രണ്ട് വന്മരങ്ങള്‍ വേരുറപ്പിച്ച ഇടത്ത് നിന്നും വെട്ടിമാറ്റപ്പെടുന്നു എന്നതാണ് യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്നുള്ള പ്രധാന വാര്‍ത്ത. രണ്ട് പേരും രണ്ട് ക്ലബുകളുടെ സുവര്‍ണകാലത്തിന്റെ പതാക വാഹകരും ഇതിഹാസ പുരുഷന്മാരുമാണ്. ഒരാള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച, അല്ലെങ്കില്‍ മികച്ചവരില്‍ ഒരാളായ കെവിന്‍ ഡിബ്രൂയ്‌നെ. മറ്റൊരാള്‍ ബയേണ്‍ മ്യൂണിക് എന്ന ജര്‍മന്‍ വമ്പന്‍മാരെ സ്വന്തം വീട്ടുമുറ്റം പോലെ കണ്ട തോമസ് മ്യൂളര്‍. ക്ലബുകള്‍ കരാര്‍ പുതുക്കുന്നില്ല എന്നറിഞ്ഞതോടെ ഇരുവരും സീസണ്‍ അവസാനിക്കും മുമ്പേ വൈകാരിക കുറിപ്പുകളിട്ട് ആരാധകരോട് യാത്രപറഞ്ഞിരിക്കുന്നു. മെസിയെപ്പോലെ നൈസര്‍ഗികമായി ചലിച്ചവരോ നെയ്മറെപ്പോലെ ചുവടുകള്‍ വെച്ചവരോ സിദാനെപ്പോലെ മൈതാനത്ത് ചിത്രം വരച്ചിട്ടവരോ അല്ല ഇരുവരും. പക്ഷേ ഒരു യന്ത്രം കണക്കേ യൂറോപ്പിലെ രണ്ട് വമ്പന്‍ ക്ലബുകളെ ചലിപ്പിച്ച ഇരുവര്‍ക്കും വലിയ ആരാധകരാണുള്ളത്.
ബവേരിയയുടെ സ്വന്തം മ്യൂളര്‍
ആല്‍പ്‌സ് പര്‍വത നിരകളുടെ തണലും പ്രത്യേകമായ ആഘോഷങ്ങളും ഭക്ഷണ ശീലങ്ങളുമെല്ലാമുള്ള ബവേരിയ പ്രവിശ്യയിലാണ് തോമസ് മ്യൂളര്‍ ജനിക്കുന്നത്. ഓഡി, ബിഎംഡബ്ല്യൂ, സിമണ്‍സ് അടക്കമുള്ള വന്‍ കമ്പനികളുടെ ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ബവേരിയ ജര്‍മനിയിലെ ഏറ്റവും സമ്പന്നമായ സ്റ്റേറ്റുകളിലൊന്നാണ്. തങ്ങളുടെ സംസ്‌കാരത്തിലും സമ്പന്നതയിലും അഭിമാനിക്കുന്ന ഈ പ്രവിശ്യയില്‍ ജര്‍മനിയില്‍ നിന്നും വിട്ടുപോരണമെന്ന് വാദിക്കുന്നവരുണ്ട്. ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബാള്‍ ക്ലബാണ് ബയേണ്‍ മ്യൂണിക്. ബവേരിയ എന്നതിന്റെ ജര്‍മന്‍ നാമമാണ് ബയേണ്‍.
പ്രവിശ്യയിലെ പല കുട്ടികളെയും പോലെ തങ്ങളുടെ അഭിമാനമായ ബയേണ്‍ മ്യൂണിക്കിനേയാണ് തോമസും പ്രണയിച്ചത്. കുടുംബം ഒന്നടങ്കം ബയേണ്‍ ആരാധകരായ തോമസിന്റെ സ്വാഭാവികമായ തെരഞ്ഞെടുപ്പായിരുന്നു അത്. അങ്ങനെ പത്താം വയസ്സില്‍ ബയേണ്‍ അക്കാദമിയുടെ പടി ചവിട്ടിയ തോമസിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. യൂത്ത് ടീമിലും സീനിയര്‍ ടീമിലുമായി 27 നീണ്ട വര്‍ഷങ്ങളാണ് അവിടെത്തുടര്‍ന്നത്. ബയേണ്‍ മ്യൂണികിനായി ഏറ്റവുമധികം മത്സരങ്ങളില്‍ കളിത്തിലിറങ്ങിയെന്ന റെക്കോര്‍ഡും തോമസിന് സ്വന്തം. 12 ബുണ്ടസ് ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗും അടക്കം 33 കിരീട വിജയങ്ങളിലും തോമസ് നിര്‍ണായക പങ്കുവഹിച്ചു.
