അതിക്രൂരമായ റാഗിങ്ങ് , ലഹരി സംഘങ്ങളുടെ താവളമായി മാറുന്ന കലാലയങ്ങൾ… കേരളത്തിലെ ക്യാമ്പസുകൾ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചത് ഇത്തരത്തിലുള്ള തലകെട്ടുകളിലൂടെയായിരുന്നു. ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനകളാണ് ഇതിൻ്റെയെല്ലാം പിന്നിലെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു.
വിദ്യാർത്ഥി സംഘടനകളുള്ളത് കൊണ്ടാണ് ഒരു പരിധി വരെയെങ്കിലും ഇത്തരം സംഭവങ്ങൾ ചെറുത്തുനിൽക്കാൻ കഴിയുന്നതെന്നും കലാലയങ്ങളിൽ റാഗിങ്ങിനെയും ലഹരിയെയും തടയാൻ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും കേരളത്തിലെ വിവിധ കോളേജുകളിലെ എസ്.എഫ്.ഐ, കെ.എസ്.യു അംഗങ്ങൾ അഴിമുഖത്തോട് പ്രതികരിച്ചു.
അഭിഷേക്
‘നിലവിലെ അവസ്ഥ വെച്ച് പറയുകയാണെങ്കിൽ കാര്യവട്ടം ക്യാമ്പസിനുള്ളിൽ റാഗിങ്ങ് ഇല്ല എന്ന് തന്നെ പറയണമെന്ന് തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് ചെയർപേഴ്സൺ അഭിഷേക് പറഞ്ഞു. റാഗിങ്ങിനെതിരായി കഴിഞ്ഞ കാലയളവിൽ തന്നെ പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമ്പൂർണമായി റാഗിങ്ങ് ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. എസ്എഫ്ഐ യൂണിയന്റെ നേതൃത്വത്തിൽ ക്യാമ്പസിനുള്ളിലും ഹോസ്റ്റലുകളിലും വിദ്യാർത്ഥികളെ നേരിട്ട് കാണുകയും ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസുകളെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിന്റെ വാർത്തകൾ ഇപ്പോൾ സ്ഥിരമായി വരുന്നുണ്ട്.
ലഹരി മാഫിയകൾ ക്യാമ്പസുകളിനുള്ളിലേക്ക് ലഹരി എത്തിക്കുന്നു എന്നത് ശരിയായ റിപ്പോർട്ടുകളാണെന്ന് തോന്നുന്നില്ല. ലഹരി മാഫിയകളെ ക്യാമ്പസിലേക്ക് കടക്കാൻ ഞങ്ങൾ അനുവദിക്കില്ല. സംഘടനയിലുള്ളവർ വിദ്യാർത്ഥികളെ നല്ല രീതിയിലാണ് അതിന്റെ ഭാഗമായി കോർഡിനേറ്റ് ചെയ്യുന്നത്. വലിയൊരു വിഭാഗം വിദ്യാർത്ഥികളും ഇതിനെതിരായി പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിൽ അടുത്തിടെ ഉണ്ടായ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു. വളർന്നു വരുന്ന തലമുറയ്ക്കിടയിൽ ലഹരിയുടെ വ്യാപനം പ്രത്യക്ഷത്തിൽ തന്നെ ഉണ്ട്.വിദ്യാർത്ഥികൾക്കിടയിലെ അരാഷ്ട്രീയത ഇതിനെ സ്വാധീനിക്കുന്നു. ഇത്തരമൊരു സാമൂഹിക വിപത്തിനെ ഇല്ലാതാക്കാൻ ക്യാമ്പസിനകത്ത് അക്കാദമിക്,ആർട്സ് സ്പോർട്സ് പ്രവർത്തനങ്ങൾ, വിപുലമായി നടത്തുന്നതിന് സാധിക്കണം. അത്തരം ആശയത്തിന് പ്രധാന്യം കൊടുത്തുകൊണ്ട് തന്നെ ആണ് എസ്എഫ്ഐ യൂണിയനുകൾ ക്യാമ്പസിനകത്തു പ്രവർത്തിക്കുന്നത്, അഭിഷേക് പറഞ്ഞു.
