എന്തുകൊണ്ട് ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കുന്നു? മല അരയ സഭ പറയുന്ന കാരണങ്ങള്‍

മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് സംസാരിക്കുന്നു

ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിക്കുമെന്ന് മലഅരയ മഹാസഭ. ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങളുടെ ചരിത്രപരമായ പ്രാധാന്യം അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായി മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ‘അഴിമുഖത്തോട്’ പറഞ്ഞു. ‘ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും മലഅരയ വിഭാഗത്തോടും പന്തളം കൊട്ടാരത്തോടുമാണ് സർക്കാർ ആദ്യം ആലോചിക്കേണ്ടത്.

ഇവർ രണ്ടുപേരും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ആഗോള അയ്യപ്പ സംഗമത്തിന്റെ കാര്യത്തിൽ ഈ രണ്ട് വിഭാഗങ്ങളോടും ആദ്യത്തെ ആലോചന നടത്താതെ അവഗണിച്ചു,’ അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷമുള്ള ആളുകളെ മാത്രമേ തങ്ങൾ നേരിൽ ചെന്ന് കാണുകയുള്ളു ബാക്കിയുള്ളവരെ ഫോണിൽ വിളിച്ചാൽ അവർ വന്നോളുമെന്ന ധാരണയൊന്നും ആർക്കും വേണ്ട. അതൊക്കെ പണ്ട് നടക്കുന്ന കാര്യമാണ്. ഇത് സാമൂഹിക നീതിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ക്ഷേത്രങ്ങൾക്കും ചരിത്രപരമായ അവകാശികൾ ഉണ്ടെന്നും, അവരെ വിസ്മരിച്ച് സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും സജീവ് പറഞ്ഞു.

“ഈ സമൂഹത്തോട് ഒരു പത്ത് മിനിറ്റ് സംസാരിക്കുന്നതിന് അവർക്ക് സമയമില്ലെങ്കിൽ, നമുക്കും അവിടെ പോയി ഇരിക്കാൻ സമയമില്ല,” സജീവ് പറഞ്ഞു. ഒരാഴ്ച മുൻപ് തന്നെ ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും ദേവസ്വം പ്രസിഡന്റിനും ഈ തീരുമാനം അറിയിച്ചുകൊണ്ട് കത്തയച്ചതായും അദ്ദേഹം വെളിപ്പെടുത്തി. തങ്ങളെ അവഗണിച്ച് നടത്തിയ ഈ നീക്കങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ തങ്ങളെ മുൻകൂട്ടി ചർച്ചകൾക്ക് ക്ഷണിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

1950-ൽ കൊച്ചുരാമൻ കേളൻ സമർപ്പിച്ച 11 ആവശ്യങ്ങൾ അടങ്ങിയ സമഗ്രമായ നിവേദനത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ശബരിമല ക്ഷേത്രവും അയ്യപ്പനുമായി മല അരയ വിഭാഗത്തിനുള്ള ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു സുപ്രധാന രേഖയാണിത്. ഈ നിവേദനത്തിലൂടെ ക്ഷേത്രത്തിന്റെ നടത്തിപ്പിലും ആചാരങ്ങളിലും തങ്ങൾക്കുള്ള അവകാശങ്ങൾ മല അരയ വിഭാഗം ഉന്നയിച്ചിരുന്നു.

‘ശബരിമലയിലുള്ള സമുദായത്തിന്റെ അവകാശത്തെക്കുറിച്ച് പന്തളം കൊട്ടാരം കോടതിയിൽ എഴുതികൊടുത്തിട്ടുള്ളതാണ്. പന്തളം രാജകുടുംബത്തിന്റെ കൈവശമായിരുന്ന ശബരിമല ക്ഷേത്രം പിന്നീട് ദേവസ്വം ബോർഡ് ഏറ്റെടുത്തപ്പോൾ മല അരയ സമുദായത്തിന് ചരിത്രപരമായി ഉണ്ടായിരുന്ന അവകാശങ്ങൾ നഷ്ടപ്പെട്ടു.

