തീര്‍ത്തും അപ്രതീക്ഷിതമായി ഒരു കഥാപാത്രത്തിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ നമുക്കോര്‍മകളില്‍ പരതാതെ പറയാന്‍ പറ്റുന്ന എത്ര സ്ത്രീ കഥാപാത്രങ്ങളുണ്ട് മലയാള സിനിമയില്‍? മലയാളത്തില്‍ ഇക്കാലമത്രയും ഇറങ്ങിയ സിനിമകളില്‍ എത്ര സിനിമകളെയാണ് നമ്മള്‍ നായിക കഥാപാത്രത്തിന്റെ പേരില്‍ ഓര്‍ത്തെടുക്കുന്നത്? മേല്പറഞ്ഞ ചോദ്യങ്ങളിലേക്കൊരന്വേഷണം നടത്തിയപ്പോഴാണ് എത്ര കണ്ടിട്ടും മടുക്കാതെ മലയാളി വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്ന, 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്തുമസ് ദിനത്തില്‍ റിലീസായ ഒരു സിനിമയും അതിലെ തമിഴ് പാട്ട് പാടി തെക്കിനിയില്‍ നൃത്തം ചവിട്ടിയ ഒരു സ്ത്രീ കഥാപാത്രവും ചിത്രത്തിലേക്ക് വരുന്നത്.
സിനിമയിലെ കഥാപാത്ര സൃഷ്ടികളുമായി സംബന്ധിക്കുന്ന ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മേല്പറഞ്ഞ ചോദ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് മലയാള സിനിമയില്‍ നമ്മള്‍ കണ്ട കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ ഓര്‍ക്കുന്ന കഥാപാത്രങ്ങളെ ഒരു സര്‍വേയിലൂടെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. പല പ്രായത്തിലുള്ള നൂറോളം പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ത്തെടുത്ത സ്ത്രീ കഥാപാത്രങ്ങള്‍ മണിച്ചിത്രത്താഴിലെ നാഗവല്ലിയും ഗംഗയുമാണ്. നാഗവല്ലിയെ ഒമ്പത് പേര്‍ ഓര്‍ത്തപ്പോള്‍ മൂന്ന് പേരുടെ ഓര്‍മകളില്‍ ഗംഗയുമുണ്ടായിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ ഓര്‍ക്കുന്ന അകെ ഇരുപത് പേരെ മാത്രമാണ് ഈ സര്‍വേയില്‍ കണ്ടെത്താന്‍ സാധിച്ചത്. അതില്‍ 12 പേരും ഓര്‍ത്തെടുത്തത് നാഗവല്ലിയെയും നാഗവല്ലിയുടെ ഗംഗയെയുമാണ് എന്നതില്‍ നിന്നും റിലീസായി 30 വര്‍ഷങ്ങള്‍ തികയുന്ന മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളി പ്രേക്ഷകരുടെ ഉള്ളിലേക്ക് എത്ര ആഴത്തില്‍ കടന്ന് ചെന്നിരിക്കുന്നു എന്ന് മനസിലാക്കാം. ഇക്കാലമത്രയും പല രീതിയിലും പല അര്‍ത്ഥങ്ങളിലും മണിച്ചിത്രത്താഴിനെ പലരും വായിച്ചതായി നമ്മള്‍ മലയാളികള്‍ക്ക് അറിവുള്ളതാണല്ലോ. മണിച്ചിത്രത്താഴുമായി സംബന്ധിക്കുന്ന സ്ത്രീപക്ഷ വായനകളും അതില്‍പ്പെടുന്നു. പുരുഷാധിപത്യ ലോകത്തില്‍ കലയും സ്ത്രീയും പുരുഷന് ആസ്വദിക്കാനുള്ളതാണെന്ന പുരുഷബോധത്തിന്റെ ഇരയായ നാഗവല്ലിയുടെ പ്രതികാരദാഹത്തിന്റെ കഥ പറയുന്ന ചിത്രമായും മണിച്ചിത്രത്താഴിനെ പലരും നിരീക്ഷിച്ചതായി കാണാം. പക്ഷെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പ്രായ-ലിംഗ വ്യത്യാസങ്ങളില്ലാതെ മലയാളിക്ക് ഓര്‍ത്തെടുക്കുവാന്‍ ഒരു സ്ത്രീ കേന്ദ്ര കഥാപാത്രത്തെ സൃഷ്ടിച്ചു എന്നതല്ലേ ഈ ചിത്രത്തെ അതിന്റെ ആശയത്തെക്കാളും കഥാപരിസരങ്ങളെക്കാളും സ്ത്രീപക്ഷത്ത് നിര്‍ത്തുന്നത്?