അഴകുള്ള ചലനങ്ങളോ ഡ്രിബ്ലിങ് സ്‌കില്ലോ അതിവേഗത്തിലുള്ള ഓട്ടമോ അല്ല മ്യൂളറെ താരമാക്കിയത്. കാല്‍പനികതയേക്കാള്‍ പ്രൊഫണഷലിനസത്തിന് മുന്‍തൂക്കം കൊടുക്കുന്ന ജര്‍മന്‍ ജീനാണ് അയാളിലുമുണ്ടായിരുന്നത്. ഒരു ചെസ് മാസ്റ്ററെപ്പോലെ വരാനിരിക്കുന്ന നീക്കങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള പാദചലനങ്ങള്‍ മ്യൂളറെ അപകടകാരിയാക്കിയത്. പന്തിനുവേണ്ടി ഓടുന്നതിന് പകരം പന്ത് വരുന്ന ഇടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അവിടേക്കെത്തുകയെന്ന രീതിയാണ് മ്യൂളര്‍ അനുവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ space interpreter എന്നര്‍ത്ഥം വരുന്ന ROWM-doy-ter എന്ന ഒരു വിളപ്പേര് അയാള്‍ക്ക് ജര്‍മനിയിലുണ്ട്.
ഡിബ്രൂയ്‌നെയെന്ന ഇത്തിഹാദിന്റെ എഞ്ചിന്‍
ഏതൊരു കോച്ചും ആഗ്രഹിക്കുന്ന താരമായിരുന്നു ഡിബ്രൂയ്‌നെ. ഡിബ്രൂയ്‌നെ എന്തും ചെയ്യാന്‍ സാധിക്കുന്നവനാണ് സിറ്റി കോച്ചായ പെപ് ഗ്വാര്‍ഡിയോള പറയുന്നതും ഒരു കംപ്ലീറ്റ് പാക്കേജെന്ന് ബെല്‍ജിയം കോച്ചായിരുന്ന റോബര്‍ട്ടോ മാര്‍ട്ടിനസ് വിളിക്കുന്നതും അതുകൊണ്ടാണ്. ഗ്രൗണ്ടിലെ ഘടികാരത്തില്‍ കാണിക്കുന്ന സമയത്തിനും മുമ്പായാണ് ഡിബ്രൂയ്‌നെ ചലിച്ചിരുന്നത് എന്ന് പറയാറുണ്ട്. മൈതാനത്ത് അടുത്ത നിമിഷങ്ങളില്‍ എന്തുസംഭവിക്കുമെന്ന് അയാള്‍ക്ക് വെളിപാട് പോലെ അറിയാമായിരുന്നു. തലപോലും ഉയര്‍ത്താതെ അയാള്‍ നീക്കുന്ന പാസുകള്‍ കണ്ട് എതിരാളികള്‍ പോലും അമ്പരന്നു.
2015ലാണ് ഡിബ്രൂയ്‌നെ സിറ്റിയുമായി കരാര്‍ ഒപ്പിടുന്നത്. അന്ന് മാനുവല്‍ പെല്ലഗ്രീനിയയായിരുന്നു സിറ്റിയുടെ പരിശീലകന്‍. പക്ഷേ 2016 മുതല്‍ സിറ്റിയില്‍ പെപ് ഗ്വാര്‍ഡിയോള യുഗം തുടങ്ങി. മെസ്സിയടക്കമുള്ള പലരെയും പൂര്‍ണനാക്കിയ ഗ്വാര്‍ഡിയോളയുടെ വരവോടെ ഡിബ്രൂയ്‌നെ സ്വന്തം പൊട്ടന്‍ഷ്യല്‍ തിരിച്ചറിഞ്ഞു. പെപ്പിന്റെ തന്ത്രങ്ങളില്‍ നമ്പര്‍ പത്തായും എട്ടായും ഫാള്‍സ് 9 ആയുമെല്ലാം ഡിബ്രൂയ്‌നെ നിറഞ്ഞാടി.
