എഡ്ടെക് ഭീമനായ ബൈജൂസിന് സുപ്രിം കോടതിയില്‍ നിന്നും കനത്തൊരു തിരിച്ചടി ഉണ്ടായിരിക്കുകയാണ്. ബൈജൂസും (തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്) ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബിസിസിഐ) തമ്മിലുള്ള 158 കോടി രൂപയുടെ ഒത്തുതീര്‍പ്പിന് അംഗീകാരം നല്‍കിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി.
ബിസിസിഐയുമായി ഒത്തുതീര്‍പ്പില്‍ എത്തിയതിനു പിന്നാലെ ബൈജൂസിനെതിരായ പാപ്പരത്ത നടപടികള്‍ അവസാനിപ്പിച്ച എന്‍സിഎല്‍എടിയുടെ മുന്‍ വിധി ഇതോടെ അസാധുവായി. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡില്‍ (ഐബിസി) പറഞ്ഞിരിക്കുന്ന ശരിയായ നടപടിക്രമങ്ങള്‍ എന്‍സിഎല്‍എടി ലംഘിച്ചുവെന്നും ഇരു കക്ഷികളും തമ്മിലുള്ള ഒത്തുതീര്‍പ്പ് തെറ്റായി അംഗീകരിക്കപ്പെട്ടുവെന്നുമാണ് സുപ്രിം കോടതി വിലയിരുത്തിയത്.
നേരത്തെ കോടതി ഉത്തരവ് പ്രകാരം ബിസിസിഐ എസ്‌ക്രോ അക്കൗണ്ടില്‍(മൂന്നാം കക്ഷിയായിട്ടുള്ള ഏജന്റിന്റെ കൈവശമുള്ള ഒരു താല്‍ക്കാലിക സാമ്പത്തിക അക്കൗണ്ടാണ് എസ്‌ക്രോ അക്കൗണ്ട്. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്നത് വരെ ഫണ്ടുകള്‍ ഈ അകൗണ്ടില്‍ സംരക്ഷിക്കും) നിക്ഷേപിച്ച 158 കോടി രൂപ,സുപ്രിം കോടതിയ ഉത്തരവ് വന്നതോടെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (സിഒസി) നിയന്ത്രിക്കുന്ന എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ കക്ഷിയായിരുന്ന ഗ്ലാസ് ട്രസ്റ്റിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവാനും കപില്‍ സിബലും ബൈജൂസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. എഎം സിംഗ്വിയും ഹാജരായപ്പോള്‍, ബിസിസിഐയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.
കോടതി നിരീക്ഷണങ്ങള്‍
കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ് (CIRP) അനവസരത്തില്‍ അവസാനിപ്പിച്ചതിന് എന്‍സിഎല്‍എടിയെ സുപ്രിം കോടതി വിമര്‍ശിക്കുന്നുണ്ട്. 2016 ലെ എന്‍സിഎല്‍എടി റൂള്‍ 11 പ്രകാരം പാപ്പരത്ത കേസ് പിന്‍വലിക്കല്‍ അംഗീകരിച്ചതില്‍ ട്രിബ്യൂണല്‍ അതിന്റെ സവിശേഷമായ അധികാരങ്ങള്‍ തെറ്റായി ഉപയോഗിച്ചുവെന്നാണ് സുപ്രിം കോടതി നിരീക്ഷിച്ചത്.
‘2016 ലെ എന്‍സിഎല്‍എടി നിയമത്തിലെ, റൂള്‍ 11 പ്രകാരം അതിന്റെ സവിശേഷമായ അധികാരങ്ങള്‍ ഉപയോഗിച്ച് പാപ്പരത്ത അപേക്ഷ പിന്‍വലിക്കാന്‍ അനുവദിച്ചതില്‍ എന്‍സിഎല്‍എടിക്ക് തെറ്റുപറ്റി. പാപ്പരത്ത അപേക്ഷകള്‍ പിന്‍വലിക്കുന്നതിന് ഒരു പ്രത്യേക നടപടിക്രമം ഉണ്ടെന്നിരിക്കെ, എന്‍സിഎല്‍എടിക്ക് അതിന്റെ സവിശേഷമായ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കഴിയില്ല. ഈ കേസില്‍ ചെയ്തതുപോലെ കക്ഷികള്‍ക്കല്ല, പിന്‍വലിക്കലിനുള്ള അപേക്ഷ ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണല്‍ (ഐആര്‍പി) വഴി മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ’ എന്നും സുപ്രിം കോടതി നിഷ്‌കര്‍ഷിച്ചു.
കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) അംഗീകരിച്ചുകഴിഞ്ഞാല്‍, കടക്കാരന്റെ കാര്യങ്ങളുടെ നിയന്ത്രണം ഐആര്‍പി ഏറ്റെടുക്കുമെന്നും അപേക്ഷയുടെ ഏത് പിന്‍വലിക്കലും ഐആര്‍പി വഴി മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
പാപ്പരത്ത കേസുകള്‍ കൈകാര്യം ചെയ്യുന്ന ട്രിബ്യൂണലായ എന്‍സിഎല്‍ടി, പാപ്പരത്ത പിന്‍വലിക്കലുകള്‍ സ്വയമേവ അംഗീകാരം കൊടുക്കുന്ന ഒരു സംവിധാനമല്ലെന്നും ബൈജൂസും ബിസിസിഐയും തമ്മിലുള്ള ഒത്തുതീര്‍പ്പിന് അംഗീകാരം നല്‍കിയതു വഴി എന്‍സിഎല്‍എടി അതിന്റെ പരിധി മറികടന്നുവെന്നുമാണ് സുപ്രിം കോടതി പറയുന്നത്.
