‘ഈ വിധമെന്താണാവോ….. ഞാനതു ചോദിപ്പീല;
വേദനയറിയാതെ സൗമ്യമായുറങ്ങൂ നീ !
കൂരിരുള്‍ക്കയങ്ങളില്‍ താഴുവാന്‍ ദാഹിക്കുന്ന
ദീപങ്ങള്‍; ഉള്ളില്‍ത്തന്നേ വലിയും നീര്‍ച്ചാലുകള്‍….
സത്യമെന്തറിവീല; ദുഃഖത്തിന്‍ മുഖം കണ്ടേന്‍;
ദുഃഖമേ സത്യം സര്‍വ്വം; ശാന്തമായുറങ്ങു നീ!
പാതകള്‍ വിഭിന്നങ്ങള്‍; ആകിലും പഥികന്മാ-
രാരുമേ നിഴലുകള്‍; പോയതു നീയോ ഞാനോ?
ഒച്ച വെച്ചുണര്‍ത്തില്ല നിന്നെ ഞാനനുജത്തീ !
അത്രമേല്‍ തളര്‍ന്നോള്‍ നീ; ഓര്‍മ്മയിലതു മാത്രം.
ആത്മഗതം( രാജലക്ഷ്മിക്ക്)
ജി. കുമാര പിള്ള
എം.ടി.വാസുദേവന്‍ നായര്‍ എഴുതി, പവിത്രന്‍ സംവിധാനം ചെയ്ത ‘ഉത്തരം’ (1989)എന്ന മലയാള ചലചിത്രത്തിലെ, ഒന്നോ രണ്ടോ സീനില്‍, മിന്നി തെളിഞ്ഞു മറയുന്ന സാഹിത്യകാരി, സെലീന ജോസഫിനെ, സിനിമാ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. സ്വയം ജീവനൊടുക്കിയ സെലീന ജോസഫെന്ന എഴുത്തുകാരിയുടെ ദുരൂഹ മരണത്തിന്റെ കാരണം തേടിയിറങ്ങിയ പത്രപ്രവര്‍ത്തകനായ ബാലുവിന്റെ അന്വേഷണവും അയാള്‍ക്കു ലഭിക്കുന്ന ഉത്തരവുമാണ് ആ ചലചിത്രത്തിന്റെ പ്രമേയം.
അതേ വര്‍ഷം തന്നെ അന്തരിച്ച, ബ്രിട്ടീഷ് നോവലിസ്റ്റായ ഡാം ഡാഫ്നെ ഡു മൗറിയറിന്റെ ഒരു കൃതിയെ അവലംബിച്ചായിരുന്നു എം.ടി. സിനിമയുടെ കഥ എഴുതിയത്.
ഉത്തരം സിനിമയുടെ മൂല കഥയെഴുതിയ ബ്രിട്ടീഷ് നോവലിസ്റ്റായ ഡാം ഡാഫ്നെ ഡു മൗറിയർ
കൈവിട്ട് പോയ തന്റെ മകനാണ് പിച്ചതെണ്ടുന്ന പയ്യന്‍ എന്ന സത്യം മുന്നില്‍ കണ്ട് തിരിച്ചറിഞ്ഞ മാത്രയില്‍, തോക്കിന്റെ കുഴല്‍ നെഞ്ചിലേക്ക് ചേര്‍ത്ത് വെച്ച് കാഞ്ചി വലിച്ച് മരണം വരിച്ച സെലീന ജോസഫ് എന്ന സാഹിത്യകാരിയെ പത്ര പ്രവര്‍ത്തകനായ ബാലു വിലയിരുത്തുന്നുണ്ട്; ‘ഒരു ചെറിയ പ്രദേശത്ത്, ചെറിയ ഭാഷയില്‍ എഴുതിയെന്ന കുഴപ്പം മാത്രമെയുള്ളൂ. സില്‍വിയ പ്ലാത്ത് അമേരിക്കയില്‍ ജനിച്ചു , ഇംഗ്ലീഷിലെഴുതി, അത് കൊണ്ട് മരിച്ചപ്പോള്‍ ഭാഷ്യങ്ങളെഴുതാന്‍ ഇവിടത്തെ പ്രൊഫസര്‍മാരുവരെയുണ്ടായി.’
