ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക് കാര്‍ണി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ഫെഡറല്‍ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍ സെന്‍ട്രല്‍ ബാങ്കറുമായ കാര്‍ണി രാജ്യത്തിന്റെയും നേതൃത്വസ്ഥാനത്തേക്ക് എത്തുന്നത്. വടക്കേ അമേരിക്കയിലെയും യുകെയിലെയും സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡുണ്ട് കാര്‍ണിക്ക്. ഈ മേഖലകള്‍ നേരിട്ട പ്രധാന സാമ്പത്തിക വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്യാനും ഏകോപിപ്പിക്കാനും കഴിയുക വഴിയാണ് കാര്‍ണി തന്റെ പ്രാധാന്യം ഉറപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്‍ണിയുടെ ശ്രദ്ധേയമായ പശ്ചാത്തലമാണ് അദ്ദേഹത്തെ ഉയര്‍ന്ന യോഗ്യതയുള്ളതും പരിചയസമ്പന്നനുമായ ഒരു നേതാവാക്കി മാറ്റുന്ന പ്രധാന ഘടകം.
അതേസമയം കാര്‍ണി, കാനഡയുടെ സാരഥ്യം ഏറ്റെടുക്കുന്ന സാഹചര്യം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കാനഡയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും വ്യാപര പങ്കാളിയുമായ യു എസ്, ഡൊണാള്‍ ട്രംപിന്റെ രണ്ടാം വരവില്‍ ശത്രുതാമനോഭാവത്തോടെ നില്‍ക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ തീരുവയുടെ പേരില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. കഴിഞ്ഞ ആഴ്ച ഡൊണാള്‍ഡ് ട്രംപ് എല്ലാ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഓട്ടോമോട്ടീവ്, ഊര്‍ജ്ജ മേഖലകള്‍ക്ക് ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. എങ്കില്‍ പോലും, കാനഡയുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടാന്‍ യു എസിന്റെ പുതിയ തീരുവ തീരുമാനങ്ങള്‍ക്ക് ശക്തിയുണ്ട്.
കാനഡയുടെ അസിത്വത്തെ ചോദ്യം ചെയ്തും പരിഹസിച്ചും ട്രംപ് നടത്തിയ ചില പ്രസ്താവനകളുണ്ടായിരുന്നു. കാനഡ യു എസ്സിന്റെ ഏറ്റവും പുതിയ സംസ്ഥാനമായി മാറുന്നതാണ് അവര്‍ക്ക് നല്ലതെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം. കാനഡയില്‍ ട്രംപിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ ഈ പ്രസ്താവനയും കാരണമായിരുന്നു. ‘അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും, രൂപത്തിലും, രൂപത്തിലും അമേരിക്കയുടെ ഭാഗമാകില്ല,’എന്നാണ് കാര്‍ണി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. കനേഡിയന്‍ ജനങ്ങളെ പ്രകോപിപ്പിച്ച, യുഎസുമായുള്ള ദീര്‍ഘകാല ബന്ധത്തെ വിണ്ടുകീറിയ, ട്രംപ് ഉയര്‍ത്തിയ അസ്തിത്വ പ്രതിസന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ കാലയളവിലെ പ്രധാന വിഷയമാകുമെന്ന് മനസിലാക്കി കൊണ്ടാണ്, ഇത്തരമൊരു വാഗ്ദാനം തന്റെ പിന്തുണക്കാര്‍ക്ക് കാര്‍ണി നല്‍കിയിരിക്കുന്നത്. ഒരു പോരാട്ടത്തിനായി നമ്മള്‍ അങ്ങോട്ട് ചെല്ലുന്നില്ലെങ്കിലും, അങ്ങനെയൊന്നു നടന്നാല്‍ നമ്മള്‍ തന്നെ ജയിക്കുമെന്നും കാര്‍ണി അവകാശപ്പെടുന്നുണ്ട്.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വികാരനിര്‍ഭരമായ പ്രസംഗമാണ് നടത്തിയത്. തന്റെ സര്‍ക്കാരിന്റെ പാരമ്പര്യത്തില്‍ തനിക്ക് ‘അഭിമാനമുണ്ടെന്ന്’ ട്രൂഡോ ലിബറലുകളോട് പറഞ്ഞു. ട്രൂഡോയുടെ വാക്കുകള്‍ ആള്‍ക്കൂട്ടം ആവേശത്തോടെയാണ് സ്വീകരിച്ചത്. രാജ്യത്തിന് ഇപ്പോള്‍ അപകടരമായൊരു സമയമാണെന്നും ട്രൂഡോ മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ ജനതയ്ക്ക് അവരുടെ ജനാധിപത്യം, സ്വാതന്ത്ര്യം, ദേശീയ സ്വത്വം എന്നിവ നിലനിര്‍ത്താന്‍ നിരന്തരമായ ജാഗ്രതയും പരിശ്രമവും ആവശ്യമാണെന്ന മുന്നറിയിപ്പും ട്രൂഡോ നല്‍കുന്നുണ്ട്.
2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറും 2013 മുതല്‍ 2020 വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറുമായിരുന്ന കാര്‍ണി, കാനഡയുടെ എപ്പോള്‍ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുമെന്ന് വ്യക്തമല്ല. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെ അവസാന ഔദ്യോഗിക ദിനം എന്നു വേണണമെന്നു നിശ്ചയിക്കാന്‍ ട്രൂഡോയും പുതിയ ലിബറല്‍ നേതാവും വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷ. ലിബറല്‍ നേതൃത്വത്തിലേക്കുള്ള മത്സരത്തില്‍ 85.9% വോട്ടുകള്‍ നേടിയ കാര്‍ണി, മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, മുന്‍ ഗവണ്‍മെന്റ് ഹൗസ് ലീഡര്‍ കരീന ഗൗള്‍ഡ്, മുന്‍ പാര്‍ലമെന്റ് അംഗം ഫ്രാങ്ക് ബെയ്ലിസ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്. Mark Carney to be next Canada Prime Minister, He won Liberal leadership election
Content Summary; Mark Carney to be next Canada Prime Minister, He won Liberal leadership election