June 06, 2026 |
Share on

‘ആരോഗ്യം-ശരീരം-മനസ്’ അറിവിന്റെ അത്ഭുതലോകമായി മെഡക്‌സ്

മനുഷ്യന്റെ ഉത്പ്പത്തി മുതല്‍ ജനനം, വളര്‍ച്ച, അസുഖങ്ങള്‍, മരണം തുടങ്ങി ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍വരെ ഈ പ്രദര്‍ശനത്തില്‍ ദൃശ്യവല്കരിച്ചിട്ടുണ്ട്

ശാസ്ത്രീയമായി മനുഷ്യനെ അറിയുക, അന്ധവിശ്വാസങ്ങള്‍ ചെറുക്കുക, മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങള്‍ മനസിലാക്കുക എന്നീ ലക്ഷ്യത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന ആരോഗ്യ വിദ്യാഭ്യാസ കലാവിന്യാസം ‘മെഡക്സ് 2017’ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ വിവിധ മന്ദിരങ്ങളെ കൂട്ടിയിണക്കി രണ്ടുലക്ഷം ചതുരശ്രയടിസ്ഥലത്ത് 55 പവലിയനുകളിലാണ് മെഡിക്കല്‍ പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജനനം മുതല്‍ ഇതുവരെയുള്ള എല്ലാ നാഴികക്കല്ലുകളും മാതൃകകള്‍ സഹിതം വ്യക്തക്കുന്ന പ്രദര്‍ശനം കാണാനുള്ള സന്ദര്‍ശകരുടെ തിരക്ക് അനുദിനം വര്‍ധിക്കുകയാണ്.

മനുഷ്യന്റെ ഉത്പ്പത്തി മുതല്‍ ജനനം, വളര്‍ച്ച, അസുഖങ്ങള്‍, മരണം തുടങ്ങി ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍വരെ ഈ പ്രദര്‍ശനത്തില്‍ ദൃശ്യവല്കരിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിലെ യഥാര്‍ത്ഥ അവയവങ്ങള്‍, ആന്തരിക അവയവങ്ങളുടെ വലിയ മാതൃകകള്‍, ത്രീഡി ആനിമേഷന്‍, പ്രഥമ ശുശ്രൂക്ഷ പ്രവര്‍ത്തനങ്ങള്‍, ലാബ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രീയകള്‍ വരെ പ്രദര്‍ശനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. നേത്രഗോളം, ആമാശയം, തലച്ചോറ് തുടങ്ങി പല ശരീരഭാഗങ്ങളും ഉള്ളിലൂടെ കയറിയിറങ്ങി കണ്ടുമനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പവലിയനുകള്‍ ശ്രദ്ധയമാണ്.

ലൈറ്റിന്റെ വിന്യാസത്തിനനുസരിച്ച് ഓരോ പവലിയനുകളും മികവുറ്റതാക്കാന്‍ സംഘാടകര്‍ ശ്രമിച്ചിട്ടുണ്ട്. ജനറല്‍ ലൈറ്റ്, ഫോക്കസ് ലൈറ്റ്, പ്രൊജക്ടര്‍ ലൈറ്റ്, പാര്‍ ലൈറ്റ്, ലേയ്സര്‍ ലൈറ്റ്, ആര്‍ക്ക് ലൈറ്റ്, ഷാഡോ ലൈറ്റ്, ത്രീഡി ഇംപാക്ട് എന്നീ അത്യന്താധുനിക ലൈറ്റിംഗ് സാങ്കേതിക വിദ്യയാണ് മെഡക്സില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓരോ ആര്‍ട്ട് ഇന്‍സ്റ്റലേഷനിലും പ്രത്യേക ലൈറ്റിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ശബ്ദത്തിനും പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതെല്ലാം സന്ദര്‍ശകരെ മറ്റൊരു ലോകത്താണ് എത്തിക്കുന്നത്. മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ ഭീമാകാര മോഡലുകള്‍, തത്സമയ ശസ്ത്രക്രിയകള്‍, വിര്‍ച്വല്‍ റിയാലിറ്റി, ഓഗമെന്റഡ് റിയാലിറ്റി, പ്രൊജക്ടര്‍ പ്രസന്റേഷന്‍, പ്രദര്‍ശന വസ്തുക്കളുടെ മ്യൂസിയം കൂടാതെ നിരവധി വ്യത്യസ്തമായ ആശയങ്ങള്‍ മെഡക്സില്‍ ആസ്വദിക്കാനുണ്ട്.

