July 13, 2025 |

ആരോപണം ഉന്നയിക്കുന്നത് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പോ, ബി.ജെ.പി ഐ.ടി സെല്ലോ?

സുരേഷ് ഗോപിയുടെ ഇടപെടലുകളും കേരളത്തിനെതിരെയുള്ള നിഗൂഢ നീക്കങ്ങളും

ആശ, അംഗന്‍വാടി, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തത് കേരളത്തിന്റെ ഭരണപരമായ പിടിപ്പ് കേടാണ് എന്നാരോപിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയെന്ന് പറയുന്ന പത്രക്കുറിപ്പ് ബി.ജെ.പി ഐ.ടി സെല്ലിന്റേതാണെന്ന് ആരോപണം. കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ ഇന്ന് രാവിലെ മുതല്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ഒരു പത്രകുറിപ്പിനെ മുന്‍ നിര്‍ത്തി വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ബി.ജെ.പി ഐ.ടി സെല്‍ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആരോപണം എന്ന നിലയില്‍ അവതരിപ്പിച്ചത് എന്തിനാണ് എന്നുള്ള സംശയം നിലനില്‍ക്കുന്നു.

ഈ പത്രക്കുറിപ്പില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ് റീലീസാണ് എന്നൊരു സൂചനയും ഇല്ലെങ്കിലും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ ‘ആശാവര്‍ക്കര്‍മാരുടെ സമരം, സംസ്ഥാന സര്‍ക്കാരിന്റെ പരാജയം, പഴിച്ച് കേന്ദ്രം’ എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘ആശമാരുടെ വേതനം മുടങ്ങുന്നത് കാരണം കേരളം, വിശദീകരിച്ച് കേന്ദ്രം’ എന്ന് 24 ന്യൂസും, ‘ആരോഗ്യമന്ത്രാലയം കേരളത്തിന് നല്‍കിയത് 938.8 കോടി, ആശവര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയ്ക്ക് തെളിവ്-കേന്ദ്രം’ എന്ന് വിശദമായി മാതൃഭൂമിയും വാര്‍ത്ത നല്‍കി.

കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളില്‍ സംസ്ഥാന സര്‍ക്കാരിനെ പരാമര്‍ശിക്കുമ്പോള്‍ ‘ഗവണ്‍മെന്റ് ഓഫ് കേരള’ എന്ന് മാത്രമേ വിശേഷിപ്പിക്കാറൂള്ളൂ എങ്കിലും ഈ പത്രക്കുറിപ്പില്‍ ‘സി.പി.ഐ.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍’, ‘പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍’ എന്നിങ്ങനെ പ്രയോഗിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വകയിരുത്തലില്‍ കൂടുതല്‍ പണം കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നാണ് ഈ പത്രക്കുറപ്പിലെ അവകാശവാദം. മന്ത്രാലയത്തിലെ സെക്രട്ടറിമാരുടേയോ മന്ത്രിയുടേയോ പേരുപോലും പരാമര്‍ശിക്കാതെയാണ് ഈ പത്രക്കുറിപ്പ് പുറത്ത് വന്നിട്ടുള്ളതും മുഖ്യധാര മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിനെതിരായ ആരോപണം എന്ന നിലയില്‍ പ്രചരിപ്പിക്കുന്നതും.

കേന്ദ്ര പദ്ധതിയായ ആശ പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കണം എന്നല്ലാതെ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്ന് എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ പറയാത്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിന് പുറകേയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സമര പന്തലില്‍ സ്വീകരണം നല്‍കിയത്. രണ്ട് വട്ടം സമര പന്തല്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും കേരളത്തിനാണ് ഈ പ്രശ്നത്തില്‍ പൂര്‍ണ ഉത്തരവാദിത്തമെന്ന് ഞായറാഴ്ച്ച പ്രസ്താവന ഇറക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ വാദത്തെ സാധൂകരിക്കുന്ന മട്ടിലാണ് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രായലത്തിന്റെ പ്രസ്താവന മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ഔദ്യോഗിക പത്രക്കുറിപ്പുകള്‍ പി.ഐ.ബി വഴി മാത്രമേ പ്രസിദ്ധികരിക്കാറുള്ളൂ എന്നതുകൊണ്ട് തന്നെ ഇതിന്റെ ആധികാരികതയില്‍ സംശയം തോന്നാം. ബി.ജെ.പി ഐ.ടി സെല്ലാണ് ഈ പത്രക്കുറിപ്പ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയത് എന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

സുരേഷ് ഗോപിയുടെ സമര പന്തലിലുള്ള സന്ദര്‍ശനം കേന്ദ്ര മന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നുവെന്ന് എസ്.യു.സി.ഐ പറയുന്നുണ്ടെങ്കിലും അതിന് ശേഷം സമര പന്തലിലേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പിയുടെ ഘടക കക്ഷികള്‍ പലരുമെത്തി. മഹിളമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സമര പന്തലില്‍ എത്തിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മുന്‍ പ്രസിഡന്റ് പി.കെ.കൃഷ്ണദാസും മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനും അടക്കമുള്ളവരാണ്. അവര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ഏതാണ്ട് അതേ ആരോപണങ്ങളാണ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രായത്തിന്റേത് എന്നപേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പത്രക്കുറിപ്പില്‍ ഉള്ളത്.

എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്നവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപിക്കുന്നതും പത്രക്കുറിപ്പിലുള്ള അതേ കാര്യങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേടിന് കേന്ദ്രത്തെ പഴിചാരുകയാണെന്നും ഭരണപരാജയം മറച്ച് പിടിക്കാന്‍ കുറ്റം കേന്ദ്രത്തിന് മേല്‍ ചാര്‍ത്തുകയാണെന്നും ഈ കുറിപ്പ് ആരോപിക്കുന്നു. മോദി സര്‍ക്കാര്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിക്കുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂടുതല്‍ തുകയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും എന്നിട്ടും രണ്ട് മുതല്‍ ആറുമാസം വരെയായി 26000 -ത്തോളം വരുന്ന കേരളത്തിലെ ആശതൊഴിലാളികള്‍ക്ക് സംസ്ഥാനം വേതനം നല്‍കുന്നില്ലെന്നും ഈ പത്രക്കുറിപ്പ് ആരോപിക്കുന്നു. കേന്ദ്രവിഹിതത്തെ കുറിച്ചുള്ള ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് പിന്നീട് മന്ത്രി വീണ ജോര്‍ജ് വിശദമാക്കി.  Is the Central health ministry press release on the Asha workers strike genuine or BJP IT Cell propaganda?

Content Summary; Is the Central health ministry press release on the Asha workers strike genuine or BJP IT Cell propaganda?

Leave a Reply

Your email address will not be published. Required fields are marked *

×