മോഹൻലാലിൻറെ ഇച്ചാക്ക, മലയാളത്തിന്റെ സ്വന്തം മമ്മുക്ക…ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളത്തിൻ്റെ പ്രിയതാരം തിരിച്ചെത്തിയപ്പോൾ, അത് വെറുമൊരു വാർത്തയായിരുന്നില്ല. മലയാളക്കരയുടെ ഹൃദയത്തിൽ തട്ടുന്ന വികാരപ്രകടനമായിരുന്നു സോഷ്യൽ മീഡിയയിൽ ഉടനീളം അലയടിച്ചത്.
“നിങ്ങളെ മിസ്സ് ചെയ്തു മമ്മൂക്ക”, “ആ വാർത്ത കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി”, “നിങ്ങളുടെ ഒരു ചിരിക്ക് വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു” മമ്മൂട്ടി എന്ന നടനെ അവർ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അവർ കുറിച്ച ഒരോ വാക്കുകളും.
ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന നിര്‍മാതാവ് ആന്‍റോ ജോസഫിന്റെ പോസ്റ്റിന് പിന്നാലെ മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകളും പ്രാര്‍ഥനകളുമായി ഓടിയെത്തിയ പ്രമുഖർ, സഹപ്രവർത്തകർ, ആരാധകർ അവരുടെ ‘മമ്മൂക്ക’ എന്ന വിളിക്ക്, മലയാളത്തിന്റെ സ്നേഹവും ആദരവുമാണ് കഴിഞ്ഞ മണിക്കൂറിലുടനീളം നാം കണ്ടത്.
മമ്മൂട്ടിയുടെ തിരിച്ചുവരവിൽ വികാരാധീനരായി നിരവധി മന്ത്രിമാരും ദേശീയ നേതാക്കളും ഉൾപ്പെടെയുള്ള പ്രമുഖർ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചു. “നമ്മൾ അത്രയധികം ആഗ്രഹിച്ച ഈ തിരിച്ചുവരവും, ഈ ചിരിയും” എന്ന് കെ.സി. വേണുഗോപാൽ എംപി കുറിച്ചു. “മുറിഞ്ഞുപോകാത്ത അഭിനയ പരീക്ഷണങ്ങളുടെ തുടർച്ചയ്ക്കായി കാത്തിരിക്കുന്നു”വെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. “കേരളം കാത്തിരിക്കുന്നു”വെന്ന് മന്ത്രി വീണാ ജോർജും പ്രതികരിച്ചു.
‘നോവിന്‍റെ തീയിൽ മനം കരിയില്ല… പരീക്ഷണത്തിന്‍റെ വാൾ വീശലുകളിൽ പതറുകയുമില്ല… വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും… പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും… ആത്മവിശ്വാസത്തിന്‍റെ പാറമേൽ ഉറച്ചുനിന്നു തലയുയർത്തും… പ്രിയപ്പെട്ട മമ്മൂക്കാ …. ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് … അഭിനയമികവിന്‍റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..ഒത്തിരി സന്തോഷത്തോടെ .. നിറഞ്ഞ സ്നേഹത്തോടെ..’ ജോണ്‍ ബ്രിട്ടാസ് കുറിച്ചു.
പ്രാർത്ഥനകൾക്കും വൈദ്യശാസ്ത്രത്തിനും നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിച്ചത്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ ഇതിനെ “സന്തോഷ വാർത്ത” എന്ന് വിശേഷിപ്പിച്ചു. “ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ” എന്ന് നിർമ്മാതാവ് കണ്ണൻ താമരക്കുളവും കുറിച്ചു. കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി ഊർജസ്വലനായി തിരിച്ചെത്തുന്നു എന്ന വാർത്ത അങ്ങേയറ്റം സന്തോഷം പകരുന്നുവെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.
ബിഗ് സ്ക്രീനിൽ വീണ്ടും കാണാൻ സകല മലയാളികൾക്കൊപ്പം കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തലയും ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ “ഇക്ക തിരികെ വരുന്നു”, “മമ്മൂക്ക ഈസ് ബാക്ക്”, “കിംഗ് ഈസ് ബാക്ക്”, “മലയാളത്തിന്റെ മഹാനടൻ തിരികെ” തുടങ്ങിയ കമന്റുകൾ നിറഞ്ഞു. “തിരിച്ചുവരവുകളുടെ മഹാരാജാവ്”, “ഒരു ഒന്നൊന്നര വരവ് വരുന്നുണ്ട്”, “ദീർഘായുസ്സായിരിക്കട്ടെ” എന്നിങ്ങനെയുള്ള വാക്കുകളും കമന്റുകളിൽ കാണാം. മമ്മൂട്ടിയുടെ അഭാവം അത് അംഗീകരിക്കാൻ മലയാളികൾക്ക് ആവില്ല.
മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് നടന്‍ മോഹന്‍ലാല്‍ തന്‍റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ഒരു ചിത്രം കൊണ്ട് ആയിരം വരികളാണ് മോഹന്‍ലാല്‍ കുറിച്ചത്. എല്ലാം ഓകെ ആണെന്ന് കുറിച്ച് നടന്‍ രമേശ് പിഷാരടിയും മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിരുന്നു.
‘ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം’ എന്ന് മാലാ പാര്‍വ്വതിയും ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘കിങ് ഈസ് ബാക്ക്’ എന്നാണ് നടന്‍ ആന്‍റണി വര്‍ഗീസ് കുറിച്ചത്. ‘ഡബിള്‍ ഒകെ’ എന്ന് സംവിധായിര രത്തീനയും കുറിച്ചു.
ആസിഫ് അലിയും മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഈ ദിവസം സന്തോഷത്തിന്‍റേതാണെന്നാണ് ഗിന്നസ് പക്രു കുറിച്ചത്. നടന്‍ ഇര്‍ഷാദ്, ജോയ് മാത്യു, അനൂപ് മേനോന്‍, സംവിധായകന്‍ വൈശാഖ്, നാദിര്‍ഷ, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ വിനയന്‍ എന്നിവരും തങ്ങളുടെ സന്തോഷം സോഷ്യല്‍ മീഡിയ വഴി പങ്കവച്ചു കഴിഞ്ഞു.
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകത്ത് നിറഞ്ഞുനിൽക്കുന്ന മമ്മുക്ക ഒരു നടൻ മാത്രമല്ല, മലയാളികളുടെ ഒരു വികാരം കൂടിയാണ്. ആ വികാരത്തിന് ഒരു കോട്ടവും സംഭവിച്ചില്ലെന്ന് ഉറപ്പായപ്പോൾ ആഹ്ലാദക്കണ്ണീരോടെ രണ്ടാമതൊന്ന് ആലോചിക്കാതെ അവർ വിളിച്ചു പറഞ്ഞു. മമ്മൂക്ക ‘വീ മിസ്ഡ് യൂ’!
content summary: Mammootty’s Return Celebrated by Millions
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.