അഴകളവുകളക്കോള്‍ ശാസ്ത്രീയമായാണ് ഡിബ്രൂയ്‌നെ പന്തുതട്ടിയത്. ബോക്‌സില്‍ ഫ്രീയായി സഹതാരത്തെ കണ്ടെത്താന്‍ അയാള്‍ക്കൊരു മൂന്നാം കണ്ണുണ്ടായിരുന്നു. തന്റെ ക്രോസ് തടുക്കാനായി എതിര്‍ടീമിന്റെ സെന്റര്‍ബാക്കിനെ വിളിച്ചുവരുത്തി അതിന് പിന്നിലായെത്തുന്ന സഹതാരത്തിന് അസിസ്റ്റ് കൊടുക്കുയെന്നത് ഡിബ്രൂയ്‌നെ പലകുറി വിജയിപ്പിച്ച തന്ത്രമായിരുന്നു. എതിര്‍ടീം ഡിഫന്‍ഡര്‍മാര്‍ ഹൈലൈനില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കിടയിലൂടെ തന്റെ സ്‌ട്രൈക്കര്‍ക്ക് ഓടിയെടുക്കാന്‍ പാകത്തില്‍ അളന്നുമുറിച്ചുകൊടുക്കുന്ന പാസുകള്‍ ഡിബ്രൂയ്‌നെയെ അപകടകാരിയാക്കി.
എതിര്‍ടീമിന്റെ പ്രതിരോധനത്തിനും മധ്യനിരക്കും ഇടയിലുള്ള പോക്കറ്റിലുള്ള നിര്‍ത്തം ഡിബ്രൂയ്‌നെയുടെ സാങ്കേതികത്തികവിനുള്ള ഉദാഹരണമായി പറയപ്പെടുന്നു. ഈ പൊസിഷനില്‍ നില്‍ക്കുമ്പോള്‍ അയാളെ ആര് മാര്‍ക്ക് ചെയ്യണമെന്നതില്‍ എതിര്‍ടീം കണ്‍ഫ്യൂഷനിലാകും. അന്നേരം പാസ് സ്വീകരിക്കുന്ന ഡിബ്രൂയ്‌നെ തിരിഞ്ഞോടുന്നതോടെ എതിര്‍ടീം ചിതറുന്നു.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ അസിസ്റ്റുകളുടെ എണ്ണത്തില്‍ റ്യാന്‍ ഗിഗ്‌സിന് മാത്രം പിന്നില്‍ രണ്ടാമനാണ് ഡിബ്രൂയ്‌നെ. ഒരു സീസണില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കിയെന്ന റെക്കോര്‍ഡില്‍ തിയറി ഹെന്റിക്കൊപ്പമുണ്ട്. രണ്ട് സീസണില്‍ പ്ലീമിയര്‍ലീഗ് പ്ലെയര്‍ ഓഫ് ദി ഇയറും മൂന്ന് സീസണില്‍ പ്രീമിയര്‍ ലീഗ് പ്ലേമേക്കര്‍ അവാര്‍ഡും നേടി. ഒരുകുറി ബാലണ്‍ഡിയോറില്‍ മൂന്നാമതുമെത്തി. ആറ് പ്രീമിയര്‍ ലീഗും ഒരു ചാമ്പ്യന്‍സ് ലീഗും അടക്കമുള്ള 16 കിരീടങ്ങളും അയാളുടെ ശേഖരത്തിലുണ്ട്.
