സെപ്തംബര്‍ 9, പി എന്‍ മേനോന്റെ ചരമവാര്‍ഷിക ദിനം
ഒരു സംവിധായകന്‍ ഓര്‍മിക്കപ്പെടേണ്ടത് അയാളുടെ സിനിമകളിലൂടെ മാത്രമല്ല, അയാള്‍ രൂപപ്പെടുത്തിയ വഴികളിലൂടെയുമാകണം. മലയാള സിനിമയുടെ ശൈശവകാലത്ത്, അറുപതുകളുടെ മധ്യത്തിലും എഴുപതുകളിലും ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത് വ്യത്യസ്തമായ രീതികളില്‍ പടം സംവിധാനം ചെയ്തയാളാണ് പി.എന്‍ മേനോന്‍. മലയാള സിനിമയില്‍ അങ്ങനെയൊരാളെ ഉള്ളൂ. തൃശൂര്‍ വടക്കാഞ്ചേരി എങ്കങ്കാട്കാരന്‍ പാലിശേരി നാരായണന്‍ കുട്ടിയെന്ന പി.എന്‍ മേനോന്‍ മാത്രം.
പി.എന്‍ മേനോന്‍ എന്ന പ്രതിഭയുടെ ചരമവാര്‍ഷികമാണ് ഇന്ന്. ഏറെ വിജയവും അതിലേറെ പരാജയങ്ങളും നേരിട്ട ആ സിനിമാ ജീവിതത്തെ നോക്കിക്കാണുമ്പോള്‍.
ധീര കൃത്യങ്ങള്‍ ഐതിഹാസികമാകുന്നത് അവയെ തിരഞ്ഞെടുക്കാന്‍ വേണ്ട സ്വാതന്ത്ര്യം ഒരാള്‍ക്ക് ലഭിക്കുമ്പോള്‍ മാത്രമാണ്. 50 വര്‍ഷം മുന്‍പ് അങ്ങനെ ഐതിഹാസികമായ ധീരകൃത്യം ചെയ്ത സാഹസികനായിരുന്നു മലയാള ചലചിത്ര സംവിധായകന്‍ പി.എന്‍ മേനോന്‍. മകന്‍ സ്വന്തം അമ്മയെ പ്രാപിക്കുന്ന കഥ പറയുന്ന ‘ചായം’ എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്താണ് മലയാള ചലചിത്ര രംഗത്തെയും പ്രേക്ഷകരെയും അദ്ദേഹം ഒരു പോലെ ഞെട്ടിച്ചത്.
പാലിശേരി നാരായണന്‍ കുട്ടി പണ്ടേ തലതിരിഞ്ഞവനായിരുന്നു. നാരായണന്‍ കുട്ടി എന്ന കഥ തൃശൂരില്‍ നിന്ന് ആരംഭിച്ച് മദിരാശിയില്‍ പി.എന്‍ മേനോന്‍ എന്ന സംവിധായകനായപ്പോഴും കാര്യങ്ങള്‍ മാറിയില്ല. മറ്റുള്ളവര്‍ക്ക് മേനോന്‍ ചെയ്തത് തലതിരിഞ്ഞതായി ആദ്യം തോന്നും. അത്തരമൊരു സാഹസികമായിരുന്നു കാലത്തിന് മുന്‍പേ ചിന്തിച്ചു അദ്ദേഹം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യത്തെ ന്യൂ ജെന്‍ സിനിമ എന്ന് വിളിക്കാവുന്ന ‘ചായം’. മകന്‍ അമ്മയെ കാമിച്ച കഥ പറയാന്‍ ഇന്ത്യന്‍ ചലചിത്ര വേദിയില്‍ മേനോന്‍ ഒരാളെ അന്നുണ്ടായിരുന്നുള്ളൂ.
മലയാളത്തില്‍ സമാന്തര സിനിമയെന്ന് വിളിച്ച ചലച്ചിത്രങ്ങള്‍ ആദ്യം ചെയ്ത സംവിധായകനായിരുന്നു പി.എന്‍ മേനോന്‍. 1965 ലെ തന്റെ ആദ്യ ചിത്രമായ ‘റോസി’ യിലൂടെ സ്റ്റുഡിയോയില്‍ നിന്ന് മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് പുറത്തേക്ക് ആദ്യമായി കൊണ്ടുവന്നത് പി.എന്‍ മേനോനാണ്. അക്കാലത്തെ മലയാള ചിത്രങ്ങളിലെ മനം മടുപ്പിക്കുന്ന സെറ്റുകളിലെ ക്രിത്രിമത്വം അതോടെ അവസാനിച്ചു. മലയാളത്തനിമ പടങ്ങളില്‍ തെളിയാന്‍ തുടങ്ങിയെന്നത് പിന്നീടുള്ള ചരിത്രം. എംടിയുടെ ഓളവും തീരവും, കുട്ട്യേടത്തി, മാപ്പ് സാക്ഷി, തോപ്പില്‍ ഭാസിയുടെ പണിമുടക്ക് തുടങ്ങിയ പടങ്ങള്‍ സംവിധാനം ചെയ്തതോടെ മലയാള ചലചിത്ര രംഗത്തെ എറ്റവും മികച്ച സംവിധായകനായി പി.എന്‍ മേനോന്‍ മാറി. കുറഞ്ഞ ചിലവിലെടുത്ത മികച്ച കലാരൂപങ്ങളായ ചലചിത്രങ്ങളായിരുന്നു ഇതെന്നും മലയാള സിനിമാ ലോകമംഗീകരിച്ചു. പക്ഷേ, വാണിജ്യപരമായി ഇവയൊന്നും വിജയിച്ചിരുന്നില്ല. അവസാനം സംവിധാനം ചെയ്ത പണിമുടക്ക് എട്ട് നിലയില്‍ പൊട്ടി. ബാലു മഹേന്ദ്ര മലയാളത്തില്‍ ആദ്യമായി ഛായാഗ്രഹണം ചെയ്ത പടമാണ് പണിമുടക്ക്. അതോടെ പടത്തിന്റെ പേര് പോലെ തന്നെ മേനോന്റെ ചലചിത്ര ജീവിതം മുന്നോട്ട് പോകാനാവാതെ പണി മുടക്കി. സംവിധാനം ചെയ്യാന്‍ ആരും വിളിക്കാത്ത അവസ്ഥ.
മദ്രാസില്‍ കുടുംബമുണ്ട്. അഞ്ച് പടം സംവിധാനം ചെയ്ത മേനോന്റെ കയ്യില്‍ അഞ്ച് പൈസയില്ല. കുടുംബം പട്ടിണിയാണ്. ഒരു ദിവസം നുങ്കം പാക്കം എയര്‍പ്പോര്‍ട്ടിന് സമീപം നടന്നു പോകുമ്പോള്‍ കുറെ പേര്‍ മണ്ണ് ചുമന്നു പോകുന്നത് കണ്ടത്. എന്തോ പണി നടക്കുകയാണ്. മേനോന്‍ അവിടെ ജോലി ചോദിച്ചു വാങ്ങി. പണി മണ്ണ് കൊട്ടയില്‍ ചുമന്ന് കൊണ്ടു പോകുക. മലയാള സിനിമയില്‍ വിപ്ലവമുണ്ടാക്കാന്‍ ശ്രമിച്ച സംവിധായകന്‍ അങ്ങനെ കുട്ടയില്‍ മണ്ണ് ചുമന്നു. രണ്ട് കൊട്ട ചുമന്നു കഴിഞ്ഞു മൂന്നാമത്തെ തലയില്‍ വെച്ചപ്പോള്‍ തല കറങ്ങി താഴെ വീണു. ആക്ഷനും കട്ടും പോലെ എളുപ്പമല്ലോ തലയില്‍ മണ്ണു ചുമക്കല്‍. അവിടെയുള്ളവര്‍ ഓടിക്കൂടി മേനോനെ താങ്ങിയെടുത്ത് മുഖത്ത് വെള്ളമൊഴിച്ച് ഉണര്‍ത്തി. ഇയാള്‍ ഭക്ഷണം കഴിച്ചിട്ടില്ലാ എന്ന് അവര്‍ക്ക് മനസിലായി. അവര്‍ ചായ വാങ്ങി കൊടുത്തു. അതിനിടയില്‍ ഒരാള്‍ സംവിധായകനെ തിരിച്ചറിഞ്ഞു.
