മായന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ ചോക്ലേറ്റ് കമ്പനിയുടെ പരസ്യത്തിന് ഉപയോഗിച്ച പ്രമുഖ യൂട്യൂബറോട് നഷ്ടപരിഹാരം തേടി മെക്‌സിക്കന്‍ ഭരണകൂടം. തന്റെ ചോക്ലേറ്റ് ബ്രാന്‍ഡിന്റെ പരസ്യത്തിനായി സംരക്ഷിത മേഖല നിയമവിരുദ്ധമായി ഉപയോഗിച്ചതിനാണ് ‘മിസ്റ്റര്‍ ബീസ്റ്റ്’ എന്നറിയപ്പെടുന്ന സെലിബ്രിറ്റി യൂട്യൂബറുടെ നിര്‍മാണ കമ്പനിയോട് സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
മെയ് 10 മുതല്‍ മിസ്റ്റര്‍ ബീസ്റ്റിന്റെ യൂട്യൂബ് ചാനലില്‍ മായന്‍ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കുന്ന വീഡിയോ സംപ്രേക്ഷണം ചെയതിരുന്നു. ഈ വീഡിയോ ഏകദേശം 60 ദശലക്ഷം തവണയാണ് ആളുകള്‍ കണ്ടത്. ഏകദേശം 395 ദശലക്ഷം സബ്സ്‌ക്രൈബേഴ്‌സുണ്ട് മിസ്റ്റര്‍ ബീസ്റ്റിന്.
‘ഞാന്‍ 2000 വര്‍ഷം പഴക്കമുള്ള പുരാതന ക്ഷേത്രങ്ങള്‍ പര്യവേക്ഷണം നടത്തി’ എന്നു മിസ്റ്റര്‍ ബീസ്റ്റ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. കലക്മുല്‍, ചിചെന്‍ ഇറ്റ്‌സ എന്നിവയുള്‍പ്പെടെയുള്ള മെക്‌സിക്കോയിലെ മായന്‍ സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളും വീഡിയോയില്‍ അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. ഇതേ വീഡിയോയില്‍ തന്നെയാണ് മിസ്റ്റര്‍ ബീസ്റ്റ് തന്റെ ബ്രാന്‍ഡിന്റെ കീഴിലുള്ള ലഘുഭക്ഷണങ്ങളുടെ പരസ്യത്തിനായും മായന്‍ സംസ്‌കാരത്തയും കൂട്ടുപിടിച്ചത്. തന്റെ പ്രൊഡക്ടുകള്‍ ‘മായന്‍-അംഗീകാരം’ നേടിയതെന്ന് പറഞ്ഞ് പരസ്യം ചെയ്യുകയാണ് ബീസ്റ്റ്. ഇതിനെതിരേ മെക്‌സിക്കോ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററി പരാതി നല്‍കിയതോടെയാണ് ബീസ്റ്റിന് പണി കിട്ടിയത്.
മിസ്റ്റര്‍ ബീസ്റ്റിന്റെ ചില അവകാശവാദങ്ങളും അയാള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. സംരക്ഷിത മേഖലയില്‍ വീഡിയോ ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവാദം നല്‍കിയത് അത്ഭുതപ്പെടുത്തിയെന്നായിരുന്നു വീഡിയോയില്‍ ബീസ്റ്റ് പറഞ്ഞത്. മെക്‌സിക്കക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് മിസ്റ്റര്‍ ബീസ്റ്റിന് പ്രവേശനം നല്‍കിയതിനെതിരേ നിരവധി പരാതികളാണ് പിന്നാലെ ഉയര്‍ന്നത്.
സംഭവം പ്രസിഡന്റിന്റെ ചെവിയില്‍വരെയെത്തി. എന്തടിസ്ഥാനത്തിലാണ് യൂട്യൂബര്‍ക്ക് സംരക്ഷിത മേഖലയില്‍ പ്രവേശനം നല്‍കിയതെന്നതില്‍ വിശദീകരണം നല്‍കാന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം ആവശ്യപ്പെട്ടു. മെക്‌സിക്കോയുടെ പാരമ്പര്യത്തെ പുതിയ തലമുറയും യൂട്യൂബര്‍മാരുമെല്ലാം വിലമതിക്കുന്നതില്‍ സന്തോഷമുണ്ടെങ്കിലും അവ മുതലെടുക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നാണ് മിസ്റ്റര്‍ ബീസ്റ്റിനെതിരായ പരാതിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററി ആരോപിക്കുന്നത്.
മിസ്റ്റര്‍ ബീസ്റ്റിന്റെ നിര്‍മാണ കമ്പനിയായ ഫുള്‍ സര്‍ക്കിള്‍ മീഡിയയ്ക്ക് മായന്‍ സംസ്‌കാര മേഖലയില്‍ പ്രവേശിക്കാന്‍ നല്‍കിയ പെര്‍മിറ്റില്‍ ‘സ്വകാര്യ ലാഭത്തിനായി വാണിജ്യ ബ്രാന്‍ഡുകളുടെ പരസ്യത്തിനായി പുരാവസ്തു സ്ഥലങ്ങളുടെ ചിത്രം ഉപയോഗിക്കുന്നതിന് അനുവാദം ഇല്ലെന്നു വ്യക്തമാക്കിയിരുന്നുവെന്നും ആര്‍ക്കിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിയമവിരുദ്ധമായി ചിത്രങ്ങള്‍ പകര്‍ത്തിയതിനും പുരാവസ്തു മേഖല വാണിജ്യാവിശ്യത്തിനായി ഉപയോഗപ്പെടുത്തിയതിനും പ്രൊഡക്ഷന്‍ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്തതിന് മിസ്റ്റര്‍ ബീസ്റ്റോ അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയോ പൊതുസമക്ഷം ക്ഷമ ചോദിക്കണമെന്നും ആവശ്യമുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്, അത് വിദേശ സഞ്ചാരികള്‍ക്കായാലും ആഭ്യന്തര സഞ്ചാരികള്‍ക്കായാലും, ഇനി പ്രദേശവാസികള്‍ക്കായാലും എന്നാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് നാട്ടുകാരും പറയുന്നത്. Mexico Seeks Compensation from MrBeast Over Ancient Site Chocolate Ad
Content Summary; Mexico Seeks Compensation from MrBeast Over Ancient Site Chocolate Ad
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.