UPDATES

ഓഫ് ബീറ്റ്

എംടിയുടെ തെരഞ്ഞെടുപ്പ് പ്രസംഗവും എകെജി കൊള്ളയടിച്ച അച്ചാര്‍ ഭരണിയും

എസ് കെ പൊറ്റെക്കാട്ടിന്റെ രാഷ്ട്രീയ ജീവിതം

Avatar

അമർനാഥ്‌

                       

സാഹിത്യകാരനായ എസ്. കെ. പൊറ്റെക്കാട്ട് രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു. ഓഗസ്റ്റ് ആറിന് അദ്ദേഹത്തിന്റെ നാല്‍പത്തിരണ്ടാം ചരമ വാര്‍ഷികമാണ്. അദ്ദേഹം കടന്നുപോയ ‘രാഷ്ട്രീയത്തിന്റെ കഥ’യാണിത്. ഒരു തെരുവിന്റെ ഒരു ദേശത്തിന്റെ കഥ പോലെ.  കേരളത്തില്‍ ആദ്യമായി ഒരു പ്രസിദ്ധനായ സാഹിത്യകാരന്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത് 1957ലാണ്. തലശ്ശേരി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു എസ് കെ പൊറ്റെക്കാട്ടായിരുന്നു അത്.

കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. എതിരാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം കെ ജിനചന്ദ്രന്‍ മാതൃഭൂമി ദിനപത്രത്തിന്റെ ഡയറക്ടര്‍മാരിലൊരാളായിരുന്നു. ഒരാള്‍ കൂടി അന്ന് മത്സരിക്കാനുണ്ടായിരുന്നു. മുസ്ലിം ലീഗ് പിന്തുണയുള്ള പി എസ് പി സ്ഥാനാര്‍ഥി പത്മപ്രഭാ ഗൗണ്ടര്‍ (എം പി വീരേന്ദ്രകുമാറിന്റെ പിതാവ്). മണ്ഡലത്തിലെ ഭിത്തികളില്‍ ‘എസ് കെ പൊറ്റെക്കാട്ടിന് വോട്ടു ചെയ്യുവിന്‍’ എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടു പിന്നാലെ പൊറ്റെക്കാട്ടിനെതിരെയുള്ള എതിരാളികളുടെ പ്രചരണ വാക്യവും പ്രത്യക്ഷപ്പെട്ടു, ‘സര്‍വ്വതന്ത്രകുതന്ത്ര സ്വതന്ത്രനെ തോല്‍പ്പിക്കുക’.

പൊറ്റെക്കാട്ടിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഒട്ടുമിക്ക എഴുത്തുകാരും രംഗത്തിറങ്ങി. എന്‍ വി കൃഷ്ണവാര്യര്‍, എം ടി വാസുദേവന്‍ നായര്‍, വയലാര്‍ രാമവര്‍മ, എം വി ദേവന്‍ എന്നിവര്‍ എസ് കെയുടെ പല യോഗങ്ങളിലും പ്രസംഗിച്ച് ജനങ്ങളെ ആവേശഭരിതരാക്കി. എം.ടി. വാസുദേവന്‍ നായര്‍ ആദ്യമായും അവസാനമായും ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രസംഗം ചെയ്തത് എസ്.കെയ്ക്ക് വേണ്ടിയാണ്. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ എസ് കെ യുടെ പ്രാധാന്യവും പ്രസക്തിയും, എസ്. കെ ജയിക്കേണ്ടത് സാഹിത്യ ലോകത്തിന്റെ ആവശ്യമാണെന്നുമൊക്കെയായിരുന്നു പ്രസംഗം.