അമൃതപ്രിയ
യൂണിവേഴ്സിറ്റി കോളേജിൽ നാർക്കോട്ടിക് സെല്ലുണ്ട്. എന്നാൽ അത് പ്രവർത്തനരഹിതമായി കിടക്കുകയായിരുന്നു. പ്രിൻസിപ്പലിനോട് അത് പ്രവർത്തനക്ഷമമാക്കാൻ ആവശ്യപ്പെടുക എന്നതായിരുന്നു ലഹരിക്കെതിരായ പ്രവർത്തനത്തിന്റെ ആദ്യ ഭാഗമെന്നോണം കെ.എസ്.യു ചെയ്തതതെന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കെ.എസ്.യു പ്രവർത്തക അമൃതപ്രിയ അഴിമുഖത്തോട് പറഞ്ഞു.
എല്ലാ ക്യാമ്പസുകളിലും നാർക്കോട്ടിക് സെല്ലുകൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് അധികൃതരെ അറിയിക്കുന്നതിനായി ഒരു സീക്രട്ട് സെൽ കൂടി കൊണ്ടുവരണമെന്നുള്ള നിർദേശവും അറിയിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്കും ലഹരിയിൽ നിന്ന് മോചനം വേണമെന്ന് ആവശ്യമുള്ളവർക്കും എപ്പോൾ വേണമെങ്കിലും വിളിച്ച് സംസാരിക്കാൻ കഴിയുന്ന ഒരു സീക്രട്ട് സെൽ.
കോളേജുകളിൽ ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അവരെ അതിൽ നിന്നും മാറ്റി ക്യാമ്പസിൽ നടക്കുന്ന മറ്റ് പരിപാടികളിൽ പങ്കാളികളാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കല, കായികം, മറ്റ് വിനോദ പരിപാടികളെല്ലാം ധാരാളമായി സംഘടിപ്പിക്കുന്നുണ്ട്. ഫുട്ബോൾ ടൂർണമെന്റ്, ലഹരിക്കെതിരെ സന്ദേശം നൽകുന്ന തെരുവ് നാടകങ്ങൾ, ഫ്ലാഷ്മോബ് ഇവയെല്ലാം ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്നുണ്ട്, അമൃതപ്രിയ പറഞ്ഞു.
സ്റ്റാലിൻ
ക്യാമ്പസിനുള്ളിൽ റെയ്ഡ് നടത്തിയതിന്റെ ഭാഗമായി കെ.എസ്.യു, എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ലഹരിയുടെ ഉപയോഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഉള്ളതുകൊണ്ട് സംഭവിക്കുന്നതാണെന്ന് കരുതുന്നുണ്ടോയെന്ന് കാര്യവട്ടം ക്യാമ്പസിലെ മുൻ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ സ്റ്റാലിൻ അഴിമുഖത്തോട് പറഞ്ഞു.
എസ്.എഫ്.ഐ ആയാലും കെ.എസ്.യു ആയാലും ലഹരിയെയും റാഗിങ്ങിനെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയെ നമുക്ക് കാണാൻ കഴിയില്ല. ലഹരി നൽകി പാർട്ടിയിലേക്ക് അംഗങ്ങളെ കൂട്ടാൻ ഏതെങ്കിലും സംഘടനകൾ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് എസ്റ്റാബ്ലിഷ്ഡ് ആകാത്ത സംഘടനകളായിരിക്കും. എസ്എഫ്ഐ പോലൊരു സംഘടനക്ക് ലഹരി വിതരണം ചെയ്ത് അംഗങ്ങളുടെ എണ്ണം കൂട്ടുക എന്ന ആവശ്യമില്ല. കെ.എസ്.യു ആയാലും എബിവിപി ആയാൽ കൂടിയും ലഹരി വിതരണം ചെയ്ത് സംഘടന കൊണ്ട് പോകേണ്ട ആവശ്യമവർക്കില്ല. ക്യാമ്പസിൽ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്ന വിദ്യാർത്ഥികളാണ് സംഘടനയിലുള്ളവർ. അവരുടെ ഐഡിയോളജി മാത്രം മതി അവർക്ക് പ്രവർത്തനങ്ങൾ ചെയ്യാൻ.