മലയാള സാഹിത്യത്തെ ആകെ നടുക്കിയ സംഭവമായിരുന്നു രാജലക്ഷ്മി എന്ന മലയാള നോവലിസ്റ്റ് 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ജനുവരി 18 ന് ജീവനൊടുക്കിയത്. എന്തിനായിരുന്നു അത്? അര നൂറ്റാണ്ടിനപ്പുറത്തും ഉത്തരം കിട്ടാത്ത സമസ്യയാണ്.
ഉത്തരം സിനിമയിലെ, സാഹിത്യകാരി സെലിന ജോസഫും, രാജലക്ഷ്മിയും യൗവനാരംഭത്തില്‍ ആത്മഹത്യ ചെയ്തു. രണ്ട് പേരും സാഹിത്യകാരികളാണെന്നൊഴിച്ചാല്‍ വെറെ സാമ്യമൊന്നുമില്ല. സെലീന ജോസഫ് വിവാഹിതയും രാജലക്ഷ്മി അവിവാഹിതയുമായിരുന്നു.
രാജലക്ഷ്മി മരണത്തെ സ്വയം വരിക്കുന്നതിന് 2 വര്‍ഷം മുന്‍പാണ് അമേരിക്കന്‍ നോവലിസ്റ്റും കവിയും ചെറു കഥാകൃത്തും സില്‍വിയ പ്ലാത്ത് ഇതേ പാതയില്‍ സഞ്ചരിച്ച് സ്വയം ജീവനൊടുക്കിയത്.
സിൽവിയ പ്ലാത്ത്
ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യക്ക് ശേഷം, മലയാള സാഹിത്യ ലോകത്തെ നടുക്കിയ ഒന്നായിരുന്നു 35 വയസുമാത്രമുള്ള രാജലക്ഷ്മിയുടെ അകാലമൃത്യു. പ്രശസ്തിയുടെ നിറവില്‍, നില്‍ക്കുന്ന, പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാത്ത, അവിവാഹിതയായ ആ സാഹിത്യകാരിയുടെ അകാലമൃത്യു ആത്മഹത്യയാണെന്നുള്ളത് ആ ദുരൂഹ മരണത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
1930 ജൂണ്‍ 2 ന് പാലക്കാട്ട്, ചെറുപ്ലശേരിയില്‍ തേക്കത്ത് അമയങ്കോട് തറവാട്ടില്‍ ജനനം. തിരുവമ്പാടി, മാരാത്ത് അച്ചുത മേനോന്‍ പിതാവ്. അമ്മ കുട്ടി മാളു. അഞ്ച് മക്കളില്‍ ഏറ്റവും ഇളയതായിരുന്നു രാജലക്ഷ്മി. ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ മാസ്റ്റര്‍ ബിരുദം എടുത്തു. തിരുവനന്തപുരത്ത് പെരുന്താന്നി എന്‍. എസ്.എസ് കോളേജില്‍ അദ്ധ്യാപികയായി. പിന്നീട് പന്തളത്ത് ജോലി നോക്കി. ഒടുവില്‍ ഒറ്റപ്പാലം എന്‍. എസ്.എസ് കോളേജിലേക്ക് മാറ്റമായി. 1965 ജനുവരി 18 ന് മരണം.