മല അരയ സമുദായം ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒരു സവർണ്ണ-അവർണ്ണ പ്രശ്നമല്ലെന്നും, തങ്ങളുടെ ചരിത്രപരമായ അവകാശങ്ങൾ തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണെന്നുമാണ് അവരുടെ നിലപാട്. 1949 വരെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായത്തിൽപ്പെട്ടവരായിരുന്നു. എന്നാൽ 1950-ൽ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്ത ശേഷം ഈ അവകാശം സമുദായത്തിൽ നിന്ന് എടുത്തുമാറ്റുകയും അവരെ യാതൊരു പരിഗണനയും നൽകാതെ ഒഴിവാക്കുകയും ചെയ്തു.

ഈ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1950-ൽ കൊച്ചുരാമൻ കേളൻ സമർപ്പിച്ച നിവേദനത്തിൽ, ദേവസ്വം ബോർഡ് ലേലം ചെയ്ത് നൽകിയപ്പോൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, തങ്ങളുടെ ചരിത്രപരമായ അവകാശങ്ങൾ പുനഃസ്ഥാപിച്ച് കിട്ടണമെന്നാണ് മല അരയ സമുദായം ആവശ്യപ്പെടുന്നത്. ശബരിമല കൂടാതെ മല അരയ സമുദായം നിർമ്മിച്ച മറ്റ് ക്ഷേത്രങ്ങളും ഇപ്പോൾ ദേവസ്വം ബോർഡിന്റെ കൈവശമാണെന്ന് മല അരയ മഹാസഭ ആരോപിക്കുന്നു.

‘ഇന്ത്യയിലെ ആത്മീയ രംഗത്തെ ഏറ്റവും വലിയ കയ്യേറ്റക്കാരാണ് ദേവസ്വം ബോർഡ് എന്നത് അടിവരയിട്ട് നമുക്ക് പറയാൻ കഴിയും. കാരണം ശബരിമല ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായപ്പോൾ, പൊന്നമ്പലമേട്ടിലേക്കുള്ള മല അരയ സമൂഹത്തിന്റെ പ്രവേശനം അവർ തടഞ്ഞു’. ശബരിമല കൂടാതെ നിലയ്ക്കൽ മഹാദേവ ക്ഷേത്രം, പശ്ചിമദേവി ക്ഷേത്രം, വള്ളിയാങ്കാവ് ദേവി ക്ഷേത്രം എന്നിങ്ങനെ വരുമാനമുള്ള നിരവധി ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് കൈവശപ്പെടുത്തിയിരിക്കുകയാണ്. ഈ ക്ഷേത്രങ്ങളിൽ സമുദായത്തിന് യാതൊരു അവകാശവും നൽകിയിട്ടില്ലെന്നും അവർ ആരോപിക്കുന്നു.

സർക്കാരുമായി സഹകരിച്ച് പ്രവർത്തിച്ച വ്യക്തിയാണ് താനെന്ന് പി.കെ. സജീവ് പറയുന്നു. എന്നാൽ, സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ സർക്കാരിൽ നിന്ന് യാതൊരു പരിഗണനയും ലഭിക്കാത്ത സാഹചര്യമുണ്ടായി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പമ്പയിലെ ആദ്യ യോഗത്തിന് മുൻപ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ, സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ അയ്യപ്പ സംഗമ വേദിയിൽ പങ്കെടുക്കില്ലെന്ന് മഹാസഭ പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബർ 22-ന് പന്തളത്ത് വെച്ച് നടക്കുന്ന ‘ശബരിമല സംരക്ഷണ സംഗമം’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രവും അയ്യപ്പനുമായി ബന്ധപ്പെട്ട് തങ്ങൾക്കുണ്ടായിരുന്ന ചരിത്രപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ് ഈ സംഗമത്തിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

content summary: Mala Araya Mahasabha to Boycott Global Ayyappa Sangamam

This post was last modified on September 19, 2025 7:16 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment