മെറ്റയുടെ പുതിയ എഐ ഇമേജ് ജനറേറ്ററായ ‘മ്യൂസ് ഇമേജ്’ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പബ്ലിക് പ്രൊഫൈലുകളില്‍ നിന്നുള്ള ഫോട്ടോകള്‍ ഉപയോക്താക്കളുടെ അനുവാദമില്ലാതെ എഐ നിര്‍മ്മിത സൃഷ്ടികളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം.
മെറ്റാ സൂപ്പര്‍ഇന്റലിജന്‍സ് ലാബ്സ് വികസിപ്പിച്ചെടുത്ത, ‘മാംഗോ’ എന്ന് കോഡ് നല്‍കിയിട്ടുള്ള പുതിയ മോഡല്‍ ഇപ്പോള്‍ മെറ്റാ എഐ ആപ്പ്, ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ്, വാട്‌സാപ്പ് എന്നിവയിലൂടെ സൗജന്യമായി ലഭ്യമാണ്. മറ്റ് എഐ ഇമേജ് ജനറേറ്ററുകളെപ്പോലെ, മ്യൂസിനും ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍ നിന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാനും, സ്‌റ്റൈലൈസ്ഡ് ആര്‍ട്ട് വര്‍ക്കുകള്‍ സൃഷ്ടിക്കാനും, എഐ ടൂളുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും സാധിക്കും.
എന്നിരുന്നാലും, മറ്റൊരാളുടെ പബ്ലിക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുള്ള ഫോട്ടോകള്‍ ഉപയോഗിച്ച് എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒരു പബ്ലിക് പ്രൊഫൈല്‍ ടാഗ് ചെയ്താല്‍, ആ വ്യക്തിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ എഐ സൃഷ്ടികള്‍ നിര്‍മ്മിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.
അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രങ്ങള്‍ എഐ നിര്‍മ്മിത ചിത്രങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ ചിത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മെറ്റ ഉപയോക്താക്കള്‍ക്ക് യാതൊരുവിധ നോട്ടിഫിക്കേഷനും നല്‍കില്ലെന്നത് ആശങ്കകളുടെ ആഴം കൂട്ടുന്നു.
ഓപ്റ്റ്-ഇന്‍’ ഇല്ല, ‘ഓപ്റ്റ്-ഔട്ട്’ മാത്രം
പ്രൈവസി സെറ്റിങ്ങ്‌സിലൂടെ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വേണ്ടെന്ന് വെക്കാനുള്ള സൗകര്യമുണ്ടെന്നും, സ്വന്തം ചിത്രങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനും സാധിക്കുമെന്നുമാണ് മെറ്റയുടെ വാദം. എന്നാല്‍, ഉപയോക്താക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം ഓണ്‍ ചെയ്യേണ്ട ‘ഓപ്റ്റ്-ഇന്‍’ രീതിക്ക് പകരം, എന്തുകൊണ്ട് ഈ ഫീച്ചര്‍ തുടക്കത്തിലേ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഓപ്റ്റ്-ഔട്ട് രീതിലുള്ളതെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ഈ വിവാദങ്ങള്‍ക്കപ്പുറം നിരവധി പുതിയ ഫീച്ചറുകളും ‘മ്യൂസ്’ ഇമേജ് ജനറേറ്ററിലുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുക, ചിത്രങ്ങളില്‍ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യുക തുടങ്ങിയ എഐ എഡിറ്റിങ് ടൂളുകളും ലഭ്യമാണ്. കൂടാതെ, മെറ്റയുടെ വിവിധ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കാന്‍ പാകത്തിലുള്ള കസ്റ്റമൈസ്ഡ് വിഷ്വലുകള്‍ നിര്‍മിക്കാനും ഇതിലൂടെ സാധിക്കും. ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്കായി കസ്റ്റം ഫില്‍ട്ടറുകള്‍, ഇമേജ് ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നിവയടക്കമുള്ള പുതിയ എഐ ഇഫക്റ്റുകളും മെറ്റ പുറത്തിറക്കുന്നുണ്ട്.
ഡിജിറ്റല്‍ മേഖലയിലുടനീളം എഐ സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള മെറ്റയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ലോഞ്ച്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി എഐ ടൂളുകള്‍ അവതരിപ്പിച്ച കമ്പനി, കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ വികസനത്തിനായി വന്‍തോതില്‍ പണം നിക്ഷേപിക്കുന്നുമുണ്ട്.
എന്നാല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവും, 2021-ല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ (ഫേസ് സ്‌കാനിങ്) സിസ്റ്റം നിര്‍ത്തലാക്കേണ്ടി വന്നതുള്‍പ്പെടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് മുന്‍പും കടുത്ത വിവാദങ്ങള്‍ മെറ്റയുടെ ചരിത്രത്തിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ ‘മ്യൂസ്’ എഐ വ്യക്തിഗത ഫോട്ടോകളും വിവരങ്ങളും എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ആശങ്കയുണ്ട്. അതേസമയം, ചിത്രങ്ങള്‍ക്ക് പുറമെ എഐ അധിഷ്ഠിത വീഡിയോകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ‘മ്യൂസ് വീഡിയോ’ എന്ന പുതിയ ടൂളും ഉടന്‍ തന്നെ എത്തുമെന്നും മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.
meta launches muse image ai generator but users are already raising privacy concerns
This post was last modified on July 8, 2026 5:50 pm
Leave a Comment