മലയാള സാഹിത്യ രംഗത്ത് പുരുഷാധിപത്യം കൊടി കെട്ടി വാണിരുന്ന കാലത്താണ് യുവനോവലിസ്റ്റായ രാജലക്ഷ്മിയുടെ പ്രതിഭ മലയാള സാഹിത്യ ലോകം അംഗീകരിച്ചത്. ബഷിറിന്റെ ‘പാത്തുമ്മയുടെ ആട് പൊറ്റെക്കാടിന്റെ ‘ഒരു തെരുവിന്റെ കഥ’, എം.ടിയുടെ ‘അസുരവിത്ത്’ തുടങ്ങിയ മികച്ച രചനകള്‍ പുറത്ത് വന്ന കാലമാണ്. എം.ടിക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചതിന്റെ പിറ്റേ കൊല്ലം 1960 ല്‍ ‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവലെഴുതിയ രാജലക്ഷ്മിയാണ് കേരള സാഹിത്യ അക്കാഡമി അര്‍ഹയായത്. പൊറ്റെക്കാടിന്റെ’ ഒരു ദേശത്തിന്റെ കഥ’ അവാര്‍ഡിന് അര്‍ഹമാകുന്നതും രാജലക്ഷമിക്ക് പുരസ്‌കാരം കിട്ടിയ ശേഷമാണ്. വെറും പത്തുകൊല്ലത്തെ സാഹിത്യ ജീവിതം കൊണ്ടാണ് പുതിയ തലമുറയിലെ മികച്ച വനിതാ നോവലിസ്റ്റ് എന്ന അംഗീകാരം അവര്‍ നേടിയെടുത്തത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രണ്ട് ലക്കങ്ങളിലായ് വന്ന ‘മകള്‍’ എന്ന നീണ്ട കഥയിലൂടെയാണ് രാജലക്ഷ്മി ശ്രദ്ധേയയാവുന്നത്.
1959 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശയായ് വന്ന’ ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവല്‍ വായനക്കാരുടെ പ്രിയപ്പെട്ട കൃതിയായ് മാറി. അതോടെ മികച്ച അംഗീകാരത്തോടെ അവര്‍ മലയാള സാഹിത്യ ലോകത്ത് സ്വന്തമായ ഒരു ഇടം കണ്ടെത്തി. പുതിയ തലമുറയിലെ വനിതാ നോവലിസ്റ്റായി അവരെ വായനക്കാര്‍ ഏറ്റെടുത്തു. പുസ്തകമായി വന്ന ആ കൃതി സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടുകയും ചെയ്തു.
അപൂര്‍ണ്ണമായ ഒരു നോവലടക്കം 3 നോവല്‍, എട്ടോളം കഥകള്‍, കുറച്ച് കവിതകള്‍. പത്ത് വര്‍ഷം മാത്രമുണ്ടായിരുന്ന അവരുടെ സാഹിത്യ ജീവിതം അതിലൊതുങ്ങി.
മലയാള സാഹിത്യത്തില്‍ ആദ്യമായി ഒരു നോവല്‍ പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കാതെ പിന്‍വലിക്കുന്നത് 1964ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശയായ് പ്രസിദ്ധികരിച്ചു വന്ന ‘ഉച്ചവെയിലും ഇളം നിലാവും’ എന്ന രാജലക്ഷ്മിയുടെ നോവലാണ്. വിവാദങ്ങളൊന്നും ആ നോവല്‍ സ്യഷ്ടിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാണ് പിന്‍വലിച്ചതിനു പിറകിലെന്ന് നോവലിസ്റ്റ് എഡിറ്ററോട് വ്യക്തമാക്കി. രാജലക്ഷ്മിയുടെ ഈ നോവലിന്റെ ആദ്യ അദ്ധ്യായങ്ങള്‍ വായനക്കാരെ വളരെ ആകര്‍ഷിച്ചിരുന്നു.
50 കളിലും 60 കളിലും മാതൃഭൂമി വാരികയില്‍ പ്രസിദ്ധം ചെയ്ത കൃതികളാണ് ഇന്നും മലയാള സാഹിത്യ ലോകത്ത് അമൂല്യങ്ങളായി നിലനില്‍ക്കുന്നത്. സാഹിത്യം ഗൗരവമായി കാണുന്ന ഒരു തലമുറയുടെ കാലമായിരുന്നു അത്. ഈ നോവലിന്റെ നാലാം അദ്ധ്യായം പുറത്ത് വരും മുന്‍പ് നോവല്‍ പ്രസിദ്ധം ചെയ്യുന്നത് നിറുത്താന്‍ പത്രാധിപരായ എന്‍.വി.കൃഷ്ണവാര്യരെ രാജലക്ഷ്മി നേരിട്ട് കണ്ട് ആവശ്യപ്പെട്ടു. നോവലിലെ ചില കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്നു എന്നതായിരുന്നു കാരണം. അവര്‍ ഒരു പക്ഷേ, നേരിട്ട് രാജലക്ഷ്മിയെ കണ്ട് സമര്‍ദ്ദം ചെലുത്തിയിരിക്കണം എന്നാണ് ഒരു വ്യാഖ്യാനം. പക്ഷേ, എന്‍.വി വഴങ്ങിയില്ല. ഒരു മികച്ച നോവല്‍ ഇടയ്ക്ക് വെച്ച് നിറുത്തിയാല്‍ വായനക്കാരുടെ പ്രതികരണം വാരികക്ക് ഗുണകരമായിരിക്കില്ലെന്ന് പത്രാധിപരായ എന്‍.വിക്ക് അറിയാമായിരുന്നു.