m t vasudevan nair

പിറ്റേന്ന് മാതൃഭൂമിയില്‍ ചെന്നപ്പോള്‍ മാനേജിംഗ് എഡിറ്റര്‍ വി.എം. നായര്‍ എം.ടി.യെ വിളിച്ചു. മാതൃഭൂമിയുടെ അക്കാലത്തെ ശക്തനായ മേധാവിയാണ് വി.എം. നായര്‍. കവിയത്രി ബാലാമണിയമ്മയുടെ ഭര്‍ത്താവ്, മാധവിക്കുട്ടിയുടെ അച്ഛന്‍. മാതൃഭൂമിയില്‍ ട്രെയിനിയായ എം.ടി. എസ്. കെ യുടെ ഇലക്ഷന്‍ പ്രചരണത്തില്‍ പങ്കെടുത്തു. അതും മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിലുള്ള, സ്ഥാനാര്‍ത്ഥിയായ എം.കെ. ജിനചന്ദ്രന്‍ അതേ ഇലക്ഷനില്‍ മത്സരിക്കുമ്പോള്‍. പ്രശ്‌നമാണ്. വി.എം നായരുടെ മുറിയില്‍ എം.ടി കയറിച്ചെന്നു.

രൂക്ഷമായി എം.ടി യെ നോക്കിയ അദ്ദേഹം ചോദിച്ചു. ‘കമ്യൂണിസ്റ്റാണോ? എംടി പറഞ്ഞു.’ അങ്ങനെ പാര്‍ട്ടിയൊന്നും ഇല്ല’ രാഷ്ട്രീയത്തിലാണ് താല്‍പ്പര്യമെങ്കില്‍ ഇവിടെ എന്തിന് ജോലിക്ക് വന്നു? ക്ഷുഭിതനായി വി.എം. നായര്‍ ചോദിച്ചു.

എം.ടി. ഉത്തരം പറയാതെ നിന്നു.”ഇലക്ഷന്‍ വര്‍ക്കിന് നടക്കുകയാണല്ലേ.? എന്നിട്ട് പൊക്കോളാന്‍ എം.ടിയോട് ആംഗ്യം കാണിച്ചു. മുറിയില്‍ നിന്ന് ഇറങ്ങിയ എം.ടി ആലോചിച്ചു, ഈ ജോലി പോയിക്കിട്ടി. ഇനി പുതിയ ഒരെണ്ണം തേടിപ്പിടിക്കണം.

വൈകിട്ട് വി.എം.നായര്‍ ഒരിക്കല്‍ കൂടി എം.ടി യെ മുറിയില്‍ വിളിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹം ശാന്തനാണ്. അദ്ദേഹം പറഞ്ഞു ‘ഡയറക്ടര്‍മാര്‍ ചിലര്‍ വിളിച്ച് പറഞ്ഞു. അതാണ്. രാവിലെ പൊട്ടിത്തെറിച്ചതിന്റെ ഖേദം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. അദ്ദേഹം പറഞ്ഞു; ശരി, പിന്നെ സംസാരിക്കാം.

എസ് കെയ്ക്ക് ഒരു വോട്ട് നല്‍കി വിജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള സാഹിത്യകാരന്മാരുടെ നീണ്ട പ്രസ്താവന മാതൃഭൂമി പത്രത്തില്‍ പരസ്യമായി വന്നു. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 1382 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിനചന്ദ്രന്‍ വിജയിച്ചു.

തെരഞ്ഞെടുപ്പില്‍ എസ്. കെ യുടെ ചിഹ്നം, പൂവന്‍ കോഴിയായിരുന്നു. ഫലം പുറത്ത് വന്നതിനു ശേഷം നൂറു കണക്കിന് പൂവന്‍ കോഴികളെ കഴുത്തറുത്താണ് എതിരാളികള്‍ എസ് കെ യുടെ പരാജയം ആഘോഷിച്ചത്.

ഇലക്ഷനില്‍ തോറ്റ പൊറ്റെക്കാട്ട് മാതൃഭൂമി ആഴ്ചപ്പതിന്റെ ഓഫീസില്‍ എം.ടി.യെ കാണാന്‍ വന്നു. സംസാരിച്ചിരിക്കെ വി.എം. നായര്‍ അവിടെ വന്നു. ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു; ‘പൊറ്റെക്കാട്ട് ഇരുന്നിട്ട് നല്ലൊരു നോവലെഴുത്വാ, ഇലക്ഷനൊന്നും നിങ്ങള്‍ക്ക് പറ്റിയതല്ല’. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ ജോലി സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള കടലാസ് എം.ടിക്ക് കിട്ടി. അതില്‍ ഒപ്പ് വെച്ചിരുന്നത് വി.എം. നായരായിരുന്നു.