നിങ്ങള്‍ സംവിധായകന്‍ പി.എന്‍. മേനോനല്ലേ? എല്ലാവരും അന്തം വിട്ടു. ഒടുവില്‍ പണിസ്ഥലത്തെ നോട്ടക്കാരന്‍ കാറില്‍ മേനോനെ വീട്ടിലെത്തിച്ചു. തിരിച്ച് പോകുമ്പോള്‍ അയാള്‍ ചോദിച്ചു. ‘സാറിന് പാട്ടും ഡാന്‍സും ഫൈറ്റുമുള്ള സിനിമ എടുത്തു കൂടെ? എന്തിനാണ് ഈ കഷ്ടപ്പാട്?
മണ്ണ് തലയില്‍ ചുമന്നതു കൊണ്ടാണോ എന്നറിയില്ല. മേനോന്റെ തലച്ചോറില്‍ അത് തറഞ്ഞു കേറി. നല്ല സിനിമയെന്ന വിപ്ലവമൊക്കെ ‘തല്‍ക്കാലം പരണത്ത് വെച്ച് നാലാള്‍ കാണുന്നതും പണമിറക്കിയ നിര്‍മ്മാതാവിന് കാശ് തിരികെ കിട്ടുന്ന സിനിമ എടുക്കണം. എന്നാലെ ഇനി നിലനില്‍പ്പുള്ളൂ. പക്ഷേ, പടം തരാന്‍ ആര് വരും? പടം പൊട്ടിയ സംവിധായകനെ ആരും തിരിഞ്ഞ് നോക്കില്ല. ഇന്നത്തെ പോലെ തന്നെയായിരുന്നു സിനിമാ ലോകം അന്നും.
അപ്പോഴാണ് വയലാര്‍ രാമവര്‍മ്മ വഴി എസ്. കെ. നായര്‍ ആദ്യ ചിത്രമായ ‘ചെമ്പരത്തി’യുടെ സംവിധാനം പി.എന്‍. മേനോനെ ഏല്‍പ്പിക്കുന്നത്. പ്രേംനസീറടക്കം അന്നത്തെ താരനിരയൊന്നുമില്ലാതെ രണ്ടാം നിര നടന്മാരായ സുധീര്‍, രാഘവന്‍ എന്നിവരേയും നായികയായി പുതുമുഖമായ ശോഭനയേയും വെച്ച് പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചെമ്പരത്തി വന്‍ വിജയം നേടി. അക്കാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുല്‍ പരസ്യം ചെയ്ത സിനിമയായിരുന്നു 1972 ല്‍ പുറത്ത് വന്ന ചെമ്പരത്തി.
മികച്ച ഷോമാനായ എസ്. കെ. നായര്‍ എം. ജി. ആറിനും കരുണാ നിധിക്ക് വേണ്ടിയും പ്രീവ്യൂ ഷോ നടത്തി മദാസിലെ സിനിമാക്കാരുടെ ഇടയില്‍ തരംഗം സൃഷ്ടിച്ചു. മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു കഥയും തിരക്കഥയും, ഗാനവിഭാഗം വയലാര്‍-ദേവരാജന്‍- യേശുദാസ്, മാധുരി. ”ചക്രവര്‍ത്തിനീ നിനക്കു ഞാന്റെ ശില്‍പ്പഗോപുരം തുറന്നു’ എന്ന അനശ്വര ഗാനം കാണാനും കേള്‍ക്കാനും ആളുകള്‍ തിയേറ്ററില്‍ ഇടിച്ച് കയറി. മേനോനും എസ്.കെയും മലയാള സിനിമാ രംഗം ഇളക്കിമറിച്ചു.
ചെമ്പരത്തി 25 ദിവസം നിറഞ്ഞ സദസ്സില്‍ കേരളത്തിലെ തിയറ്ററുകളില്‍ ഓടിയപ്പോള്‍ എസ്.കെ നായര്‍ കൊല്ലത്ത് വെച്ച് വന്‍ ആഘോഷം നടത്തി. സംവിധായകന് ഒരു അംബാസിഡര്‍ കാറ് തന്നെ വേദിയില്‍ വെച്ച് പ്രഖ്യാപിച്ച് സമ്മാനമായി പി.എന്‍ മേനോന് കാറിന്റെ താക്കോല്‍ നല്‍കി. ചെയ്ത പണിക്ക് കൂടി മര്യാദക്ക് സംവിധായകര്‍ക്ക് കൂലി കൊടുക്കാത്തവരാണ് മലയാള ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ഭൂരിഭാഗവും. പ്രതിഫലത്തിന് പുറമേ കാറ് സമ്മാനമായി കൊടുത്ത നിര്‍മ്മാതാവിനെ കണ്ട മലയാള സിനിമാക്കാര്‍ അന്തം വിട്ടു.
ലക്ഷപ്രഭുവിനും യക്ഷിക്കും തിരക്കഥയെഴുതിയ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ചെമ്പരത്തി തിരക്കഥ അന്ന് വളരെ ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് കെ.എസ്.ആര്‍.ടി.സിയുടെ ജനറല്‍ മാനേജറായിരുന്നു കെ. വി. രാമകൃഷ്ണ അയ്യര്‍ എന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍. കെ.എസ്.ആര്‍. ടി.സി യില്‍ ആയിടെ തൊഴിലാളി പണി മുടക്ക് നടന്നു. ദാ വരുന്നു സമരക്കാരുടെ മുദ്രാവാക്യം- ‘ചെമ്പരത്തിക്കമ്പല്ല തൊഴിലാളികളുടെ നട്ടെല്ല്’. മലയാറ്റൂരിന് ഇതില്‍ പരം അംഗീകാരമുണ്ടോ? സമ്മാനം കിട്ടിയ കാറ് പി.എന്‍ മേനോന്‍ അപ്പോള്‍ തന്നെ വിറ്റ് കാശാക്കി. കാരണം പറഞ്ഞത് പെട്രോള്‍ ആര് ഒഴിക്കും? ഡ്രൈവര്‍ക്ക് ആര് ശമ്പളം കൊടുക്കും? അനയെ വെറുതെ കിട്ടിയെന്ന് വച്ച് തോട്ടി വാങ്ങാനൊന്നും മേനോന്‍ ശീലിച്ചിട്ടില്ല. ഓര്‍ക്കുക മറ്റുള്ളവര്‍ക്ക് മേനോന്‍ ചെയ്തത് തലതിരിഞ്ഞതായി ആദ്യം തോന്നും പിന്നെ ശരിയാകും.