രാജലക്ഷ്മിയാകട്ടെ പല വഴിക്കും സമ്മര്‍ദം ചെലുത്തി. ഒടുവില്‍ അവരുടെ ബന്ധുവായ ഒരു ഉന്നതന്‍ ഇടപ്പെട്ടു. എന്‍എസ്എസ്സിന്റെ അന്നത്തെ പ്രസിഡന്റായ കളത്തില്‍ വേലായുധന്‍ നായര്‍ എന്‍.വിയെ ബന്ധപ്പെട്ട് നോവല്‍ പിന്‍വലിപ്പിച്ചു. ‘ചില അവിചാരിത കാരണങ്ങളാല്‍ ഈ നോവല്‍ അടുത്ത ലക്കം മുതല്‍ തുടര്‍ന്ന് പോകാന്‍ സാധിക്കാതെ വന്നതില്‍ വ്യസനിക്കുന്നു’ എന്ന കുറിപ്പ് പത്രാധിപരായ എന്‍.വി ആറാം അദ്ധ്യായം വന്ന ലക്കത്തില്‍ പ്രസിദ്ധീകരിച്ചതോടെ രാജലക്ഷ്മി എന്ന എഴുത്തുകാരി സാഹിത്യ ലോകത്തു നിന്ന് അപ്രത്യക്ഷമായി.
അച്ചടിച്ചു പോയ നാലാമദ്ധ്യായം അച്ചടിച്ച വാരിക വായനക്കാരുടെ കയ്യിലെത്തിയതിനു പിറകേ, നോവലിന്റെ കൈയ്യെഴുത്തുപ്രതി കത്തിച്ച് കളഞ്ഞ് 35 വയസ് മാത്രം പ്രായമുള്ള അവിവിവാഹിതയായ രാജലക്ഷ്മി തന്റെ ജീവനൊടുക്കി.
1965 ജനുവരി 18. തിങ്കളാഴ്ച, ഒറ്റപ്പാലത്തെ വീട്ടില്‍ അന്ന് രാവിലെ രാജലക്ഷ്മി നേരത്തെ എഴുന്നേറ്റു. പതിവിന് വിപരീതമായി വീട്ടിന് പുറത്തെ കുളിമുറിയിലേക്കാണ് അവര്‍ പോയത്. പോകുന്നതിന് മുന്‍പ് ഭസ്മം പൂശി നിലവിളക്കിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അമ്മയെ ഒരു നോക്കു കണ്ടു. ഒപ്പം ചെന്ന വാല്യക്കാരി തൊട്ടിയില്‍ നിറച്ച വെള്ളം കുളിമുറിയില്‍ വെച്ച ശേഷം അടുക്കളയിലേക്ക് മടങ്ങി. വാതില്‍ ചാരിയ രാജലക്ഷ്മി മടക്കി വെച്ചിരുന്ന സാരി നിവര്‍ത്തി ഒരറ്റം മുളംകഴുക്കോലില്‍ കെട്ടി. വെള്ളം നിറച്ച പാത്രം കമഴ്ത്തി വെച്ച് അതിന് മുകളില്‍ കയറി നിന്നു……
ആശുഭകരമായ എന്തോ മനസ്സില്‍ വന്ന ആ അമ്മ നാമ ജപം മതിയാക്കി. പുറത്തെ കുളിമുറിയിലേക്ക് ചെന്നു. വാതില്‍ തള്ളി തുറന്നപ്പോള്‍ ഒരമ്മക്കും ഒരിക്കലും കാണാന്‍ ത്രാണിയില്ലാത്ത ആ കാഴ്ച കണ്ടു. കണ്ണില്‍ ഇരുട്ട് കയറിയെങ്കിലും പെട്ടെന്ന് സമനില വീണ്ടെടുത്ത അവര്‍ വിറയ്ക്കുന്ന കൈകളോടെ തറയില്‍ നിന്ന് രണ്ടംഗുലം മാത്രം ഉയര്‍ന്നു നില്‍ക്കുന്ന തന്റെ മകളുടെ കാലുകളില്‍ കടന്നു പിടിച്ചു. തൂങ്ങിയാടി കൊണ്ടിരിക്കുന്ന ആ ശരീരം ശക്തമായൊന്നു പിടഞ്ഞു. രാജലക്ഷ്മിയുടെ അവസാനത്തെ തുടിപ്പ്.