പിന്നീട് എം.ടിക്ക് ‘കാലം’ നോവലിന് 1970 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു എന്ന് പ്രഖ്യാപനം വരും മുന്‍പ്, മാതൃഭൂമിയില്‍ വെച്ച് എം.ടിയെ ആദ്യം അറിയിച്ചത് പൊറ്റെക്കാട്ടാണ്.

പൊറ്റെക്കാട്ട് തിരഞ്ഞെടുപ്പ് പരാജയം തന്റെ വിജയമായി കണക്കാക്കി. യാതൊരു രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു സാധാരണ സാഹിത്യകാരന്‍ മാത്രമായ തനിക്ക് 1,08,732 വോട്ടുകള്‍ ലഭിച്ചുവെന്നത് എസ്. കെ അംഗീകാരമായി കരുതി. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ മൂന്നു ലക്ഷത്തിനടുത്തായിരുന്നു. അതില്‍ ഒരു ലക്ഷം വോട്ട് എസ്.കെ പിടിച്ചു. ചില്ലറക്കാര്യമാണോ?

1962 ല്‍ പൊറ്റെക്കാട്ട് വീണ്ടും മത്സരിക്കാനെത്തി. 500 രൂപ കെട്ടി വെച്ച് നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിക്കാനെത്തിയത് എ.കെ.ജിയുടെ കൂടെയായിരുന്നു. ഇത്തവണ ചിഹ്നം പനിനീര്‍പ്പൂ. മറ്റൊരു സാഹിത്യകാരനായിരുന്നു എസ്.കെ യുടെ പ്രധാന എതിരാളി. പി.എസ്.പിയുടെ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രൊഫ. സുകുമാര്‍ അഴീക്കോട്. എസ്. കെയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ, കൂടാതെ മുസ്ലിം ലീഗിന്റെയും. വിചിത്രമായിരുന്നു എസ്.കെ യുടെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ടി യോഗത്തില്‍ എസ്.കെ. ചെങ്കൊടിയേന്തും. ലീഗിന്റെ യോഗത്തില്‍ പച്ച കൊടിയും.
ട്രെയിനിലെ ഗാര്‍ഡിനെപ്പോലെ രണ്ട് കൈയിലും രണ്ട് നിറത്തില്‍ പതാക. രണ്ടു പാര്‍ട്ടിയും പിന്തുണക്കുന്നവരാണല്ലോ.

ഇത്തവണ എസ്.കെ പൊറ്റെക്കാടിനെ തലശ്ശേരി കൈ വിട്ടില്ല. 66,526 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് എസ്. കെ. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1962 ഫെബ്രുവരി 27 ന് കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സാഹിത്യകാരനായി എസ്.കെ. 1962 ഏപ്രില്‍ 16 ന് എസ്.കെ ലോക്‌സഭാ മെമ്പറായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

s k pottekkatt

1967ലെ ഇലക്ഷന്‍ വിജയത്തിന് ശേഷം ആദ്യമായി പൊറ്റെക്കാട്ടിനെ കണ്ടപ്പോള്‍ എ.കെ.ജി പറഞ്ഞു. ‘വേഗം എം.പി. ഫ്‌ളാറ്റിന് അപേക്ഷ അയയ്ക്കൂ. നോര്‍ത്ത് അവന്യുവിലാണ് നല്ലത്. അവിടെ സുഖമായി താമസിച്ച്, ധാരാളം കഥകള്‍ എഴുതിക്കോളൂ. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കോ അതുമായി ബന്ധപ്പെട്ടു എതെങ്കിലും കാര്യത്തിനോ പൊറ്റെക്കാടിന്റെ സേവനം നേതാവായ എ.കെ.ജി. ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ലോക്‌സഭയില്‍ സാഹിത്യ, സാംസ്‌കാരിക വിഷയങ്ങള്‍ക്ക് ചോദ്യം ചോദിക്കാനും, ബന്ധപ്പെട്ട ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ വാദം ആരംഭിക്കാനും പൊറ്റെക്കാട്ടിനെയാണ് എ.കെ.ജി ചുമതലപ്പെടുത്തിയിരുന്നത്. എം.പിയായി 5 വര്‍ഷവും ഈ കാര്യങ്ങള്‍ പൊറ്റെക്കാട്ട് തന്നെയാണ് നിര്‍വ്വഹിച്ചത്.