ചെമ്പരത്തിയുടെ വിജയം എസ്.കെയുടേയും മേനോന്റെയും തലക്ക് പിടിച്ചു. ചില്ലറക്കാര്യമാണോ മുന്‍ നിരതാരങ്ങള്‍ ഇല്ലാതെയാണ് പടം വന്‍വിജയം നേടിയത്. അക്കാലത്ത് ശങ്കരന്‍ നായര്‍ എഡിറ്ററായി സിനിമാ മാസിക എന്നൊരു ചലചിത്ര പ്രസിദ്ധീകരണം സ്റ്റാര്‍ നൈറ്റ് നടത്തിയിരുന്നു. എല്ലാ വര്‍ഷവും നല്ല നടനുള്ള അവാര്‍ഡ് പ്രേം നസീറിനായിരിക്കും( മികച്ച നടനല്ല- നല്ല നടന്‍) താരങ്ങളെല്ലാം പങ്കെടുക്കും- നസീര്‍ അതില്‍ കൃത്യമായി പങ്കെടുത്ത് ആരാധകരെ പുളകം കൊള്ളിച്ചിരുന്നു. ആ വര്‍ഷം മികച്ച ചിത്രം ചെമ്പരത്തിയും മികച്ച സംവിധായകന്‍ പി.എന്‍. മേനോനുമായിരുന്നു അവാര്‍ഡ്.
അതിനകം ചെമ്പരത്തിയുടെ വിജയത്തില്‍ അഹങ്കാരം കേറി ഫിലിം മാസിക എന്ന പ്രസിദ്ധീകരണത്തില്‍ പി.എന്‍. മേനോന്‍ പ്രേം നസീറിനെ കടന്നാക്രമിച്ച് വിമര്‍ശനം നടത്തി. ‘നസീറിന് നാല്‍പ്പതിന് മുകളില്‍ പ്രായമില്ലേ? മീശയും മുടിയുമെല്ലാം ഡൈ ചെയ്ത് വിഗ് വെച്ച് കോളേജ് കുമാരനാവാന്‍ തൈക്കിളവനായ ഇയാള്‍ക്ക് നാണമില്ലെ? എന്നിങ്ങനെ പോയി വിമര്‍ശനം.
ഈ സമയത്താണ് കോട്ടയത്ത് വെച്ച് സിനിമാ മാസിക അവാര്‍ഡ് നൈറ്റ് നടന്നത്. പി.എന്‍. മേനോന്‍ പ്രസംഗത്തില്‍ പഴയ കിളവന്‍മാര്‍ രംഗം വിടണമെന്നും, ഇനി അവര്‍ തുടര്‍ന്നാല്‍ ഒട്ടാക്കുമെന്നും തുറന്നടിച്ചു. നസീറിനെ ഉന്നം വെച്ച ഈ വാക്കുകള്‍ കേട്ട് സദസ്സിലുള്ള നസീറിന്റെ ആരാധകര്‍ രോഷാകുലരായി.
‘മേനോന്‍, ഞാന്‍ ക്യാമറക്കു മുന്‍പ് അഭിനയിക്കുമ്പോള്‍ നിങ്ങള്‍ സ്റ്റുഡിയിയോവില്‍ തട്ടിയില്‍ ചായം തേക്കുകയായിരുന്നു. എന്റെ മുഖത്ത് ചായം തേച്ച പടത്തിലൂടെയാണ് നിങ്ങള്‍ ആദ്യമായി സിനിമാ രംഗത്ത് വന്നത് ‘ (മേനോന്റെ ആദ്യ പടമായ റോസി യിലെ നായകന്‍ നസീറായിരുന്നു. മദ്രാസില്‍ വന്ന മേനോന് കിട്ടിയ ആദ്യ പണി സെറ്റുകളില്‍ ചായം തേക്കല്‍) പ്രേംനസീര്‍ തിരിച്ചടിച്ചു. വാക്കുകള്‍ അളന്നു തൂക്കി മാത്രം പ്രയോഗിക്കുന്ന സൗമ്യനായ നസീറിന് ആദ്യമായി സമനില തെറ്റിയ കാഴ്ച അന്ന് കണ്ടു. അതോടെ സദസ്യര്‍ രണ്ട് ചേരിയില്‍ ആയി. എങ്കിലും കുഴപ്പം കൂടാതെ സദസ് പിരിഞ്ഞു. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് എസ്.കെ. നായര്‍ ‘ചായം’ എന്ന തന്റെ രണ്ടാമത്തെ പടം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ ഒരു ചെറുകഥയാണ് ‘എണ്ണച്ചായം’. രമേശന്‍ എന്നൊരു അനാഥനായ ചിത്രകാരന്റെ കഥയാണത്. ഒരു സുഹൃത്തിന്റെ തറവാട്ടില്‍ താമസിക്കുമ്പോള്‍ സുഹൃത്തിന്റെ അമ്മയുടെ ഭൂതകാലം വെളിപ്പെടുത്തുന്ന ഒരു നഗ്‌ന ചിത്രം ഈ ചിത്രകാരന്‍ അവിടെ നിന്ന് കണ്ടെത്തി. അതിന്റെ കഥ അയാള്‍ വെളിപ്പെടുത്തും മുന്‍പ് ആ വീട്ടില്‍ വെച്ച് അയാള്‍ കൊല്ലപ്പെടുന്നു. ആ സ്ത്രീക്ക് പൂര്‍വ കാലത്തില്‍ ഒരു അവിഹിത ബന്ധമുണ്ടായിരുന്നെന്ന് മരണത്തിന് മുന്‍പ് ചിത്രകാരന്‍ മനസിലാക്കിയിരുന്നു.
ഈ കഥ മലയാറ്റൂര്‍ ഒരു ദേദഗതിയോടെ മാറ്റിയെഴുതി. അതാണ് ‘ചായം’ എന്ന, മലയാളികളുടെ സദാചാര ബോധത്തെ കടന്നാക്രമിച്ച ആദ്യത്തെ മലയാള ചലച്ചിത്രം. മകനാണെന്നറിയാത്ത അമ്മ. അമ്മയാരെന്നറിയാത്ത മകന്‍. ഈഡിപ്പസ് കോംപ്ലക്‌സ് എന്ന മനശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തില്‍ കടും ചായം കലര്‍ത്താതെ അനാവരണം ചെയ്യുന്നതാണ് ‘ചായ’ത്തിന്റെ തിരക്കഥ. അര നൂറ്റാണ്ട് മുന്‍പ് ഇത്തരമൊരു പ്രമേയം മലയാളത്തില്‍ സിനിമയാക്കാന്‍ ചിന്തിക്കാനേ പറ്റില്ല. ‘പ്രാണനാഥനെനിക്ക് നല്‍കിയ…’ എന്ന ഇരയമ്മന്‍ തമ്പിയുടെ പ്രശസ്ത ഗാനം ‘ഏണിപ്പടികള്‍’ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് അശ്ലീലമാണെന്ന് വിധിച്ച് ആകാശവാണി പ്രക്ഷേപണം ചെയ്യാതിരുന്ന കാലമാണ്.
ചെമ്പരത്തി’ എന്ന സൂപ്പര്‍ ഹിറ്റ് പടത്തിന്റെ അസാമാന്യ വിജയത്തില്‍ മതിമറന്ന നിര്‍മ്മാതാവായ എസ്.കെ. നായര്‍ തന്റെ രണ്ടാമത്തെ പടത്തിന് ഈ കഥ തന്നെ മതിയെന്ന് തീരുമാനിച്ചു. കഥ കൊള്ളാം. പക്ഷേ, ഈ ആശയം എങ്ങനെ സിനിമാ രൂപമാക്കും? ചര്‍ച്ചയില്‍ പി എന്‍. മേനോന് സംശയമായിരുന്നു. ഇത്തരമൊരു കഥ നാട്ടുകാരെ എങ്ങനെ കാണിക്കും? അമ്മയെ ദൈവത്തേപ്പോലെ കാണുന്നവരാണല്ലോ നമ്മള്‍. പ്രേക്ഷകര്‍ സ്വീകരിക്കുമോ? അപ്പോള്‍ അവിടെയുണ്ടായിരുന്ന വയലാര്‍ രാമവര്‍മ്മ മേനോന് ധൈര്യം കൊടുത്തു. വയലാര്‍ പറഞ്ഞു ‘ഇത് നല്ലൊരു വിഷയമാണ്. മേനോന്റെ പേര് കേട്ടാല്‍ തന്നെ ജനം തീയറ്ററില്‍ ഇടിച്ച് കേറിക്കോളും.’