നമുക്കറിയാവുന്നത് പോലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമകള്‍ വിരളമായി മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ഇതില്‍ തന്നെ ഒരു നിശ്ചിത കാലത്തിനപ്പുറത്തേക്ക് പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കും വിധമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ വളരെ കുറച്ചെ ഉണ്ടാകുന്നുള്ളൂ എന്നതാണല്ലോ മേല്പറഞ്ഞ സര്‍വേയുടെ ഫലം പോലും സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കും വിധത്തില്‍ നാഗവല്ലിയെ ശ്രദ്ധേയമാക്കുന്ന ആ കഥാപാത്രസൃഷ്ടിയുടെ പ്രത്യേകതകള്‍ എന്തായിരിക്കാം എന്നത് കൂടി പരിശോധിക്കുന്നത് ഉചിതമാണെന്ന് തോന്നി. കഥാപാത്ര രൂപകല്പനയില്‍ കൊണ്ട് വന്ന കൗതുകത്വവും അമാനുഷികതയും സാമ്പ്രദായിക രീതികള്‍ക്ക് കീഴ്‌പ്പെടാന്‍ കൂട്ടാക്കാത്ത കഥാപാത്രത്തിന്റെ നിശ്ചയദാര്‍ഢ്യവും അത്തരം രീതികളെ എതിര്‍ക്കുന്ന മാനസിക നിലയും സ്വഭാവരീതികളും കഥാപാത്രത്തില്‍ നിന്നുമുണ്ടാകുന്ന അപ്രതീക്ഷിതമായ നീക്കങ്ങളും നാഗവല്ലിയെ പ്രേക്ഷകരുടെ മനസിലേക്കിറങ്ങിച്ചെല്ലാനും അവിടെ കാലങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കാനും സഹായിച്ചതായി പ്രസ്തുത കഥാപാത്ര നിര്‍മ്മിതിയെ പ്രമേയപരമായ അവലോകനം നടത്തിയതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നു. കഥാപാത്ര നിര്‍മിതിയില്‍ കൊണ്ടുവന്ന സാംസ്‌കാരികവും കലാപരവുമായ പരാമര്‍ശങ്ങളും നാഗവല്ലിയാകുന്ന ഗംഗയുടെ മനസിക നിലയിലെ സങ്കീര്‍ണതകളും മണിച്ചിത്രത്താഴിലെ ഈ സ്ത്രീ കഥാപാത്രത്തെ സിനിമയിലെ കേന്ദ്ര കഥാപാത്രമായി പ്രേക്ഷകരുടെ മനസില്‍ രേഖപ്പെടുത്താന്‍ സഹായിച്ച ഘടകങ്ങളായി നമുക്ക് മനസിലാക്കാം. മേല്പറഞ്ഞ കഥാപാത്ര സവിശേഷതകള്‍ക്കൊപ്പം നാഗവല്ലിയും ഗംഗയുമായി വേഷമിട്ട ശോഭനയുടെ മികച്ച അഭിനയ പ്രകടനവും ഈ കഥാപാത്രങ്ങളെ പ്രേക്ഷക പ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും മനസിലാക്കാന്‍ സാധിക്കുന്നു.
മനഃശാസ്ത്രപരമായ സങ്കീര്‍ണതകളോട് കൂടിയ ഒരു കഥാപാത്രത്തെ ആകര്‍ഷകവും സാമ്പ്രദായിക നായികാ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളോട് കൂടിയതുമായ ഒരു കഥാപാത്രമായി സൃഷ്ടിച്ചെടുക്കാന്‍ തിരക്കഥാകൃത്തിനും അങ്ങനെ ഒരു കഥാപാത്രത്തെ അര്‍ഹിക്കുന്ന സമയവും ഇടവും ചമയങ്ങളും നല്‍കിക്കൊണ്ട് സിനിമയില്‍ കൊണ്ടുവരാന്‍ സംവിധായകനും അസാധാരണമായ പ്രകടനത്തിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടിക്കും ഒരുപോലെ സാധിച്ചിടത്താണ് നാഗവല്ലിയുടെ വിജയം. മണിച്ചിത്രത്താഴിലെ ഒരു കഥാപാത്രമായല്ല ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായാണ് നാഗവല്ലിയും നാഗവല്ലിയായി മാറുന്ന ഗംഗയും അവതരിപ്പിക്കപ്പെട്ടത്. ഒരുപക്ഷെ അതുകൊണ്ടാകാം മണിച്ചിത്രത്താഴിനൊപ്പം നാഗവല്ലിയും ഇന്നും പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നതും.