അകാലത്തിലെ ഈ ആത്മഹത്യ സാഹിത്യ കേരളത്തെ ഞെട്ടിച്ചുവെങ്കിലും രാജലക്ഷ്മിയെ അടുത്തറിയുന്നവരെ അത്ര നടുക്കിയില്ല. കാരണം മുന്‍പൊരിക്കല്‍ അവരതിനു ശ്രമിച്ചിരുന്നു എന്ന് അറിയുന്ന അടുത്ത ചിലരുണ്ടായിരുന്നു.
സെലീന ജോസഫിനെ കഥാപാത്രമാക്കി ഉത്തരം ചലചിത്രത്തിന്റെ തിരനാടകം എഴുതുമ്പോള്‍, രാജലക്ഷ്മിയുടെ ജീവിതാന്ത്യത്തിലെത്തിയ സംഭവങ്ങള്‍ അന്ന് മാതൃഭൂമിയില്‍ സബ് എഡിറ്ററായിരുന്ന എം.ടി ഓര്‍ത്തിരിക്കണം. എം ടിയുടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കത്തില്‍ രാജലക്ഷ്മിയുടെ ‘മകള്‍ ‘ എന്ന നീണ്ട കഥയുടെ കൈയ്യെഴുത്തു പ്രതി വായിച്ചപ്പോഴുണ്ടായ ആഹ്ലാദവും സംതൃപ്തിയെ കുറിച്ച് എം.ടി എഴുതിയിട്ടുണ്ട്. ഒരു കഥാകൃത്തു കൂടിയ താന്‍ ഒരു നല്ല കഥ വായിച്ചതിന്റെ പ്രതിഫലനം കൂടിയായിരുന്നു എം ടിയുടെ ആ ലേഖനം.
തന്റെ തലമുറയിലെ ഒരു കഥാകാരി കൂടിയാണെന്ന പരിഗണനയും രാജലക്ഷ്മിക്ക് എം.ടി. നല്‍കി. പിന്നീട് രാജലക്ഷ്മിയുടെ അകാല മരണം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഉത്തരമെന്ന സിനിമാ തിരക്കഥയെഴുതുമ്പോള്‍ എം.ടിയെ സ്പര്‍ശിച്ചിട്ടുണ്ട്.
ആ കാലത്ത് സാഹിത്യ ലോകത്ത് പരക്കെ ചര്‍ച്ചയായ ഒന്നായിരുന്നു ആ നോവലിസ്റ്റിന്റെ അകാല മൃത്യു. രാജലക്ഷ്മി അന്തരിച്ചു എന്നായിരുന്നു ഒറ്റക്കോളത്തിലുള്ള മാതൃഭൂമി ദിനപത്രത്തിലെ ചരമവാര്‍ത്ത. പിന്നീട് മറ്റ് പത്രങ്ങളും രാജലക്ഷ്മിയുടെ ദുരുഹ മരണത്തെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ ആരംഭിച്ചു. പല കോളേജുകളിലും സാഹിത്യ സമ്മേളനങ്ങളിലും ഈ വിഷയം ഉയര്‍ന്നു. ഒരു സഹപ്രവര്‍ത്തകയുടെ കുടംബപ്രശ്‌നങ്ങളും സ്വകാര്യ ജീവിതാനുഭവങ്ങളും നോവലിലൂടെ അനാച്ഛാദനം ചെയ്തു പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് നോവല്‍ വരാന്‍ തുടങ്ങിയപ്പോള്‍ രാജലക്ഷ്മിക്കെതിരെ ഉയര്‍ന്ന ‘ഒരു ആരോപണം.