ലഹരി ഉപയോഗിക്കുന്നവർ ഒരു സംഘടനയിലുണ്ടാകുന്നതും ഒരു സംഘടന മുഴുവൻ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ക്യാമ്പസിനുള്ളിൽ ഏതെങ്കിലും ലഹരി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവരുടെ താൽപര്യവും സംഘടനയുടെ താൽപര്യവും തമ്മിൽ ഒരിക്കലും യോജിച്ച് പോകില്ല. വിദ്യാർത്ഥികളെ രാഷ്ട്രീയ ബോധമുള്ള പൗരന്മാരാക്കുക എന്നതാണ് വിദ്യാർത്ഥി സംഘടനകളുടെ ലക്ഷ്യം.
രാഷ്ട്രീയ പാർട്ടികൾ ഇല്ലാത്ത ക്യാമ്പസുകളിലാണ് ലഹരി ഗ്രൂപ്പുകൾ കൂടുതലും പ്രവർത്തിക്കുന്നത്. പ്രൈവറ്റ് എഞ്ചിനീയറിങ്ങ്, മെഡിക്കൽ കോളേജുകൾ അവിടത്തെ ഹോസ്റ്റലുകൾ, അവിടേക്ക് കൂടുതൽ അന്വേഷണം നടത്തിയാൽ ലഹരിക്ക് അടിമയാകുന്ന വിദ്യാർത്ഥികളെ രക്ഷിക്കാൻ കഴിയും. ക്യാമ്പസുകളിൽ സംഘടനകളുണ്ടാകണം, അവരുടെ പ്രവർത്തനങ്ങളുണ്ടാകണം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അത് അത്യാവശ്യമാണ്, സ്റ്റാലിൻ പറഞ്ഞു.
ആദിൽ
എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആന്റി റാഗിങ്ങ് സെൽ തന്നെ മഹാരാജാസ് കോളേജിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മഹാരാജാസ് കോളേജിലെ മാഗസിൻ എഡിറ്റർ ആദിൽ പറയുന്നു. അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി റാഗിങ്ങിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും വിവിധ ക്യാമ്പയിനുകൾ ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പസിനുള്ളിൽ ലഹരി ഉപയോഗിക്കുന്നില്ല, എന്നാൽ ലഹരി ഉപയോഗിക്കുന്നവർ ഇതിനുള്ളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ആദ്യ വർഷ വിദ്യാർത്ഥികളിൽ തന്നെ ബോധവത്ക്കരണം നടത്താനുള്ള ശ്രമങ്ങൾ ക്യാമ്പസിനുള്ളിൽ ചെയ്യുന്നുണ്ട്.
വിദ്യാർത്ഥികൾക്കിടയിൽ അരാഷ്ട്രീയത ഉണ്ടാവുകയും ചിന്താശേഷിയില്ലാതെ പ്രബലരാകാൻ ശ്രമിക്കുന്നതിന്റെയും ഭാഗമായാണ് ക്യാമ്പസുകളിലുള്ളവർ പുറത്തുനിന്നുള്ള ലഹരിയെ ആശ്രയിക്കുന്നത്. ലഹരിയുടെ വലിയൊരു സ്ത്രോതസാണ് കൊച്ചി നഗരം എന്നാണ് ഞാൻ മനസിലാക്കുന്നത്. വിദ്യാർത്ഥികൾ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്, അതിന് സംഘടനകൾ ഒത്താശ ചെയ്യുന്നു എന്നതൊക്കെ തെറ്റായ വിവരങ്ങളാണ്. കൃത്യമായ രാഷ്ട്രീയ ബോധമുള്ളവർ ഇതിൽ ഉൾപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ആദിൽ അഴിമുഖത്തോട് പറഞ്ഞു.