അവയവമാറ്റം, സന്ധിമാറ്റം തുടങ്ങിയവയെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഈ പ്രദര്‍ശനത്തില്‍ ഉത്തരമുണ്ട്. അനാറ്റമി വിഭാഗത്തില്‍ സജ്ജീകരിച്ചിട്ടുള്ള വിവിധ മനുഷ്യാവസ്ഥകളുടെ യഥാര്‍ത്ഥ മാതൃകകള്‍ സന്ദര്‍ശകര്‍ക്ക് മനുഷ്യനെ കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ പകരും. മനുഷ്യഹൃദയം, തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഗര്‍ഭപാത്രം, ജനനേന്ദ്രിയങ്ങള്‍ തുടങ്ങി വിവിധ ആന്തരികാവയവങ്ങള്‍ എന്നിവ അടുത്തു കാണാനും ഓരോന്നിന്റെയും പ്രവര്‍ത്തനം, രോഗങ്ങള്‍, നവീന രീതിയിലുള്ള ചികിത്സ എന്നിവയെകുറിച്ചറിയാനും ലഭിക്കുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നാണ് ഈ പ്രദര്‍ശനം. ഇതിനൊക്കെ പുറമേ ശരീരത്തിന്റെ ആന്തരികമായ കാഴ്ച്ചക്കായും പഠനത്തിനായും സജ്ജമാക്കിയിട്ടുള്ള കെഡാവറും പൊതുജനത്തിന് കാണാനും അണിയറക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്.


ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സൗമ്യ വധക്കേസിലെ ഫൊറന്‍സിക് പരിശോധനാരീതികളും നിഗമനങ്ങളും ആളുകള്‍ക്ക് കൂടുതല്‍ വ്യക്തമാകാനായി തീവണ്ടി ബോഗിയും റെയില്‍പ്പാളവും ഡമ്മി മൃതശരീരവും ഉള്‍പ്പെടെയുള്ളവ ഫോറന്‍സിക് വിഭാഗം ദൃശ്യഭാഷ്യം നല്‍കിയിട്ടുണ്ട്. തീവണ്ടിയില്‍ നിന്ന് വീണ് ഒരാള്‍ മരിക്കുമ്പോള്‍ തള്ളിയിട്ടതോ എടുത്തുചാടിയതോ എന്ന സംശയമുണ്ടാകുക സ്വാഭാവികമാണ്. ദൃക്‌സാക്ഷികള്‍ ഇല്ലാതാകുമ്പോള്‍ പ്രത്യേകിച്ചും. വീണതാണോ തള്ളിയിട്ടതാണോ എന്നു കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് വൈദ്യശാസ്ത്രമാണ്. പലപ്പോഴും കൊലപാതകങ്ങളില്‍ പ്രതികളെ ശിക്ഷിക്കാന്‍ ഉപകരിക്കുന്നതും ഫൊറന്‍സിക് പരിശോധനയിലെ ഇത്തരം തെളിവുകളായിരിക്കും. ആ തെളിവുകളിലെ ചില കൗതുകങ്ങളിലേക്കും ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്‌സിലെ ഫൊറന്‍സിക് വിഭാഗത്തിന്റെ പവലിയന്‍ വിരല്‍ചൂണ്ടുന്നു.


കൊല്ലപ്പെട്ട സൗമ്യയുമായി ബന്ധപ്പെടുത്തിയാണ് ഫൊറന്‍സിക് മെഡിസിന്റെ പ്രത്യേകതകള്‍ വിശദമാക്കുന്നത്. അതിനായി തീവണ്ടിയുടെ മോഡലും റെയില്‍പ്പാതയും ഡമ്മി മൃതശരീരവുമെല്ലാം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റവാളിക്ക് ഇളവനുവദിച്ചാലും ഫൊറന്‍സിക് വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനാഫലത്തില്‍ തെറ്റൊന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്നും അത് നിയമത്തിന്റെ ചില പഴുതുകള്‍ മാത്രമായിരിക്കുമെന്നും ഈ പവലിയന്‍ ഓര്‍മ്മപ്പെടുത്തുന്നു. മരണമടയുന്ന വ്യക്തിയുടെ ശരീരത്തില്‍ നിന്നു ലഭിക്കുന്ന തെളിവുകള്‍പോലെ തന്നെ പ്രധാനമാണ് ലഭിക്കാത്ത ചില തെളിവുകളുമെന്ന് ഫോറന്‍സിക് രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. ഒരു വ്യക്തി ബോധപൂര്‍വ്വം തീവണ്ടിയില്‍ നിന്നു ചാടിയാലും മറ്റൊരാള്‍ തള്ളിയിട്ടാലും ഉണ്ടാകാവുന്ന ചില പൊതുവായ പരിക്കുകളുണ്ട്. ഒരുപക്ഷേ, മരണകാരണമാകുന്നതും ആ പരിക്കുകളാകാം. എന്നാല്‍ തള്ളിയിട്ടതാണോ? വീണതാണോ?എന്ന് മനസ്സിലാക്കാന്‍ ഈ പരിക്കുകള്‍ ഉപകാരപ്പെട്ടെന്നു വരില്ല. അതേസമയം ബോധപൂര്‍വ്വം തീവണ്ടിയില്‍ നിന്നു ചാടുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകാവുന്ന ചില മുറിവുകളും ചതവുകളുമുണ്ട്. ഇത്തരത്തില്‍ ചാടുന്നയാള്‍ കൈകുത്തിയായിരിക്കും പാളത്തിലേക്കോ സമീപത്തോ വീഴുക. അതുമൂലമുണ്ടാകുന്ന മുറിവുകള്‍ വീണയാളിന്റെ ശരീരത്തില്‍ കാണപ്പെടുന്നില്ലെങ്കില്‍ തീവണ്ടിയില്‍ നിന്ന് അയാള്‍ തള്ളിയിടപ്പെട്ടതാണെന്ന നിഗമനത്തില്‍ ഫൊറന്‍സിക് വിഭാഗം എത്തിച്ചേരുമെന്ന് പവലിയനിലെ കുറിപ്പുകളില്‍ സൂചിപ്പിക്കുന്നു. ഇത് തെളിവായി കോടതികളില്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്യും.


