കേരളത്തിലെ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം, നിര്‍വിഘ്നം തുടരുന്ന പ്രചരണങ്ങളിലൊന്ന് മുഖ്യധാര ജേര്‍ണലിസ്റ്റുകള്‍ക്കെതിരെയുള്ളതാണ്. നാളുകളായി തുടരുന്നതാണ് ഈ വിമര്‍ശനം. എന്തുകൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഇത്രയേറെ വിമര്‍ശിക്കപ്പെടുന്നത് എന്ന് ആലോചിക്കാനുള്ള ഉത്തരവാദിത്തം ജേര്‍ണലിസ്റ്റുകള്‍ക്കുണ്ട്. ഭരണപക്ഷത്തിനെ അനുകൂലിക്കുന്നവരാണ് വിമര്‍ശിക്കുന്നുതെന്നും അത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനുള്ള അസഹിഷ്ണുതയാണ് എന്നും പറഞ്ഞ് ഒഴിയലാണ് പതിവ്. അത് മതിയാകുമോ?
യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇടത്പക്ഷ ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന ഏതെങ്കിലും ഒരു വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍, കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്തിട്ടുണ്ടോ, അഴിമതിയുടെ പേരില്‍ കേരളത്തില്‍ ഇക്കാലയളവില്‍ ഏതെങ്കിലും മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നിട്ടുണ്ടോ? ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യം ഭരിക്കുന്ന യൂണിയന്‍ സര്‍ക്കാരിനെതിരേയോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ക്കെതിരേയോ ഏതെങ്കിലും തരത്തിലുള്ള വാര്‍ത്തകള്‍ വരാറുണ്ടോ? ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധത്തോളം കാര്യങ്ങളെത്തുമ്പോള്‍ നിലപാടുകള്‍ എടുക്കാറുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കിട്ടിയാലേ വിമര്‍ശനത്തില്‍ സാംഗത്യമുണ്ടോ എന്ന സ്വയം വിമര്‍ശനം മാധ്യമങ്ങള്‍ക്ക് സാധിക്കൂ.
കേരള സമൂഹത്തിനെ കുറച്ച് കാലമായി അലട്ടുന്ന പ്രതിസന്ധികളാണ് കുട്ടികള്‍ക്കിടയിലുള്ള അക്രമസംഭവങ്ങളും മയക്ക് മരുന്നിന്റെ വ്യാപനവും. സംസ്ഥാനത്തുടനീളം രാസലഹരി സാര്‍വ്വത്രികമായിരിക്കുന്നുവെന്നും കോളേജ് കാമ്പസുകളിലും ചെറിയ സ്‌കൂളുകളിലും വരെ ഇത് എത്തുന്നുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മഹാവിപത്തിനെതിരായി ഒരു സമൂഹം ഒരുമിച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. കേരളത്തില്‍ കുറച്ച് കാലം മദ്യഷാപ്പുകളും ബാറുകളും അടഞ്ഞ് കിടന്ന കാലഘട്ടം മുതലാണ് മയക്ക് മരുന്ന് വ്യാപാരം സംസ്ഥാനത്ത് സജീവമാകാന്‍ തുടങ്ങിയത് എന്ന് ആരോപണമുണ്ട്. ഇതിന്റെ വസ്തുതകളെ കുറിച്ച് പഠനങ്ങള്‍ വന്നിട്ടില്ലെങ്കിലും മദ്യത്തിന്റെ ദീര്‍ഘകാല നിരോധനം സമൂഹത്തില്‍ ഗുണത്തേക്കാള്‍ ഉപരി ദോഷമാണ് ഉണ്ടാവുക എന്ന് സര്‍ക്കാര്‍ തലത്തില്‍ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഏതായാലും ഓപറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് എന്ന പേരില്‍ സംസ്ഥാനത്തുടനീളം മയക്ക് മരുന്നിന്റെ ശൃംഖലകള്‍ തകര്‍ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതിന്റെ നടപടികള്‍ മുന്നോട്ട് പോവുകയുമാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിന്റെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതാണ് കേരളത്തിലെ ചാനല്‍ മുറികളെ പെട്ടന്ന് ആഘോഷത്തിന്റെ വക്കിലെത്തിച്ചത്. ഏതാണ്ട് രണ്ട് കിലോയോളം കഞ്ചാവ് ഒരു