ലിവിൻ
ലഹരി എങ്ങനെ വിദ്യാർത്ഥികളിലേക്ക് എത്തുന്നു എന്ന് കണ്ടെത്താൻ ഇവിടത്തെ ഭരണസംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് കെ.എസ്.യു സംസ്ഥാന കൺവീനർ ലിവിൻ വേങ്ങൂർ അഴിമുഖത്തോട് പ്രതികരിച്ചു. ലഹരി ഉപയോഗമാണ് പല സ്ഥാപനങ്ങളിലും ക്രൂരമായ റാഗിങ്ങുകൾ നടക്കുന്നതിന്റെ പ്രധാന കാരണം. സ്കൂളുകളിലും കോളേജുകളിലും ലഹരി എത്തുന്നതിനെക്കുറിച്ച് പ്രാദേശികമായ അന്വേഷണം നടത്തി, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അതിന്റെ ഭാഗമായാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ക്യാമ്പസ് ജാഗരൺ ജാഥ നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരും തുടങ്ങി സമൂഹത്തിലെ പല മേഖലകളിലുള്ളവർ ഇതിൽ പങ്കാളികളായി. ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലേക്കെത്താൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ലഹരി വിദ്യാർത്ഥികൾക്ക് എത്തിച്ച് കൊടുക്കുന്ന ചെയിൻ നശിപ്പിക്കുക എന്നതാണ് അടുത്ത നടപടി. യൂണിറ്റ് തലങ്ങളിലുൾപ്പെടെ അതിന്റെ നിർദേശങ്ങൾ സംസ്ഥാന കെ.എസ്.യു കമ്മിറ്റി നൽകിയിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളുടെ മീറ്റിംങ് വിളിക്കാനുള്ള ആവശ്യം സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. സംഘടനയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ ലഹരി കേസുകളിൽ ഉൾപ്പെട്ടാൽ അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ക്യാമ്പസുകളിലെ വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ച് നിന്നുകൊണ്ട് ഇതിനെ ചെറുക്കാൻ കഴിയുമെങ്കിൽ അത് വലിയൊരു കാര്യമാണ്, ലിവിൻ പറഞ്ഞു.
നിതിൻ ഫാത്തിമ
ലഹരി ഉപയോഗത്തിനെതിരെ വിവിധ ബോധവൽക്കരണ പരിപാടികൾ ഞങ്ങൾ ക്യാമ്പസുകളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ അനന്തരഫലമായി സംഭവിച്ച കൊലപാതകളുടെ പത്രക്കുറിപ്പുകൾ ഉൾപ്പെടുത്തി കൊണ്ട് പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഇത് പതിവായി ചെയ്യാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടുള്ളതായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർപേഴ്സൺ നിതിൻ ഫാത്തിമ അഴിമുഖത്തോട് പറഞ്ഞു
ഇത്തരം സന്ദർഭങ്ങളിൽ ജുഡീഷ്യറി ശക്തമാണെന്ന് കാണിച്ചു കൊടുക്കുകയാണ് ആദ്യം വേണ്ടതെന്ന് കരുതുന്നതായും. ക്യാമ്പസുകളിലെ ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾക്കിടയിലും പൊലീസിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ പരിശോധനകൾ നടപ്പിലാക്കണമെന്നും. ഇത് സ്വാഭാവികമായ ഒരു മാറ്റം കൊണ്ടു വരുമെന്നും നിതിൻ ഫാത്തിമ പറഞ്ഞു.
നാളെ രാജ്യത്തിന്റെ നട്ടെല്ലായി നിൽക്കേണ്ടുന്ന യുവജനങ്ങൾ ലഹരി ഉപയോഗത്തിലൂടെ വലിയ വെല്ലുവിളിയാവുന്ന സമയത്ത് ആശയപരമായ വ്യത്യാസങ്ങളൊക്കെ മറന്ന് സംഘടനകൾ ഒത്തൊരുമിച്ച് അതിനെ നേരിടണം. പ്രവർത്തനങ്ങളെയൊക്കെ ഏകോപിച്ച് ആരോഗ്യപരമായ നടപടികളിലൂടെ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മാതൃകയാവണമെന്നാണ് തന്റെ അഭിപ്രായമെന്ന് നിതിൻ വ്യക്തമാക്കി.
