രീയ കണക്കുകൂട്ടലുകളെ സങ്കീര്‍ണ്ണമാക്കുന്നത്. ഉദാഹരണത്തിന്, കോണ്‍ഗ്രസും എന്‍സിപിയും തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനായി പോരാടുമ്പോള്‍, തങ്ങളുടെ എതിരാളികളായി മാറിയവരില്‍ നിന്ന് രണ്ട് ഭാഗങ്ങളെ(ശിവസേനയില്‍ നിന്ന് ഷിന്‍ഡെ വിഭാഗവും, എന്‍സിപിയില്‍ നിന്ന് അജിത് പവാര്‍ വിഭാഗവും)അടര്‍ത്തിയെടുത്താണ് ബിജെപി കളിക്കുന്നത്. പാര്‍ട്ടികള്‍ ഇപ്പോള്‍ തങ്ങളുടെ രാഷ്ട്രീയയോ പ്രത്യയശാസ്ത്രമോ കൊണ്ടു മാത്രമല്ല വോട്ടര്‍മാരെ സമീപിക്കുന്നത്, ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിഗത സ്ഥാനാര്‍ത്ഥികളിലും പാര്‍ട്ടികള്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടങ്ങളില്‍, സര്‍ക്കാര്‍ നടത്തിയ വികസനത്തെ ചുറ്റിപ്പറ്റിയായിരുന്നു ഭരണകക്ഷിയുടെ പ്രചാരണം. ബി.ജെ.പി.യും എം.വി.എയും തങ്ങളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനായിരുന്നു ശ്രമിച്ചത്. മഹാരാഷ്ട്രയുടെ വികസന അജണ്ടയുടെ ചാമ്പ്യന്മാരായി സ്വയം അവരോധിക്കാനാണ് മഹായുതി സഖ്യം ശ്രമിച്ചത്. ‘ഇരട്ട-എഞ്ചിന്‍ സര്‍ക്കാര്‍’ എന്ന വിശേഷണമാണ് സ്വയം സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള അഭേദ്യമായ ബന്ധം ജനങ്ങളെ ബോധ്യപ്പെടുത്താമെന്നും അവര്‍ വിചാരിക്കുന്നുണ്ട്. ക്ഷേമ പദ്ധതികള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍, സാമ്പത്തിക സുസ്ഥിരത, ഗ്രാമവികസനത്തില്‍ നല്‍കിയ പ്രത്യേക ശ്രദ്ധ എന്നിവയൊക്കെ ഭരണസഖ്യത്തിന്റെ അവകാശവാദങ്ങളായിരുന്നു.
എന്നാല്‍, വികസന പ്രചാരണങ്ങളില്‍ നിന്ന് ബിജെപി സഖ്യം പെട്ടെന്നു തന്നെ റൂട്ട് മാറ്റി. വിഭാഗീയതയുടെ രാഷ്ട്രീയം പറയാന്‍ തുടങ്ങി. ‘വോട്ട് ജിഹാദ്’, ‘ഏക് ഹേ തോ സേഫ് ഹേ’ (ഒരുമിച്ച് നമ്മള്‍ സുരക്ഷിതരാണ്), ‘ധര്‍മ്മയുദ്ധ’ (മതയുദ്ധം) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രചാരണങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. ഈ ധ്രുവീകരണ മുദ്രാവാക്യങ്ങള്‍ തൊഴിലില്ലായ്മ, കാര്‍ഷിക ദുരിതം, പണപ്പെരുപ്പം, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് തുടങ്ങി സംസ്ഥാനത്തെ ഗ്രാമീണ വോട്ടര്‍മാരെ സാരമായി ബാധിക്കുന്ന കാതലായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള വഴിയായിരുന്നു.
