90കളോടെ ലോകത്ത് ഇന്റര്‍നെറ്റ് വ്യാപകമാകാന്‍ തുടങ്ങിയതിന് ശേഷമാണ് ആദ്യമായി പ്രസിദ്ധീകരണ മാധ്യമങ്ങള്‍ അവരുടെ കുത്തക കൈവിടാന്‍ തുടങ്ങിയത്. അതോടെ, ഒരു ആപത്‌വിചാരത്തോടെയുള്ള ചലനങ്ങളാണ് മാധ്യമങ്ങളില്‍ നിന്നു കാണാന്‍ കഴിഞ്ഞത്. തങ്ങളുടെ പ്രാധാന്യം പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു അവരില്‍ നിന്നുണ്ടായ പെരുമാറ്റം. ഇന്റര്‍നെറ്റില്‍ വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ തുടങ്ങി, സോഷ്യല്‍ മീഡിയ സജീവമായതോടെ, അവിടെയും തങ്ങളുടെ ഇടം കണ്ടെത്താനുള്ള തത്രപ്പാടുകള്‍… സോഷ്യല്‍ മീഡിയയുടെ അല്‍ഗോരിതത്തിലാണ് തങ്ങളുടെ ഭാവിയെന്നവര്‍ വിശ്വസിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇന്റര്‍നെറ്റ്/ സോഷ്യല്‍ മീഡിയ ലോകം ചുരത്തുന്ന കറുപ്പില്‍ മയങ്ങി കിടക്കുകയാണ് ലോകത്തിലെ മുഖ്യധാര മാധ്യമങ്ങള്‍.
ഇന്ത്യയിലേക്ക് വരുമ്പോള്‍, കഴിഞ്ഞ 30 വര്‍ഷത്തെ പ്രവര്‍ത്തനം നോക്കുകയാണെങ്കില്‍, ഇന്ത്യന്‍ മാധ്യമങ്ങളുടെ അധപതനത്തിന്റെ കാലമാണത്. ഇന്റര്‍നെറ്റ് വരുന്നു, താഴോട്ടു പോകുന്നു, സോഷ്യല്‍ മീഡിയ വരുന്നു, വീണ്ടും താഴോട്ടു പോകുന്നു. ഇതിനിടയില്‍ തീപ്പൊരി ചിതറിയത് 2010 ഓടെ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്റെ ഭാഗമായി മാധ്യമങ്ങള്‍ ചെയ്ത അന്വേഷണാത്മക റിപ്പോര്‍ട്ടുകളാണ്. 2013 വരെ ഒരു മാധ്യമ സുവര്‍ണകാലം ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്ന് പറയാം. എന്നാല്‍, അതിന്റെ ഫലം രാഷ്ട്രീയമായി അനുഭവിക്കാന്‍ യോഗം കിട്ടിയത് നരേന്ദ്ര മോദിക്കായിരുന്നു. മോദി അധികാരത്തില്‍ വന്നതോടെ മാധ്യമങ്ങളെ കൂടുതല്‍ പേടിപ്പിക്കാന്‍ തുടങ്ങി, മാധ്യമങ്ങള്‍ കൂടുതലായി പേടിക്കാനും. മുന്നേ തന്നെ, ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും കൊണ്ട് പേടിച്ചിരുന്നിരുന്ന മാധ്യമങ്ങള്‍, രാഷ്ട്രീയമാറ്റത്തില്‍ നിന്നുണ്ടായ ഭീഷണി കൂടി മുറികയതോടെ തങ്ങള്‍ തീര്‍ത്തും ദുര്‍ബലരായിക്കുന്നു എന്ന വിചാരത്തിലേക്ക് വീണു.
ആരോപണം ഉന്നയിക്കുന്നത് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പോ, ബി.ജെ.പി ഐ.ടി സെല്ലോ?