ഒന്ന് നിനച്ചാല്‍ അത് നടത്തിയെടുക്കുന്ന ക്ഷാത്രതേജസാണ് എസ്.കെ.നായര്‍. ഇതു പോലെ ഒരു വിഷയം സിനിമയാക്കാന്‍ ഒരു നിര്‍മ്മാതാവേ മലയാളത്തില്‍ ഉള്ളൂ. അത് എസ്.കെ. നായരാണ്. എസ്. കെ. തീരുമാനിച്ചു കഥ ഇത് മതി.
ലോക സിനിമയില്‍ ആദ്യമായി ഈ വിഷയം- തീബ്‌സിലെ ഈഡിപ്പസ് രാജാവിന്റെ ദുരന്ത കഥ ആസ്പദമാക്കി ഒരു സിനിമ പുറത്ത് വരുന്നത് 1967ലാണ്. ഇറ്റാലിയന്‍ സംവിധായകന്‍ പിയര്‍ പൗലോ പസോളിനി സംവിധാനം ചെയ്ത ഒരു ഇറ്റാലിയന്‍ ചലച്ചിത്രമായ ‘ഈഡിപ്പസ് റെക്‌സ്’. 428 ബി.സി.യില്‍ രചിച്ച സോഫോക്ലിസിന്റെ ഈഡിപ്പസ് റെക്സ് എന്ന ഗ്രീക്ക് ദുരന്ത നാടകം അടിസ്ഥാനമാക്കി പസോളിനി തിരക്കഥ എഴുതിയ അദ്ദേഹത്തിന്റെ ആദ്യത്തെ കളര്‍ ചിത്രമായിരുന്നു അത്.
സ്വന്തം പിതാവിനെ അറിയാതെ വധിച്ച് അമ്മയെ വിവാഹം കഴിച്ച തീബ്‌സിലെ രാജാവായ ഈഡിപ്പസിന്റെ ദുരന്ത കഥ. ആ മനോവികാരങ്ങളെ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ എന്ന വിഖ്യാതമായ ഗ്രന്ഥത്തിലൂടെ സിഗ്മണ്ട് ഫ്രോയിഡ് വിശകലനം ചെയ്തതോടെയാണ് ഈഡിപ്പസ് കോംപ്ലക്‌സ് എന്ന മനഃശാസ്ത്ര സിദ്ധാന്തം ലോകപ്രശസ്തമായത്. കുട്ടികള്‍ക്ക് അവരുടെ എതിര്‍ലിംഗക്കാരായ രക്ഷിതാക്കളോട് ഉണ്ടാകുന്ന ലൈംഗികാഭിലാഷങ്ങളെയാണ് ഈ സിദ്ധാന്തത്തിലൂടെ ഫ്രോയിഡ് വിശകലനം ചെയ്തത്.
ഇന്ത്യയില്‍ ഈഡിപ്പസ് കോംപ്ലക്‌സ് പശ്ചാത്തലമുള്ള ആദ്യകാല ചിത്രങ്ങളിലൊന്നാണ് മദര്‍ ഇന്ത്യ (1957). മെഹബൂബ് ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രം, തന്റെ രണ്ട് മക്കളായ റാമിനെയും ബിര്‍ജുവിനെയും വളര്‍ത്താന്‍ പാടുപെടുന്ന ഭര്‍ത്താവില്ലാത്ത രാധ എന്ന ദരിദ്രയായ ഗ്രാമീണ സ്ത്രീയുടെ കഥയാണ് ഇത്. രാധയും മകന്‍ ബിര്‍ജുവും തമ്മിലുള്ള വികാരങ്ങളുടെ വ്യക്തമായ സൂചനകള്‍ ഈ സിനിമയിലുണ്ട്. നര്‍ഗീസ്, സുനില്‍ ദത്ത് എന്നിവരഭിനയിച്ച ഈ ചിത്രം ഓസ്‌കറിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യത്തെ ഇന്ത്യന്‍ സിനിമയാണ്. ഇതിലെ രാധയെന്ന കഥാപാത്രം ദേശീയതയുടെ സങ്കല്‍പങ്ങളിലേക്ക് സ്ത്രീയായി ഉയര്‍ത്തപ്പെടുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഈ ചിത്രത്തിലൂടെ ‘മദര്‍ ഇന്ത്യ’യിലെ ഒരു മാതൃകാ സ്ത്രീസങ്കല്‍പമായി മാറി നര്‍ഗീസ്.
മുന്‍ നിര താരങ്ങളെ പാടെ ഒഴിവാക്കി. ചെമ്പരത്തിലഭിനയിച്ച സുധീറിനെ നായകനാക്കി. സത്യന്റെ മരണ ശേഷം പ്രശസ്തനായ കെ. സേതുമാധവന്‍ സംവിധാനം ചെയ്ത ‘കലിയുഗം’ എന്നൊരു ചിത്രത്തില്‍ നായകനാക്കി സത്യനെപ്പോലെ സുധീറിനെ അവതരിപ്പിച്ചിരുന്നു.
ചായം പോലെ വിവാദമാകാന്‍ സാധ്യതയുള്ള ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നായികയായി അഭിനയിക്കാന്‍ സാധാരണ മുന്‍നിര നടിമാര്‍ തയ്യാറാവില്ല. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്. മലയാളത്തിലെ എക്കാലത്തെയും നായിക ഷീല തയ്യാറായി. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, വാഴ്വേമായം, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ വിഖ്യാത ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ച ഷീലയെ വെല്ലാന്‍ സൗന്ദര്യത്തിലും അഭിനയത്തിലും മലയാള സിനിമയില്‍ അക്കാലത്ത് ഒരു നടിയുമില്ലായിരുന്നു.
പി.എന്‍ മേനോന്റെ ഒരു ചിത്രത്തിലും അന്ന് വരെ അഭിനയിക്കാത്ത ഷീല ഇത്തരമൊരു വേഷം അഭിനയിക്കാന്‍ മറ്റൊരു കാരണമുണ്ടായിരുന്നു. അക്കാലത്ത് പ്രേംനസീറിന്റെ നേതൃത്വത്തില്‍ മലയാള സിനിമ നിയന്ത്രിച്ചിരുന്ന ലോബിയുമായി ഷീല തെറ്റിപ്പിരിഞ്ഞ് ഇനി ഞാന്‍ നസീറിന്റെ കൂടെ അഭിനയിക്കുകയില്ലായെന്ന് പ്രഖ്യാപിച്ച കാലമായിരുന്നു അത്. തുടര്‍ന്ന് അവരെ മലയാള സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ഈ കൂട്ടര്‍ ശ്രമമാരംഭിച്ചു.