മുറിയില്‍ നിന്നും മറ്റുമുറികളില്‍ നിന്ന് ഏതാനും ഗ്രാമുകളുമാണ് പിടിച്ചെടുത്തത്. എന്നാല്‍ 9.7 ഗ്രാം കഞ്ചാവ് കാമ്പസ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിജിത് എന്ന വിദ്യാര്‍ത്ഥിയും ആദിത്യന്‍ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും താമസിക്കുന്ന മുറിയില്‍ നിന്ന് കണ്ടെത്തിയതോടെ വാര്‍ത്തകള്‍ ചാനലുകള്‍ പൊട്ടിത്തെറിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മയക്ക് മരുന്ന് കച്ചവടം നടക്കുകയാണ് എന്നായി പിന്നീട് വാര്‍ത്തകള്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെ.എസ്.യു നേതാവ് അബിന്‍ വര്‍ക്കി, മുന്‍ എം.എല്‍.എ വി.ടി ബല്‍റാം, എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരൊക്കെ എസ്.എഫ്.ഐക്കെതിരെ വന്‍ പ്രസ്താവനകളിറക്കി.
”കളമശേരി വ്യവസായ മന്ത്രിയുടെ മണ്ഡലം ആയതിനാല്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ‘സ്റ്റാര്‍ട്ടപ് കമ്പനി’ നടത്താന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കുന്നു. ഹോസ്റ്റലിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. ഹോള്‍സെയില്‍ ആയി ‘സാധനം’ വലിയ അളവില്‍ കുറഞ്ഞ ചെലവില്‍ വാങ്ങിക്കുകയും റീറ്റെയ്ല്‍ ആയി ചെറിയ പാക്കറ്റില്‍ വലിയ വിലയ്ക്ക് വില്‍ക്കുന്നതുമായിരുന്നു ബിസിനസ് മോഡല്‍’-എന്നായിരുന്നു അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിന്റെ ചുവട് പിടിച്ച് ‘ഹോള്‍സെയിലായി കിലോകണക്കിന് കഞ്ചാവ് ചില്ലറ വില്‍പ്പനയ്്ക്കായി ചെറിയ പൊതികളിലായി റീ പാക്കേജ് ചെയ്യുന്ന ഒരു വ്യവസായ സംരംഭം കളമശ്ശേരി പോളി ടെക്നിക് ഹോസ്റ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു’-എന്നാരംഭിക്കുന്ന ആക്ഷേപ ഹാസ്യം വി.ടി ബല്‍റാമും തയ്യാറാക്കി. എസ്.എഫ്.ഐ നിരോധിക്കണമെന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം. എസ്.എഫ്.ഐ മയക്ക് മരുന്ന് കച്ചടവത്തില്‍ വ്യാപൃതരാണെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവും പ്രഖ്യാപിച്ചു. ഇതൊക്കെ വള്ളിപുള്ളി തെറ്റാതെ സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കഞ്ചാവ് കച്ചവടം എന്ന് ഉച്ചകഴിയുന്നത് വരെ പ്രഖ്യാപിച്ചു.
പിന്നീട് ചിത്രം മാറി. കെ.എസ്.യു നേതാവ് ആകാശിന്റെ മുറിയിലാണ് കിലോ കണക്കിന് കഞ്ചാവും അത് ചില്ലറയായി വില്‍ക്കാനുള്ള സംവിധാനങ്ങളും ത്രാസും എല്ലാം ഉണ്ടായിരുന്നത് എന്ന് വ്യക്തമായി. തനിക്ക് വില്‍പ്പനയ്ക്കുള്ള കഞ്ചാവ് എത്തിച്ച് തന്നിരുന്നത് കാമ്പസിലെ മുന്‍ കെ.എസ്.യു നേതാക്കളാണെന്ന് ആകാശ് മൊഴികൊടുത്തതോടെ ആഷിഖ്, ഷൗക്കത്ത് എന്നിവരെ കൂടി പോലീസ് വൈകി അറസ്റ്റ് ചെയ്യുകയും ചെയതു. എസ്.എഫ്.ഐക്കെതിരെ ആക്ഷേപം ഉന്നയിച്ച കെ.എസ്.യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ കാമ്പസുകളില്‍ മയക്ക് മരുന്ന് വിതരണം ചെയ്യുന്നത് ആരായാലും രാഷ്ട്രീയ ഭേദമന്യേ അപലപിക്കണമെന്നും ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്നും നിലപാട് മയപ്പെടുത്തി. ബ്രേക്കിങ് വാര്‍ത്തകളുടെ സ്വഭാവം മാറി. എസ്.എഫ്.ഐ നേതാക്കളുടെ എന്നതില്‍ നിന്ന് ‘വിദ്യാര്‍ത്ഥികളുടെ’ എന്ന നിലയിലേയ്ക്ക് മാറി.