സ്വന്തം കൃതികളിലൂടെ രാജലക്ഷ്മി ആവിഷ്‌ക്കരിച്ച ജീവിത മാതൃകകളില്‍ തങ്ങളെയോ , പരിചിതരേയോ കാഥികയെ തന്നെയോ കാണാനുള്ള ഒരു തെറ്റായ വാസന അവരുടെ ചില സുഹൃത്തുക്കള്‍ക്കുമുണ്ടായിരുന്നു എന്നാണ് മാതൃഭൂമി വാരികയില്‍ എന്‍.വി. കൃഷ്ണ വാര്യര്‍ എഴുതിയത്.
‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവലിലെ നായിക താനും നായകന്‍ തന്റെ ഭര്‍ത്താവുമാണെന്ന് വിചാരിച്ച് രാജലക്ഷ്മിയുടെ ഒരു സുഹൃത്ത് അവരെ പീഡിപ്പിച്ചെന്നും അത് അവരുടെ ആത്മഹത്യക്ക് വഴിയൊരുക്കിയെന്നും എന്‍.വി. എഴുതി.’ജീവിതത്തിന്റെ കമ്പോളത്തില്‍ സ്വപ്നങ്ങള്‍ക്കു പകരം നാണയം കൈമാറ്റം ചെയ്യുന്ന കാലഘട്ടത്തില്‍, തന്നെ അനാവരണം ചെയ്യുന്ന ചൈതന്യത്തെ തനിമയോടെ കലര്‍പ്പു കലര്‍ത്താതെ ആവിഷ്‌ക്കരിക്കാനുള്ള സംരംഭത്തില്‍ ആത്മപീഡനമേറ്റു ദുരന്തത്തിലെത്തുന്ന നായികയാണ്’ രാജലക്ഷ്മിയെന്ന് ‘ഏകാന്ത പഥിക ‘എന്ന കുറിപ്പില്‍ എം.ടി. വാസുദേവന്‍ നായര്‍ 1965 മാര്‍ച്ച് 7 ലക്കം മാതൃഭൂമി വാരികയില്‍ എഴുതി.
രാജലക്ഷ്മിയുടെ മരണത്തിലെ ദുരൂഹതകളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാപകമായ ചര്‍ച്ചകളില്‍ മനം നൊന്ത് അവരുടെ മൂത്ത സഹോദരിയായ ടി.എ. സരസ്വതിയമ്മ മാതൃഭൂമിക്ക് ഒരു കത്ത് എഴുതി.
1965 ജനുവരി 22ാം തിയതി മാതൃഭൂമി ആ കത്ത് പ്രസിദ്ധീകരിച്ചു.
‘എന്റെ അനുജത്തി രാജലക്ഷ്മിയുടെ ദനനീയമായ മരണത്തെപ്പറ്റി പത്രങ്ങളില്‍ കണ്ട നിര്‍ദ്ദയമായ പരസ്യ ചര്‍ച്ചയാണ്, എത്രയും ഹൃദയവേദനയോടു കൂടിയാണെങ്കിലും ഇതെഴുതുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. അവളുടെ ഈ ദുരന്തത്തിന് ‘ പ്രേരിപ്പിച്ചത് അവളുടെ കൂട്ടുകാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിലരാണെന്ന വസ്തുത വ്യക്തമാക്കേണ്ടത് എന്റെ കടമയാണ്. തങ്ങളുടെയും കാഥികയുടേയും പരിചയ മണ്ഡലത്തില്‍പ്പെട്ടവരുടെ ജീവിത രഹസ്യങ്ങള്‍ ആസ്പദമാക്കി കഥകളെഴുതി ‘പ്രശസ്തിയും പണവും സമ്പാദിക്കുകയാണ് അവള്‍ ചെയ്യുന്നതെന്ന അവരുടെ അന്യായമായ ആരോപണം, പരപീഡ സഹിക്കാനാവാത്ത അവളുടെ ഹൃദയത്തെ നിരന്തരം ‘മഥിച്ചതിന്റെ ഫലമായാണ് രാജലക്ഷ്മി ഇഹലോകവാസം വെടിഞ്ഞതെന്ന് മരണത്തിനു മുന്‍പ് അവള്‍ എന്നിക്കെഴുതിയ കത്തില്‍ നിന്നുള്ള താഴെ കൊടുക്കുന്ന ഉദ്ധരണികള്‍ തെളിയിക്കുന്നുണ്ട്.