2015 മുതല്‍ 202 അയാള്‍ തീര്‍ത്തത് 826 ഗോള്‍ അവസരങ്ങളാണ്. ഇക്കാലയളവില്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചതില്‍ രണ്ടാമതുള്ള ക്രിസ്ത്യന്‍ എറിക്‌സണ്‍ തീര്‍ത്തത് 532 എണ്ണം മാത്രം. അഥവാ മൂന്നൂറിലേറെ എണ്ണം അധികം. അയാള്‍ പ്രീമിയര്‍ ലീഗിനെ എത്രത്തോളം ഡോമിനേറ്റ് ചെയ്തുവെന്നതിന് ഈ കണക്ക് സാക്ഷി.
കോര്‍പ്പറേറ്റ് കാലത്തെ ഫുട്‌ബോള്‍
കോര്‍പ്പറേറ്റ് തൊഴിലിടങ്ങളില്‍ വൈകാരികതയ്ക്കും ഹൃദയബന്ധങ്ങള്‍ക്കും സ്ഥാനമില്ലെന്ന് പറയാറുണ്ട്. എന്ന് മുതല്‍ ഒരാളുടെ ഇന്‍പുട്ട് കുറഞ്ഞുതുടങ്ങുന്നുവോ, അന്ന് മുതല്‍ അയാളുടെ ദിനങ്ങള്‍ ആ സ്ഥാപനത്തില്‍ എണ്ണപ്പെട്ടുതുടങ്ങും. അതിന് മുമ്പ് യൗവനകാലത്ത് അയാള്‍ ചെയ്ത കഠിനാധ്വാനങ്ങള്‍ക്കോ കമ്പനിക്കായി നല്‍കിയ സമയത്തിനോ വൈകാരികതയ്‌ക്കോ അവിടെ ഒരു പരിഗണനയുമുണ്ടാകില്ല. വര്‍ത്തമാനകാലത്തെ ഫുട്‌ബോള്‍ ചന്തയും ക്ലബ് കള്‍ച്ചറുമെല്ലാം ഇതേ വ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു താരം ക്ലബിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്തയാളാണെങ്കിലും നേട്ടങ്ങള്‍ നല്‍കിയയാളാണെങ്കിലും അതെല്ലാം വിസ്മരിക്കപ്പെടും. ആ താരത്തിന്റെ സമയം അടുത്താല്‍ പിന്നീടൊരു ഇളവും നല്‍കപ്പെടുകയില്ല. കാലുകളുടെ വേഗം കുറയുകയും ശ്വാസത്തിന്റെ മിടിപ്പ് കൂടുകയും ചെയ്യുന്ന നിമിഷം മുതല്‍ അയാളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുതുടങ്ങും.
ലിവര്‍പൂളിനായി സീസണില്‍ ഉടനീളം കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് നടത്തിയിട്ടും 33കാരനായ സലാഹിന്റെ കരാര്‍ പുതുക്കാന്‍ ലിവര്‍പൂള്‍ മടിച്ചുനില്‍ക്കുന്നു. പത്താം വയസ്സ് മുതല്‍ ജീവിതത്തിന്റെ ഭാഗമായ ക്ലബില്‍ ഒരു വര്‍ഷമെങ്കിലും തുടരാന്‍ മ്യൂളറും ആഗ്രഹിച്ചിരുന്നു. എങ്കിലും ക്ലബ് അതിന് സമ്മതം മൂളിയില്ല. ആരാധകര്‍ക്കായി പന്തുവെച്ച കുറിപ്പില്‍ മ്യൂളര്‍ അതിലുള്ള നീരസവും വേദനയും പങ്കുവെച്ചിരുന്നു. പത്തുവര്‍ഷത്തോളം സിറ്റിയുടെ എഞ്ചിനായിരുന്ന ഡിബ്രൂയ്‌നെ പോയ കുറച്ചുകാലമായി പരിക്കിന്റെ പിടിയിലായിരുന്നു. കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും താളം വീണ്ടെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ 33കാരനായ ഡിബ്രൂയ്‌നെക്കായും സിറ്റി കാത്തുനിന്നില്ല. Manchester City is releasing Kevin De Bruyne and Bayern Munich is releasing Thomas Müller
Content Summary; Manchester City is releasing Kevin De Bruyne and Bayern Munich is releasing Thomas Müller
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.