പക്ഷേ അപ്പോഴും ചാനലുകള്‍ വിട്ടിരുന്നില്ല. രാവിലത്തെ ആവേശത്തിന് വൈകുന്നേരത്തെ ചര്‍ച്ച ഇത് തന്നെ എന്ന് നിശ്ചയിച്ചിരുന്നു. മാതൃഭൂമി കെ.എസ്.യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് പ്രേരിതരായി ‘കാമ്പസില്‍ കഞ്ചാവ് സ്റ്റാര്‍ട്ടപ്പോ’ എന്നായിരുന്നു ആദ്യം ചര്‍ച്ചയ്ക്ക് വിഷയം തീരുമാനിച്ചത്. കാമ്പസില്‍ രണ്ട് കിലോ കഞ്ചാവ് പിടിച്ചതിനെ കേരളത്തില്‍ നടക്കുന്ന വ്യവസായ സൗഹൃദഅന്തരീക്ഷവുമായി കൂട്ടികെട്ടി, വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവം എന്നുള്ളത് കൊണ്ട് അദ്ദേഹത്തേക്കൂടി വലിച്ചിഴക്കുക എന്നതായിരുന്നു പദ്ധതി. പക്ഷേ വാര്‍ത്തകളുടെ സ്വഭാവം മാറിയതോടെ ‘കഞ്ചാവ് കലാലയം’ എന്നാക്കി തലക്കെട്ട്. രണ്ട് പേരുടെ മുറിയില്‍ നിന്ന് കഞ്ചാവ് പിടിക്കുന്നതില്‍ കാമ്പസുകളെ മൊത്തം അപമാനിക്കേണ്ടതുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്വയം വിലയിരുത്തേണ്ടതാണ്. ഇതിനെല്ലാം ശേഷം മയക്ക് മരുന്നിനെ കുറിച്ച് വിവരം നല്‍കിയത് ആരാണെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇത്തരം കാര്യങ്ങള്‍ അറിയിക്കുന്ന ആളുകളുടെ പേര് അന്വേഷണ ഉദ്യോഗസ്ഥര്‍ അബദ്ധവശാല്‍ വെളിപ്പെടുത്തിയാല്‍ പോലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതായിരുന്നു.
ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.എഫ്.ഐ. അവരുടെ പ്രവര്‍ത്തന രീതിയെ കുറിച്ച് ആക്ഷേപങ്ങളും പ്രതിഷേധങ്ങളും ധാരാളമായി ഉണ്ടായിട്ടുണ്ട്. അവര്‍ പ്രതിസ്ഥാനത്ത് വരുന്ന സമയത്ത് വാര്‍ത്തകളുടെ വേലിയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. വയനാട് പൂക്കോട് വെറ്റിനറി കോളേജ് റാഗിങ് കേസടക്കം എസ്.എഫ്.ഐ നേതൃത്വം ചോദ്യങ്ങളേറ്റുവാങ്ങേണ്ട സമയങ്ങളിലൊക്കെ കഠിനമായ മാധ്യമവിമര്‍ശനം അവര്‍ നേരിടേണ്ടി വന്നു. വയനാട് എം.പിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി ഓഫീസില്‍ ഒരു വാഴ സ്ഥാപിച്ചതിന് ശേഷം ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി തന്നെ എസ്.എഫ്.ഐ നേതൃത്വം പിരിച്ച് വിട്ടിട്ടുണ്ട്. ഇത്രയധികം മാധ്യമ വിചാരണയ്ക്ക് ഇരയായിട്ടുള്ള അധികം സംഘടനകള്‍ ഉണ്ടായിട്ടുണ്ടാകില്ല.