റാഗിങ്ങിനെതിരെ ആന്റി റാഗിങ് സെല്ലുകൾ കോളേജിൽ വളരെ കൃത്യമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കോളേജുകളിൽ നിന്ന് ഒത്തുതീർപ്പാവാത്ത കേസുകൾ കൃത്യമായി യൂണിവേഴ്സിറ്റികൾ പരിശോധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ കോളേജിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളരെ കൃത്യമായി അത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഇങ്ങനെയുള്ള പ്രവണതകളിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സൗഹൃദപരമായ ക്യാമ്പസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് സൗഹൃദ കൂട്ടായ്മകളും ക്യാമ്പസിൽ നിലവിലുണ്ട്. ഇത്തരം കേസുകൾ മാധ്യമങ്ങൾ ഒരു മാർക്കറ്റിംഗ് തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. ഒരു ചെറിയ പ്രശ്നം വരുമ്പോൾ പോലും അതിസങ്കീർണ്ണമെന്ന തരത്തിൽ വാർത്തകൾ നൽകി ഭീകരാവസ്ഥ സൃഷ്ടിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇതെല്ലാം മാറ്റിവച്ച് കൃത്യമായ ഒരു പരിഹാരത്തിന് വേണ്ടിയാവണം മാധ്യമങ്ങൾ ശ്രമിക്കേണ്ടതെന്ന അഭിപ്രായം കൂടിയുണ്ട് തനിക്കെന്ന് നിതിൻ പറഞ്ഞു
അഖില
മങ്ങാട്ടുപറമ്പ ക്യാമ്പസിലെ വിദ്യാർത്ഥികൾക്കിടയിൽ ആദ്യം നടത്തിയിട്ടുള്ള പ്രവർത്തനമാണ് ലഹരി വിരുദ്ധ റാഗിംങ് വിരുദ്ധ ശ്യംഖലയെന്ന് കണ്ണൂർ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ജേർണലിസം വിദ്യാർത്ഥിയായ അഖില പറയുന്നു. വിദ്യാർത്ഥികളെ ഈ പ്രവർത്തനങ്ങളുടെ ഭാഗദാക്കാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ക്യാമ്പസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുവെന്നാണ് അഖില വ്യക്തമാക്കുന്നത്. ലഹരി ഉപയോഗത്തിലൂടെയും റാഗിങ്ങിലൂടെയും ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചെല്ലാം എല്ലാ വിദ്യാർത്ഥികളെയും ബോധവാൻമാരാക്കുന്നുണ്ട്. എല്ലാ ബാച്ച് വിദ്യാർത്ഥികളെയും സംയുക്തമായി പങ്കെടുപ്പിക്കുന്ന ഒരു പരിപാടിയായി ഇതിനെ മാറ്റാറുമുണ്ട്. ക്യാമ്പസിന്റെ അകത്ത് ലഹരി ഉപയോഗിക്കാൻ പാടില്ലെന്നുള്ള കൃത്യമായ നിർദ്ദേശവും വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ഇത്തരം നിരവധി പ്രശ്നങ്ങൾ ഉയർന്നുവരുന്ന സമയത്ത് സംഘടന കുട്ടികളിൽ ഏറ്റവും എളുപ്പത്തിൽ എങ്ങനെയാണോ ബോധവൽക്കരണം നടത്താൻ സാധിക്കുന്നത് ആ തരത്തിലുള്ള പദ്ധതികളെല്ലാം നടപ്പിലാക്കാറുണ്ടെന്നും അഖില പറയുന്നു.
കോളേജുകളിലെ എൻഎസ്എസ്, എൻസിസി പോലുള്ള സംഘടനകളും എക്സൈസ് ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ ബോധവൽക്കരണ ക്ലാസുകളലും, ബോധവൽക്കരണ റാലികളും സംഘടിപ്പിക്കാറുണ്ടെന്ന് അഖില വ്യക്തമാക്കി. റാഗിംങ്ങിനെതിരെ എസ്എഫ്ഐ എല്ലാ കാലത്തും കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുള്ളതായി ഉള്ളതായി. റാഗിങിലൂടെ മരണപ്പെട്ട എസ്എഫ്ഐ രക്തസാക്ഷി സെയ്താലിയുടെ രക്തസാക്ഷിത്വം മുൻനിർത്തി അഖില വ്യക്തമാക്കി.
