ക്രിസ്മസ്-പുതുവത്സര അവധി ആഘോഷിക്കാനിരിക്കുകയാണ് മലയാളികള്‍. ജോലിത്തിരക്കില്‍ നിന്ന് അവധിയും സംഘടിപ്പിച്ച് വീട്ടിലെത്താന്‍ നോക്കുന്ന മലയാളികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള യാത്രകള്‍ക്കും ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല. വടക്കന്‍ ജില്ലകളില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളിലും ക്രിസ്മസിന് അടുത്തുള്ള ദിവസങ്ങളില്‍ ടിക്കറ്റുകള്‍ കിട്ടാനില്ല. new year
കോഴിക്കോട് നിന്നും ഈ മാസം ഇരുപതിന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി, വന്ദേഭാരത്, ഏറനാട് എക്‌സ്പ്രസുകള്‍ക്കൊന്നും ടിക്കറ്റില്ല. ഈ മാസം 20 മുതല്‍ 25 വരെ 200 മുതല്‍ 100 വരെയാണ് വെയ്റ്റിങ് ലിസ്റ്റ്. ക്രിസ്മസിന് ശേഷം 80 ലേക്കും 70ലേക്കും കുറഞ്ഞിട്ടുണ്ടെന്നത് അല്ലാതെ ഐആര്‍സിടിസി ആപ്പില്‍ ടിക്കറ്റുകള്‍ ലഭ്യമല്ല. ശബരിമല സീസണുകളില്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് പോലെ അവധിക്കാല ട്രെയിനുകളും അനുവദിക്കണമെന്ന ആവശ്യമാണ് യാത്രക്കാരില്‍ നിന്നുണ്ടാകുന്നത്.
ഇനി സ്വകാര്യബസുകളുടെ നിരക്ക് നോക്കാം. ഡിസംബര്‍ 20 ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സ്ലീപ്പറിന് ആയിരത്തി മുന്നൂറ് മുതല്‍ രണ്ടായിരത്തി അഞ്ഞൂറ് വരെയാണ് ചാര്‍ജ്. സെമി സ്ലീപ്പറിലും നിരക്ക് കുറവല്ല.
ആശ്വാസമായി കെഎസ്ആര്‍ടിസി
അവധിക്കാലം പ്രമാണിച്ച് കെഎസ്ആര്‍ടിസി അധിക അന്തര്‍ സംസ്ഥാന, സംസ്ഥാനാന്തര സര്‍വീസുകള്‍ നടത്തും. കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, ചെന്നൈ, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കാകും സര്‍വീസ്. ഇവിടങ്ങളിലേക്ക് 48 സര്‍വീസുകള്‍ക്ക് പുറമെ, 38 ബസുകള്‍ കൂടി അധികമായി അനുവദിച്ചു. 34 ബാംഗ്ലൂര്‍ ബസുകള്‍, 4 ചെന്നൈ ബസുകള്‍ എന്നിങ്ങനെയാണ് ക്രമീകരണം. ശബരിമല പ്രത്യേക സര്‍വീസിന് പുറമെയാണിത്. കേരളത്തില്‍ നിന്നുള്ള യാത്രാതിരക്ക് കുറയ്ക്കാന്‍ തിരുവനന്തപുരം – കോഴിക്കോട്/കണ്ണൂര്‍ റൂട്ടിലും അധിക സര്‍വീസുകള്‍ സജ്ജമാക്കുന്നതിന് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.
ഏറ്റവും കൂടുതല്‍ ബാംഗ്ലൂര്‍ റൂട്ടിലോടുന്ന ബസുകളാണ് നിരത്തിലുള്ളത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്ക് സ്വകാര്യബസുകളില്‍ 1500 മുതല്‍ 2500 രൂപ വരെയാണ് ചാര്‍ജ്. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ 670 മുതല്‍ 1300 രൂപ വരെ നിരക്ക്. ഐരാവത് സ്‌പെഷ്യല്‍ ക്ലാസ് ബസുകള്‍ക്ക് മാത്രമാണ് 1600 രൂപ ഈടാക്കുന്നത്. അവധിക്കാലത്ത് കെഎസ്ആര്‍ടിസി കുറഞ്ഞനിരക്കില്‍ യാത്രാസൗകര്യമൊരുക്കുന്നത് ഏറെ പ്രയോജനകരമാണ്.
കടല്‍ കടന്നെത്തുന്ന മലയാളികള്‍ക്ക് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വിവിധ വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ജനുവരിയില്‍ മുഴുവന്‍ ടിക്കറ്റുകളും വളരെ പെട്ടെന്ന് വിറ്റഴിയുന്ന സാഹചര്യമാണുള്ളത്. അവധിക്കാലം ആഘോഷിക്കാനെത്തുന്നവര്‍ നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ സുഗമമായി നാട്ടിലെത്താനാകും.
‘ഗള്‍ഫ് രാജ്യങ്ങളില്‍ അവധിയായിരുന്നതിനാല്‍ ഡിസംബര്‍ മാസങ്ങളില്‍ ടിക്കറ്റ് ചാര്‍ജുകള്‍ വര്‍ദ്ധിക്കുന്നത് സാധാരണമാണ്. യാത്രക്കാരുടെ തിരക്ക് കാരണമാണിത്. യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ക്ക് 18,500 രൂപ വരെ ചാര്‍ജാകും. ജനുവരി കഴിഞ്ഞാല്‍ നിരക്ക് കുറയും. നിലവിലെ ലഭ്യമായ ടിക്കറ്റ് നിരക്കുകള്‍ ശരാശരി കണക്കാക്കിയാല്‍ ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് 5,500 രൂപ, ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 9,500, ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് 4,300 എന്നിങ്ങനെയാണ്. തിരക്കനുസരിച്ച് ഡല്‍ഹിയില്‍ നിന്നുള്ള യാത്രാനിരക്ക് 11,000-12,000 വരെയാകാം. എയര്‍ലൈനും വിമാനമിറങ്ങുന്ന സമയവും മാറുന്നതിനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ മാറാം’ – മലബാര്‍ മേഖലയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലെ ടിക്കറ്റ് സ്റ്റാഫ് അഴിമുഖത്തോട് പറഞ്ഞു.new year
Content Summary; Malayalis Feel the Pinch as Ticket Prices Soar During Christmas and New Year Holidays