June 26, 2026 |
Share on

മകള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചു; വരന്റെ സഹോദരനെ ജീവനോടെ കത്തിച്ച് പിതാവ്

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തെലങ്കാനയെ ഞെട്ടിച്ച് ദുരഭിമാനക്കൊല. സംസ്ഥാനത്തെ രംഗറെഡ്ഡി ജില്ലയിൽ ഫാറൂഖ് നഗർ മണ്ഡലിലെ യെറാംപള്ളി ഗ്രാമത്തിൽ 39കാരനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കത്തിച്ചു കൊന്നതായി റിപ്പോർട്ട്. യെറ രാജശേഖറിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. മരണപ്പെട്ട യെറ രാജശേഖറിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ഭാര്യ തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ വെളിച്ചത്തുവന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് കെ. വെങ്കിടേഷ് എന്ന വ്യക്തി ആണെന്ന് പോലീസ് സേനയുടെ നി​ഗമനം.

കൊല്ലപ്പെട്ട യെറ രാജശേഖറിന്റെ അനുജനായ 27 വയസ്സുകാരൻ യെറ ചന്ദ്രശേഖർ ഒരു ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. യെറ ചന്ദ്രശേഖർ വിവാഹം ചെയ്തത് വെങ്കിടേഷിന്റെ മകളെയാണ്. ഇരുവരും ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു.

ഈ മിശ്രവിവാഹത്തിന്റെ പേരിൽ ദമ്പതികൾ ദിവസങ്ങളായി കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു. യുവതി ബിസി (Backward Class) സമുദായത്തിൽ നിന്നുള്ളയാളാണ്, എന്നാൽ ചന്ദ്രശേഖർ പട്ടികജാതി (Scheduled Caste) വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് പറയപ്പെടുന്നത്. ഈ ജാതിപരമായ വ്യത്യാസമാണ് കൊലപാതകത്തിന് കാരണം. കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ബുധനാഴ്ച രാത്രി 10.15ഓടെയാണ് വെങ്കിടേഷും കൂട്ടാളികളും കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്.

അവരിൽ ഒരാൾ പോലീസുകാരനായി കള്ളവേഷം ധരിച്ച് രാജശേഖറിനോട് തങ്ങൾക്കൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. രാജശേഖർ അവരോടൊപ്പം പോയെങ്കിലും പിന്നീട് തിരികെ വന്നില്ല. കുറേ സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യ പോലീസിൽ പരാതി നൽകി. പോലീസ് ആദ്യം രാജശേഖറിന്റെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌തെങ്കിലും, ബൈപ്പാസ് റോഡിനടുത്തായിരുന്നു ഫോണിന്റെ ലാസ്റ്റ് ആക്ടീവ് സി​ഗ്നൽ. ഫോൺ പിന്നീട് അവിടെ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ശേഷം, സിഗ്നൽ നഷ്ടമാവുകയും ചെയ്തു.

സംഘം രാജശേഖറിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയ ശേഷം വടികൾ ഉപയോഗിച്ച് ആക്രമിക്കുകയും, തുടർന്ന് ദേഹത്ത് ഇന്ധനം ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് മൃതദേഹം കണ്ടെത്തുകയും, തിരിച്ചറിയാനായി കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. നിലവിൽ കേസ് രജിസ്റ്റർ ചെയ്യുകയും, സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയുമാണ്.

രാജശേഖറിന്റെ പിതാവായ മല്ലേഷ് പറയുന്നതനുസരിച്ച്, വെങ്കിടേഷ് ആദ്യം വിവാഹത്തെ എതിർത്തിരുന്നു. തന്റെ മകൾക്ക് പ്രായപൂർത്തിയായില്ല എന്നായിരുന്നു വെങ്കിടേഷിന്റെ വാദം. ഒക്ടോബർ 9ന് മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പറഞ്ഞ് വെങ്കിടേഷ് വിവാഹം നിഷേധിച്ചു. എന്നാൽ, ഒരു മാസത്തിനുശേഷം അവൾ ചന്ദ്രശേഖറിനെ ബന്ധപ്പെടുകയും, തനിക്ക് 19 വയസ്സായെന്നും തെളിവുകളുണ്ടെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇരുവരും നിസാമാബാദിൽ പോയി വിവാഹിതരായി. രാജശേഖറാണ് ഇരുവരുടെയും വിവാഹത്തിന് വേണ്ട ക്രമീകരമങ്ങളെല്ലാം ചെയ്ത് നൽകിയതെന്ന് വെങ്കിടേഷ് വിശ്വസിച്ചിരുന്നു. അതിനാൽ രാജശേഖറിനോട് വെങ്കിടേഷിന് കടുത്ത പകയുണ്ടായിരുന്നതായി മല്ലേഷ് പറഞ്ഞു.

content summary: In Telangana, a man was reportedly kidnapped and fatally burned in a suspected case of honour killing

Leave a Reply

Your email address will not be published. Required fields are marked *

×