1962 മെയ് 24 ന് പാര്‍ലമെന്റില്‍ നടത്തിയ തന്റെ ആദ്യ പ്രസംഗത്തെ കുറിച്ച് എസ്. കെ തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു. ‘എതിര്‍പക്ഷത്തു നിന്നു ചര്‍ച്ച ആരംഭിക്കാന്‍ സ്പീക്കര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ നന്നായി തുടങ്ങി. കുറച്ചു നേരം പ്രസംഗിച്ചു. ഇടയ്ക്ക് സ്‌ക്രിപ്റ്റ് നോക്കി വായിച്ചു. മുഴുവന്‍ കാര്യങ്ങളും വിട്ട് പോകാതെ എനിക്ക് പറയാന്‍ കഴിഞ്ഞു. പ്രസംഗം 16 മിനിറ്റ് നീണ്ടു നിന്നു. ബഹു മന്ത്രി ഹുമയൂണ്‍ കബീര്‍ ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് സമുചിതമായി പിറ്റേന്ന് മറുപടി നല്‍കി.

എകെജി തന്റെ ആത്മകഥയെഴുതുന്ന സമയത്ത് പൊറ്റെക്കാടിനോട് പറഞ്ഞു. ‘ഞാന്‍ ജീവിതകഥ’യിലെ പുതിയ അദ്ധ്യായങ്ങള്‍ എഴുതി കൊണ്ടിരിക്കുകയാണ്. 1962-67 കാലത്തെ നിങ്ങളുടെ ഡയറിക്കുറിപ്പുകളും മറ്റും എനിക്കൊന്നു കാണണം ഒത്തു നോക്കാന്‍. പൊറ്റെക്കാടിന്റെ ഡയറിയെഴുത്തിനോട് അത്രക്ക് മതിപ്പായിരുന്നു എകെജിക്ക്.  ഡല്‍ഹിയില്‍ തനിക്ക് അനുവദിച്ച് കിട്ടിയ എം.പി. ഫ്‌ളാറ്റായ നോര്‍ത്ത് അവന്യുവില്‍ പൊറ്റെക്കാട്ട് താമസമാക്കിയപ്പോള്‍ ഇടയ്ക്ക് ഊണിന് എ.കെ.ജി.യെ ക്ഷണിക്കാറുണ്ട്.

ഒരിക്കല്‍ ഊണിന് വിളമ്പിയ കറികളുടെ കൂട്ടത്തില്‍ മാഹിയില്‍ നിന്ന് കൊണ്ടുവന്ന ചെമ്മീന്‍ അച്ചാറും ഉണ്ടായിരുന്നു. എ. കെ. ജി. ഉച്ചത്തിലുള്ള ഒരു ശീല്‍ക്കാരത്തോടെ ചെമ്മീന്‍ അച്ചാര്‍ ആസ്വദിച്ച് കഴിച്ചു. ഊണു കഴിഞ്ഞ് പുറപ്പെടാറായപ്പോള്‍ എ.കെ.ജി. നേരെ അടുക്കളയിലേക്ക് പോയി. അടുക്കളയിലെ അലമാരിയില്‍ ചെമ്മീന്‍ അച്ചാറ് ഇരിക്കുന്ന സ്ഥലം ഇഷ്ടന്‍ നേരെത്തെ കണ്ട് വെച്ചിരുന്നു. ആ അച്ചാര്‍ ഭരണി ഭദ്രമായി കക്ഷത്തിലടുക്കി, പുറത്ത് നിറുത്തിയിട്ട കാറിനടുത്തേക്ക് ഒരൊറ്റ ഓട്ടം. കൊള്ളയടിച്ച അച്ചാര്‍ ഭരണിയുമായുള്ള പാവങ്ങളുടെ പടത്തലവന്റെ ഓട്ടം കണ്ട പൊറ്റെക്കാട്ട് ചിരിച്ച് പോയി.