ചോദ്യം ചോദിക്കലാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്തം. അധികാരത്തില്‍ ഇരിക്കുന്നവരോട് നിര്‍ഭയം ചോദിക്കണം. ഭരണകൂടത്തെ ഉത്തരവാദിത്വമുള്ളവരാക്കണം. ടു ബി ദ വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലെസ് എന്നാണ് തത്വം. നിങ്ങള്‍ക്ക് ചോദ്യങ്ങളില്ലെങ്കില്‍, പിന്നെ നിങ്ങള്‍ ചെയ്യുന്നത് പൂര്‍ണമായും പി ആര്‍ വര്‍ക്ക് മാത്രമാണ്. മോദിയോടല്ലെങ്കില്‍ പോലും, ചോദ്യങ്ങള്‍ ചോദിക്കാനും അതിനുള്ള ഉത്തരം കണ്ടെത്താനുമുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ പൂര്‍ണമായി വിട്ടു കളഞ്ഞു. പിന്നെ എന്താണ് അവര്‍ക്ക് ചെയ്യാനുള്ളത്? സ്ഥാപനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണമല്ലോ! അതിനായി ബ്രേക്കിംഗ് ന്യൂസുകള്‍ക്കും സോഷ്യല്‍ മീഡിയയിലെ വൈറല്‍ സ്‌റ്റോറികള്‍ക്കും പിന്നാലെ പോകാന്‍ തുടങ്ങി.
ചോദിക്കാന്‍ മറന്നു പോയ, വൈറല്‍ വാര്‍ത്തകളില്‍ പ്രലോഭിതരായ, പേടിച്ച മുതലാളിമാര്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന, പേടിച്ച മാധ്യമപ്രവര്‍ത്തകര്‍ കണ്ടുപിടിച്ച വഴികളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട മാധ്യമപ്രവര്‍ത്തനം. ഏതെന്നും എന്തെന്നും അറിയാതെ, അല്ലെങ്കില്‍ അതിനുവേണ്ടി ശ്രമിക്കാതെ, അതുമല്ലെങ്കില്‍ സ്വാര്‍ത്ഥ വിചാരങ്ങളോടെ ചെയ്ത വാര്‍ത്ത കുറിപ്പ് ബ്രേക്കിംഗും, ഇല്ലാത്ത കടുവയെക്കുറിച്ചുള്ള ഞങ്ങളാദ്യം എന്ന മട്ടില്‍ കാണിച്ച ആവേശവുമെല്ലാം മോശം ജേര്‍ണലിസം എന്താണെന്നതിന്റെ തെളിവുകളായിരുന്നു.
ഇതുകൊണ്ടും തീരില്ല, ഇതവര്‍ ആവര്‍ത്തിക്കും. ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ട് മുഖ്യധാര മാധ്യമങ്ങള്‍ സ്വന്തം ചരമക്കുറിപ്പ് എഴുതും. ധ്രുവ് റാഠി, രവീഷ് കുമാര്‍ മുതല്‍ ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറഞ്ഞ യൂട്യൂബര്‍ വരെ മുഖ്യധാര മാധ്യമങ്ങളെക്കാള്‍ കാഴ്ച്ചക്കാരെ ഉണ്ടാക്കുകയാണ്. യൂട്യൂബര്‍മാരെ ഒരിക്കലും മാധ്യമപ്രവര്‍ത്തകരുമായി മാറ്റുരയ്ക്കാന്‍ ശ്രമിക്കുന്നതല്ല. എല്ലാ യൂട്യൂബര്‍മാരും ധാര്‍മികതയും ഉത്തരവാദിത്തവും പേറുന്നവരാണെന്ന അഭിപ്രായവുമില്ല.
ജേര്‍ണിലസം എന്നത് അക്കാദമിക് പ്രബുദ്ധതയോടു കൂടി, വൃത്തിയായി ചെയ്യേണ്ട തൊഴിലാണ്. ഏറ്റവും ആദ്യം പറയേണ്ടതല്ല, ഏറ്റവും നന്നായി പറയേണ്ട തൊഴിലാണ് മാധ്യമപ്രവര്‍ത്തനം എന്ന തിരിച്ചറിവ് ഉണ്ടാകണം. ആ അറിവ് വച്ചുകൊണ്ടുവേണം പണിയെടുക്കാന്‍. ഈ തിരിച്ചറിവോടെ വേണം പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും വിവരങ്ങള്‍ എത്തിക്കാനുള്ള റിസോഴ്‌സുകള്‍ ഉണ്ടാക്കേണ്ടത്. എങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്‍, ഇപ്പോള്‍ നടത്തുന്ന ഓരോ കോമാളിത്തരങ്ങളും മുഖ്യധാര മാധ്യമങ്ങളുടെ ചരമക്കുറിപ്പിന്റെ ഓരോ വരികളാകും.