‘ചെമ്പരത്തി’യുടെ ഗംഭീര വിജയത്തിന് ശേഷം പി. എന്‍. മേനോന്‍ പ്രേംനസീറിനെ സിനിമയില്‍ നിന്ന് ഔട്ടാക്കുമെന്ന് പരസ്യമായി പറഞ്ഞതോടെ പി.എന്‍. മേനോനെയും ആ ലോബി ശത്രുവായി പ്രഖ്യാപിച്ചു. മേനോന്‍ പുതിയ താരങ്ങളെ സിനിമയില്‍ അവതരിപ്പിച്ചത് സ്വാഭാവികമായും അവര്‍ക്ക് രസിച്ചില്ല. ഇത് മനസിലാക്കിയ ഷീല തന്റെ ഭാവിക്ക് നല്ലത് പി എന്‍. മേനോനെ പിന്‍താങ്ങുന്നതാണെന്ന് കരുതി ആ പക്ഷത്തു ചേര്‍ന്നു. ഈ സ്‌ഫോടകത്മകമായ സാഹചര്യത്തിലാണ് പസോളിനിയേപ്പോലെ കറുത്ത കണ്ണട ധരിച്ച് പി.എന്‍ മേനോന്‍ തന്റെ പുതിയ ധീരകൃത്യമായ പുതിയ ചലചിത്രം ‘ചായം’ കൂട്ടാനാരംഭിച്ചത്. സുന്ദരിയായ മദ്ധ്യവയസ്‌കയായ പത്മാവതിയമ്മയായ് ഷീല. ചെമ്പരത്തി നായിക ശോഭന, രാഘവന്‍, കൊട്ടാരക്കര, പി.കെ. എബ്രഹാം, സുരാസു, ബാലന്‍ കെ. നായര്‍, അടൂര്‍ പങ്കജം എന്നിവര്‍ കൂടാതെ പുതുമുഖങ്ങള്‍ വെറെയും. പ്രമുഖ താരങ്ങളില്ലാത്ത പടം.
ഗാനവിഭാഗത്തില്‍ വയലാറും ദേവരാജനും കൂട്ട് കെട്ട് ഒന്നിച്ചപ്പോള്‍ മലയാള ചലചിത്ര ഗാനങ്ങളിലെ അനശ്വരമായ ഒരു ഗാനം പിറന്നു ‘അമ്മേ അമ്മേ അവിടുത്തെ മുന്നില്‍ ഞാനാര്?’ ആയിരൂര്‍ സദാശിവന്‍ എന്ന ഒരു പുതിയ ഗായകനെ ദേവരാജന്‍ മാസ്റ്റര്‍ ആ പാട്ടിലൂടെ അവതരിപ്പിച്ചു. അങ്ങനെ യേശുദാസിനും ജയചന്ദ്രനും ബ്രഹ്‌മാനന്ദനും ശേഷം വ്യത്യസ്തമായ ഒരു പുരുഷ ശബ്ദം മലയാളത്തിനു ലഭിച്ചു. ‘ശ്രീവത്സം മാറില്‍ ചാര്‍ത്തിയ ശീതാംശുകലേ’ എന്ന മനോഹരമായ ഒരു ഗാനവും സദാശിവന്‍ അതില്‍ നന്നായി പാടി. യേശുദാസും ജയചന്ദ്രനുമുള്ളപ്പോള്‍ പുതിയ ഒരു ഗായകനെയൊക്കെ പാടിക്കാന്‍ അക്കാലത്ത് ആരും തയ്യാറാവില്ല. എസ്.കെ നായരെന്ന നിര്‍മ്മാതാവായതുകൊണ്ട് മാത്രമാണ് അയിരൂര്‍ സദാശിവന്‍ ഇതില്‍ പാടിയത്.
വയലാറിന്റെ ആത്മ മിത്രമായ, ഏറ്റവും നല്ല ഗാനരചയിതാവും തമിഴിലെ വയലാറുമായ കണ്ണദാസന്‍ ഒരു തമിഴ് ഗാനം ചായത്തിന് വേണ്ടി എഴുതി. ‘മാരിയമ്മേ തായെ’ എന്ന കരകാട്ടക്കാരുടെ ഗാനം. തമിഴിലെ പ്രശസ്തനായ ടി.എം. സൗന്ദര്‍ രാജന്റെ ആദ്യ മലയാള ഗാനം. മാധുരിയാണ് ഒപ്പം പാടിയത്. അങ്ങനെ ഗാനവിഭാഗം വയലാര്‍ ദേവരാജന്‍ കുട്ടുകെട്ട് മനോഹരമാക്കി. ശരിക്ക് പറഞ്ഞാല്‍ ‘ചായം’ എന്ന സിനിമ ഇപ്പോള്‍ ആളുകള്‍ ഓര്‍ക്കുന്നത് അതിലെ ഗാനങ്ങളിലൂടെയാണ്.
പടത്തിന്റെ പ്രിവ്യൂ തിരുവനന്തപുരത്ത് ന്യൂ തിയറ്ററില്‍ നടത്തി. കേരളത്തിലെ അക്കാലത്തെ കലാ സാംസ്‌കാരിക രംഗത്തെ അവസാന വാക്കായ കെ. ബാലകൃഷ്ണന്‍ പടം കണ്ട് മലയാറ്റൂരിനെ അഭിനന്ദിച്ചു, ‘കൊള്ളാമെടെ’.
വന്‍ പബ്ലിസിറ്റിയാണ് എസ്.കെ.നായര്‍ ചായത്തിന് ഒരുക്കിയത്. മലയാളനാട് വാരികയില്‍ കവര്‍ചിത്രം ചായത്തിന്റെ സ്റ്റില്‍ കൊടുത്ത് കുറെ പേജുകള്‍ പടത്തിന്റെ വിശേഷങ്ങള്‍ക്കായി മാറ്റി വെച്ചു. പത്രങ്ങളിലും, മതിലുകളിലു പോസ്റ്ററുകളും. പോസ്റ്റര്‍ ഡിസൈന്റെ ആശാനായ പി.എന്‍ മേനോന്‍ തന്നെ ഒരുക്കിയ പരസ്യങ്ങള്‍ ജനശ്രദ്ധ നേടി. ‘ചെമ്പരത്തി’ക്ക് ശേഷം വന്ന മേനോന്റെ ചിത്രം കാണാന്‍ ജനം തിയറ്ററില്‍ ഇടിച്ചു കയറി. ടൈറ്റിലില്‍ പി.എന്‍. മേനോന്റെ പേര് തെളിഞ്ഞപ്പോള്‍ ഉഗ്രന്‍ കയ്യടി, നിര്‍മ്മാണം എസ്.കെ. നായര്‍ എന്ന് വന്നപ്പോഴും ഉയര്‍ന്നു കരഘോഷം.
പടം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ മകന് അമ്മയോട് പ്രേമം തുടങ്ങിയതോടെ പ്രേക്ഷകര്‍ കൂവാന്‍ തുടങ്ങി. പട്ടച്ചാരയമടിച്ച് ലഹരിയില്‍ അമ്മിണിയെന്ന കഥാപാത്രം ‘ചായം കറുത്ത ചായം’ എന്ന് മാധുരിയുടെ മാദക ശബ്ദത്തില്‍ പാടുന്ന രംഗം കണ്ട പ്രേക്ഷകര്‍ കൂവി പ്പൊളിച്ചു. ചിത്രകാരനായ സുധീര്‍ സ്വന്തം അമ്മയായ ഷീലയെ ബലാല്‍ക്കാരത്തിന് ശ്രമിക്കുന്ന രംഗമെത്തിയപ്പോഴക്കും പ്രേക്ഷകര്‍ അക്രമാസക്തരായി. സ്വന്തം അമ്മയാണ് ഷീല എന്ന് സുധീറിന് അറിയില്ലെങ്കിലും പ്രേക്ഷകര്‍ക്കറിയാമല്ലോ. അവര്‍ കൂവിക്കൊണ്ട് തിയറ്ററിലെ കസേരകള്‍ തല്ലിപ്പൊളിച്ചു. മതിലുകളില്‍ പതിച്ച ചായത്തിന്റെ പോസ്റ്റ്റ്റുകളിലേക്ക് അവര്‍ ചാണകം വാരിയെറിഞ്ഞു. പി.എന്‍. മേനോന്‍ എന്ന നാറിയെ കയ്യില്‍ കിട്ടിയാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ആക്രോശിച്ചു. തിയേറ്റര്‍ പരിസരത്ത് പി.എന്‍ മേനോന്‍ ഇല്ലാത്തതിനാല്‍ തല്ല് കിട്ടാതെ രക്ഷപ്പെട്ടു.