എന്നാല്‍ ഇല്ലാത്ത കേസുകളില്‍ എസ്.എഫ്.ഐ പ്രതിസ്ഥാനത്തുണ്ട് എന്ന് കരുതി മാധ്യമങ്ങള്‍ നടത്തുന്ന ആഘോഷങ്ങളും ഒരേ പോലെ തന്നെ അപലപനീയമാണ്. കോഴിക്കോട് സര്‍വകലാശാല സോണല്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ നേതാവിനാണ് മര്‍ദ്ദനമേറ്റതെങ്കിലും എസ്.എഫ്.ഐ ആക്രമണം നടത്തിയെന്നായിരുന്നു മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പരിക്കേറ്റ കെ.എസ്.യുക്കാരുമായി പോയ ആംബുലന്‍സ് എസ്.എഫ്.ഐ തടഞ്ഞുവെന്ന് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത കേരളം മുഴുവന്‍ വിശ്വസിച്ചതുമാണ്. പക്ഷേ ആംബുലന്‍സിന്റെ ഉള്ളില്‍ നിന്ന് കെ.എസ്.യുക്കാര്‍ തന്നെ സെല്‍ഫിയിട്ടതോടെയാണ് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിച്ചിരുന്നത് എന്ന് മനസിലായത്.
അദാനി കോര്‍പറേഷനെതിരായ യുഎസ്.കോടതിയുടെ നീക്കങ്ങളും അതിനോടുള്ള ഇന്ത്യയുടെ പ്രതികരണങ്ങളുമടക്കം ഒട്ടേറെ വളരെ പ്രധാന്യമുള്ള വാര്‍ത്തകളുണ്ടായിട്ടും കേരളത്തിലെ ഒരു മാധ്യമങ്ങളും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറിട്ടില്ല. ഹോളിയുടെ പേരില്‍ യു.പി. അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ അടിച്ചമത്തല്‍ നടക്കുന്നതും നേതാക്കള്‍ ആക്ഷേപകങ്ങളായ പ്രസ്താവനകള്‍ നടത്തുന്നതും പള്ളികള്‍ ടര്‍പ്പോളിന്‍ ഇട്ട് മൂടുന്നതും ജുമാനിസ്‌കാരം പോലും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താത്പര്യമുള്ള വിഷയങ്ങളല്ല. പലസ്തീന്‍ റിയല്‍ എസ്റ്റേറ്റ് വില്‍പ്പന കേന്ദ്രമാക്കി മാറ്റുമെന്നും ഗസ നിവാസികളെ ബലമായി കുടിയൊഴിപ്പിക്കുമെന്നും അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് പ്രഖ്യാപിക്കുന്നതും അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളും നമുക്ക് വാര്‍ത്തയല്ല. കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യന്‍ ദേശസുരക്ഷയെ മുഴുവന്‍ അട്ടിമറിച്ച് അദാനി കോര്‍പറേഷന് ഇന്ത്യ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് വൈദ്യുതി നിലയം സ്ഥാപിക്കാന്‍ നിയമങ്ങള്‍ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പരിസ്ഥിതിയെ അട്ടിമറിച്ചും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കിയും ദൂരവ്യാപകങ്ങളായ പല പ്രത്യാഘാതങ്ങള്‍ക്കും ഇടവരുത്തി കടല്‍ത്തീരത്ത് മണല്‍ ഖനനം നടത്താനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് നമ്മുടെ മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. അതിന്റെ ആരംഭം കേരള തീരത്താണ് എന്നുള്ളത് പോലും നമുക്ക് വലിയ വാര്‍ത്തയല്ല.
എന്നിട്ടും മാധ്യമങ്ങള്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉയരുന്നതില്‍ ശങ്കയുണ്ട് താനും. Malayalam mainstream media deserves criticism
Content Summary; Malayalam mainstream media deserves criticism