ഒന്നെനിക്ക് തുറന്ന് പറയാന്‍ കഴിയും. യഥാര്‍ത്ഥ ജീവിതവുമായി ഇത്ര കുറച്ചു മാത്രം നേരിട്ട് പരിചയമുള്ള ഒരു കഥാകൃത്തും ഉണ്ടായിട്ടുണ്ടാവില്ല. എങ്കിലും അസാധാരണമായ കല്‍പ്പനാശക്തി അവളെ അനുഗ്രഹിച്ചിരുന്നു.
അതിനാല്‍ അവള്‍ എഴുതുന്ന എന്തിലും തങ്ങളുടെയോ തങ്ങളുടെ പരിചിതരുടേയോ ജീവിതാനുഭവ പ്രതിച്ഛായകള്‍ കാണുവാന്‍ പലരും പ്രേരിതരായിരുന്നു. അദ്വിതീയമായ ഈ ഭാവനാ ശക്തി നല്‍കി. ഈശ്വരന്‍ അവളെ അനുഗ്രഹിച്ചതാണ് അവള്‍ക്ക് – അല്ല ഞങ്ങള്‍ക്ക് – ഇത്രയും വലിയ ശാപമായി പരിണമിച്ചത്. അസാധാരണമായ സംവേദനശക്തിമൂലം അന്യര്‍ക്കു താന്‍ ഉപദ്രവമാകുന്നു എന്ന വിചാരം പോലും അവള്‍ക്ക് സഹിക്കാന്‍ സാധിച്ചിരുന്നില്ല. അവളുടെ ചില സുഹൃത്തുക്കള്‍ – സുഹൃത്തുക്കളെന്ന് നടിച്ചവര്‍ – ആകട്ടെ , അവളുടെ ഈ ദൗര്‍ബല്യമുപയോഗപ്പെടുത്തി അവളെ ദ്രോഹിച്ചു വന്നു. ഒരു പക്ഷേ, അവരറിഞ്ഞിരിക്കില്ല, അവര്‍ ചെയ്തിരുന്നതെന്തെന്ന് ഈശ്വരന്‍ അവര്‍ക്ക് മാപ്പു കൊടുക്കട്ടെ’.
അതീവ ലോലമനസ്‌കയായ രാജലക്ഷ്മിയുടെ ആത്മഹത്യയുടെ കാരണമെന്താണ്? കൃതികളുടെ പേരിലുയര്‍ന്ന ആക്ഷേപമാണോ? ചിലര്‍ പറയും പോലെ സ്ഥലമാകാത്ത പ്രേമബന്ധമായിരുന്നോ? അതൊന്നുമല്ല. ഇത് സംബന്ധിച്ച് വിരല്‍ ചൂണ്ടുന്ന ഒരേ ഒരു കാര്യം. രാജലക്ഷ്മി കോളേജില്‍ ചെന്ന അവസാന ദിവസം, വെള്ളിയാഴ്ച രാജലക്ഷ്മിയെ കാണാന്‍ ഒരു സന്ദര്‍ശകന്‍ സ്റ്റാഫ് റൂമില്‍ വന്നിരുന്നു. രഹസ്യമായി അയാള്‍ എന്തൊ രാജലക്ഷ്മിയുമായി സംസാരിച്ചു പെട്ടെന്ന് പോകുകയും ചെയ്തു. അയാള്‍ കൈ മാറിയ സന്ദേശം അവര്‍ പ്രതീക്ഷിക്കാത്ത എന്തോ ആയിരുന്നു. അതോടെ അവര്‍ അസ്വസ്ഥയായി. ഉറ്റ മിത്രമായ തങ്കം ടീച്ചറെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ക്ലാസ്സില്‍ പോയതിനാല്‍ കഴിഞ്ഞില്ല. വൈകിട്ട് ഹോസ്റ്റലില്‍ ചെന്ന് തങ്കത്തെ കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ മറ്റൊരു സുഹൃത്തിന്റെ കൂടെ പുറത്ത് പോകാന്‍ തയ്യാറായിരിക്കുകയായിരുന്നു. സ്വകാര്യമായി സംസാരിക്കാന്‍ പറ്റാത്ത വിഷമത്തോടെ രാജലക്ഷ്മി തിരികെ വീട്ടില്‍ എത്തി. അതോടെ അവര്‍ തീരുമാനമുറപ്പിച്ചിരുന്നു. സന്ദര്‍ശകന്‍ ആരാണെന്നോ പറഞ്ഞ കാര്യം എന്താണന്നോ അവരുടെ മരണകാരണം പോലെ ദൂരുഹതയില്‍ മുങ്ങി.