‘കേരളത്തിനെതിരെ നുണകള്‍ വരുന്ന വഴി’; ആഞ്ഞടിച്ച് വീണ ജോര്‍ജ്
മഹാഭാരതം മുതല്‍ നോക്കി കഴിഞ്ഞാല്‍, എല്ലാ കാലഘട്ടത്തിലും വാര്‍ത്തകള്‍ അറിയുക എന്നത് മനുഷ്യന്, ആഹാരം പോലെ തന്നെ അടിസ്ഥാന ആവശ്യമായിരുന്നുവെന്ന് കാണാം. മഹാഭാരതത്തിലായാലും ഗ്രീക്ക് ഇതിഹാസങ്ങളിലായാലും യുദ്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നമുക്ക് കാണാനാകുന്നതും ഇതേ ജിജ്ഞാസ കൊണ്ടാണ്. ജേര്‍ണലിസത്തെ, അതിന്റെ മഹത്വത്തിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ പ്രാപ്തരായ അക്കാദമിക് പ്രബുദ്ധരായ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് തീര്‍ച്ച. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ലെഗസി മീഡിയകളില്‍ നിന്നുണ്ടാകുമോയെന്ന് സംശയമാണ്.
ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇന്റര്‍നെറ്റിന്റെ ആധിപത്യത്തിനിടയിലും തങ്ങളുടെ മാധ്യമ സ്വാധീനം നഷ്ടപ്പെടുത്താതെ, വര്‍ദ്ധിപ്പിച്ചു നിര്‍ത്തുന്ന പല ഉദ്ദാഹരണങ്ങളുമുണ്ട്. ഈ ഉദ്ദാഹരണങ്ങളിലെല്ലാം പൊതുവായൊരു കാര്യമുണ്ട്്; അവരെല്ലാം നല്ല ജേര്‍ണലിസത്തിനായി പണം ചെലവാക്കുകയും അതിനുള്ള ഉത്തരവാദിത്തം കാണിക്കുകയും ചെയ്യുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ബോനിയര്‍(Bonnier). സ്വീഡനിലെ 50 ശതമാനത്തിലേറെ വീടുകളില്‍ അവരുടെ പത്രം എത്തിക്കുന്നുണ്ട്. ലണ്ടനിലെ ഫൈനാന്‍ഷ്യല്‍ ടൈംസ് അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഇത്തരം ഉദ്ദാഹരണങ്ങള്‍ പലതുണ്ട്. നല്ല ജേര്‍ണലിസം ചെയ്യാന്‍ നിങ്ങള്‍ പണം ഇറക്കണം. അല്ലാതെ പരസ്യക്കാരന്റെയും ഭരണകൂടത്തിന്റെയും അടിമയായി നില്‍ക്കുന്നവര്‍ ഒരിക്കലും രക്ഷപ്പെടാന്‍ പോകുന്നില്ല.
വായനക്കാരനെ/ പ്രേക്ഷകനെ ബഹുമാനിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. വായനക്കാരിലും പ്രേക്ഷകരിലും ബഹുമാനവും താത്പര്യവും സൃഷ്ടിക്കാന്‍ സാധിച്ചാല്‍, അവര്‍ നല്‍കും മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള സാമ്പത്തിക സഹായം. സബ്‌സ്‌ക്രിപ്ഷന്‍/ ഡൊണേഷന്‍ എന്നിലയില്‍ ഊന്നി നിന്നുകൊണ്ട് മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയാല്‍ മീഡിയയുടെ ഭാവി ശോഭനമാക്കാന്‍ സാധിക്കും, അല്ലെങ്കില്‍ ശേഷ്യം ചിന്ത്യം എന്ന് നിരാശയോടെ പറയാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ. Mainstream media organizations that neglect their journalistic accountability
Content Summary; Mainstream media organizations that neglect their journalistic accountability