ഫൊറന്‍സിക് പരിശോധനയുടെ അടിസ്ഥാനവും രീതികളും ഡിഎന്‍എ പരിശോധനയുടെ ചരിത്രവുമെല്ലാം ഈ പവലിയിനില്‍ നിന്നു മനസ്സിലാക്കാനാകും. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതും എന്നാല്‍ വൈദ്യശാസ്ത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു വിഷയം കൈകാര്യം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയത വിശദീകരിക്കുന്നതാണെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു കലാവിന്യാസം ഉരുത്തിരിഞ്ഞതെന്ന് മെഡെക്‌സ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഡോ. ജി. അജിത് കുമാര്‍ പറഞ്ഞു. പ്രദര്‍ശനത്തിനെത്തുന്നവരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന പവലിയനുകളിലൊന്നാണിത്. ആര്‍ട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തോളം പ്രയത്‌നിച്ചാണ് ഫൊറന്‍സിക് വിഭാഗത്തിനായി ഈ പവലിയന്‍ തയ്യാറാക്കിയത്.

സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഓരോ പവലിയനിലും നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വീതവുമുണ്ട്. പ്രദര്‍ശനതോടൊപ്പം മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ഗാര്‍ഡനില്‍ ദിവസവും വൈകുന്നേരങ്ങളില്‍ ഐ.എം.എ.യുടെ സഹകരണത്തോടെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി മെഡ് ടോക്ക് എന്നപേരില്‍ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ അശാസ്ത്രീയതകള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് മെഡിടോക്കിന്റെ ലക്ഷ്യം. മെഡിക്കല്‍ രംഗത്തെ പ്രമുഖര്‍ പ്രഭാഷണ പരമ്പയില്‍ പങ്കെടുത്ത് സംസാരിക്കുന്നുണ്ട്. ആരോഗ്യ സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാവിന്യാസമായ മെഡെക്‌സ്് ഇരുപ്പത്തിനാലു ദിവസം പിന്നിടുമ്പോള്‍ സാധാരകാരുടെയും സ്‌കൂള്‍കുട്ടികളുടെയുമടക്കം തിരക്ക് വര്‍ധിച്ചുവരികയാണ്. ജനുവരി മൂന്നിന് ആരംഭിച്ച പ്രദര്‍ശനം 31 വരെയുണ്ട്.


മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗങ്ങളുടേയും, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ. ഡെന്റല്‍ കോളേജ്, തിരുവനന്തപുരം നഗരസഭ, മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന, അധ്യാപക രക്ഷകര്‍തൃ സമിതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളും അറുന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികളുടെയും ആറുമാസത്തോളം കഠിന പ്രയത്നവും ‘മെഡക്‌സ്-2017’ ന്റെ പിന്നിലുണ്ട്.

രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുക. 100 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. എന്നാല്‍ പ്രത്യേകമായി തയ്യാറാക്കിയ മുഴുവന്‍ സ്റ്റാളുകളും കാണാന്‍ 200 രൂപ ടിക്കറ്റെടുക്കണം. 100 പേരില്‍ കൂടുതലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി സംഘത്തിന് പ്രവേശന നിരക്കില്‍ ഇളവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×