ഇത്രയൊക്കെയായിട്ടും ചായം കാണാന്‍ രണ്ടാഴ്ച ജനക്കൂട്ടമുണ്ടായി. വിവാദം എന്താണെന്ന് അറിയാന്‍ വന്നവരും അതിലുണ്ടായിരുന്നു. വാസ്തവത്തില്‍ പി.എന്‍. മേനോന്റെ ചിത്രങ്ങളില്‍ സാങ്കേതികമായി മുന്നിട്ടു നിന്ന ഏറ്റവും നല്ല ചിത്രമായിരുന്നു ചായം. പിന്നിട് തെലുങ്കിലടക്കം ഇതര ഭാഷകളില്‍ ഈ ചിത്രം എടുക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പി.എന്‍. മേനോനെ പോലെ ധൈര്യമുള്ള സംവിധായകന്റെ അഭാവം കാരണം അത് നടന്നില്ല. അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച സോവ്യറ്റ് സിനിമാ സംവിധായകന്‍ അലി ഹംറോയേവ് കേരളത്തില്‍ വന്നു മലയാള സിനിമ സംവിധായകരുമായി സംസാരിച്ചു. ആ കൂട്ടത്തില്‍ പി.എന്‍. മേനോന്റെ ‘ചായം’ കാണുകയും ചെയ്തു. റഷ്യക്കാരന്‍ ഈ പടം നല്ലതാണെന്നും ഈ പടം റഷ്യയിലേക്ക് ഫെസ്റ്റിവലിന് അയക്കണം എന്നും പറഞ്ഞപ്പോള്‍ മേനോന് സന്തോഷമായി. അവിടേയും ഇതേ പ്രമേയത്തില്‍ ഒരു പടം വന്നിരുന്നെന്നും അത് കണ്ട് ജനം തിയറ്റര്‍ തല്ലിത്തകര്‍ത്തെന്നും അയാള്‍ പറഞ്ഞപ്പോള്‍ പി.എന്‍. മേനോന്‍ ഞെട്ടി. കാര്യം എല്ലായിടത്തും ഒരു പോലെയാണ്. മകന്‍ അമ്മയെ പ്രേമിക്കുന്ന സിനിമ വിദേശികള്‍ക്കും ഇഷ്ടപ്പെടില്ല.
ചായം കണ്ട സാഹിത്യകാരന്‍ ഉറൂബിനോട് മകന്‍ സുധാകരന്‍ അഭിപ്രായം ചോദിച്ചു, ‘പടം എങ്ങനെ?’ ഉറൂബു പറഞ്ഞു, ‘ഒരക്ഷരം വിട്ട് പോയതാണ്- ‘ചാരായം’ ആണ്’.
അര നൂറ്റാണ്ടു മുന്‍പ് പി.എന്‍ മേനോന്‍ കാണിച്ച ഈ സാഹസം പിന്നീട് ആവര്‍ത്തിക്കാന്‍ മലയാളത്തില്‍ ഒരു സംവിധായകനും ഉണ്ടായില്ല. എങ്കങ്കാട്കാരന്‍ പാലിശേരി നാരായണന്‍ കുട്ടിയെന്ന പി. എന്‍. മേനോന്‍ കാലത്തിന് മുന്‍പേ ചിന്തിച്ച കലാകാരനായിരുന്നു.
നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് മണി സ്വാമിയാണ് പി.എന്‍. മേനോന്റെ ആദ്യ ചിത്രമായ ‘റോസി’യുടെ നിര്‍മ്മാതാവ്. പി.ജെ ആന്റണിയാണ് തിരക്കഥ. സ്റ്റുഡിയോ ഫ്‌ളോറിലെ വിരസമായ സെറ്റുകളില്‍ നിന്ന് ഔട്ട്‌ഡോറിലേക്ക് ആദ്യം വന്ന സിനിമയാണ് റോസി. പ്രേംനസീര്‍, പി. ജെ. ആന്റണി, തിക്കുറുശ്ശി വിജയ നിര്‍മ്മല തുടങ്ങിയ വരാണ് അഭിനേതാക്കള്‍. ഇതിലെ ഒരു ഗാനം, കെ.വി ജോബ് ഈണമിട്ട ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എഴുതിയ ‘ അല്ലിയാമ്പല്‍ കടവില്‍’ യേശുദാസിന്റെ ആദ്യത്തെ ഹിറ്റുകളിലൊന്നാണ്.
മേനോന് ഒത്ത കൂട്ടായിരുന്നു പരുക്കനായ പി.ജെ. ആന്റണി. തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ ആന്റണി പറഞ്ഞു. മേരി എന്ന നായികയുടെ പേര് മാറ്റണം. എന്റെ ഭാര്യയുടെ പേര് മേരി എന്നാണ്. മേനോന്‍ ഉടക്കി. പറ്റില്ല, കഥയുടെ പശ്ചാത്തലത്തിന് ആ പേര് തന്നെ വേണം. ആന്റണി ചൂടായി – മേനോന്‍ തിരക്കഥ എഴുതിയാല്‍ നായികക്ക് ഭാരതിയെന്ന് പേരിടുമോ? ( മേനോന്റെ ഭാര്യയാണ് ഭാരതി) ഉത്തരം മുട്ടിയ മേനോന്‍ പറഞ്ഞു എങ്കില്‍ റോസി മതി. ഉടനെ ആന്റണി കൈ കൊടുത്തു.
ചാലക്കുടിപ്പുഴക്ക് സമീപം ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ്ങ് തീര്‍ന്നാല്‍ വൈകിട്ട് സംവിധായകനും തിരക്കഥാകൃത്തും ചര്‍ച്ചക്കായി കള്ള് ഷാപ്പില്‍ കയറും ഉത്തേജനം വേണമല്ലോ. രണ്ട് വി.ഐ.പികളെയും ഷാപ്പിലെ കുടിയന്മാര്‍ക്ക് ഇഷ്ടപ്പെട്ടു. രണ്ട് സിനിമാക്കാര് യാതൊരു ജാഡയും കൂടാതെ നാടന്‍ ഷാപ്പില്‍ വന്ന് കള്ള് മോന്തുന്നു.
സൗര്‍ഹാര്‍ദ്ദത്തിലായ ഒരു കുടിയന്‍ ആന്റണിയോട് ചോദിച്ചു: ‘ആശാനെ കള്ളടിച്ചു കഴിഞ്ഞാല്‍ ഉടന്‍ ഉറങ്ങുമോ?
ആന്റണി : ഇല്ല. കട്ടില് കണ്ട് പിടിക്കാന്‍ രണ്ട് മണിക്കൂര്‍ എടുക്കും’.
പടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചപ്പോള്‍ ദാ വരുന്നു വക്കീല്‍ നോട്ടീസ്. തിക്കുറുശ്ശി അയച്ചതാണ്. ആ നടന്റെ ശബ്ദമല്ല പടത്തില്‍ ഉപയോഗിച്ചത്. വലിയ ഒരു നടന്റെ ശബ്ദം മാറ്റിയത് പ്രശ്‌നമായി. പടത്തിന്റെ റിലീസിംഗ് നീണ്ടു പോയി. ഒടുവില്‍ മേനോന്റെ ആദ്യ ചിത്രം എന്ന നിലയില്‍ തിക്കുറിശ്ശി ഇളവ് നല്‍കി കേസ് പിന്‍വലിച്ചു. റോസി പൂര്‍ത്തിയായി 1965 ല്‍ റിലീസ് ചെയ്തു. മേനോന്റെ സംവിധാനം ഒരു നല്ല ചിത്രമായി പരിണമിച്ചെങ്കിലും പ്രേക്ഷകര്‍ കൈ വിട്ടു. പത്രങ്ങള്‍ നല്ല ചിത്രം എന്നൊക്കെ വിശേഷിപ്പിച്ചെങ്കിലും തിയേറ്ററില്‍ പരാജയമായി.
അതിന് ശേഷം പടമൊന്നുമില്ലാതെ മദ്രാസില്‍ തമിഴ് തെലുങ്ക് പടങ്ങളുടെ പരസ്യം ചെയ്ത് ജീവിക്കുന്ന മേനോനെ തേടി ഒരാള്‍ എത്തി. പി. എ. ബക്കര്‍, മലയാള സിനിമയിലെ മറ്റൊരു താടിക്കാരന്‍, മറ്റൊരു കലാപകാരി. രാമു കാര്യാട്ടിന്റെ ശിഷ്യനാണെങ്കിലും കച്ചവട സിനിമക്കെതിരും കലാപരമായ ചിത്രങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തിയുമാണ്. മേനോന്റെ സമാനമനസ്‌കനാണ്.
‘മേനോന്‍ ഒരു പടം ചെയ്യണം കോംപ്രമൈസില്ലാതെ’. മേനോന് സന്തോഷമായി തന്റെടമുള്ള ഒരു നിര്‍മ്മാതാവിതാ മുന്നില്‍. എം.ടിയുടെ ഒരു ചെറുകഥയാണ് പ്രമേയം. അന്ന് കോഴിക്കോട്ട് മാതൃഭുമി ആഴ്ചപ്പതിലാണ് എം.ടി. 1965 ല്‍ പി. ഭാസ്‌കരന്റെ മുറപ്പെണ്ണിന് തിരക്കഥയെഴുതി മലയാള ചലചിത്ര രംഗത്ത് പുതിയൊരു രീതി കൊണ്ടുവന്ന ആളാണ് എം.ടി. കോഴിക്കോട് ചെന്ന് എം.ടി.യെ കണ്ടു ചര്‍ച്ച ചെയ്തു. പ്രധാനമായും ഒരൊറ്റ കാര്യമാണ് എം.ടി. ചോദിച്ചത്. ‘
‘കര്‍ക്കിടകത്തില്‍ കല്ലായിപ്പുഴയില്‍ ചങ്ങാടം കൊണ്ടു വന്ന് ബാപ്പുട്ടിയുടെ സീന്‍ എടുക്കാന്‍ പറ്റുമോ?’
മേനോന്‍ പറഞ്ഞു ‘സാധിക്കും’. നിര്‍മാതാവായ ബക്കറിന് ചങ്ങാടം പോയിട്ട് പങ്കായം വാടകക്ക് എടുക്കാന്‍ പോലും ആവതുതില്ലെന്ന് മറ്റൊരു കാര്യം. എങ്കിലും സംവിധായകനും നിര്‍മ്മാതാവിനും അസാമാന്യ ചങ്കുറ്റമായിരുന്നു. അങ്ങനെ മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ ‘ഓളവും തീരവും’ എന്ന ചലച്ചിത്രം ജനിച്ചു. ക്യാമറ; മങ്കട രവിവര്‍മ്മ, ബാബുരാജ് സംഗീതം, വരികള്‍ പി. ഭാസ്‌കരന്‍ എന്നിവരെ തീരുമാനിച്ചു. മധു നായകന്‍, ഉഷാ നന്ദിനി നായിക. ബാക്കിയെല്ലാം രണ്ടാം നിര നടന്മാര്‍ പിന്നിട് തിരക്കഥാകൃത്തായ ടി. ദാമോദരന്‍ ആദ്യമായി അഭിനയിച്ചത് ഇതിലാണ്. ചെറുവേഷമാണെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ആലുവാ പാലസിന് സമീപം പെരിയാറില്‍ ചിത്രീകരണം ആരംഭിച്ചു.
പിന്നീട് എം.ടി പറഞ്ഞ ചങ്ങാടം രംഗം കല്ലായിപ്പുഴയില്‍ അതി സാഹസികമായി ചിത്രീകരിച്ചു. മധുവെന്ന നടനെ മറ്റൊരു വ്യത്യസ്തനായ അഭിനേതാവായി പാകപ്പെടുത്തിയ കഥാപാത്രമായിരുന്നു ഓളവും തീരത്തിലെ ബാപ്പുട്ടി. നിര്‍മ്മാതാവായ ബക്കര്‍ സാമ്പത്തികമായി പലപ്പോഴും പരാധീനതയില്‍ ആയതിനാല്‍ പലപ്പോഴും ചിത്രീകരണം അവതാളത്തിലായി. പലരില്‍ നിന്ന് കടം വാങ്ങിയും മധുവിന്റെ സഹായത്തിലുമാണ് പടം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ ബക്കറും മേനോനും വിജയക്കൊടി നാട്ടി. മലയാള സിനിമക്ക് കീര്‍ത്തി നേടിക്കൊടുത്ത ചിത്രമായിരുന്നു ഓളവും തീരവും. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മങ്കട രവിവര്‍മ അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് ഇംഗ്ലീഷ് പത്രങ്ങള്‍ വാഴ്ത്തി. ഡല്‍ഹി ഫെസ്റ്റുവലില്‍ ഓളവും തീരവും മികച്ച മലയാള ചിത്രത്തിനുള്ള സ്വര്‍ണ മെഡല്‍ നേടിയതോടെ മേനോന്‍ തന്റെ സാഹസിക സിനിമാ സംവിധാനത്തില്‍ വിജയം നേടി.
പിന്നീട് എം.ടി. യുടെ തന്നെ കുട്ട്യേടത്തി ചലച്ചിത്രമാക്കി. വിരൂപിണിയായ കഥയിലെ നായികയെ വെച്ച് ചിത്രം ചെയ്യുക എന്ന വെല്ലുവിളി മേനോന്‍ എറ്റെടുത്ത് അത് സംവിധാനം ചെയ്തു. പല സംവിധായകരും പിന്‍വാങ്ങിയ സിനിമയാണ് കുട്ടേടത്തി. നായിക വിരൂപയായാല്‍ തിയേറ്ററില്‍ ആള് കേറില്ല എന്ന ഭയമാണ് അവരെ അത് ഉപക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. അവിടെയാണ് പി.എന്‍. മേനോന്‍ എന്ന സംവിധായകന്റെ മഹത്വം.
1965 ല്‍ തുടങ്ങിയ റോസി മുതല്‍ 2004 ലെ നേര്‍ക്കു നേരെ വരെ 23 ചിത്രങ്ങള്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്തു. 1972 ചെമ്പരത്തിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്. മേനോന്‍ സംവിധാനം ചെയ്ത ഗായത്രി(1973 ) ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി.
