വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഫലമറിയാന്‍ കേരളം ഏറെ കാത്തിരുന്ന മണ്ഡലമാണ് പാലക്കാട്. തുടക്കം മുതല്‍ ഒടുക്കം വരെ തുടര്‍ന്ന സസ്പെന്‍സ് അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മികച്ച വിജയമാണ് നേടിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചത്. many factors helped rahul mamkootathil
2011 മുതല്‍ തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഷാഫി പറമ്പില്‍ ജയിച്ച മണ്ഡലമാണ് പാലക്കാട്. അതുകൊണ്ടുതന്നെ ഷാഫിയുടെ പകരക്കാരനായാണ് രാഹുല്‍ പാലക്കാട് ഇറങ്ങിയത്. 2016 ല്‍ ഷാഫി പറമ്പില്‍ നേടിയ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ വിജയം. ഷാഫി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016 ല്‍ ബിജെപിയുടെ ശോഭാ സുരേന്ദ്രനെതിരെ 17,483 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫിയുടെ വിജയം. അതിനെയും മറികടന്ന് 18,840 വോട്ടുകളോടെ എതിരാളികളുടെ വായ മൂടിയിരിക്കുകയാണ് രാഹുല്‍.
Rahul Mamkootathil
പല തവണ ലീഡ് നില മാറിമറിഞ്ഞതിന് ശേഷമാണ് മണ്ഡലം രാഹുലിനൊപ്പം നിന്നത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ സി. കൃഷ്ണകുമാറിന് 39,549 വോട്ടുകളും ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ നിന്നും ഇടതു പാളയത്തിലേക്ക് ചേക്കേറിയ സരിന് 37,293 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമായിരുന്നു പാലക്കാട്. എന്നാല്‍ ഷാഫിയുടെ പകരക്കാരനാകാന്‍ കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതോടെ മുന്നണിക്കകത്ത് അതൃപ്തിയുടെ സ്വരം പടരുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും വിവാദങ്ങളും മാത്രം നടമാടിയ മണ്ഡലമായിരുന്നു പാലക്കാട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ മുരളീധരന്‍ അടക്കമുള്ളവരുടെ പേരുകളായിരുന്നു ഹൈക്കമാന്‍ഡ് നല്‍കിയതെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നതോടെ പാളയത്തില്‍ തന്നെ പട എന്ന സ്ഥിതിഗതിയിലേക്ക് മാറി. ഇതിനുപുറകെ കോണ്‍ഗ്രസ് നേതാക്കളായ ഡോ. പി സരിന്‍, എകെ ഷാനിബ് തുടങ്ങിയവര്‍ അതോടെ കോണ്‍ഗ്രസ് വിട്ടു. സരിന്‍ ഇടതുപക്ഷ പാളയത്തിലെത്തുക മാത്രമല്ല സ്ഥാനാര്‍ത്ഥി കൂടിയായി. ഷാനിബ് വിമതനായി മത്സരിക്കാനും രംഗത്തിറങ്ങിയെങ്കിലും ഒടുവില്‍ തീരുമാനം മാറ്റി.
ഇതിനെല്ലാം പുറമെയായിരുന്നു നീല ട്രോളി ബാഗ് വിവാദവും പാതിരാത്രി നടന്ന റെയ്ഡ് നാടകവും. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കയറി പരിശോധനകള്‍ നടത്തിയതും ഏറെ വിവാദങ്ങള്‍ക്കിടയാക്കി. വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറികളില്‍ വനിതാ പോലീസിന്റെ സഹായമില്ലാതെ പരിശോധനകള്‍ നടത്തിയതും വലിയ രീതിയില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായി. ഏറ്റവും ഒടുവിലായി സുപ്രഭാതം പത്രത്തില്‍ വന്ന സിപിഎമ്മിന്റെ പരസ്യവും കോണ്‍ഗ്രസിന് നേരെയുള്ള വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് അകമ്പടിയേകി. എന്നാല്‍ ഇതെല്ലാം കോണ്‍ഗ്രസിന് അനുകൂലമായ വിജയമാണ് ഇപ്പോള്‍ രാഹുലിന് ഉണ്ടായിരിക്കുന്നത്.
Dr. P Sarin
സരിന്റെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പാലക്കാട് തിരഞ്ഞെടുപ്പിന്റെ ദിശതന്നെ മാറി. അതുവരെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മാത്രമായിരുന്നു പോരാട്ടമെങ്കില്‍ പിന്നീടത് ത്രികോണ മത്സരമായി മാറി. തുടക്കം മുതല്‍ അതിശക്തമായ ത്രികോണ മത്സരം എന്ന പ്രതീതിയാണ് പാലക്കാടുണ്ടായത്. രാഷ്ട്രീയ വിവാദ ചുഴികളും പാളയത്തില്‍ പടയും എല്ലാമുണ്ടായിരുന്നുവെങ്കിലും 58,389 വോട്ടുകളാണ് രാഹുല്‍ നേടിയിരിക്കുന്നത്. ഏതാണ്ട് എല്ലാ പഞ്ചായത്തുകളും നഗരസഭയുമെല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം നിന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാഹുല്‍ തോറ്റാല്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചത്. പാലക്കാടിന്റെ മനസ്സറിയുന്ന ഷാഫി പറമ്പിലും വിഡി സതീശനും മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രചരണത്തില്‍ പങ്കുചേര്‍ന്നത്. അതുകൊണ്ടുതന്നെ രാഹുലിന്റെ വിജയം യഥാര്‍ത്ഥത്തില്‍ വിഡി സതീശന്‍ എന്ന രാഷ്ട്രീയ തന്ത്രശാലിക്കും ഷാഫി പറമ്പിലിനും കൂടി അവകാശപ്പെട്ടതാണ്.many factors helped rahul mamkootathil
Content Summary: many factors helped rahul mamkootathil