ഈ കേസില്‍ പാപ്പരത്ത പിന്‍വലിക്കല്‍ ഔപചാരികമായ അപേക്ഷയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെറ്റില്‍മെന്റിന് അംഗീകാരം നല്‍കുന്നതിനുപകരം, ക്രെഡിറ്റേഴ്സ് കമ്മിറ്റിയുടെ (CoC) രൂപീകരണം താല്‍ക്കാലികമായി നിര്‍ത്തി, പാപ്പരത്ത അപേക്ഷകള്‍ പിന്‍വലിക്കുന്നതിനെ നിയന്ത്രിക്കുന്ന ഐബിസിയുടെ സെക്ഷന്‍ 12എ പ്രകാരം ശരിയായ നിയമനടപടി പിന്തുടരാന്‍ കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്‍സിഎല്‍എടി ചെയ്യേണ്ടിയിരുന്നതെന്നാണ് സുപ്രിം കോടതി വ്യക്തമാക്കുന്നത്.
ഡെലവെയര്‍ കോടതി, ഇന്ത്യയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ വിവിധ അധികാര സ്ഥാപനങ്ങള്‍ ബൈജൂസിനെതിരേ നടത്തുന്ന അന്വേഷണങ്ങളും ചീഫ് ജസ്റ്റീസ് എടുത്തുപറഞ്ഞിരുന്നു.
ഒത്തുതീര്‍പ്പ് റദ്ദാക്കിയതോടെ, ബൈജൂസിനെതിരായ നിയമപരമായ പ്രശ്നങ്ങള്‍ സജീവമായി നിലനിര്‍ത്തിക്കൊണ്ട് പാപ്പരത്ത നടപടികള്‍ പുനരാരംഭിക്കും.
കേസ്
ന്യൂയോര്‍ക്ക് കോടതികള്‍, എന്‍സിഎല്‍ടി, എന്‍സിഎല്‍എടി, ഇന്ത്യന്‍ സുപ്രീം കോടതി എന്നിങ്ങനെ ഒന്നിലധികം നീതിന്യായ കേന്ദ്രങ്ങളില്‍ ബൈജൂസിനെതിരായ കേസുകള്‍ നടക്കുന്നുണ്ട്. ബിസിസിഐ, വായ്പ്പ സംവിധാനമായ യുഎസ് ആസ്ഥാനമായുള്ള ക്രെഡിറ്ററായ ഗ്ലാസ് ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ബൈജൂസ് നേരിടുന്നുണ്ട്.
2023 ജൂണില്‍ വായ്പ്പയുടെ 1.2 ബില്യണ്‍ ഡോളള്‍ വരുന്ന പലിശ മുടക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പലിശ മുടങ്ങിയതോടെ ഗ്ലാസ് ട്രസ്റ്റ് ബൈജൂസിനെതിരേ രംഗത്തു വന്നു. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതായി കടം കൊടുത്തവര്‍ കുറ്റപ്പെടുത്തുകയും തിരിച്ചടവ് വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം വായ്പ്പ നിബന്ധനകളില്‍ ഗ്ലാസ് ട്രസ്റ്റ് കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു ബൈജൂസ് വാദിച്ചത്.
അതേസമയം, മറ്റൊരു വായ്പക്കാരനായ ബിസിസിഐ, 158 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തിനെ തുടര്‍ന്നാണ് എന്‍സിഎല്‍ടിയെ സമീപിക്കുന്നത്. തുടര്‍ന്ന് കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാരത്തിനുള്ള നടപടികള്‍ ആരംഭിക്കാന്‍ എന്‍സിഎല്‍ടി ഉത്തരവിട്ടു. പാപ്പരത്ത പ്രക്രിയയില്‍ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലിനെയും നിയമിച്ചു.
2024 ഓഗസ്റ്റ് 2-ന്, എന്‍സിഎല്‍എടി ബിസിസിഐയുമായുള്ള 158 കോടി രൂപ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് അംഗീകാരം നല്‍കുകയും പാപ്പരത്വ നടപടികള്‍ അവസാനിപ്പിച്ച് ബൈജുവിനെതിരായ പാപ്പരത്ത നടപടികള്‍ മാറ്റിവെക്കുകയും ചെയ്തു.
സ്ഥാപകന്‍ ബൈജു രവീന്ദ്രന് കമ്പനിയുടെ നിയന്ത്രണം തിരികെ ലഭിക്കുന്നതിന് ഈ തീരുമാനം വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഗ്ലാസ് ട്രസ്റ്റ് ഈ ഒത്തുതീര്‍പ്പിനെ എതിര്‍ക്കുകയും എന്‍സിഎല്‍എടി ഉത്തരവിനെ ചോദ്യം ചെയ്തു സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. Major setback for Byju’s as Supreme Court sets aside NCLAT order on Rs 158-crore settlement with BCCI
Content Summary; Major setback for Byju’s as Supreme Court sets aside NCLAT order on Rs 158-crore settlement with BCCI