പൊതുവെ തന്റെ ചിത്രങ്ങളില്‍ ഗാനങ്ങളോട് താല്‍പ്പര്യമില്ലാത്ത സംവിധായകനാണ് പി.എന്‍. മേനോന്‍. എന്നാല്‍ യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് രണ്ടാം തവണ കിട്ടിയത് പി.എന്‍. മേനോന്റെ ഗായത്രിയിലെ ‘പത്മതീര്‍ത്ഥമേ ഉണരൂ’ എന്ന ഗാനത്തിനാണ് . മലയാള ചലചിത്ര ഗാനങ്ങളുടെ സുവര്‍ണ്ണ കാലമായ 1970 കളില്‍ പി.എന്‍ മേനോന്റെ ചിത്രങ്ങളിലെ വയലാര്‍ ദേവരാജന്‍ ഗാനങ്ങളെല്ലാം സര്‍വ്വകാല ഹിറ്റുകളായിരുന്നു.
ചക്രവര്‍ത്തിനി, കുണുക്കിട്ട കോഴി, ശരണമയ്യപ്പാ സ്വാമി'( ചെമ്പരത്തി 1972 ), അമ്മേ, അവിടുത്തെ മുന്നില്‍, ശ്രീവത്സം മാറില്‍ ചാര്‍ത്തിയ( ചായം 1972), പ്രളയ പ്രയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു, മണിനാഗ തിരുനാഗ യക്ഷിയമ്മേ, അനസൂയേ പ്രിയംവദേ, വൈക്കത്തപ്പനും ശിവരാത്രി (മഴക്കാറ് 1973) പത്മതീര്‍ത്ഥമേ ഉണരൂ, തങ്കത്തളികയില്‍ പൊങ്കലുമായി (ഗായത്രി) പേരാറ്റിന്‍ കരയിലേക്കൊരു തീര്‍ത്ഥയാത്ര( ദര്‍ശനം 1974) എന്നിങ്ങനെ ഒരു പിടി മനോഹര ഗാനങ്ങള്‍ പി.എന്‍. മേനോന്‍ ചിത്രങ്ങള്‍ മലയാള ഗാനശാഖക്ക് നല്‍കി.
പ്രേം നസീര്‍ മുടിചൂടാ മന്നനായി മലയാള സിനിമാ രംഗം അടക്കി വാഴുമ്പോഴാണ് പി.എന്‍. മേനോന്‍ നസീറിനെ തഴഞ്ഞ് പുതിയ പ്രതിഭകളെ മലയാള സിനിമയില്‍ കൊണ്ടു വന്നത്. വിലാസിനി (കുട്ടേടത്തി 1970), മോഹന്‍ (പണിമുടക്ക് 1971), ഉഷാ നന്ദിനി (ഓളവും തീരവും 1970) മഴക്കാറില്‍ കനകദുര്‍ഗ (1973) മോനോന്റെ ചെമ്പരത്തിയിലൂടെയാണ് രാഘവനും സുധീറും പ്രധാന വേഷങ്ങളില്‍ ശ്രദ്ധേയരായത്. ദര്‍ശനത്തില്‍ സുരാസുവിനേയും മേനോന്‍ സിനിമയില്‍ അവതരിപ്പിച്ചു. പുതുമുഖമായ ബാലന്‍ കെ. നായരൊക്കെ ശ്രദ്ധേയനാകുന്നത് പണിമുടക്കിലൂടെയാണ്.
ഇത്തരം സാഹസത്തിന് മുതിരാന്‍ ഒരു സംവിധായകനും അക്കാലത്ത് ശ്രമിച്ചില്ലയെന്നതാണ് പി.എന്‍. മേനോനെ വ്യത്യസ്തനാക്കുന്നത്. സംവിധായകന്‍ എന്ന നിലയിലും വ്യക്തി ജീവിതത്തിലും വേണ്ട അച്ചടക്കം ഇല്ലാത്തതാണ് പി.എന്‍. മേനോന്‍ എന്ന പ്രതിഭക്ക് ശക്തിയോടെ മുന്നോട്ട് പോകാന്‍ കഴിയാഞ്ഞത്. എങ്കിലും 90 കളില്‍ ദൂരദര്‍ശനും എഷ്യാനെറ്റിനും വേണ്ടി ടെലിഫിലിമും ഡോക്യുമെന്റിയും സീരിയലും സംവിധാനം ചെയ്തു. സിനിമയില്‍ തന്റെ ഹംസഗാനം ഇനിയും എത്രയോ അകലെയാണെന്ന് തെളിച്ചു. അതിനും മുന്‍പ് 1980 കളില്‍ ‘മലമുകളിലെ ദൈവം’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടി ഇനിയും ഒരു അങ്കത്തിന് ബാല്യം തനിക്കുണ്ടെന്ന് പി.എന്‍. മേനോന്‍ മലയാള ചലചിത്ര വേദിക്ക് കാണിച്ചു കൊടുത്തിരുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പടം എടുക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനോ ജി. അരവിന്ദനെപ്പോലെയോ ആയിരുന്നില്ല മേനോന്‍. അവരൊക്കെ ഒരു നിര്‍മാതാവിന്റെ സുരക്ഷിത ഇടങ്ങളില്‍ നിന്നാണ് കേരളത്തില്‍ തങ്ങളുടെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് അംഗീകാരങ്ങള്‍ നേടിയത്. പി.എന്‍ മേനോനാകട്ടെ മദ്രാസില്‍ കച്ചവട സിനിമാക്കാരുടെ ആട്ടും തുപ്പും സഹിച്ച് അവഹേളനങ്ങള്‍ സഹിച്ചാണ് നല്ല സിനിമക്ക് വേണ്ടി നിലകൊണ്ടത്. ശരിക്കും ഒഴുക്കിനെതിരെയുള്ള നീന്തലായിരുന്നു അത്. 80കളില്‍ സമാന്തര സിനിമക്കാരായി അറിയപ്പെട്ട, ഭരതന്‍, കെ.ജി. ജോര്‍ജ് എന്നി സംവിധായകര്‍ക്ക് പ്രചോദനം നല്‍കിയ മലയാളത്തിലെ ഒരേ ഒരു സംവിധായകനായിരുന്നു മേനോന്‍. പില്‍ക്കാലത്ത് ഇവര്‍ക്കൊക്കെ പുത്തന്‍ ആശയങ്ങളും പരീക്ഷണങ്ങളും സിനിമയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചത് മേനോന്‍ തെളിച്ച വഴികളിലൂടയാണ്.
‘എന്റെ സങ്കല്‍പ്പത്തിനുസരിച്ച് പടമെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. തൃപ്തിയോടെ ഞാനൊരു ചിത്രമെടുത്തിട്ടില്ല . ഇനിയും സങ്കല്‍പ്പങ്ങള്‍ ബാക്കിയാണ്. ഓരോ പടം കഴിയുന്തോറും അതേ പടം തന്നെ കുറേക്കൂടി മെച്ചമായി എടുക്കാമായിരുന്നില്ലേ എന്ന സന്ദേഹത്തിലാണെത്താറുള്ളത്.’ അവസാനത്തെ അഭിമുഖങ്ങളിലൊന്നില്‍ മേനോന്‍ പറഞ്ഞു.
അരനൂറ്റാണ്ട് സിനിമയില്‍ ചിലവഴിച്ചിട്ടും സംശയങ്ങള്‍ ബാക്കി നിര്‍ത്തിയാണ് 2008 സെപ്റ്റംബര്‍ 9 ന് പി. എന്‍. മേനോനെന്ന സംവിധായകന്‍ തന്റെ ജീവിതത്തിന് കട്ട് പറഞ്ഞത്. malayalam film director pn menon death anniversary
content Summary; malayalam film director pn menon death anniversary