a k gopalan

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. എസ് കെ പൊറ്റെക്കാട്ട് പാര്‍ട്ടി പിളരുന്നതിന്റെ പിന്നണി കഥകളെല്ലാം അറിയുന്ന വ്യക്തിയായിരുന്നു. എ കെ ജിയുമായി വളരെ അടുപ്പമുണ്ടായിരുന്ന പൊറ്റെക്കാട്ടിന്റെ നിരീക്ഷണത്തില്‍ അഭിപായവ്യത്യാസങ്ങളെക്കാള്‍ വ്യക്തി വിദ്വേഷസൂത്രങ്ങളായിരുന്നു ആ പിളര്‍പ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊറ്റെക്കാട്ടിന്റെ പുതിയ നോവലായ ‘നോര്‍ത്ത് അവന്യൂ’ വില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ ഈ അന്തര്‍നാടകങ്ങളെല്ലാം എഴുതി. പക്ഷേ, നോവല്‍ പൂര്‍ത്തിയാക്കാതെ പൊറ്റെക്കാട്ട് അന്തരിച്ചു.

ആശുപതിയില്‍ കഴിയുകയായിരുന്ന എ.കെ.ജിയെ കാണാന്‍ ചെന്ന പൊറ്റെക്കാട്ടിനോട് നോവല്‍ എന്നാണ് പുറത്ത് വരിക എന്ന് എ.കെ.ജി. ചോദിക്കുകയുണ്ടായി. തല്‍ക്കാലം അത് പുറത്തിറക്കാറായിട്ടില്ല എന്നായിരുന്നു എസ്.കെ യുടെ മറുപടി(അടിയന്താവസ്ഥക്കാലമായിരുന്നു അപ്പോള്‍) ഒരുപക്ഷേ, പൂര്‍ത്തിയായിട്ടില്ല എന്നായിരിക്കാം എസ്. കെ. ഉദേശിച്ചത്.

indian parliament old

എ. കെ. ജി യോടുള്ള അടുപ്പവും ബഹുമാനവുമാണ് പാര്‍ട്ടി പിളര്‍ന്നിട്ടും സ്വതന്ത്ര മെമ്പറായ എസ്.കെ പാര്‍ലിമെന്റില്‍ എ കെ.ജി നയിക്കുന്ന ഗ്രൂപ്പില്‍ തന്നെ ഉറച്ചു നിന്നത്. എംപി. സ്ഥാനം കഴിഞ്ഞ ശേഷം എസ്.കെ രാഷ്ട്രീയത്തില്‍ നിന്ന് നിഷ്‌ക്രമിച്ചു. പാര്‍ട്ടി ബന്ധങ്ങളില്‍ വന്ന പുതിയ ശൈലിയും വ്യാഖ്യാനങ്ങളും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 1967, 1971 കൊല്ലങ്ങളില്‍ വേണമെങ്കില്‍ മത്സരിച്ച് ജയിച്ച് വീണ്ടും പാര്‍ലമെന്റില്‍ പോകാമായിരുന്നു. പക്ഷേ, അതിനദ്ദേഹം തയ്യാറായില്ല.

‘എന്ത് വൃത്തികേടുകളും, നുണകളും എവിടേയും പറയാനുള്ള ചങ്കൂറ്റം. മനസാക്ഷി എന്നൊന്നുണ്ടെങ്കില്‍ അത് മാറ്റി വെയ്ക്കാനുള്ള സാമര്‍ത്ഥ്യം, പുഞ്ചിരി പൊഴിയുന്ന പൊയ്മുഖം, എപ്പോഴും ഉയര്‍ന്നു നില്‍ക്കാവുന്ന വിധം പശ വെച്ചു ഒട്ടിച്ച രണ്ട് കൈകള്‍. ഇത്രയും ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് നില്‍ക്കാനുള്ള യോഗ്യതയായി’ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള എസ്. കെ യുടെ അഭിപ്രായം ഇതായിരുന്നു.  malayalam writer sk pottekkatt’s political life, parliament election memories 

Content Summary; malayalam writer sk pottekkatt political life, parliament election memories

Share on

മറ്റുവാര്‍ത്തകള്‍