കേരളത്തിലെ എല്ലാ ക്യാമ്പസുകളെയും കേന്ദ്രീകരിച്ച് എസ്എഫ്ഐ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതായും, റാഗിംഗ് വിരുദ്ധ ശൃംഖല പ്രതിജ്ഞയെടുക്കൽ എന്നിവ എല്ലാ ക്യാമ്പസിലും നടപ്പിലാക്കി വരികയാണെന്നും അഖില കൂട്ടിച്ചേർത്തു. കണ്ണൂർ ജില്ലയിലെ ക്യാമ്പസുകളിൽ ലഹരി വിരുദ്ധ പദയാത്രയും ലഹരി വിരുദ്ധ ക്യാമ്പസ് പ്രഖ്യാപനവും കഴിഞ്ഞയാഴ്ചയാണ് നടത്തിയതെന്ന് അഖില പറഞ്ഞു. അതിന്റെ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. കൃത്യമായ നടപടികൾ പാലിച്ച് പോകുന്നത് ഒരു ക്യാമ്പസാണ് മങ്ങാട്ടുപറമ്പ. നല്ല ഒരു ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കാൻ ക്യാമ്പസിലെ യൂണിയന് സാധിക്കുന്നുണ്ട്. സംഘടനയുടെ നിലപാടുകളും പ്രവർത്തനങ്ങളും സ്വീകരിക്കാൻ വിദ്യാർത്ഥികൾക്ക് സന്നദ്ധത കാണിക്കുന്നതാണ് ക്യാമ്പയിനുകൾ വിജയിക്കാനുള്ള കാരണമെന്നും അഖില പറഞ്ഞു.
അശ്വന്ത്
കളമശേരി ഉൾപ്പെടെയുള്ള കേരളത്തിലെ ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. ആ തരത്തിൽ ലഹരി കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇവിടെയും നടന്നിട്ടുണ്ട്. കടന്നാക്രമണങ്ങളും നടന്നിട്ടുണ്ട് ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ചെയർപേഴ്സൺ അശ്വന്ത് അഴിമുഖത്തോട് പറഞ്ഞു. സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ശൃംഖലകളും രൂപീകരിച്ച് വരികയാണ്. സർവ്വകലാശാല ഇന്നലെ ഒരു മീറ്റിംഗ് വിളിച്ചിരുന്നു. ഈ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളായിരുന്നു ചർച്ച ചെയ്തത്. ചർച്ചയുടെ ഭാഗമായി വിദ്യാർത്ഥി സംഘടനകളും, അധ്യാപകരും, യൂണിയൻ നേതൃത്വവും സംയുക്തമായി ലഹരിയെ ക്യാമ്പസുകളിൽ നിന്ന് തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് അശ്വന്ത് പറഞ്ഞു.
ലഹരി വിദ്യാർത്ഥികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരളത്തിൽ നിലവിലുള്ള യുവതലമുറയിലേക്കും പ്രവഹിച്ച് കൊണ്ടിരിക്കുന്ന വിപത്താണ്. സംഘടപരമായ വേർത്തിരിവുകളൊന്നുമില്ലാതെ ഇതിനെ പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് അശ്വന്ത് പറഞ്ഞു.
ക്യാമ്പസുകളിൽ റാഗിംഗും ലഹരി ഉപയോഗവും ഒരു തുടർക്കഥയായി മാറിയതിന്റെ പ്രധാന കാരണം അരാഷട്രീയവത്കരിക്കപ്പെടുന്ന വിദ്യാർത്ഥിത്വമാണ് അശ്വന്ത് പറയുന്നു. റാഗിങിനെ പ്രതിരോധിക്കാൻ സർവ്വകലാശാലയുടെ ഭാഗമായി ഒരു ആന്റി റാഗിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളും, യൂണിയൻ ഭാരവാഹികളുമെല്ലാം ഈ സെല്ലിന്റെ ഭാഗമാണെന്ന് അശ്വന്ത് പറഞ്ഞു. ഇതിന് പുറമേ എസ്എഫ്ഐയുടെ നേതൃത്വത്തിലും ആന്റി റാഗിംഗ് സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് അശ്വന്ത് കൂട്ടിച്ചേർത്തു.