രാജലക്ഷ്മി എന്ന നോവലിസ്റ്റിന്റെ അജ്ഞേയമായ വ്യക്തിത്വത്തെ അനശ്വരമാക്കിയ ആ ജീവിതവും കൃതികളും സാഹിത്യ ഗവേഷകര്‍ക്കും, സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ഇന്നും പ്രിയപ്പെട്ട വിഷയമാണ്. ‘യജ്ഞതീര്‍ത്ഥം’ എന്നാണ് രാജലക്ഷ്മിയുടെ കഥകളെ ഡോ.എം.ലീലാവതി വിശേഷിപ്പിക്കുന്നത്.
ഉത്തരത്തില്‍ സാഹിത്യകാരിയായ സെലീന ജോസഫിന്റെ അന്ത്യ നിമിഷത്തെ എം.ടി. തിരക്കഥയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. സെലീന ജോസഫിന്റെ മരണത്തെ, പത്രപ്രവര്‍ത്തകനായ ബാലു വസ്തുകളുടെ പിന്‍ബലത്തില്‍ അവസാനം ഉള്‍കണ്ണില്‍ കാണുന്നുണ്ട്. തോക്കിന്റെ കുഴല്‍ നെഞ്ചിലേക്ക് ചേര്‍ത്ത് വെച്ച് കാഞ്ചി വലിച്ച് മരണം വരിക്കുന്ന സെലീന ജോസഫ്. ആ മരണത്തിന്റെ ആഘാതം പകര്‍ത്തുന്ന, മമ്മൂട്ടിയെന്ന മഹാ നടന്റെ ഇടര്‍ച്ചയുണ്ടെന്ന് തോന്നിപ്പിക്കുന്ന സ്വരത്തിലുള്ള വാചകങ്ങള്‍ കടന്നുപോകുന്നത് ആ സിനിമയിലെ ഏറ്റവും മികച്ച രംഗമാണ്.
”പ്രകൃതി ദയാപൂര്‍വം അടച്ചിട്ട ഓര്‍മ്മയുടെ എതോ അറ, അപ്പോള്‍ തുറന്നിരിക്കണം. സത്യത്തിന്റെ വികൃതമായ മുഖം. മനസിന്റെ താളം തെറ്റിയ ആ നിമിഷത്തില്‍’……
രാവിലെ കുളി കഴിഞ്ഞ്, ഈറനോടെ കുളിമുറിയില്‍, ഉത്തരത്തില്‍ കയര്‍ കെട്ടി ജീവനൊടുക്കിയ രാജലക്ഷ്മിയുടെ ഓര്‍മ്മയിലെ ഏതറയാണ് അന്ന് തുറക്കപ്പെട്ടത് ? അറിയില്ല ! അര നൂറ്റാണ്ടിനപ്പുറം, ഇനിയും ,ആരും കണ്ടെത്താത്ത ഉത്തരമായി, ഇന്നും ആ മരണത്തിനെ ചൂഴ്ന്നു നില്‍ക്കുന്ന സമസ്യയായി അത് നിലനില്‍ക്കുന്നു. Malayalam Novelist Rajalakshmi’ 60th death anniversary
Content Summary; Malayalam Novelist Rajalakshmi’ 60th death anniversary