മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയും ആൺസുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ രഘുവംശിയുടേയും സോനം രഘുവംശിയുടേയും വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ രഘുവംശിയെ കൊലപ്പെടുത്താൻ സോനത്തിന്റെ ആൺസുഹൃത്തായ 21 കാരനായ രാജ് കുശ്വാഹ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. സോനം നൽകിയ ലൊക്കേഷൻ വിവരങ്ങളുടെ സഹായത്താലാണ് ക്വട്ടേഷൻ സംഘം രാജ രഘുവംശിയെ കൊല്ലാനായി എത്തിയതെന്ന്
മധ്യപ്രദേശ് പൊലീസിന്റെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞതായി ദി ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ദമ്പതികളെ തിരഞ്ഞ് പൊലീസ് മേഘാലയിലെത്തിയപ്പോഴും രാജ് കുശ്വാഹ ഇൻഡോറിൽ തന്നെ ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സോനത്തിന്റെ വീട്ടിലെത്തിയപ്പോഴും രാജ് അവിടെയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. രാജ രഘുവംശിയുടെ മൃതദേഹം കർമങ്ങൾക്കായി കൊണ്ടുവന്നപ്പോഴും രാജ് കുടുംബാംഗങ്ങളോടൊപ്പം ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.
രാജയെ ദൂരയുള്ള സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയിട്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു രാജ് പദ്ധതിയിട്ടത്. കുറ്റകൃത്യം നടന്ന സമയം താൻ മറ്റൊരിടത്തായിരുന്നു എന്ന് സ്ഥാപിക്കാനായിട്ടാണ് പ്രതി സോനത്തിന്റെ കുടുംബത്തോടൊപ്പം പൊലീസിന് മുന്നിൽ വന്നത്. ശേഷം അവിടെ നിന്നും ഇൻഡോറിലേക്ക് പോവുകയായിരുന്നു. കൊലപാതകം നടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് സോനവും രാജുവുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സോനത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് നിർമ്മാണ യൂണിറ്റിലെ ബില്ലിംഗ് വിഭാഗത്തിലാണ് കുശ്വാഹ ജോലി ചെയ്തിരുന്നത്. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സോനം അവിടെ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. തുടർന്നാണ് ഇരുവരും പ്രണയത്തിലായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യ സമയത്ത് കുശ്വാഹ സോനത്തിന്റെ കുടുംബത്തിനടുത്താണ് താമസിച്ചിരുന്നത്. എന്നാൽ അടുത്തിടെ നന്ദ്ബാഗ് പ്രദേശത്തേക്ക് താമസം മാറുകയായിരുന്നു. കൊലപാതകം നടത്തിയതായി സംശയിക്കുന്ന മറ്റ് പ്രതികൾ താമസിച്ചിരുന്നത് നന്ദ്ബാഗിലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി.
കൊലപാതകം നടത്തിയ മൂന്ന് പ്രതികളായ വിശാൽ ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവർക്ക് കുശ്വാഹ ക്വട്ടേഷൻ നൽകിയതാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ മൂന്ന് പേരും ട്രെയിനിൽ ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത ശേഷം അവിടെ നിന്ന് മേഘാലയയിലേക്ക് പോയതായാണ് നിഗമനം.
മൂന്ന് പേരും ട്രെയിനിൽ ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത ശേഷം അവിടെ നിന്ന് മേഘാലയയിലേക്ക് പോയതായി പോലീസ് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപം രാജയ്ക്കും മൂന്ന് അക്രമികൾക്കും പിന്നിൽ സോനം നടക്കുന്നത് കണ്ടതായി ഒരു പ്രാദേശിക ഗൈഡ് പോലീസിനോട് പറഞ്ഞതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന ആയുധവും കേസിൽ സുപ്രധാന തെളിവായിരുന്നു. കൊലപാതകം നടന്ന പ്രദേശത്ത് നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയിരിക്കുന്നത്. ഗുവാഹത്തിയിൽ നിന്ന് പ്രതികൾ വാങ്ങിയ ആയുധമായിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
മെയ് 11 ഇൻഡോറിൽ വെച്ചാണ് രാജ രഘുവംശിയും സോനവും വിവാഹിതരാകുന്നത്. മെയ് 20 ദമ്പതികൾ ഹണിമൂണിനായി ഷില്ലോങ്ങിലേക്ക് പോവുകയായിരുന്നു. മെയ് 21 ന് ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തിനെയും മെയ് 23നാണ് കാണാതാവുന്നത്. ദമ്പതികളെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ നടത്തുകയും തുടർന്ന് ജൂൺ 2 ന് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തുകയുമായിരുന്നു. രാജയുടെ സഹോദരനായ വിപിൻ രഘുവംശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വാടകയ്‌ക്കെടുത്ത സ്‌കൂട്ടർ മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. കാണാതായി 17 ദിവസങ്ങൾക്ക് ശേഷമാണ് സോനത്തിനെ കണ്ടെത്തുന്നത്. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ നന്ദ്ഗഞ്ച് പ്രദേശത്തെ ഒരു വഴിയോര ഭക്ഷണശാലയിൽ നിന്നാണ് സോനത്തെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
Content Summary: Meghalaya honeymoon murder case; accused was in Indore when the murder occurred
This post was last modified on June 10, 2025 12:46 pm
Leave a Comment