നിലവിൽ സമാധാന അന്തരീക്ഷമുള്ള ക്യാമ്പസാണിത്. കലുഷിതമാകുന്ന സാഹചര്യത്തിൽ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ക്യാമ്പസിലുണ്ട്. കളമശേരി പോളിയിലെ പ്രശ്നത്തിന്റെ കാതലായ കാരണം ലഹരി ഉപയോഗമാണ്. ഇത്തരം പ്രശ്നങ്ങളിൽ ഏത് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആ പ്രശ്നത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടതെന്ന് അശ്വന്ത് പറയുന്നു. ലഹരി എന്ന വിപത്തിനെ മാറ്റി നിർത്തി ഇതിനെ ഒരു രാഷ്ട്രീയ ആയുധമാക്കിയാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. കളമശേരി വിഷയത്തിൽ രണ്ട് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ മാധ്യമങ്ങൾ ലക്ഷ്യം വയ്ക്കുന്നത് ഏത് സംഘടനയെ ആണെന്ന് നമുക്ക് വ്യക്തമാണ്. സർവ്വകലാശാലയിൽ ലഹരി ഉപയോഗം റാഗിംഗ് കേസുകൾ രണ്ട് വർഷക്കാലത്തിനിടയിൽ റിപ്പോർട്ട് ചെയ്ട്ടില്ലെന്നും അശ്വന്ത് വ്യക്തമാക്കി.
ക്യാമ്പയിനുകളിൽ കൃത്യമായ വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്. രണ്ട് ദിവസങ്ങൾക്കുള്ളിൽ യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ ഒരു ചർച്ച സംഘടിപ്പിക്കുന്നുണ്ട്. ലഹരിയല്ല ഹരം, കളിയാണ് എന്ന ആശയം മുൻനിർത്തി ടൂർണമെന്റുകൾ സംഘടിപ്പിച്ചിരുന്നു. വളരെ വലിയ ലഹരി മാഫിയ സംഘം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ മാത്രമല്ല പല മേഖലയിലും ഈ ലഹരി ഉപയോഗം വ്യാപിക്കുന്നത് കാണാം. ക്യാമ്പസുകളെയും ഈ മാഫിയ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതിനെ മുൻനിർത്തി ക്യാമ്പസുകളും വിദ്യാർത്ഥികളും ലഹരിയ്ക്ക് അടിമകളാണന്ന് പറയുന്നതിനോട് എതിർപ്പുള്ളതായും അശ്വന്ത് പറഞ്ഞു.
പ്രതിരോധത്തിനുള്ള നിരവധി പ്രവർത്തനങ്ങൾ ക്യാമ്പസുകൾ ആവിഷ്കരിച്ചിട്ടും നടപ്പിലാക്കിയിട്ടും ലഹരി, റാഗിങ് കേസുകളിലെ മാധ്യമങ്ങളുടെ തെറ്റായ സമീപനമാണ് ക്യാമ്പസുകളെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്. വിദ്യാർത്ഥി സമൂഹത്തെ മുഴുവനായും പ്രതിക്കൂട്ടിൽ നിർത്താൻ വ്യഗ്രത കാണിക്കുന്നവരോട് വിദ്യാർത്ഥി പ്രതിനിധികൾക്ക് പറയാനുള്ളത് ക്യാമ്പസുകളെ ലഹരിത്താവളങ്ങളാക്കാൻ പ്രസ്ഥാനങ്ങളോ പ്രതിനിധികളോ അനുവദിക്കില്ലെന്നാണ്. ഇത് പാലിക്കപ്പെടുമെന്ന് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
content summary: Members of student organizations in various colleges in Kerala have reacted against propaganda about student involvement in ragging drug cases