മോഹന്റെ സിനിമ ജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങേണ്ട സിനിമയാണ് രണ്ട് പെണ്‍കുട്ടികള്‍. മലയാള സാഹിത്യത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗം പ്രതിപാദ്യമാക്കിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ അഭ്യര്‍ത്ഥനയില്‍ നോവലിസ്റ്റ് വി ടി നന്ദകുമാര്‍ ചിത്ര കാര്‍ത്തിക വാരികയില്‍ ഖണ്ഡശയായി എഴുതിയ നോവല്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഗിരിജയുടെയും കോകിലയുടെയും പരസ്പരമുള്ള പ്രണയം പറഞ്ഞ കഥ. മലയാളിയുടെ കപടസദാചാരബോധത്തെ തികഞ്ഞ ലാഘവത്തോടെ അവഗണിച്ചെഴുതിയ ഈ നോവലാണ് 1978 ല്‍ ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന പേരില്‍ തന്നെ ചലചിത്രമായത്.
ഇന്ത്യന്‍ സിനിമയില്‍ ലെസ്ബിയനിസം ആദ്യ കൈകാര്യം ചെയ്ത ചിത്രമാണ് ഇത്. മലയാളത്തിലെ ആദ്യത്തെ ന്യൂ ജനറേഷന്‍ ചിത്രങ്ങളിലൊന്നും. 80 കളിലെ മലയാള ചലചിത്രരംഗത്തെ സമാന്തര സിനിമകളുടെ സംവിധായകരിലൊരാളായ മോഹന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. തന്റെ ആദ്യ ചിത്രത്തിന്റെ വിഷയം ദുര്‍ഗ്രഹമായിരുന്നിട്ടും 45 കൊല്ലം മുന്‍പ് മോഹന്‍ ഈ സാഹസത്തിന് തയ്യാറായി. നിര്‍മാതാവിന് വേണ്ടി. ആദ്യം, മറ്റാരോ തയ്യാറാക്കിയ തിരക്കഥ ഒഴിവാക്കി ശൈലിയിലും ഘടനയും പുതിയ രീതിയില്‍ ഒരു പരീക്ഷണത്തിനൊരുങ്ങി നാടകകൃത്തും നടനുമായ സുരാസുവിനെക്കൊണ്ട് പുതിയൊരു തിരക്കഥ മോഹന്‍ തന്റെ പടത്തിന് തയാറാക്കി. അച്ചടക്കമില്ലാത്ത കലാകാരനായ സുരാസു വഴക്കടിച്ച് തിരക്കഥയുമായി ഇടയ്ക്ക് സ്ഥലം വിട്ടു എന്നാണ് മോഹന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് പടം പൂര്‍ത്തിയാക്കിയത് മോഹന്‍ എഴുതിയ തിരക്കഥ വെച്ചാണെര്‍ത്ഥം. ഏറ്റവും വിചിത്രം സംവിധായകന്‍ രണ്ട് പെണ്‍കുട്ടികള്‍ എന്ന നോവല്‍ വായിച്ചിരുന്നില്ല എന്നതാണ്.
നോവലിലെ ശാരീരിക വേഴ്ചയൊക്കെ ചലച്ചിത്രത്തിലൊഴിവാക്കിയ മോഹന്‍, ഗിരിജയും കോകിലയും തമ്മിലുള്ള ഗാഡ ബന്ധം ഗാനങ്ങളിലൂടെയും ചിത്രം വരയ്ക്കലുകളിലൂടെയും ചിത്രീകരിച്ചു.
ശോഭയും അനുപമയെന്ന പുതിയ നടിയുമാണ് രണ്ട് പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിച്ചത്. അനുപമ പിന്നീട് സംവിധായകനായ മോഹനെ തന്നെ വിവാഹം ചെയ്തു. സ്ത്രീ വിദ്വേഷിയായ ഒരു പ്രധാന കഥാപാത്രമായി സുരാസു അഭിനനയിച്ചു. സുകുമാരന്‍, വിധുബാല, ജലജ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. ബിച്ചു തിരുമല എഴുതിയ നാലു ഗാനങ്ങള്‍ എം.എസ്. വിശ്വനാഥന്‍ ഈണമിട്ടതില്‍ ‘ഞായറും തിങ്കളും പൂത്തിറങ്ങി’ യെന്ന ജയചന്ദന്‍ പാടിയ ഗാനം ഹിറ്റായിരുന്നു. ന്യൂജെന്‍ ചിത്രമായതിനാല്‍ ഉഷാ ഉതുപ്പിന്റെ ഒരു ഇംഗ്ലീഷ് പാട്ടും ചിത്രത്തില്‍ ചേര്‍ത്തു.
‘എ’ പടങ്ങള്‍ എന്ന് മലയാള സിനിമയില്‍ അക്കാലത്ത് വിളിക്കപ്പെടുന്ന വിഭാഗത്തിലുള്ള സിനിമയാകരുത് എന്ന കരുതലോടെ തന്റെ ആദ്യ ചിത്രം മോഹന്‍ സംവിധാനം ചെയ്തതിനാല്‍ വിവാദ രംഗങ്ങളോ ഡയലോഗുകളോ സിനിമയില്‍ ഉണ്ടായിരുന്നില്ല. സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റോടെ 1978 ഏപ്രിലില്‍ തിയറ്ററുകളിലെത്തി.
സ്വവര്‍ഗനുരാഗം വിഷയമായ ആദ്യത്തെ ഇന്ത്യന്‍ ചലചിത്രമായിട്ടും ‘രണ്ട് പെണ്‍കുട്ടികള്‍’ ഒരു ശരാശരി ബ്ലാക്ക് & വൈറ്റ് ചിത്രമായി വിവാദമോ, ചലനങ്ങളോ ഉണ്ടാക്കാതെ കടന്നുപോയി. മോഹന്‍ എന്ന സംവിധായകന്റെ ആദ്യ സിനിമ എന്നത് മാത്രമാണ് ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന പടത്തിന്റെ ഇപ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ പ്രസക്തി. ആ ചലചിത്രത്തില്‍ ‘ലെസ്ബിനിയിസം’- എന്റെ കഥയുടെ ആത്മാവ് ഇല്ലായിരുന്നു. അതിനാല്‍ പെണ്‍കുട്ടികള്‍ പോലും തഴഞ്ഞു’എന്നാണ് വി.ടി. നന്ദകുമാര്‍ തന്റെ നോവലിന്റെ ചലചിത്രാവിഷ്‌ക്കാരത്തെ കുറിച്ച് എഴുതിയത്.
നോവലിലെ സ്വവര്‍ഗനുരാഗം വെറും സൗഹൃദമായി ചിത്രീകരിച്ചതോടെ വിപ്ലവാത്മകമായ ഒരു പ്രമേയത്തോട് നീതി പുലര്‍ത്താന്‍ ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന സിനിമക്ക് കഴിഞ്ഞില്ല എന്നാണ് നോവലിസ്റ്റ് നിര്‍വചിച്ചത്. malayalam film director mohan randu penkuttikal movie
Content Summary; Malayalam film director mohan randu penkuttikal movie