മറുവശത്ത്, ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷമായ എംവിഎ ഉയര്‍ത്തിയത്. ബിജെപിയും സഖ്യകക്ഷികളും വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ ജനാധിപത്യ മൂല്യങ്ങളെ തുരങ്കം വയ്ക്കുകയാണെന്നും ആരോപിച്ചു. പ്രതിപക്ഷ സഖ്യത്തിലെ പ്രധാനിയായ ശരദ് പവാര്‍ പ്രാദേശിക രാഷ്ട്രീയം പറയുന്നതിനൊപ്പം ബിജെപിയുടെ ബിജെപിയുടെ സ്വേച്ഛാധിപത്യ പ്രവണതകളുടെ പ്രചാരകരായി മാറിയ ഒരു സര്‍ക്കാരിനെ മാറ്റി പുതിയൊരു ഭരണ സംവിധാനം നിലവില്‍ വരേണ്ടതിന്റെ ആവശ്യകയെക്കുറിച്ചാണ് ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. ജനാധിപത്യമൂല്യങ്ങളുടെ പുനസ്ഥാപനവും, അതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷണവും ലക്ഷ്യമാക്കുന്ന എംവിഎ സര്‍ക്കാരിനായുള്ള പവാറിന്റെ ആഹ്വാനത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പിന്തുണയ്ക്കുകയാണ്.
നഗര കേന്ദ്രീകൃതമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടികള്‍ താത്പര്യം കാണിച്ചെങ്കിലും മഹാരാഷ്ട്രയിലെ ഗ്രാമീണ വോട്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ വലിയ താത്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഗ്രാമീണരെ ആശ്വസിപ്പിക്കാന്‍ നേതാക്കന്മാര്‍ക്ക് കഴിഞ്ഞില്ല.കര്‍ഷക ആത്മഹത്യകളും കാര്‍ഷിക ദുരിതങ്ങളും വ്യാപകമായ വിദര്‍ഭയില്‍, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെയും, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെയും ഇരകളാവുകയാണ് വോട്ടര്‍മാര്‍. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പരുത്തി, സോയാബീന്‍, ഉള്ളി തുടങ്ങിയ നിര്‍ണായക വിളകളുടെ കുറഞ്ഞ താങ്ങുവിലയ്ക്കായി (എംഎസ്പി) സമരം ചെയ്യുകയാണ്. സംസ്ഥാന നികുതി നയങ്ങളും ഗ്രാമീണരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നുണ്ട്.
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോഴും, മഹാരാഷ്ട്രയുടെ ഗ്രാമീണമേഖലയുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നാഗ്പൂര്‍, ഭണ്ഡാര, ഗോണ്ടിയ, അമരാവതി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഗ്രാമീണര്‍ കടുത്ത നിരാശയിലാണെന്നാണ്. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അവരുടെ ജീവിതം ഇപ്പോഴും വരണ്ട് തന്നെ കിടക്കുകയാണ്. ഗ്രാമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും കാരണമായി ബിജെപിയുടെ സാമ്പത്തിക നയങ്ങളുടെ പരാജയമാണെന്നു വിശദീകരിച്ച്, ഗ്രാമീണര്‍ക്കിടയിലുള്ള അസംതൃപ്തി മുതലെടുക്കാനാണ് കോണ്‍ഗ്രസും എന്‍സിപിയും ശ്രമിക്കുന്നത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി പ്രബല ശക്തിയായിരുന്ന പവാര്‍ കുടുംബത്തിനുള്ളില്‍ തുടരുന്ന ഭിന്നതയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകഥകളിലൊന്ന്. ബിജെപിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറും അദ്ദേഹത്തിന്റെ അനന്തരവന്‍ യുഗേന്ദ്ര പവാറും തമ്മിലുള്ള മത്സരം എന്‍സിപിയുടെ ശക്തികേന്ദ്രമായ ബാരാമതി പോലുള്ള പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. രണ്ട് പവാറുകളും തമ്മിലുള്ള വ്യക്തിവൈരാഗ്യം സംസ്ഥാനത്തെ രാഷ്ട്രീയ ശിഥിലീകരണത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. അവസരവാദ സഖ്യങ്ങള്‍ രൂപീകരിച്ച് കുടുംബങ്ങളിലെ വിശ്വസ്തതയും പരമ്പരാഗത പാര്‍ട്ടി നിലപാടുകളും തകര്‍ത്തിരിക്കുകയാണ്. പവാര്‍ കുടുംബത്തിന്റെ ആഭ്യന്തര കലഹം, ഛിന്നഭിന്നമായ രാഷ്ട്രീയ ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അവിടെ പ്രത്യയശാസ്ത്ര പരിശുദ്ധി വ്യക്തിപരവും വിഭാഗീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുകയാണ്. പാര്‍ട്ടി പ്രത്യയശാസ്ത്രത്തെക്കാളും പ്രാദേശിക സഖ്യങ്ങളെക്കാളും വോട്ടര്‍മാര്‍ വ്യക്തിഗത സ്ഥാനാര്‍ത്ഥികളിലും പ്രാദേശിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ കഴിവിലും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.
ബിജെപിയുടെയും എം.വി.എയുടെയും ദേശീയ നേതാക്കള്‍ മഹാരാഷ്ട്രയിലെ പ്രചാരണത്തില്‍സജീവമായിരുന്നു, പ്രത്യേകിച്ച് നഗരങ്ങളിലെയും വിദ്യാസമ്പന്നരായ വോട്ടര്‍മാരെയും സ്വാധീനിക്കുന്നതില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് മുഴക്കിയത്. വോട്ടര്‍മാരിലെ പ്രധാന വിഭാഗങ്ങളായ, പ്രത്യേകിച്ച് ഒബിസി, ദലിത്, പട്ടികവര്‍ഗങ്ങള്‍ എന്നിവരെയാണ് മോദി ലക്ഷ്യമിട്ടത്. യോഗി ആദിത്യനാഥിന്റെ ‘ഏക് ഹായ് തോ സേഫ് ഹേ’ (ഒരുമിച്ച്, നമ്മള്‍ സുരക്ഷിതരാണ്), ‘ബത്തേംഗേ തോ കാറ്റേംഗേ’ (വിഭജിച്ചാല്‍ നമ്മള്‍ വീഴും) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ബിജെപിയുടെ ഹിന്ദുത്വ അടിത്തറ ഉറപ്പിക്കുന്നതിനായി പ്രയോഗിച്ച ശക്തമായ അയുധമാണ്. മറുവശത്ത്, ഭരണഘടനയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും സംരക്ഷകകരായി കോണ്‍ഗ്രസിനെ പ്രതിഷ്ഠിച്ച്, ഇന്ത്യയുടെ ആത്മാവിനായുള്ള പോരാട്ടമായാണ് രാഹുല്‍ ഗാന്ധി ഈ തിരഞ്ഞെടുപ്പിനെ മുന്നോട്ടുവച്ചത്. സാമൂഹ്യനീതിക്കും സ്ഥാപനപരമായ സ്വയംഭരണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ ബിജെപിയുടെ ഭൂരിപക്ഷ അജണ്ടകള്‍ക്കെതിരായിട്ടായിരുന്നു.
മഹാരാഷ്ട്രയില്‍ ആരു വിജയിക്കുമെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല. സ്ഥിരതയുടെയും വികസനത്തിന്റെയും അവകാശവാദങ്ങള്‍ അവതരിപ്പിക്കാന്‍ മഹായുതിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, മാറ്റത്തിനായുള്ള എംവിഎയുടെ പ്രചാരണം, പ്രത്യേകിച്ച് സംസ്ഥാനത്തെ ഗ്രാമീണ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. കുടുംബ കലഹങ്ങളും ജാതി സമവാക്യങ്ങളും ആശയപരമായ ആശയക്കുഴപ്പങ്ങളും പ്രധാന വിഷയങ്ങളായ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആശയങ്ങളേക്കാള്‍, സ്ഥാനാര്‍ത്ഥികളെയും പ്രാദേശിക പ്രശ്‌നങ്ങളെയും ചുറ്റിപ്പറ്റിയായിരിക്കും വിധി പറയുക. ഈ തെരഞ്ഞെടുപ്പിന്റെ ഫലം മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുക മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മഹാരാഷ്ട്രയുടെ രാഷ്ട്രീയം ഇപ്പേഴുള്ള രാഷ്ട്രീയ സഖ്യങ്ങളില്‍ തന്നെ തുടരുമോ അതോ വീണ്ടും പിളര്‍പ്പുകളിലേക്ക് പോകുമോ എന്നാണ് ചോദ്യം. എന്തായാലും സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുകയാണ്. Maharashtra assembly election and the state’s complex political landscape
Content Summary; Maharashtra assembly election and the state’s complex political landscape