പാമ്പ് കടിയേറ്റത് 200 തവണ യുവാവിൽ നിന്ന് പാമ്പിൽ വിഷത്തിനുള്ള മറുമരുന്ന് കണ്ടെത്തി ശാസ്ത്രലോകം. മനുഷ്യ ശരീരത്തിൽ നിന്ന് തന്നെ പാമ്പിൻ വിഷത്തിനുള്ള പ്രതിവിഷം കണ്ടെത്താനായി വിസ്കോൺ സ്വദേശിയായ ടിം ഫ്രീഡ് സ്വന്തം ശരീരത്തിൽ പലതവണയായി പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിലാണ് ടിമ്മിന്റെ രക്തത്തിൽ പ്രതിവിഷത്തിനായുള്ള ആന്റിബോഡികൾ കണ്ടെത്തിയത്.
മൂർഖനും റാറ്റിൽ സ്നേക്കുമുൾപ്പെടെ ഒട്ടേറെ വിഷപ്പാമ്പുകൾ ടിമ്മിനെ കടിച്ചിട്ടുണ്ട്. മനുഷ്യനിൽ തന്നെ സ്വയം പ്രതിരോധശേഷി വർദ്ധിപ്പിച്ച് പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് കണ്ടെത്തുകയെന്ന സ്വന്തം ശരീരം പഠനവിധേയമാക്കി നടത്തുകയാണ് ടിം. പതിനെട്ട് വർഷം നീണ്ട ടിമ്മിന്റെ ദൗത്യമാണ് ഫലം കണ്ടത്. കാലിഫോർണിയ സർവകലാശാലയിലെ മൈക്രോബയോളജിസ്‌റ്റ് കൂടിയായ ടിം ഇതിനകം തന്റെ ശരീരത്തിലെ ആൻറിബോഡികളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. തുടക്കത്തിൽ ഒരു ഹോബിയായി തുടങ്ങിയതാണ് ഈ ഗവേഷണമെങ്കിലും പിന്നീട് ഇത് വളരെ ഗൗരവത്തോടെ എടുക്കുകയായിരുന്നു ടിം. സാധാരണ മനുഷ്യരുടേതിനേക്കാൾ ഇരട്ടിയാണ് ടിമ്മിൻ്റെ ശരീരത്തിലെ ആന്റിബോഡികളെന്നു ഡോക്‌ടർമാരും സാക്ഷ്യപ്പെടുത്തുന്നു. ഭാവിയിൽ തന്റെ കണ്ടുപിടുത്തം ആരോഗ്യരംഗത്തിനും മുതൽക്കൂട്ടാകുമെന്ന് ടിം മുമ്പേ കണക്കു കൂട്ടിയിരുന്നു.
തായ്‌പാൻ, ബ്ലാക്ക് മാംബാ എന്നീ ഘോരവിഷമുള്ള പാമ്പുകളെക്കൊണ്ടും അദ്ദേഹം ഒന്നിനു പുറകെ ഒന്നായി തന്നെ കടിപ്പിച്ചായിരുന്നു പരീക്ഷണങ്ങൾ. നിമിഷങ്ങൾക്കകം മനുഷ്യ ജീവൻ കളയാൻ കെൽപ്പുള്ള പാമ്പുകളാണിവ. പക്ഷേ വെറും മുറിപ്പാടുകളുണ്ടായതൊഴിച്ചാൽ ടിമ്മിന് യാതൊന്നും സംഭവിച്ചില്ല. എങ്കിലും 2011ൽ മൂർഖനെക്കൊണ്ടു കടിപ്പിച്ച വേളയിൽ ഏറെക്കാലം കോമയിൽ കിടന്നിരുന്നു. അന്നു മരണത്തെ മുഖാമുഖം കണ്ടതാണ്, പക്ഷേ അപ്പോഴും തന്റെ പരിശ്രമത്തിൽ നിന്നു പിൻതിരിഞ്ഞില്ല. പക്ഷേ പാമ്പുകൾക്കൊപ്പമുള്ള ടിമ്മിന്റെ സഹവാസത്തിൽ മനംമടുത്ത് 20 വർഷത്തെ ദാമ്പത്യത്തിനു അടിവരയിട്ട് അദ്ദേഹത്തിന്റെ ഭാര്യ ബീത് ഫ്രീഡ് വിവാഹമോചനം നേടി. ടിമ്മിനു തന്നെക്കാളും മക്കളെക്കാളും പ്രിയം പാമ്പുകളോടാണെന്നു തോന്നിയതോടെയാണ് വിവാഹ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നു പറയുന്നു ബീത് ഫ്രീഡ്. ലോകത്തിലെ തന്നെ ഏറ്റവും വിഷഹാരികളായ അഞ്ചു പാമ്പുകളെ വീടിനുള്ളിൽ സൂക്ഷിച്ചാണ് ടിം കഴിയുന്നത്.
content summary: Man Who Endured 200 Snake Bites May Help Develop Universal Antivenom